ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

Showing posts with label കൌതുക വാര്‍ത്തകള്‍. Show all posts
Showing posts with label കൌതുക വാര്‍ത്തകള്‍. Show all posts

സുലൈമാന്‍ കണ്ട മറഡോണ

'ഇത് ഞമ്മളെ സുലൈമാന്‍, ഓന്റെ ചങ്ങായി മറഡോണ'



കോഴിക്കോട്: ദൈവം ഒരു സുഹൃത്തിനെപ്പോലെ കൂടെ നടന്നിരുന്നെങ്കില്‍.. പണ്ട് ദാസന്‍ വിജയനോട് പറഞ്ഞപോലെ 'എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം' എന്ന് പറഞ്ഞ് ചിരിച്ച് തള്ളാന്‍ വരട്ടെ. അങ്ങനെയൊരു ഭാഗ്യം ലഭിച്ച ആളാണ് മലപ്പുറം ജില്ലയിലെ താനൂര്‍ ഒഴൂര്‍ നെല്ലിശ്ശേരി വീട്ടില്‍ സുലൈമാന്‍. ഫൂട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ഡീഗോ അര്‍മാന്‍ഡോ മറഡോണയുടെ സഹായിയും ഡ്രൈവറുമാണ് ഈ ഇരുപത്തൊമ്പതുകാരന്‍.

താനൂര്‍ ഒഴൂരിലെ നെല്ലിശ്ശേരി മുഹമ്മദ് കുട്ടിയുടെയും കുഞ്ഞിരുമ്മയുടെയും നാലു മക്കളില്‍ മൂത്തയാളാണ് സുലൈമാന്‍. 22 വര്‍ഷമായി ദുബൈയിലെ അല്‍ വാസല്‍ ക്ലബില്‍ ട്രെയിനിംങ് സഹായിയായി ജോലി ചെയ്യുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന് 10 വര്‍ഷം മുമ്പാണ് സുലൈമാന്‍ അല്‍വാസലിലെത്തിയത്. ഏതൊരു മലപ്പുറത്തുകാരനെയും പോലെ സിരകളില്‍ ഫുട്‌ബോളും മനസ്സില്‍ മറഡോണയെയും കൊണ്ടുനടന്ന സുലൈമാന് 2011 ഓഗസ്റ്റ് 7ാം തിയ്യതി ഒരിക്കലും മറക്കാനാകില്ല.

എന്നും ആരാധനയോടെ മാത്രം കണ്ടു നടന്നിരുന്ന ആ മനുഷ്യന്‍ ഇതാ കണ്‍മുന്നില്‍. ഇന്ത്യയുടെ കറുത്തമുത്ത് ഐഎം വിജയന്‍ പറഞ്ഞപോലെ സുലൈമാനും മനസ്സില്‍ പറഞ്ഞു 'എനിക്കിനി മരിച്ചാലും വേണ്ടില്ല'.

സുലൈമാന്റെ നിയോഗം അവിടെ തുടങ്ങുകയായിരുന്നു. ദൈവത്തിന്റെ കൈയുമായി ജീവിക്കുന്ന സാക്ഷാല്‍ മറഡോണയുടെ ജീവന്‍ സ്വന്തം കയ്യിലാക്കി സുലൈമാന്‍ ദുബൈയിലെ രാജവീഥികളിലൂടെ കഴിഞ്ഞ മൂന്നുവര്‍ഷമായി ദൈവത്തിന്റെ സാരഥിയായി ജീവിക്കുകയാണ്. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ മാന്ത്രിക വിസ്മയം തീര്‍ത്ത മറഡോണയെ നമുക്കറിയാം. പക്ഷെ വീട്ടില്‍ ഉറക്കെ പാട്ടുപാടുന്ന, ചിക്കന്‍ ഭക്ഷണം ഒരുപാട് കഴിക്കുന്ന, ടെന്നിസിനെ സ്‌നേഹിക്കുന്ന, മഴയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഇങ്ങനെ നമ്മളാരും സങ്കല്‍പ്പിക്കാത്ത ഈ കുറിയ വലിയ മനുഷ്യനുമായി വല്ലാത്തൊരു ആത്മബന്ധമാണ് സുലൈമാനുള്ളത്.

ഒരിക്കല്‍ അടുക്കളയില്‍ കണ്ട ബ്രസീലിയന്‍ സ്റ്റിക്കറൊട്ടിച്ച പാത്രം കണ്ട് പൊട്ടിത്തെറിച്ച, കോണ്‍ഫെഡറേഷന്‍ കപ്പില്‍ ബ്രസീലിന്റെ മുന്നേറ്റം കണ്ട് അസ്വസ്ഥനായ മറഡോണയെ സുലൈമാന് ചിരിയോടെ മാത്രമേ ഓര്‍ക്കാനാകു.

