ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

Showing posts with label മലപ്പുറം വാര്‍ത്തകള്‍. Show all posts
Showing posts with label മലപ്പുറം വാര്‍ത്തകള്‍. Show all posts

കുട്ടിയെഴുത്തുകാര്‍ക്ക്‌ തണലായി തെയ്യാലിങ്ങല്‍ സ്കൂള്‍

തെയ്യാലിങ്ങല്‍ എസ്‌എസ്‌എം സ്കൂള്‍ പുറത്തിറക്കിയ പുസ്‌തകങ്ങള്‍.
മലപ്പുറം . മലയാള സാഹിത്യമുറ്റത്ത്‌ കുട്ടിക്കഥകളുടെ തണല്‍ പരത്തി തെയ്യാലിങ്ങല്‍ എസ്‌എസ്‌എം സ്കൂള്‍ ചരിത്രത്തിലേക്ക്‌. കേരളത്തിലെ വിവിധ സ്കൂളുകളില്‍നിന്നുള്ള കുട്ടിയെഴുത്തുകാരുടെ കഥകള്‍ സമാഹരിച്ച്‌ താനൂര്‍ തെയ്യാലിങ്ങല്‍ എസ്‌എസ്‌എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ 'മുകില്‍മൊഴി കഥാസമാഹാരം. 44 സ്കൂളുകളില്‍നിന്നുള്ള 46 പേരുടെ കഥകള്‍ 'മുകില്‍മൊഴിയിലുണ്ട്‌.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ്‌ തെയ്യാലിങ്ങല്‍ സ്കൂളുകാര്‍ സംസ്ഥാനതലത്തില്‍ പുസ്‌തകം പ്രസിദ്ധീകരിക്കുന്നത്‌. കഴിഞ്ഞവര്‍ഷം 'പൂത്തുമ്പിത്തുള്ളല്‍ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു.

2011ല്‍ മലപ്പുറത്തെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ രചനകള്‍ സമാഹരിച്ച്‌ 'നറുനിലാവും 2010ല്‍ 'ദുന്ദുഭിയും പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ വായനാശീലം വര്‍ധിപ്പിക്കുക, സര്‍ഗശേഷി പ്രോല്‍സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2008ല്‍ ആണ്‌ പുസ്‌തകപ്രസാധനം തുടങ്ങിയത്‌. തിരൂര്‍ വിദ്യാഭ്യാസജില്ലയിലെ കുട്ടികളുടെ രചനകള്‍ ശേഖരിച്ച്‌ ആ വര്‍ഷം'സര്‍ഗവസന്തവും 2009ല്‍ 'തൂവല്‍മഴയും പ്രസിദ്ധീകരിച്ചു.

പുസ്‌തക വില്‍പ്പനയില്‍നിന്നു ലഭിക്കുന്ന വരുമാനമുപയോഗിച്ച്‌ സ്കൂളിലെ വിദ്യാര്‍ഥികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്‌. അത്‌ സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൌജന്യമായി നല്‍കുന്നു. ഇത്തവണ പ്രസിദ്ധീകരിക്കുന്ന പുസ്‌തകത്തിന്റെ പേര്‌ 'വാടാമല്ലികള്‍.

വരുംവര്‍ഷങ്ങളിലും പുസ്‌തകപ്രസാധനം തുടരുമെന്ന്‌ എഡിറ്റര്‍ ബേബി ജോസഫ്‌ കൊമ്മറ്റം, പ്രധാനാധ്യാപകന്‍ ഭുവനചന്ദ്രന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.

Manorama

സിവില്‍ സര്‍വീസ്: മലപ്പുറത്തിന് അഭിമാനമായി ഡോ.അനീസ്

മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ അപൂര്‍വ നേട്ടം കൊയ്തപ്പോള്‍ അഭിമാനകരമായ സാന്നിധ്യമായി ജില്ലയും. 525-ാം റാങ്ക് നേടി തേഞ്ഞിപ്പലം സ്വദേശി ചേര്‍ക്കുന്നത്ത് ഡോ.അനീസ്(32) ആണ് മലപ്പുറത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചത്. സ്‌കൂള്‍ തലം മുതല്‍ പി.ജി. വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിച്ച അനീസിന്റെ വിജയം പുതുതലമുറയ്ക്ക് പാഠമാണ്.

