ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

Showing posts with label മലപ്പുറം മഹിളകള്‍. Show all posts
Showing posts with label മലപ്പുറം മഹിളകള്‍. Show all posts

ഗാന്ധി സ്മരണയില്‍ കാമാക്ഷിഅമ്മ കിസാന്‍ ചര്‍ക്ക തിരിക്കുകയാണ്


പരപ്പനങ്ങാടി:ഗാന്ധി സ്മരണയില്‍ കാമാക്ഷി അമ്മ തൊണ്ണൂറിലും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുയാണ്. സംസ്ഥാനത്ത് ജീവിച്ചിരിക്കുന്ന ഏക വനിതാ ഖാദി- ഹിന്ദി പ്രചാരണ പ്രവര്‍ത്തകയായ സ്വാതന്ത്ര്യസമര സേനാനിയാണ് വള്ളിക്കുന്നിലെ ആറ്റുകളത്തില്‍ കുനിയഞ്ചേരി കാമാക്ഷി അമ്മ.

പ്രായം തളര്‍ത്തിയ അമ്മക്ക് സ്വാതന്ത്ര്യ സമരത്തിന്റെ വീറുറ്റ പോരാട്ടത്തെ കുറിച്ച് പറയാന്‍ നൂറു നാവാണ്. 14-ാം വയസ്സിലാണ് കാമാക്ഷി സ്വാതന്ത്ര്യസമര തീച്ചൂളയിലേക്ക് എടുത്ത് ചാടിയത്. ജയില്‍ വാസം അനുഷ്ഠിക്കാതെ മാറിനിന്നത് ഗാന്ധിജിയുടെ ആഹ്വാന പ്രകാരമായിരുന്നു.

വെള്ള പട്ടാളത്തെ ഇന്ത്യന്‍ മണ്ണില്‍ നിന്ന് ആട്ടിയോടിക്കാന്‍ സമര രംഗത്തിറങ്ങിയവരെ ജയിലിലടച്ചപ്പോള്‍ അവര്‍ക്കും ഒളിവില്‍ പോയവര്‍ക്കും സന്ദേശം കൈമാറാനും സഹായങ്ങളെത്തിക്കാനും ഖാദി- ഹിന്ദി പ്രചരണത്തിനുമാണിവര്‍ പുറത്തുനിന്ന് പോരാടിയത്. ഇവരേയും സ്വാതന്ത്ര്യ സമരസേനാനികളായി സര്‍ക്കാര്‍ അംഗീകരിച്ചു പെന്‍ഷന്‍ നല്‍കിയിരുന്നു.

ഖാദി - ഹിന്ദി സമര സേനാനികളായി സംസ്ഥാനത്ത് മൊത്തം എഴുപത് പേരാണുണ്ടായിരുന്നത്. മലപ്പുറം ജില്ലയില്‍ ആറുപേരും. ഇതില്‍ പുലാമന്തോള്‍ സ്വദേശി മലവെട്ടത്ത് കുഞ്ഞലവി ഹാജിയും കാമാക്ഷി അമ്മയുമാണ് ജീവിച്ചിരിക്കുന്ന രണ്ടുപേര്‍.

കാമാക്ഷി അമ്മ ഖാദി പ്രചരണ കാലത്ത് കിസാന്‍ ചര്‍ക്ക ഉപയോഗിച്ച് നൂല്‍നൂല്‍പ് നടത്തുകയും ഗ്രാമഗ്രാമാന്തരങ്ങളില്‍ ഖാദി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഖാദി വസ്ത്ര നിര്‍മാണം ഇന്ന് സാങ്കേതിക മികവില്‍ യന്ത്രങ്ങളാണ് നടത്തുന്നതെങ്കിലും കാമാക്ഷി അമ്മയുടെ പഴയ കിസാന്‍ ചര്‍ക്ക ഇപ്പോഴും ഉണ്ട്.

ഇടക്കൊക്കെ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കും. ആഗസ്റ്റ് 15നും ഗാന്ധിജയന്തി ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ചര്‍ക്ക തിരിക്കാനും നൂല്‍നൂല്‍ക്കാനും കാമാക്ഷി അമ്മ പരിശ്രമിക്കും.