കാതങ്ങള്‍ക്കിപ്പുറം മലപ്പുറത്തിന്റെ മണ്ണില്‍ ബ്രസീല്‍-അര്‍ജന്റീന ചേരിതിരിഞ്ഞ് സുഹൃത്തുക്കളുമായി തര്‍ക്കിക്കുന്ന സുലൈമാന് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ഇത്തരം കുസൃതികള്‍ രസകരമായാണ് തോന്നിയത്. ഇറ്റലിയുടെ ലോകകപ്പ് നായകന്‍ ഫാബിയോ കന്നാവരോ, ബോളിവുഡിന്റെ സ്വന്തം കിംങ് ഖാന്‍ ഷാരൂഖ് തുടങ്ങിയവരാണ് കടലെടുത്ത് സ്വര്‍ഗമാക്കിയ പാംജുമൈറയില്‍ മറഡോണയുടെ അയല്‍വാസികള്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫോട്ടോഫിനിഷിംങിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം നേടിക്കൊടുത്ത് മരുമകന്‍ സെര്‍ജിയോ അഗ്വൂറോ വീട്ടിലെത്തിയത് മറഡോണക്ക് ഏറെ സന്തോഷം നല്‍കിയിരുന്നെന്ന് സുലൈമാന്‍ ഓര്‍ത്തു.

ഗോള്‍ഫ് കമ്പക്കാരനായ അഗ്വൂറോ യുഎഇയില്‍ ചിലവഴിച്ച ഏഴു ദിവസവും അദ്ദേഹത്തെ ഗോള്‍ഫ് ക്ലബില്‍ എത്തിക്കുകയായിരുന്നു സുലൈമാന്റെ പ്രധാന ജോലി. എന്നാല്‍ മകളുമായുള്ള ബന്ധമൊഴിഞ്ഞ അന്ന് സ്വന്തം റൂമില്‍ തൂക്കിയിരുന്ന കുട്ടിക്കാലം മുതലുള്ള അഗ്വൂറോയുടെ ഫോട്ടോ എടുത്ത് മാറ്റാന്‍ പറഞ്ഞപ്പോള്‍ നമ്മളാരും കാണാത്ത മറഡോണയെന്ന പിതാവിന്റെ ഹൃദയനൊമ്പരവും സുലൈമാന്‍ നേരിട്ടറിഞ്ഞു.

അര്‍ജന്റീനയില്‍ നിന്ന് യുഎഇയിലേക്ക് മാറിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മറഡോണക്ക് അറബിനാടുമായി പൊരുത്തപ്പെടാനായിട്ടില്ലത്രേ. ലാറ്റിനമേരിക്കന്‍ സമയം നോക്കി യുഎഇയില്‍ പകല്‍സമയത്തുറങ്ങുന്ന മറഡോണ രാത്രി മുഴുവന്‍ ടെലിവിഷനിലും സംഗീതത്തിലും മുഴുകും.

ദിവസവും 12 മണിക്കൂറിലേറെ ഉറങ്ങുന്ന മറഡോണക്ക് ഉറക്കം കാരണം ഫ്‌ളൈറ്റ് മിസായ സംഭവം വരെ ഉണ്ടായിട്ടുണ്ട്. സ്വന്തമായി ഓഡി, ബിഎംഡബ്ല്യു, റോള്‍സ് റോയ്‌സ്, ഫെറാറി എന്നീ വാഹനങ്ങളുള്ള മറഡോണ വേഗത്തില്‍ യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്.

സൂപ്പര്‍മാര്‍ക്കറ്റില്‍ ഇറങ്ങി സ്വയം ട്രോളിയും ഉന്തി പോകുന്ന മറഡോണക്ക് അകമ്പടി സേവിക്കുകയേ സുലൈമാന് ചെയ്യേണ്ടുള്ളു.