വയനാട് പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ അക്കാദമിക് കണ്‍സള്‍ട്ടന്റാണ് അനീസ്. വെറ്ററിനറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പി.എച്ച്ഡിയും നേടിയിട്ടുണ്ട്. പരപ്പനങ്ങാടി മൃഗാശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കവേ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് വയനാട്ടില്‍ ജോലി ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂവരെ എത്തിയിരുന്നു. ഇക്കുറി 525-ാം റാങ്കാണെങ്കിലും അതില്‍ നിരാശയില്ലെന്ന് അനീസ് പറയുന്നു. മലയാള സാഹിത്യം, വെറ്ററിനറി സയന്‍സ് എന്നിവയായിരുന്നു സിവില്‍ സര്‍വീസിന് തിരഞ്ഞെടുത്ത വിഷയങ്ങള്‍.

റാങ്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസാണ് ലഭിക്കുന്നതെങ്കിലും പോകും. ഒരു ചാന്‍സുകൂടിയുണ്ട്. അടുത്തവര്‍ഷം ഒന്നു കൂടി എഴുതും. റാങ്ക് മെച്ചപ്പെടുത്താന്‍ ശ്രമിക്കും-അനീസ് പറയുന്നു.

മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്ന് 2005 ല്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെ മാസ്റ്റര്‍ ബിരുദവും പി.എച്ച്ഡിയും നേടി. വിത്തുകോശങ്ങളില്‍ നിന്ന് ഹൃദയകോശങ്ങളുണ്ടാക്കാമെന്ന കണ്ടെത്തലിന് പേറ്റന്റിനായുള്ള അനീസിന്റെ അപേക്ഷ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പരിഗണനയിലാണ്. 2011 ലെ കേരള സയന്‍സ് കോണ്‍ഫറന്‍സില്‍ യുവ ശാസ്ത്രജ്ഞനുള്ള പുരസ്‌കാരവും നേടിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.മൊയ്തുക്കുട്ടിയുടെയും കെ.പി.ഫാത്തിമക്കുട്ടിയുടെയും മകനാണ്. ഭാര്യ ആനി ഹനീഫും വെറ്ററിനറി ഡോക്ടറാണ്. അസീം, മറിയം എന്നിവര്‍ മക്കളാണ്.

Posted on: 04 May 2013

നെല്‍കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇനി ടച്ച്‌സ്‌ക്രീനില്‍

തവനൂര്‍: നെല്‍കൃഷിയെ സംബന്ധിച്ച വിവരങ്ങളെല്ലാം ഇനി കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തും. കാര്‍ഷിക സര്‍വകലാശാല ഒരുക്കിയ ടച്ച്‌സ്‌ക്രീന്‍ സംവിധാനത്തിലൂടെയാണ് വിത്ത്മുതല്‍ വിപണിവരെയുള്ള കാര്യങ്ങള്‍ കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തുന്നത്. നൂതന കൃഷിരീതിയെക്കുറിച്ചും കീടനിയന്ത്രണത്തെക്കുറിച്ചുമെല്ലാം അറിയുന്നതിന് ടച്ച് സ്‌ക്രീന്‍ സംവിധാനം ഉപകരിക്കും.

'നെല്‍കൃഷി.കോം' എന്ന പേരിലാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് സ്ഥലങ്ങളിലാണ് ടച്ച്‌സ്‌ക്രീന്‍ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. വയനാട് അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം, തൃശ്ശൂര്‍ കൃഷിവിജ്ഞാന കേന്ദ്രം, ആലപ്പുഴ മങ്കൊമ്പ് നെല്ല്ഗവേഷണ കേന്ദ്രം, പാലക്കാട് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് ടച്ച് സ്‌ക്രീന്‍ സംവിധാനം സ്ഥാപിക്കുക. തൃശ്ശൂരില്‍ ഉദ്ഘാടനം കഴിഞ്ഞെങ്കിലും മറ്റിടങ്ങളില്‍ രണ്ടാഴ്ചയ്ക്കകം സംവിധാനം പ്രവര്‍ത്തനക്ഷമമാകും.