57-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സേനാനികള്‍ക്ക് പെന്‍ഷന്‍ തുക 3900 രൂപയായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. അതിനു മുമ്പ് 3600 രൂപയായിരുന്നു. എന്നാല്‍ ഖാദി- ഹിന്ദി സമര സേനാനികള്‍ക്ക് 1994 ഒക്‌ടോബറില്‍ യു.ഡി.എഫ് സര്‍ക്കാറാണ് പെന്‍ഷന്‍ അനുവദിച്ചത്.

തുടക്കത്തില്‍ പ്രതിമാസം 500 രൂപയായിരുന്നു ഇത്. 1000 രൂപയായി ഉയര്‍ന്ന ശേഷമാണ് 1997ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കിയത്. പിന്നീട് 2004ല്‍ യു.ഡി.എഫ് ഗവണ്‍മെന്റ് വീണ്ടും പുനഃസ്ഥാപിച്ചു. പക്ഷെ 1000 രൂപയായി തന്നെയാണ് നിജപ്പെടുത്തിയത്. ഇപ്പോള്‍ 2000 രൂപയാണ് പ്രതിമാസ പെന്‍ഷന്‍. ഇത് കാമാക്ഷി അമ്മക്ക് വലിയ അനുഗ്രഹമാണ്.

പെന്‍ഷന്‍ തുക വലിപ്പമല്ല, പെന്‍ഷനാണ് ഞങ്ങള്‍ക്കുള്ള അംഗീകാരം എന്നാണ് കാമാക്ഷി അമ്മ പറയുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജനങ്ങളെ സംഘടിപ്പിച്ച് അഹിംസയുടെ പോരാട്ട ഭൂമിയൊരുക്കിയ മഹാത്മജിയുടെ പോര്‍ബന്തര്‍ ഉള്‍പ്പെടുന്ന ഗുജറാത്ത് വംശീയ കലാപത്തിന് നേതൃത്വം നല്‍കിയവരുടെ കരങ്ങളിലമരുന്ന വര്‍ത്തമാന കാല ചിത്രം കാമാക്ഷി അമ്മയെ നൊമ്പരപ്പെടുത്തുന്നത്.

Chandrika
അഹമ്മദുണ്ണി പരപ്പനങ്ങാടി
10/2/2013 

മകള്‍ക്ക് വേണ്ടി ബാപ്പയുടെ അക്ഷര ക്ലാസ്‌


കണ്ടൂര്‍ നടുവീട്ടില്‍ സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ച തച്ചറക്കല്‍ ഹബീബ്മരക്കാര്‍ (60) സാക്ഷരതാ തുല്യതാ ക്ലാസില്‍ ചേര്‍ന്നത് സ്വന്തമായി പഠിക്കാനായിരുന്നില്ല. പഠനം നിര്‍ത്തി ഗള്‍ഫില്‍ ജോലി നോക്കിയ ഹബീബിന് ഒരു ആഗ്രഹമേയുള്ളൂ. പഠിക്കാന്‍ ഏറെ കൊതിക്കുന്ന നുസ്‌റത്തിനെ (25) പഠിപ്പിക്കണം.

ഹബീബ്മരക്കാര്‍ നാലാം ക്ലാസ് വിജയിച്ചിരുന്നുവെങ്കിലും അക്കാലത്ത് യു.പി സ്‌കൂളുകളിലെത്തണമെങ്കില്‍ വെഞ്ചാലി തോട് മുറിച്ചു കടന്ന് ദൂരേക്ക് പോവേണ്ടിയിരുന്നതിനാല്‍ പഠനം മുഴുമിപ്പിക്കാനായില്ല. കുട്ടിക്കാലത്തെ പഠനം പിന്നീട് മദ്രസകളില്‍ നിന്നുള്ള പഠനങ്ങളിലൊതുങ്ങുകയായിരുന്നു.