ദൈവത്തിനൊപ്പമുള്ള ഈ ജീവിതം അല്‍വാസല്‍ ക്ലബ് അദ്ദേഹത്തെ ഒഴിവാക്കിയതോടെ താത്ക്കാലിക വിരാമമായി. പക്ഷേ യുഎഇ സ്‌പോര്‍ട് കൗണ്‍സില്‍ ബ്രാന്‍ഡ് അംബാസിഡറായി ദുബൈയില്‍ മറഡോണ തിരിച്ചെത്തിയതോടെ തന്റെ കൂടെ സുലൈമാനും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിലും രസകരമായ കാര്യം സുലൈമാന് മലയാളമല്ലാതെ അറിയാവുന്നത് അറബിയും ഇംഗ്ലീഷും, മറഡോണക്ക് അറിയാത്തതും ഇംഗ്ലീഷും അറബിയും തന്നെ. ആശയവിനിമയം പലപ്പോഴും ഐഫോണിലെ ചിത്രങ്ങള്‍ കാണിച്ചാണ്. എന്നിട്ടും ഇവരെ വീണ്ടും കൂട്ടിച്ചേര്‍ത്തത് മനസ്സുനിറയെ ഫുട്‌ബോളും അര്‍ജന്റീനയെന്ന അടങ്ങാത്ത അഭിനിവേശവും ആണ്.
മറഡോണ ടൂറിന് പോയ അവസരത്തില്‍ നാട്ടിലെത്തിയ സുലൈമാന്‍ ഓഗസ്റ്റ് 17 ന് തിരിച്ചുപോകാനൊരുങ്ങുകയാണ്.

ഭാര്യ സുമയ്യയോടും മക്കളായ ശ്യാമിലിനോടും സാബിത്തിനോടും സഹോദരങ്ങളായ സുഹൈബിനോടും സുമയ്യയോടും യാത്രപറയുമ്പോള്‍ സാധാരണ പ്രവാസികള്‍ക്കുണ്ടാവാറുള്ള മനപ്രയാസം അത്രകണ്ട് സുലൈമാനുണ്ടാകില്ല, കാരണം അയാള്‍ പോകുന്നത് സ്വന്തം ആരാധനാപാത്രമായ തന്റെ പ്രിയപ്പെട്ട ഡീഗോയുടെ അരികിലേക്കാണ്...

ജയേഷ് പൂക്കോട്ടൂര്‍
8/1/2013 

ശാരീരിക വെല്ലുവിളിയെ തോല്‍പ്പിച്ച്‌ ഷറഫുദ്ദീന്റെ മുന്നേറ്റം


പൊന്നാനി . അമേസിങ്ങ്‌! ശാരീരിക വെല്ലുവിളിയെ തോല്‍പ്പിച്ച്‌ ഷറഫുദ്ദീന്‍ നടത്തിയ അതിശയകരമായ മുന്നേറ്റം കണ്ടാല്‍ ആരും പറഞ്ഞുപോകും. പോളിയോയുടെ രൂപത്തിലെത്തിയ വിധിയെ പഴിച്ച്‌ വീട്ടിലിരിക്കാതെ ഷറഫുദ്ദീന്‍ തുടങ്ങിയ കേറ്ററിങ്ങ്‌ സര്‍വീസ്‌ ഒരു തണല്‍മരമായി വളരുകയാണ്‌. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ ഉള്‍പ്പെടെ 150 തൊഴിലാളികളുടെ പ്രിയപ്പെട്ട ഷറഫുഭായ്‌ ആണ്‌ പൊന്നാനി കടവനാട്‌ സ്വദേശി കക്കാട്ടീരി അകത്ത്‌ ഷറഫുദ്ദീന്‍ (26) ഇന്ന്‌.

ആത്മാര്‍ഥമായ സ്നേഹവും സേവനവും കൈമുതലാക്കിയ സംഘത്തിന്റെ പേര്‌ അമേസിങ്ങ്‌. കേറ്ററിങ്ങ്‌ യൂണിറ്റ്‌ തുടങ്ങിയത്‌ ഉപജീവനത്തിനുവേണ്ടി മാത്രമായിരുന്നില്ല. തന്നെപ്പോലെ ശരീരത്തെ വെല്ലുന്ന കരുത്തുള്ളവര്‍ക്ക്‌ ജീവിതത്തിന്റെ രുചി പകരാന്‍കൂടിയാണെന്ന്‌ ഷറഫുദ്ദീന്‍ പറയുന്നു. വീല്‍ചെയറിലിരുന്ന്‌ മൊബൈല്‍ ഫോണില്‍ ഒരു വിളി മതി, 150 തൊഴിലാളികളും അണിനിരക്കും. പരിപാടിയുടെ സ്വഭാവത്തിനും തിരക്കും അനുസരിച്ച്‌ ഷറഫുദ്ദീന്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കും. കല്യാണമോ സമ്മേളനമോ എത്ര വലിയ പരിപാടിയായാലും ഏറ്റെടുക്കാന്‍ ധൈര്യം നല്‍കുന്നത്‌ ആ സ്നേഹബന്ധമാണ്‌. തന്റെ 150 സുഹൃത്തുക്കള്‍ക്കു പുറമേ മറ്റു യൂണിറ്റുകളില്‍നിന്നും കേറ്ററിങ്ങിന്‌ ആളെ എത്തിക്കുന്നു.

