ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

മുരിങ്ങാക്കായ കൃഷിയിലും കാളപൂട്ടിന്റെ ആവേശത്തോടെ ഹസന്‍



വണ്ടൂര്‍: ചെളിതെറിപ്പിച്ച് കുതിച്ച് പായുന്ന കന്നുകള്‍ക്കായി അലറിവിളിക്കുന്ന കാളപ്പൂട്ട് കണ്ടങ്ങളില്‍ വണ്ടൂര്‍ പാറക്കല്‍ഹസനെ അറിയാത്തവരുണ്ടാകില്ല. പാട്ടത്തിനെടുത്ത വയലുകളില്‍ വാഴ, കപ്പ, ചേമ്പ്, ചേന, പച്ചക്കറി കൃഷിയുമായി പതിറ്റാണ്ടുകളായി കാര്‍ഷികരംഗത്ത് സജീവമാണ് വണ്ടൂര്‍ പള്ളിക്കുന്ന് കാരക്കാപറമ്പ് റോഡില്‍ പുല്ല്പറമ്പ് വീട്ടിലെ പാറക്കല്‍ ഹസ്സന്‍ എന്ന 64 കാരന്‍. കൃഷി സംബന്ധമായ പരീക്ഷണങ്ങളുടെയെല്ലാം സദാ നീരീക്ഷകന്‍ കൂടിയാണ് ഇദ്ദേഹം. ജീവിത മാര്‍ഗമെന്നതിലുപരി കൃഷിയില്‍ നിന്നുള്ള മനസംതൃപ്തിയാണ് ഇദ്ദേഹത്തിന് ആവേശമാകുന്നത്.

തമിഴ്‌നാട് ഡിണ്ടികല്‍ സ്വദേശിനി മേരി, പാറക്കല്‍ ഹസന്റെ കൃഷിയിടങ്ങളില്‍ ജോലിക്കെത്തിയിട്ട് വര്‍ഷങ്ങളായി. തന്റെ നാട്ടില്‍ നടക്കുന്ന മുരിങ്ങാക്കായ കൃഷിയെക്കുറിച്ച് അവരാണ് പറയുന്നത്. പുതുമ തേടുന്ന ഹസന്‍ രണ്ടാമതൊന്നാലോചിച്ചില്ല. മേരിയെ നാട്ടിലേക്കയച്ചു; തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുടെ ഡിണ്ടികല്‍ കേന്ദ്രത്തില്‍ നിന്നും വിത്ത് വാങ്ങാന്‍. കൂടെ മുരിങ്ങാക്കായ കൃഷിയെക്കുറിച്ച് പഠിക്കാനും പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അര ഏക്കറില്‍ വിത്തുവിതച്ചു. കൂടെ വീടിന്റെ കിണറ്റിന്‍കരയിലൊരു വിത്തും. വീട്ടിലെ ഒറ്റമരത്തില്‍ നിന്നുമാത്രം 30 കിലോയിലധികം കായ പറിച്ചെടുക്കാന്‍ കഴിഞ്ഞതോടെ ആത്മവിശ്വാസം കൂടി. അതേ ആവേശവുമായി ഈ വര്‍ഷവും വിത്ത് പാകിയ ഹസനെ പക്ഷെ കാലാവസ്ഥ ചതിച്ചു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഏകദേശം ഇരട്ടി വിളവിറക്കിയിരുന്നു. നവംബറില്‍ വിളവിറക്കിയ മുരിങ്ങ പൂക്കേണ്ട ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസമായപ്പോഴേക്കും കൃഷിയിടം വരണ്ടുണങ്ങി. കടുത്ത ചൂടില്‍ പൂക്കള്‍ കരിഞ്ഞുണങ്ങി. എങ്കിലും തളര്‍ന്നില്ല. നട്ടതിനെ നനച്ചു സംരക്ഷിക്കാന്‍ ശ്രമിച്ചു. കടുത്ത വരള്‍ച്ച അവിടെയും തടസമായി. എന്നാലും ചെടികളെ ഉണങ്ങാതെ സംരക്ഷിക്കാനായി. പിന്നീടുണ്ടായ പൂക്കള്‍ കനത്ത മഴയിലും കൊഴിഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും ഈ കൃഷി നഷ്ടമായെന്ന് സമ്മതിക്കാന്‍ ഹസന്‍ തയ്യാറല്ല. ഇനി ചെടികളുടെയെല്ലാം തലവെട്ടി പുതുതളിര്‍ ഉണ്ടാക്കാനാണ് ഇയാളുടെ തീരുമാനം. വണ്ടൂര്‍, വാണിയമ്പലം ബൈപാസ് റോഡില്‍ ഇദ്ദേഹത്തിന്റെ തന്നെ ആക്രിക്കടയുടെ പിറകിലായാണ് മുരിങ്ങാ കൃഷിയിടം. സുഹൃത്ത് കൂടിയായ കുമ്മാളി സുധാകരന്‍ സ്ഥലം സൗജന്യമായാണ് കൃഷിക്ക് നല്‍കിയത്. തമിഴ്‌നാട്ടില്‍ നിന്നും 1200 രൂപക്ക് കിലോ എന്നതോതില്‍ വാങ്ങിയ വിത്തില്‍ അരകിലോയാണ് ഉപയോഗിച്ചത്.

ബാക്കി സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും കൃഷിയെ സ്‌നേഹിക്കുന്നവര്‍ക്കും സൗജന്യമായി നല്‍കി. അവരെയും മുരിങ്ങാക്കയ് വിപ്ലവത്തില്‍ പങ്കാളികളാക്കി. കൃഷി ഭവനിലും സൗജന്യമായി വിത്ത് വിതരണം നടത്തിയ ഇദ്ദേഹത്തോട് അവര്‍ കൃഷിയെകുറിച്ച് പിന്നീട് ഒന്നന്വേഷിക്കുകപോലുമുണ്ടായില്ല എന്ന പരിഭവമുണ്ട്. ആവശ്യക്കാര്‍ക്ക് ലാഭേഛയില്ലാതെ വിത്ത് എത്തിച്ചുകൊടുക്കുന്നു. ജില്ലക്കകത്തും പുറത്തുനിന്നുമായി ആവശ്യക്കാര്‍ ഹസനെ തേടിയെത്തുന്നുണ്ട്. ഫോണ്‍ : 9961208396


സൈഫുന്നസര്‍
7/1/2013 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