ഒരു വയസ്സില്‍ അരക്ക് താഴെ തളര്‍ന്ന പ്രിയപുത്രി നുസ്‌റത്തിന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. അരക്ക് താഴെ പൂര്‍ണമായും തളര്‍ന്നതിനാല്‍ നുസ്‌റത്തിന് പഠനം ഒരു സ്വപ്‌നമായിരുന്നു. അയല്‍കൂട്ടുകാര്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നുസ്‌റത്തിന് കലങ്ങിയ കണ്ണുകളോടെ നോക്കി നില്‍ക്കാനെ കഴിഞ്ഞിരുന്നുള്ളൂ. സ്‌കൂളിലേക്ക് പറഞ്ഞയക്കാനാകാതെ വീട്ടുകാരും വിഷമിച്ചു.

കിട്ടാവുന്ന പുസ്തകങ്ങള്‍ ചെറുപ്പത്തിലേ നുസ്‌റത്തിന് ഹബീബ് വാങ്ങിച്ചു കൊടുക്കുമായിരുന്നു. പഠനത്തിന് വെമ്പല്‍ കൊണ്ട് വര്‍ഷങ്ങള്‍ തള്ളിനീക്കി. ഉമ്മ സൈനബയുടെ പരിലാളനയും പരിചരണവും ആവോളമാണ്. മകളെ എങ്ങനെയെങ്കിലും പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച് ഗള്‍ഫില്‍ (ഒമാന്‍) നിന്ന് കുണ്ടൂരിലെ വീട്ടില്‍ മടങ്ങിയെത്തിയ ഹബീബ്മരക്കാര്‍ വഴികള്‍ അന്വേഷിച്ചു. സാക്ഷരതായജ്ഞത്തിലൂടെ പഠനം നേടാമെന്നറിഞ്ഞ ഹബീബ്മരക്കാര്‍ അങ്ങനെ മകള്‍ക്ക് വേണ്ടി തുടര്‍വിദ്യാകേന്ദ്രത്തില്‍ ചേര്‍ന്നു.

നുസ്‌റത്തിന്റെ പേരും രജിസ്റ്റര്‍ ചെയ്തു. എല്ലാ ഞായറാഴ്ചയും തിരൂരങ്ങാടി ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സാക്ഷരതാ ക്ലാസില്‍ ഹബീബ്മരക്കാര്‍ എത്തും. ക്ലാസില്‍ എത്താന്‍ കഴിയാത്ത നുസ്‌റത്തിന് പഠിച്ച ഭാഗങ്ങള്‍ മരക്കാര്‍ വീട്ടിലെത്തി പറഞ്ഞു കൊടുക്കും. അങ്ങനെ പിതാവില്‍ നിന്ന് മകള്‍ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങി. നുസ്‌റത്തിന് ഹബീബ് പിതാവ് മാത്രമല്ല ഗുരുകൂടിയായി.

പുസ്തകങ്ങള്‍ നന്നായി വായിച്ചും എഴുതിയും പിതാവില്‍ നിന്നു പരിശീലിച്ചു. പരീക്ഷാഹാളില്‍ മകളെ ഹബീബ് മരക്കാര്‍ താങ്ങിയെടുത്ത് എത്തിക്കുന്ന രംഗം എല്ലാവരിലും അല്‍ഭുതം സൃഷ്ടിക്കുന്നതായി. ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരമെഴുതി. ഫലം വന്നപ്പോള്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ നുസ്‌റത്ത് മികച്ച വിജയം വരിച്ചു. ആ വിജയം പ്രചോദനമായി. അറിവിന്റെ വലിയ ലോകം തുറക്കപ്പെട്ടു. വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഏഴാം തരം തുല്യതാപരീക്ഷക്ക് പേര്‍ രജിസ്റ്റര്‍ ചെയ്തു. ഒപ്പം പിതാവ് ഹബീബ് മരക്കാരും രജിസ്റ്റര്‍ ചെയ്തു. നുസ്‌റത്തിന് ക്ലാസില്‍ സ്ഥിരമായി പോവാന്‍ കഴിയാത്തതിനാല്‍ പതിവ് പോലെ ഹബീബ്മരക്കാര്‍ ഏഴാം ക്ലാസ് പുസ്തകങ്ങള്‍ ക്ലാസില്‍ പോയി പഠിച്ചെടുത്തു. നുസ്‌റത്തിന് വീട്ടില്‍ വെച്ച് രാവിലെയും വൈകുന്നരവുമായി പാഠഭാഗങ്ങള്‍ പകര്‍ന്നു നല്‍കി. ഏഴാംതരം തുല്യതയില്‍ നുസ്‌റത്തും പിതാവും വിജയം കുറിച്ചിട്ടു.

