ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

സിവില്‍ സര്‍വീസ്: മലപ്പുറത്തിന് അഭിമാനമായി ഡോ.അനീസ്

മലപ്പുറം: സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളികള്‍ അപൂര്‍വ നേട്ടം കൊയ്തപ്പോള്‍ അഭിമാനകരമായ സാന്നിധ്യമായി ജില്ലയും. 525-ാം റാങ്ക് നേടി തേഞ്ഞിപ്പലം സ്വദേശി ചേര്‍ക്കുന്നത്ത് ഡോ.അനീസ്(32) ആണ് മലപ്പുറത്തിന്റെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചത്. സ്‌കൂള്‍ തലം മുതല്‍ പി.ജി. വരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഠിച്ച അനീസിന്റെ വിജയം പുതുതലമുറയ്ക്ക് പാഠമാണ്.

വയനാട് പൂക്കോട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയുടെ അക്കാദമിക് കണ്‍സള്‍ട്ടന്റാണ് അനീസ്. വെറ്ററിനറി സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പി.എച്ച്ഡിയും നേടിയിട്ടുണ്ട്. പരപ്പനങ്ങാടി മൃഗാശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കവേ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ് വയനാട്ടില്‍ ജോലി ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂവരെ എത്തിയിരുന്നു. ഇക്കുറി 525-ാം റാങ്കാണെങ്കിലും അതില്‍ നിരാശയില്ലെന്ന് അനീസ് പറയുന്നു. മലയാള സാഹിത്യം, വെറ്ററിനറി സയന്‍സ് എന്നിവയായിരുന്നു സിവില്‍ സര്‍വീസിന് തിരഞ്ഞെടുത്ത വിഷയങ്ങള്‍.

റാങ്കിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസാണ് ലഭിക്കുന്നതെങ്കിലും പോകും. ഒരു ചാന്‍സുകൂടിയുണ്ട്. അടുത്തവര്‍ഷം ഒന്നു കൂടി എഴുതും. റാങ്ക് മെച്ചപ്പെടുത്താന്‍ ശ്രമിക്കും-അനീസ് പറയുന്നു.

മണ്ണുത്തി വെറ്ററിനറി കോളേജില്‍ നിന്ന് 2005 ല്‍ വെറ്ററിനറി സയന്‍സില്‍ ബിരുദവും തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വര്‍ണ്ണമെഡലോടെ മാസ്റ്റര്‍ ബിരുദവും പി.എച്ച്ഡിയും നേടി. വിത്തുകോശങ്ങളില്‍ നിന്ന് ഹൃദയകോശങ്ങളുണ്ടാക്കാമെന്ന കണ്ടെത്തലിന് പേറ്റന്റിനായുള്ള അനീസിന്റെ അപേക്ഷ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ പരിഗണനയിലാണ്. 2011 ലെ കേരള സയന്‍സ് കോണ്‍ഫറന്‍സില്‍ യുവ ശാസ്ത്രജ്ഞനുള്ള പുരസ്‌കാരവും നേടിയിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് വിരമിച്ച ഡെപ്യൂട്ടി രജിസ്ട്രാര്‍ സി.മൊയ്തുക്കുട്ടിയുടെയും കെ.പി.ഫാത്തിമക്കുട്ടിയുടെയും മകനാണ്. ഭാര്യ ആനി ഹനീഫും വെറ്ററിനറി ഡോക്ടറാണ്. അസീം, മറിയം എന്നിവര്‍ മക്കളാണ്.

Posted on: 04 May 2013

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