നെല്‍കൃഷിയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ടച്ച് സ്‌ക്രീന്‍ സംവിധാനത്തിലൂടെ ലഭിക്കത്തക്ക രീതിയിലാണ് 'നെല്‍കൃഷി.കോം' എന്ന പേരിലുള്ള വിജ്ഞാനകോശം തയ്യാറാക്കിയിട്ടുള്ളത്.

വിവിധതരം കൃഷിരീതികള്‍, മണ്ണിനങ്ങളും യോജിച്ച കൃഷിരീതികളും, വളപ്രയോഗം, കീടരോഗനിയന്ത്രണം, വിളവെടുപ്പ്, കാര്‍ഷിക ഉപകരണങ്ങള്‍, സര്‍ക്കാര്‍ സഹായം, കളനിയന്ത്രണം, ജലസേചന രീതികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ടച്ച് സ്‌ക്രീനില്‍നിന്ന് ലഭിക്കും.

വിവരങ്ങള്‍ വായിച്ച് മനസ്സിലാക്കുന്നതിനൊപ്പം വിവരണത്തിനായി ശബ്ദസംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. വിവിധതരം കൃഷിരീതികളെ പരിചയപ്പെടുത്തുന്നതിനായി വീഡിയോ ദൃശ്യങ്ങളും ടച്ച് സ്‌ക്രീനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വളപ്രയോഗത്തില്‍ ജൈവ വളം തയ്യാറാക്കുന്ന രീതിയെക്കുറിച്ചും ഓരോ തരം മണ്ണിലും ഉപയോഗിക്കേണ്ട വളത്തെക്കുറിച്ചും വളത്തിന്റെ അളവിനെക്കുറിച്ചും വിശദമായ വിവരങ്ങളുണ്ട്. ഭൂമിയുടെ വിസ്തൃതി രേഖപ്പെടുത്തി നല്‍കിയാല്‍ എത്ര വളം ആവശ്യമാണെന്ന കാര്യവും സ്‌ക്രീനില്‍ തെളിയും. വിവരങ്ങള്‍ നല്‍കാന്‍ ഓഫീസില്‍ ആളില്ലെങ്കില്‍പോലും കര്‍ഷകര്‍ക്ക് ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ വിവരങ്ങള്‍ ശേഖരിക്കാം. വിവരണങ്ങളുടെ ഭാഷ മലയാളമോ ഇംഗ്ലീഷോ തിരഞ്ഞെടുക്കാം.

തൃശ്ശൂര്‍ ഫോറസ്ട്രി കോളേജിലെ സന്തോഷ്‌കുമാര്‍, മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ: സുനില്‍, ബെറിന്‍ പത്രോസ് എന്നിവരാണ് നെല്‍കൃഷി.കോം തയ്യാറാക്കിയത്.
http://farmextensionmanager.com/nelkrishi/malayalam/mal.html