ജോലിസ്ഥലത്ത്‌ എല്ലാം വീല്‍ചെയറിലിരുന്നുകൊണ്ടു നിയന്ത്രിക്കും. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച്‌ ഇരുകാലുകളുടെയും സ്വാധീനം നഷ്ടപ്പെടുകയായിരുന്നു. എസ്‌എസ്‌എല്‍സി കഴിഞ്ഞപ്പോഴേക്കും പഠനം അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട്‌ വീട്ടിലിരുന്ന്‌ മൊബൈല്‍ റീച്ചാര്‍ജിങ്ങ്‌ തുടങ്ങി. ഏഴുവര്‍ഷം മുന്‍പ്‌ സുഹ്യത്തുക്കളുടെ പ്രേരണയില്‍ കേറ്ററിങ്ങ്‌ യൂണിറ്റിന്‌ തുടക്കമിട്ടു. ഷറഫുദ്ദീന്‌ ഭാര്യയും ഒരു മകളുമുണ്ട്‌.

ആലിയുടെ സൈക്കിള്‍ യാത്രയ്ക്ക് അര നൂറ്റാണ്ട്


എടപ്പാള്‍: വേഗത്തിന്റെയും പുത്തന്‍ വാഹനങ്ങളുടെയും തരംഗത്തില്‍ നാടോടുമ്പോള്‍ അര നൂറ്റാണ്ടായി സൈക്കിള്‍ സവാരിയിലൂടെ ലോകത്തിനൊപ്പം ഓടുകയാണ് ആലി.

എടപ്പാള്‍ വെങ്ങിനിക്കരയിലെ പെരിഞ്ചീരി ആലി (63) ആണ് 15-ാം വയസില്‍ ആരംഭിച്ച സൈക്കിള്‍ ചങ്ങാത്തം പുത്തന്‍ വാഹനങ്ങളുടെ മിന്നിത്തിളക്കത്തിലും ഉപേക്ഷിക്കാത്തത്.

ബാല്യകാലത്ത് സ്വന്തമായി സൈക്കിളില്ലാതിരുന്ന ആലിക്ക് അയല്‍വാസിയായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കൃഷ്ണന്‍ നായരാണ് അദ്ദേഹം ഉപയോഗിച്ചിരുന്ന സൈക്കിള്‍ നല്‍കിയത്. പഠനകാലത്തും പിന്നീട് പപ്പടവില്‍പ്പനക്കും ആലിക്ക് തുണയായി ഈ സൈക്കിളുണ്ടായിരുന്നു. 15 വര്‍ഷത്തെ ഉപയോഗത്തിനു ശേഷം 600 രൂപ നല്‍കി സ്വന്തമായി ഒരു ഹെര്‍ക്കുലീസ് സൈക്കിള്‍ വാങ്ങിയപ്പോള്‍ ജീവിതത്തില്‍ എന്തൊക്കെയോ നേടിയ സന്തോഷമായിരുന്നെന്ന് ആലി പറയുന്നു.

വിവാഹം കഴിഞ്ഞ് ഭാര്യ ആമിനക്കുട്ടിയോടൊത്ത് വിരുന്നിനെല്ലാം പോയത് ഈ സൈക്കിളിലായിരുന്നു. എടപ്പാള്‍, ചങ്ങരംകുളം, വട്ടംകുളം, കുറ്റിപ്പുറം തുടങ്ങി സൈക്കിളില്‍ ആലി പോകാത്ത സ്ഥലങ്ങള്‍ കുറവാണ്. കൃഷിയും പശു-ആടു വളര്‍ത്തലുമെല്ലാമായി ജീവിതം കഴിക്കുമ്പോഴും യാത്രകള്‍ക്ക് തുണ സൈക്കിള്‍ തന്നെ.

കിലോമീറ്ററുകളോളം ദിവസേന സൈക്കിള്‍ ചവിട്ടുന്ന ആലിക്ക് കാര്യമായ അസുഖവും ഉണ്ടാവാറില്ല. ഇപ്പോഴും സൊസൈറ്റിയിലേക്ക് പാല്‍ നല്‍കാനും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം ആലി സൈക്കിളില്‍ ചുറുചുറുക്കോടെ പോകുന്നത് വെങ്ങിനിക്കരക്കാരുടെ നിത്യകാഴ്ചയാണ്. ആലിയോടൊപ്പം തന്നെ ടി.വി അച്ച്യുതന്‍, കുഞ്ഞുമോന്‍, സൈനുദ്ദീന്‍ എന്നിവരും ഈ ഗ്രാമത്തില്‍ ഇപ്പോഴും സൈക്കിള്‍ യാത്രക്കാരായി ഉണ്ട്.

