നൂറ്റിപ്പത്തിന്റെ നിറവിലും പത്രവായന ശീലമാക്കി അബ്ദുല്ലക്കുട്ടി
കാളികാവ്: വയസ്സ് നൂറ്റിപ്പത്ത്. സ്വന്തം കാര്യങ്ങള്‍ക്ക് ആരുടെയും ആശ്രയം വേണ്ട. മലയാളത്തില്‍ പത്രം പുറത്തിറങ്ങിയ കാലംതൊട്ട് വായനമുടക്കിയിട്ടില്ല. ഭക്ഷണം ദിനചര്യകള്‍ തുടങ്ങി എല്ലാ കാര്യത്തിലും ഒരുമുടക്കവുമില്ല.1320 പൌര്‍ണമി കണ്ട അബ്ദുല്ലക്കുട്ടി ഇപ്പോഴും ജീവിതം ആസ്വദിക്കുകയാണ്. തുവ്വൂര്‍ പഞ്ചായത്തിലെ നീലാഞ്ചേരി നരിയക്കംപൊയില്‍ വള്ളിക്കാപ്പറമ്പില്‍ അബ്ദുല്ലക്കുട്ടിയാണ് ഏവര്‍ക്കും വിസ്മയമായി ജീവിക്കുന്നത്. കാലം വീഴ്ത്തിയ ചുളിവുകളൊഴിച്ചാല്‍ യാതൊരു രോഗവും ഇദ്ദേഹത്തെ അലട്ടുന്നില്ല. കേള്‍വിക്ക് അല്‍പം കുറവുണ്ട്. കാഴ്ചയ്ക്കു യാതൊരു പ്രശ്നവുമില്ല. വായനയ്ക്ക് കണ്ണട വേണ്ട. കണ്ണട ജീവിതത്തില്‍ ഉപയോഗിച്ചിട്ടില്ല. ഖുര്‍ആന്‍ പാരായണവും പത്രവായനയും ദിനചര്യയാണ്. 1906ല്‍ ആര്‍ത്തല, പുല്ലങ്കോട് എസ്റ്റേറ്റുകള്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചകാലം അബ്ദുല്ലക്കുട്ടിക്ക് ഓര്‍മ്മയുണ്ട്.
പിന്നീട് ഈ എസ്റ്റേറ്റില്‍ നാലണ കൂലിക്കു ജോലിയും ചെയ്തിട്ടുണ്ട്. കൃത്യമായി നാലുനേരം ഭക്ഷണം കഴിക്കണം. ഖിലാഫത്ത് സമരകാലത്ത് പട്ടാളത്തിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഒളിച്ചിരുന്നത് അല്‍പം ഭയത്തോടെയാണു വിവരിച്ചത്. കാലത്തിന്റെ മാറ്റവും പുരോഗതിയും ഇദ്ദേഹത്തെ അല്‍പ്പം അലട്ടുന്നു. സംസാരിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കഫം തടയുന്നതാണ് ആകെയുള്ള ആരോഗ്യപ്രശ്നം. വീടിനു പുറത്തുള്ള ടോയ്ലെറ്റിലേയ്ക്ക് പോകാനും വരാനും ആരുടെയും സഹായം ആവശ്യമില്ല. കൃത്യമായ വയസ്സ്, തിയതിയും വര്‍ഷവും പറയാന്‍ കഴിയില്ല. ഓര്‍മകളില്‍ നിന്നെടുത്തതും മക്കളും പേരമക്കളും പറഞ്ഞതുമാണ് നൂറ്റിപ്പത്ത്. അബ്ദുല്ലക്കുട്ടിയുടെ സഹോദരങ്ങളും നൂറിനു മുകളില്‍ എത്തിയിട്ടാണ് മരിച്ചത്. ആ കണ്ണിയില്‍ ഇനി ബാക്കിയുള്ളത് ഇദ്ദേഹം മാത്രം. ഭാര്യ മരിച്ചത് പത്തുവര്‍ഷം മുമ്പ് 88ാംവയസ്സിലായിരുന്നു.
അഞ്ചുമക്കളുണ്ട്. മൂന്നാമത്തെ മകന്‍ മമ്മദിന്റെ കൂടെയാണ് താമസം. അങ്ങാടിയില്‍ പോകലും പള്ളിയില്‍ പോകലും നിര്‍ത്തിയിട്ട് പതിനഞ്ചുവര്‍ഷമായി. നാടന്‍ കറിയും ചോറുമാണ് ഇഷ്ടവിഭവം. കാലത്തെക്കുറിച്ച് കൃത്യമായ ഓര്‍മയും ദിനചര്യയിലെ ശീലവുമായി നൂറാണ്ടും താണ്ടി വാര്‍ധക്യത്തിന്റെ അലോസരമില്ലാതെ ജീവിതം നെയ്തു തീര്‍ക്കുകയാണ് അബ്ദുല്ലക്കുട്ടി.
Subscribe to:
Post Comments (Atom)
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