മുരിങ്ങാക്കായ കൃഷിയിലും കാളപൂട്ടിന്റെ ആവേശത്തോടെ ഹസന്‍



വണ്ടൂര്‍: ചെളിതെറിപ്പിച്ച് കുതിച്ച് പായുന്ന കന്നുകള്‍ക്കായി അലറിവിളിക്കുന്ന കാളപ്പൂട്ട് കണ്ടങ്ങളില്‍ വണ്ടൂര്‍ പാറക്കല്‍ഹസനെ അറിയാത്തവരുണ്ടാകില്ല. പാട്ടത്തിനെടുത്ത വയലുകളില്‍ വാഴ, കപ്പ, ചേമ്പ്, ചേന, പച്ചക്കറി കൃഷിയുമായി പതിറ്റാണ്ടുകളായി കാര്‍ഷികരംഗത്ത് സജീവമാണ് വണ്ടൂര്‍ പള്ളിക്കുന്ന് കാരക്കാപറമ്പ് റോഡില്‍ പുല്ല്പറമ്പ് വീട്ടിലെ പാറക്കല്‍ ഹസ്സന്‍ എന്ന 64 കാരന്‍. കൃഷി സംബന്ധമായ പരീക്ഷണങ്ങളുടെയെല്ലാം സദാ നീരീക്ഷകന്‍ കൂടിയാണ് ഇദ്ദേഹം. ജീവിത മാര്‍ഗമെന്നതിലുപരി കൃഷിയില്‍ നിന്നുള്ള മനസംതൃപ്തിയാണ് ഇദ്ദേഹത്തിന് ആവേശമാകുന്നത്.

തമിഴ്‌നാട് ഡിണ്ടികല്‍ സ്വദേശിനി മേരി, പാറക്കല്‍ ഹസന്റെ കൃഷിയിടങ്ങളില്‍ ജോലിക്കെത്തിയിട്ട് വര്‍ഷങ്ങളായി. തന്റെ നാട്ടില്‍ നടക്കുന്ന മുരിങ്ങാക്കായ കൃഷിയെക്കുറിച്ച് അവരാണ് പറയുന്നത്. പുതുമ തേടുന്ന ഹസന്‍ രണ്ടാമതൊന്നാലോചിച്ചില്ല. മേരിയെ നാട്ടിലേക്കയച്ചു; തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ ഡിണ്ടികല്‍ കേന്ദ്രത്തില്‍ നിന്നും വിത്ത് വാങ്ങാന്‍. കൂടെ മുരിങ്ങാക്കായ കൃഷിയെക്കുറിച്ച് പഠിക്കാനും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അര ഏക്കറില്‍ വിത്തുവിതച്ചു. കൂടെ വീടിന്റെ കിണറ്റിന്‍കരയിലൊരു വിത്തും. വീട്ടിലെ ഒറ്റമരത്തില്‍ നിന്നുമാത്രം 30 കിലോയിലധികം കായ പറിച്ചെടുക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം കൂടി. അതേ ആവേശവുമായി ഈ വര്‍ഷവും വിത്ത് പാകിയ ഹസനെ പക്ഷെ കാലാവസ്ഥ ചതിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഏകദേശം ഇരട്ടി വിളവിറക്കിയിരുന്നു. നവംബറില്‍ വിളവിറക്കിയ മുരിങ്ങ പൂക്കേണ്ട ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസമായപ്പോഴേക്കും കൃഷിയിടം വരണ്ടുണങ്ങി. കടുത്ത ചൂടില്‍ പൂക്കള്‍ കരിഞ്ഞുണങ്ങി. എങ്കിലും തളര്‍ന്നില്ല. നട്ടതിനെ നനച്ചു സംരക്ഷിക്കാന്‍ ശ്രമിച്ചു. കടുത്ത വരള്‍ച്ച അവിടെയും തടസമായി. എന്നാലും ചെടികളെ ഉണങ്ങാതെ സംരക്ഷിക്കാനായി. പിന്നീടുണ്ടായ പൂക്കള്‍ കനത്ത മഴയിലും കൊഴിഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ കൃഷി നഷ്ടമായെന്ന് സമ്മതിക്കാന്‍ ഹസന്‍ തയ്യാറല്ല. ഇനി ചെടികളുടെയെല്ലാം തലവെട്ടി പുതുതളിര്‍ ഉണ്ടാക്കാനാണ് ഇയാളുടെ തീരുമാനം. വണ്ടൂര്‍, വാണിയമ്പലം ബൈപാസ് റോഡില്‍ ഇദ്ദേഹത്തിന്റെ തന്നെ ആക്രിക്കടയുടെ പിറകിലായാണ് മുരിങ്ങാ കൃഷിയിടം. സുഹൃത്ത് കൂടിയായ കുമ്മാളി സുധാകരന്‍ സ്ഥലം സൗജന്യമായാണ് കൃഷിക്ക് നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നും 1200 രൂപക്ക് കിലോ എന്നതോതില്‍ വാങ്ങിയ വിത്തില്‍ അരകിലോയാണ് ഉപയോഗിച്ചത്.