Mathrubhumi
22 Sep 2013

ശ്രീലങ്കന്‍ ഫ്രോഗ് മൗത്തിനെ തവനൂരില്‍ കണ്ടെത്തി

അപൂര്‍വ പക്ഷിയായ ശ്രീലങ്കന്‍ ഫ്രോഗ് മൗത്തിനെ തവനൂരില്‍ കണ്ടെത്തി 

തേഞ്ഞിപ്പലം: മാക്കാച്ചിക്കാട എന്ന വിളിപ്പേരുള്ള ശ്രീലങ്കന്‍ ഫ്രോഗ് മൗത്ത് എന്ന പക്ഷിയെ ആദ്യമായി മലബാറില്‍ കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ മഹാരാഷ്ട്ര മുതല്‍ തമിഴ്‌നാടിന്റെ തെക്കേ അതിര്‍ത്തി വരെയും ശ്രീലങ്കയിലുമായി കിടക്കുന്ന സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്റര്‍ ഉയരത്തിലുള്ള നിത്യഹരിത മഴക്കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. എന്നാല്‍ ഭാരതപ്പുഴയുടെ തീരത്ത് തവനൂര്‍ പ്രദേശത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുബൈര്‍ മേടമ്മല്‍, തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയിലെ ബയോളജി വിഭാഗം മേധാവി പ്രൊഫ. എ. ഡേവിഡ് രവീന്ദ്രന്‍, മുംബൈ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ കണ്‍സര്‍വേഷന്‍ ഓഫീസറും ഗവേഷകയുമായ മിരിയം എം. അബ്രഹാം, ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി ഹാരിസ് പരേങ്ങല്‍ എന്നിവര്‍ തവനൂരില്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ വിചിത്ര പക്ഷിയെ കണ്ടെത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗം നടത്തുന്ന ദേശീയ കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചു. ഏമറിമരസ്ീറ്ൗുീ ൗ്ൃഹാഹഷവി എന്നാണ് ഈ പക്ഷിയുടെ ശാസ്ത്രീയ നാമം. തവനൂരിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ ആവാസ വ്യവസ്ഥകള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്. 23 സെ.മീ നീളമുള്ള ശ്രീലങ്കന്‍ ഫ്രോഗ് മൗത്തിനെ 'മാക്കാച്ചിക്കാട' എന്നുവിളിക്കാറുണ്ട്. 

കൊളുത്തുള്ള കൊക്കുകളുള്ളതും മനുഷ്യരെപ്പോലെ ബൈനോക്കുലര്‍ കാഴ്ചയ്ക്ക് വേണ്ടി മുന്നോട്ടുനില്‍ക്കുന്ന രണ്ട് കണ്ണുകളും ഉള്ള വലിയ തലയാണ് ഈ പക്ഷികള്‍ക്ക് ഉള്ളത്. കരിയിലകളെപ്പോലെ തൂവലുകളുള്ള പെട്ടെന്ന് സഞ്ചരിക്കാന്‍ കഴിയാത്ത ഈ പക്ഷികളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഡോ. സുബൈര്‍ പറഞ്ഞു. നിത്യഹരിത മഴക്കാടുകളില്‍ കാണുന്ന ഈ പക്ഷികള്‍ രാത്രികാല സഞ്ചാരികളാണ്. തവനൂരില്‍ സമുദ്രനിരപ്പില്‍നിന്ന് എട്ടുമീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്താണ് ഇവയെ കണ്ടെത്തിയത്. 

ദേശാടനപ്പക്ഷികളും സ്ഥിരതാമസക്കാരായ പക്ഷികളും ധാരാളമായി കാണുന്ന ഭാരതപ്പുഴയുടെ തീരപ്രദേശത്താണ് മാക്കാച്ചിക്കാടയെയും കണ്ടെത്തിയത്. ഇവിടെയുള്ള ആവാസവ്യവസ്ഥയ്ക്ക് മനുഷ്യന്റെ കടന്നുകയറ്റംമൂലം കോട്ടം സംഭവിക്കുന്നുണ്ട് എന്നും ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്.