ബാക്കി സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും സൗജന്യമായി നല്‍കി. അവരെയും മുരിങ്ങാക്കയ് വിപ്ലവത്തില്‍ പങ്കാളികളാക്കി. കൃഷി ഭവനിലും സൗജന്യമായി വിത്ത് വിതരണം നടത്തിയ ഇദ്ദേഹത്തോട് അവര്‍ കൃഷിയെകുറിച്ച് പിന്നീട് ഒന്നന്വേഷിക്കുകപോലുമുണ്ടായില്ല എന്ന പരിഭവമുണ്ട്. ആവശ്യക്കാര്‍ക്ക് ലാഭേഛയില്ലാതെ വിത്ത് എത്തിച്ചുകൊടുക്കുന്നു. ജില്ലക്കകത്തും പുറത്തുനിന്നുമായി ആവശ്യക്കാര്‍ ഹസനെ തേടിയെത്തുന്നുണ്ട്. ഫോണ്‍ : 9961208396


സൈഫുന്നസര്‍
7/1/2013 

അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ മലപ്പുറത്ത്

മീമ്പാട്ടെ പഴയ അമ്മിണിയായി നിരുപമ തറവാട്ടിലെത്തി



മലപ്പുറം: തുള്ളിക്കൊരു കുടം കണക്കെ പുറത്ത് മഴ തിമര്‍ത്ത് പെയ്യുമ്പോഴാണ് മീമ്പാട്ട് തറവാട്ടു മുറ്റത്ത് നിരുപമയെത്തിയത്. ഓര്‍മ്മയിലെ കുട്ടിക്കാലവും പിച്ചവെച്ചു വളര്‍ന്ന നാടും കണ്‍കുളിര്‍ക്കെ കണ്ടതുകൊണ്ടാവും മഴത്തുള്ളികള്‍ കയ്യിലൊതുക്കി മേലോട്ടു നോക്കി പുഞ്ചിരിച്ചത്.

ഈ മഴത്തുള്ളികള്‍ തന്നെയാണ് 'റെയ്ന്‍ റൈസിങ'് എന്ന തന്റെ ശ്രദ്ധേയമായ കവിതാ സമാഹാരത്തിന്റെ രചനക്ക് ഊര്‍ജവും വെളിച്ചവും പകര്‍ന്നത്. ഗൃഹാതുരസ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മലപ്പുറം മുണ്ടുപറമ്പിലെ രാം നിവാസിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ മീമ്പാട്ടെ പഴയ അമ്മിണിയായി നിരുപമ അമ്മാവന്റെ കൈപിടിച്ചു.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ മേനോന്‍ റാവു മലപ്പുറം മുണ്ടുപറമ്പിലുള്ള മീമ്പാട്ട് രാംനിവാസില്‍ എത്തിയത്. ബാല്യകാല ഓര്‍മ്മകള്‍ അയവിറക്കുന്ന റെയ്ന്‍ റൈസിങ്ങ് എന്ന കവിതാ സമാഹാരത്തിന്റെ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്യാനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് രാവിലെ നടക്കുന്ന ചടങ്ങിനാണ് നിരുപമയെത്തിയത്.

അമ്മാവനായ ഡോ. എം.ആര്‍ നായരും ഭാര്യ പ്രഭാവതിയും മകള്‍ മീരയും ചേര്‍ന്നാണ് നിരുപമയെ സ്വീകരിച്ചത്. ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് മലപ്പുറത്തെത്തിയത്.

നിരുപമ നാട്ടിലെത്തിയതറിഞ്ഞ് നിരവധി കുടുംബാംഗങ്ങള്‍ മീമ്പാട്ട് തറവാട്ടിലെത്തി. അമ്മയുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ പഴയ കാല അനുഭവങ്ങളും പങ്കുവെച്ചു. പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയെകുറിച്ചും നിരുപമ പറഞ്ഞു തുടങ്ങി.

1950 ഡിസംബറില്‍ അമ്മയുടെ മീമ്പാട്ട് തറവാട്ടിലാണ് നിരുപമ ജനിച്ചത്. രണ്ടരക്കൊല്ലംമുമ്പ് വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോഴാണ് നിരുപമ അവസാനമായി മലപ്പുറത്തെത്തിയത്. യു.എസ് അമ്പാസിഡറായ ശേഷം ആദ്യമായാണ് ഇവിടെയെത്തുന്നത്. അന്ന് കാവുങ്ങലിലുള്ള മുഖ്യതറവാട്ടില്‍ ബന്ധുക്കള്‍ വരവേല്‍പ്പ് നല്‍കിയിരുന്നു.

മഴയും പച്ചപ്പും അമ്മിണിക്ക് ജീവനായിരുന്നുവെന്ന് അമ്മാവനായ ഡോ. എം.ആര്‍ നായര്‍ പറഞ്ഞു. ഏറെ ഇഷ്ടമുള്ള മഴയെതന്നെയാണ് നിരുപമ തന്റെ കവിതാസമാഹാരത്തില്‍ ചാലിച്ചത്. മൂന്ന് ഭാഗങ്ങളായി 34കവിതകളടങ്ങുന്നതാണ് സമാഹാരം. എം.എന്‍ കാരശ്ശേരിയാണ് കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.

മലപ്പുറത്തിന്റെ മഴയും മണ്ണും ഒരിക്കല്‍ക്കൂടി തൊട്ടറിഞ്ഞ ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി ബന്ധുക്കളോട് യാത്ര പറഞ്ഞ് അഞ്ച് മണിയോടെ കോഴിക്കോട് താജ് ഹോട്ടലിലേക്ക് മടങ്ങി. ഇന്ന് പത്ത് മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിക്ക് ശേഷം വൈകുന്നേരം ഡല്‍ഹിയിലേക്ക് തിരിക്കും.



പി.എ അബ്ദുല്‍ ഹയ്യ്
Posted On: 7/2/2013

മലപ്പുറത്ത് ഇനി 'എമര്‍ജന്‍സി ടെന്‍ഡര്‍'




മലപ്പുറം: അപകടം നടന്നിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മലപ്പുറത്ത് ഇനി 'എമര്‍ജന്‍സി ടെന്‍ഡറി 'ന്റെ സേവനവും. ഒരു കോടിയോളം രൂപ വിലവരുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ എമര്‍ജന്‍സി ടെന്‍ഡര്‍ പ്രളയ മേഖല, വാഹനാപകടം, തീപിടുത്തം, വാതക ചോര്‍ച്ച തുടങ്ങിയ അപകട സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ വേഗത നല്‍കും.

മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന്, വാഹനങ്ങള്‍ വെട്ടിപൊളിക്കുന്നതിന്, കെട്ടിടങ്ങളും മറ്റു കാഠിന്യമേറിയ വസ്തുക്കളും ഒഴിവാക്കുന്നതിന് പ്രത്യേക ഡ്രില്ലറുകള്‍, വാതക ചോര്‍ച്ചകളും മറ്റ് കെമിക്കല്‍ എക്‌സ്‌പോസിങ്ങിലും ശ്വാസ തടസ്സമില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഉപയോഗിക്കുന്ന ഫയര്‍ എന്‍ട്രി സ്യൂട്ട്, തീയിനെ മറികടക്കാന്‍ കഴിയുന്ന അലുമിനിയം സ്യൂട്ട്, വെള്ളത്തിനടിയില്‍ 456 മിനുട്ടോളം നില്‍ക്കാന്‍ കഴിയുന്ന അണ്ടര്‍ വാട്ടര്‍ ബ്രീത്തര്‍, ഉയര്‍ന്ന ഇലക്ട്രിക്ക് കപ്പാസിറ്റിയുള്ള ജനറേറ്റര്‍, പ്രത്യേക എല്‍.ഇ.ഡി ലൈറ്റുകള്‍, ബലൂണ്‍ ലൈറ്റ്, പ്രത്യേകം മടക്കി വെക്കാനും ആവശ്യമുളള സമയത്ത് പുറത്തിറക്കാനും കഴിയുന്ന ട്യൂബ് മോട്ടോര്‍ ബോട്ട് തുടങ്ങിയവയെല്ലാം ഈ രണ്ട് സെറ്റുകള്‍ എമര്‍ജന്‍സി ടെന്‍ഡറില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഒരു കോടി രൂപയോളം വിലവരുന്ന ഉപകരണങ്ങളടങ്ങിയ എമര്‍ജന്‍സി ടെന്‍ഡര്‍ സംസ്ഥാനത്ത് മൂന്നെണ്ണമാണ് പുതിയതായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. മലപ്പുറം എം.എല്‍.എ പി.ഉബൈദുല്ല എം.എല്‍.എയുടെ കഠിനശ്രമഫലമായാണ് ജില്ലാ ആസ്ഥാനത്തെ ഫയര്‍ ആന്റ് റെസ്‌ക്യൂ കേന്ദ്രത്തിന് എമര്‍ജന്‍സി ടെന്‍ഡര്‍ കിട്ടിയത്. ഇതിലെ ഉപകരണങ്ങള്‍് ഉപയോഗിക്കാനായി പ്രത്യേക പരിശീലനം ജീവനക്കാര്‍ക്ക് നല്‍കും.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് വാഹനം മലപ്പുറം സ്റ്റേഷനിലെത്തിയത്. ഇന്നലെ ഔദ്യോഗികമായി പ്രവര്‍ത്തന സജ്ജമായി. പി.ഉബൈദുല്ല എം.എല്‍.എ വാഹനം സന്ദര്‍ശിച്ചു. പരിശീലനം ലഭിക്കാനാവശ്യമായ നടപടി കൈകൊള്ളുമെന്ന് എം.എല്‍.എ അറിയിച്ചു. ഇതിനായി പാലക്കാട് ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടും.

ഏറ്റവും കൂടുതല്‍ റോഡപകടങ്ങളും മറ്റും റിപ്പോര്‍ട്ട് ചെയ്യാറുള്ള ജില്ലിയില്‍ എമര്‍ജന്‍സി ടെന്‍ഡറിന്റെ ഉപയോഗം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ മുതല്‍കൂട്ടാവും. കൊല്ലം, പുതുക്കാട് എന്നിവിടങ്ങളിലാണ് മലപ്പുറത്തിന് പുറമെ എമര്‍ജന്‍സി ടെന്‍ഡറിന്റെ സേവനം ലഭിക്കുക.