Posted on: 12 Mar 2013
 

അനിലിന്റെ പുരാവസ്തു ശേഖരം

പരിഹാസം വെല്ലുവിളിയായെടുത്തു; അനിലിന്ന് പഴമയുടെ ലക്ഷാധിപതി

വണ്ടൂര്‍: പുരാവസ്തു ശേഖരണത്തിനിറങ്ങിയ അനിലിന് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു പരിഹാസങ്ങള്‍. സങ്കടവും കരച്ചിലും വന്നു. പിന്നെ അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. തിരുവാലി കൊളക്കാട്ടിരിയിലെ പെരിക്കാപ്ര അനിലിന് മുമ്പില്‍ പക്ഷെ ഒരുപാട് തടസങ്ങളുണ്ടായിരുന്നു. പണം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. നിത്യചെലവിന് പ്രയാസപ്പെടുന്ന കൂലി പണിക്കാരന്റെ മകന്‍.

പരിഹാസങ്ങളെ ചിരിച്ചു തള്ളിയ ആ യുവാവ് കൂലിപ്പണിക്കു പോയി കിട്ടുന്ന പണമുപയോഗിച്ച് പുരാവസ്തു ശേഖരണം തുടങ്ങി. ഇന്ന് ലക്ഷങ്ങളുടെ പുരാവസ്തു ശേഖരണത്തിനുടമയാണ് അനില്‍. പത്ത് ലക്ഷം രൂപ വില പറഞ്ഞിട്ടും വില്‍ക്കാതെ സൂക്ഷിക്കുന്ന പുരാവസ്തുക്കള്‍.

പണ്ട് സ്വര്‍ണം സൂക്ഷിച്ചിരുന്ന വലിയ ആമാടപ്പെട്ടി, നാണയപ്പെട്ടികള്‍, മസാലപെട്ടികള്‍, കാളകളെ ഉപയോഗിച്ച് വെള്ളം കോരിയിരുന്ന കാളതേക്ക്. പിച്ചളയിലുള്ളതടക്കമുള്ള വിവിധ തരം ഫോണുകള്‍, ഗ്രാമഫോണുകള്‍, ചെമ്പില്‍ തീര്‍ത്ത കിണ്ടി, വിളക്കുകള്‍, എണ്ണ കുഴല്‍, മരപാത്രങ്ങള്‍, ചീനഭരണികള്‍, വെള്ളികോള്‍, പറ, ഇടങ്ങഴി, നാഴി, ഓലയില്‍ എഴുതിയ ആധാരം, ചെമ്പോലയില്‍ എഴുതിയ വട്ടെഴുത്ത്, എഴുത്താണി, താളിയോലകള്‍, അഞ്ചല്‍ കാര്‍ഡുകള്‍, മുദ്രപേപ്പറുകള്‍, നാണയ കറന്‍സി ശേഖരം അതിവിപുലമാണ്. പണ്ട് പ്രത്യേകം അടിച്ചിറക്കിയിരുന്ന ഹജ്ജ് നോട്ടും ഖാദി ഹുണ്ടിയും (ഖാദി വസ്ത്രങ്ങള്‍ വാങ്ങാനുള്ള നോട്ടുകള്‍) ചെമ്പറി കോയിനുകളുമടക്കം വിശാലമാണത്. അച്ചടി പിശക് വന്ന നോട്ടുകളും ശേഖരത്തിലുണ്ട്. നമ്പറില്ലാതെയും മഷി പതിയാതെയും അടിച്ചിറക്കിയ റിസര്‍വ്വ് ബാങ്കിന്റെ 100 ന്റെ നോട്ടുകളാണവ. തിരുവിതാംകൂറിന്റെ പഴയ ലിപിയിലിറക്കിയ നാണയമായ കാശിന്റെ വന്‍ശേഖരവുമുണ്ട്.

ഒരു സുഹൃത്ത് സമ്മാനിച്ച യു.എ.ഇയുടെ കപ്പല്‍ ചിഹ്നമുള്ള നാണത്തിലൂടെയാണ് പുരാവസ്തു ശേഖരണത്തിനുള്ള താല്‍പര്യമുണ്ടായതെന്ന് അനില്‍ പറഞ്ഞു.

പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വീട് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. പക്ഷെ തന്റെ ശേഖരണം സൂക്ഷിക്കാനുള്ള സ്ഥലം ഈ വീടിനില്ല. ശേഖരണത്തിന്റെ സൂക്ഷിപ്പിനായി വീട് വിപുലീകരിക്കാന്‍ നിര്‍മാണ വിസ്താര ചട്ടങ്ങളില്‍ ഇളവ് നല്‍കണമെന്ന അപേക്ഷയും അനിലിനുണ്ട്.