കടല്‍ കടക്കുന്ന മലപ്പുറം മണ്ണ്


നൂറ്റിപ്പത്തിന്റെ നിറവിലും പത്രവായന ശീലമാക്കി അബ്ദുല്ലക്കുട്ടി

കാളികാവ്‌: വയസ്സ്‌ നൂറ്റിപ്പത്ത്‌. സ്വന്തം കാര്യങ്ങള്‍ക്ക്‌ ആരുടെയും ആശ്രയം വേണ്ട. മലയാളത്തില്‍ പത്രം പുറത്തിറങ്ങിയ കാലംതൊട്ട്‌ വായനമുടക്കിയിട്ടില്ല. ഭക്ഷണം ദിനചര്യകള്‍ തുടങ്ങി എല്ലാ കാര്യത്തിലും ഒരുമുടക്കവുമില്ല.1320 പൌര്‍ണമി കണ്ട അബ്ദുല്ലക്കുട്ടി ഇപ്പോഴും ജീവിതം ആസ്വദിക്കുകയാണ്‌. തുവ്വൂര്‍ പഞ്ചായത്തിലെ നീലാഞ്ചേരി നരിയക്കംപൊയില്‍ വള്ളിക്കാപ്പറമ്പില്‍ അബ്ദുല്ലക്കുട്ടിയാണ്‌ ഏവര്‍ക്കും വിസ്മയമായി ജീവിക്കുന്നത്‌. കാലം വീഴ്ത്തിയ ചുളിവുകളൊഴിച്ചാല്‍ യാതൊരു രോഗവും ഇദ്ദേഹത്തെ അലട്ടുന്നില്ല. കേള്‍വിക്ക്‌ അല്‍പം കുറവുണ്ട്‌. കാഴ്ചയ്ക്കു യാതൊരു പ്രശ്നവുമില്ല. വായനയ്ക്ക്‌ കണ്ണട വേണ്ട. കണ്ണട ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ല. ഖുര്‍ആന്‍ പാരായണവും പത്രവായനയും ദിനചര്യയാണ്‌. 1906ല്‍ ആര്‍ത്തല, പുല്ലങ്കോട്‌ എസ്റ്റേറ്റുകള്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചകാലം അബ്ദുല്ലക്കുട്ടിക്ക്‌ ഓര്‍മ്മയുണ്ട്‌. പിന്നീട്‌ ഈ എസ്റ്റേറ്റില്‍ നാലണ കൂലിക്കു ജോലിയും ചെയ്തിട്ടുണ്ട്‌. കൃത്യമായി നാലുനേരം ഭക്ഷണം കഴിക്കണം. ഖിലാഫത്ത്‌ സമരകാലത്ത്‌ പട്ടാളത്തിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഒളിച്ചിരുന്നത്‌ അല്‍പം ഭയത്തോടെയാണു വിവരിച്ചത്‌. കാലത്തിന്റെ മാറ്റവും പുരോഗതിയും ഇദ്ദേഹത്തെ അല്‍പ്പം അലട്ടുന്നു. സംസാരിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കഫം തടയുന്നതാണ്‌ ആകെയുള്ള ആരോഗ്യപ്രശ്നം. വീടിനു പുറത്തുള്ള ടോയ്ലെറ്റിലേയ്ക്ക്‌ പോകാനും വരാനും ആരുടെയും സഹായം ആവശ്യമില്ല. കൃത്യമായ വയസ്സ്‌, തിയതിയും വര്‍ഷവും പറയാന്‍ കഴിയില്ല. ഓര്‍മകളില്‍ നിന്നെടുത്തതും മക്കളും പേരമക്കളും പറഞ്ഞതുമാണ്‌ നൂറ്റിപ്പത്ത്‌. അബ്ദുല്ലക്കുട്ടിയുടെ സഹോദരങ്ങളും നൂറിനു മുകളില്‍ എത്തിയിട്ടാണ്‌ മരിച്ചത്‌. ആ കണ്ണിയില്‍ ഇനി ബാക്കിയുള്ളത്‌ ഇദ്ദേഹം മാത്രം. ഭാര്യ മരിച്ചത്‌ പത്തുവര്‍ഷം മുമ്പ്‌ 88ാ‍ംവയസ്സിലായിരുന്നു. അഞ്ചുമക്കളുണ്ട്‌. മൂന്നാമത്തെ മകന്‍ മമ്മദിന്റെ കൂടെയാണ്‌ താമസം. അങ്ങാടിയില്‍ പോകലും പള്ളിയില്‍ പോകലും നിര്‍ത്തിയിട്ട്‌ പതിനഞ്ചുവര്‍ഷമായി. നാടന്‍ കറിയും ചോറുമാണ്‌ ഇഷ്ടവിഭവം. കാലത്തെക്കുറിച്ച്‌ കൃത്യമായ ഓര്‍മയും ദിനചര്യയിലെ ശീലവുമായി നൂറാണ്ടും താണ്ടി വാര്‍ധക്യത്തിന്റെ അലോസരമില്ലാതെ ജീവിതം നെയ്തു തീര്‍ക്കുകയാണ്‌ അബ്ദുല്ലക്കുട്ടി.