എടവണ്ണയില്‍ ഒരു സ്ഥാപനത്തില്‍ വെല്‍ഡിംഗ് തൊഴിലാളിയായ അനിലിന് ഇപ്പോള്‍ തിരക്കുകളുടെ കാലമാണ്. വിവിധ എക്‌സിബിഷനുകളിലേക്ക് സ്റ്റാളൊരുക്കാന്‍ ഇദ്ദേഹത്തിന് ക്ഷണമുണ്ട്. തിരുവനന്തപുരം ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ എക്‌സിബിഷനില്‍ ഇദ്ദേഹത്തിന്റെ സ്റ്റാളുണ്ടായിരുന്നു. ലാബ് ടെക്‌നീഷ്യയായ ഭാര്യ സ്മതിയും മക്കളായ ഋഷിന്‍, ഋതിക എന്നിവരാണ് സ്റ്റാളുകളില്‍ അനിലിന് സഹായത്തിനുണ്ടാവാറ്.

മാസത്തിലെ ഇരുവരുടെയും ഒരു ദിവസത്തെ കൂലി നിത്യരോഗികള്‍ക്ക് വീട്ടിലെത്തിച്ച് കൊടുക്കുന്ന സത്കര്‍മവും അനിലും സ്മിതയും വര്‍ഷങ്ങളായി മുടങ്ങാതെ ചെയ്യുന്നുണ്ട്.

Posted On: 4/18/2013 10:55:31 AM  

എഡിറ്റര്‍മാരെ തിരുത്തുന്ന ശരീഫ്


പത്രാധിപന്‍മാരെ തിരുത്തുന്ന ശരീഫ്‌ പത്രവിതരണത്തിലാണ്‌

മലപ്പുറം: സ്കൂള്‍ കലോല്‍സവത്തിന്റെ വേദികളില്‍ മുഷിഞ്ഞ വേഷവുമായി പത്ര വിതരണം നടത്തുന്ന ആകര്‍ഷകമല്ലാത്ത ഈ രൂപം കണ്ട്‌ നെറ്റി ചുളിക്കേണ്ട. പത്രാധിപന്‍മാരെ വരെ തിരുത്താന്‍ ശേഷിയുള്ള ഔപചാരിക വിദ്യഭ്യാസമില്ലാത്ത അറിവിന്റെ അക്ഷയഖനിയാണ്‌ ഈ ചെറുപ്പക്കാരന്‍. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ കാപ്പ്‌ മുഹമ്മദ്‌ ശരീഫിന്‌ ഡി.സി ബുക്സിനെ വരെ തിരുത്തിച്ച ചരിത്രം പറയാനുണ്ട്‌. ചിലപ്പോള്‍ കപ്പലണ്ടി കച്ചവടക്കാരന്റെ രൂപത്തിലായിരിക്കും ശരീഫ്‌ പ്രത്യക്ഷപ്പെടുക. മറ്റു ചിലപ്പോള്‍ പടക്ക കച്ചവടം. എല്ലാ ജീവിതമാവുന്ന ഞാണിന്‍മേല്‍ കളിക്കുവേണ്ടി. ഇതിനിടയില്‍ ഒന്നുണ്ട്‌. പ്രസിദ്ധീകരണങ്ങളില്‍ തെറ്റുണേ്ടാ ശരീഫ്‌ തിരുത്തിച്ചിരിക്കും. സിനിമയിലാണ്‌ ശരീഫിന്റെ അഗാധ പാണ്ഡിത്യം. ഇതു തിരിച്ചറിഞ്ഞ്‌ ജഗതി ശ്രീകുമാര്‍ അപകടത്തില്‍പെട്ട്‌ കിടപ്പിലാവുന്നതിനു തൊട്ടുമുമ്പ്‌ ഒരു ചാനല്‍ സംപ്രേഷണം ചെയ്ത മുഖാമുഖത്തിലേക്ക്‌ അതിഥിയായി ക്ഷണിച്ചിരുന്നത്‌ ശരീഫിനെയായിരുന്നു. ജഗതിക്കുപോലും ഓര്‍മയില്ലാത്ത അഭിനയിച്ച സിനിമകളുടെ പേരും വര്‍ഷവും വരെ ശരീഫ്‌ കൃത്യമായി പറഞ്ഞു. കൂട്ടത്തില്‍ കൂസലില്ലാതെ സംവിധാനത്തില്‍ താങ്കള്‍ പരാജയമാണെന്നും നടനെന്ന നിലയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തലകുലുക്കി ഈ അറിവുകളെ ജഗതി ശരിവയ്ക്കുകയായിരുന്നു.

ഡി.സി ബുക്സ്‌ പ്രസിദ്ധീകരിച്ച ഒ എന്‍ വി കുറുപ്പിന്റെ ഗാന സമാഹാരമായ മാണിക്യ വീണയില്‍ രവീന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടുകള്‍ മറ്റൊരാളുടേതായി അച്ചടിച്ചു വന്നപ്പോള്‍ അതു തിരുത്തിക്കാന്‍ ശരീഫിനായി. കുട്ടിക്കാലം മുതല്‍ ബാലപ്രസിദ്ധീകരണങ്ങള്‍ക്ക്‌ ശരീഫ്‌ കത്തെഴുതുമായിരുന്നു, തെറ്റുകള്‍ തിരുത്തിക്കാന്‍. പിന്നീട്‌ ഇതുവരെ പ്രമുഖ മലയാള ആനുകാലികങ്ങളിലും സിനിമ പ്രസിദ്ധീകരണങ്ങളിലും ശരീഫിന്റെ തിരുത്തല്‍ കത്തില്ലാത്ത ലക്കങ്ങള്‍ കുറവായിരിക്കും.

ജീവിത നൌക മുതല്‍ പഴയ ചിത്രങ്ങളും പഴയ ഗാനങ്ങളുടെ അമൂല്യ ശേഖരവും ശരീഫിന്റെ കൈവശമുണ്ട്‌. ഒരു നൂറ്റാണ്ടു കാലത്തെ മലയാള സിനിമകളെ കുറിച്ച്‌ ഡയറക്ടറി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ശരീഫ്‌. അതിനിടയിലും വിനയത്തോടെ ശരീഫ്‌ ചോദിക്കുന്നു, തെറ്റുണേ്ടാ തിരുത്താന്‍.
News @ Thejas

ചിരട്ട കൊണ്ട് നിര്‍മിക്കുന്ന കൗതുകങ്ങള്‍



അഹമ്മദുണ്ണി ചിരട്ട കൊണ്ട് നിര്‍മിക്കുന്ന കൗതുകങ്ങള്‍

ചങ്ങരംകുളം: ചിരട്ട കൊണ്ട് കൗതുക വസ്തുക്കള്‍ നിര്‍മിച്ച് പുത്തന്‍പുരക്കല്‍ അഹമ്മദുണ്ണി ശ്രദ്ധേയനാവുന്നു. 28 വര്‍ഷത്തോളം വിദേശ ജോലിക്ക് ശേഷം നാട്ടിലെത്തിയ അഹമ്മദുണ്ണി യാദൃശ്ചികമായാണ് ഈ രംഗത്ത് എത്തിയത്.

ബന്ധുവിന് സ്‌കൂള്‍ ആവശ്യത്തിന് ചിരട്ട കൊണ്ട് എലിയെ നിര്‍മിച്ച് കൊടുത്തായിരുന്നു തുടക്കം. തന്റെ കരവിരുത് തിരിച്ചറിഞ്ഞ സ്‌കൂള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രോത്സാഹനം അഹമ്മദുണിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.

24ഓളം വിദേശ രാജ്യങ്ങള്‍ പങ്കെടുത്ത ഇന്റര്‍ നാഷണല്‍ ഇന്ത്യ ട്രെയ്ഡ് ഫെയര്‍ എന്ന രാജ്യാന്തര വ്യാപാര മേളയില്‍ കരകൗശല വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് പേരില്‍ ഒരാള്‍ ആലംങ്കോട് കോക്കൂര്‍ സ്വദേശി അഹമ്മദുണ്ണിയായിരുന്നു.

2011ലെ കരകൗശല പ്രദര്‍ശനത്തില്‍ ഇദ്ദേഹം പ്രദര്‍ശിപ്പിച്ച മൂന്നര അടി നീളമുള്ള ചിരട്ട കൊണ്ടുള്ള നിലവിളക്ക് ദേശീയ അവാര്‍ഡിനായി സംസ്ഥാന ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.

45 ദിവസത്തെ കഠിന പ്രയത്‌നം വേണ്ടിവന്നു ഈ നിലവിളക്ക് നിര്‍മിക്കാന്‍. ഇത്തരം സംരംഭങ്ങള്‍ വ്യാവസായികടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. സമാനമായ ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കാനും അതിലൂടെ നിരവധി പേര്‍ക്ക് ഉപജീവന മാര്‍ഗ്ഗം ലഭ്യമാക്കാനുമുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈജിപ്ഷ്യന്‍ വള്‍ച്ചര്‍ എന്ന പക്ഷിയുടെ രൂപം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഈ 61 കാരന്‍.

കൗതുക വസ്തുകള്‍ നിര്‍മിച്ചു നല്‍കാനായി ഒട്ടേറെ പേര്‍ സമീപിക്കുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും നിര്‍മിച്ച് നല്‍കാന്‍ കഴിയുന്നില്ല എന്ന നിരാശയിലാണ് അഹമ്മദുണ്ണി.