അടുത്ത ലക്ഷ്യം എസ്.എസ്.എല്‍.സി യെന്ന കടമ്പകടക്കാനുള്ള യജ്ഞമായി. എസ്.എസ്.എല്‍.സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തു. ഒഴിവുദിവസങ്ങളിലെ ക്ലാസുകളില്‍ ഒരു ദിവസം പോലും തെറ്റിക്കാതെ പഠിക്കാനെത്തി. മകളെ പഠിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഹബീബും പരീക്ഷക്കു തയ്യാറെടുത്തു. ഇക്കഴിഞ്ഞ നാലാം തിയ്യതി തുടങ്ങിയ പരീക്ഷയില്‍ മകള്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണീ മകളും പിതാവും. പരീക്ഷയില്‍ തനിക്ക് വിജയം വേണ്ടതില്ല. താന്‍ ക്ലാസില്‍ പോയതും പഠിച്ചതുമെല്ലാം മകള്‍ക്ക് വേണ്ടിയാണെന്ന് ഈ പിതാവ് പറയുന്നു. നാലാം ക്ലാസും ഏഴാം ക്ലാസും വിജയിച്ച നുസ്‌റത്ത് പത്താം തരം കടന്നാല്‍ അടുത്തതായി ഹയര്‍സെക്കണ്ടറി തുല്യതാപരീക്ഷയെഴുതണമെന്ന തീരുമാനത്തിലാണ്.

എല്ലാ ദിവസവും കാലത്തും വൈകുന്നേരവുമായി പഠിക്കുന്ന മിടുക്കി 25 വര്‍ഷമായി വീടിന്റെ അകത്തളത്തെ ലോകമാക്കി കഴിയുന്നു. വിധിയെ കുറ്റംപറയാതെ നഷ്ടപ്പെട്ട അറിവിന്റെ ലോകം തിരിച്ചു കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണിവര്‍. തന്റെ പിതാവിന്റെ ഉറച്ച പിന്തുണയും ഉമ്മയുടെ സ്‌നേഹലാളനയുമാണ് പത്താം തരത്തിലേക്കെത്തിച്ചതെന്ന് നുസ്‌റത്ത് പറഞ്ഞു. പ്രേരക് വിജയശ്രീയും പിന്തുണച്ചു. സാക്ഷരതാ യജ്ഞത്തിലൂടെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും സ്വായത്തമാക്കിയിട്ടുണ്ട്.

കുണ്ടൂര്‍ സ്വദേശിയായ ഹബീബ്മരക്കാറിന്റെ അഞ്ച് മക്കളില്‍ മൂന്നാമത്തേതാണ് നുസ്‌റത്ത്. ഒരു വയസ്സുള്ളപ്പോള്‍ പനിയും ഛര്‍ദ്ദിയും പിടിപെടുകയും തുടര്‍ന്ന് നടക്കാന്‍ കഴിയാതാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലുള്‍പ്പെടെ പലയിടങ്ങളിലും വര്‍ഷങ്ങള്‍ നീണ്ട ചികില്‍സ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഹബീബ് മരക്കാര്‍ പറഞ്ഞു.

News @ Chandrika
ഇഖ്ബാല്‍ കല്ലുങ്ങല്‍
Posted On: 9/9/2013 9:09:14 PM   

കുറ്റിപ്പുറത്തെ മൈലാഞ്ചിവീട്

കുറ്റിപ്പുറം: പെരുന്നാളിന്റെ മൊഞ്ച്കൂട്ടാന്‍ കുറ്റിപ്പുറത്തെ മൈലാഞ്ചിവീട്ടില്‍ തിരക്കോട് തിരക്കാണ്. കുറ്റിപ്പുറത്ത് സൗത്ത് ബസാറിലെ മൈലാഞ്ചി വീട്ടില്‍ വിരുത്തുള്ളിയില്‍ ബഷീറിന്റെ ഭാര്യ സീനത്തിന്റെ നിപുണതയിലാണ് അവരുടെ ബി.എസ്.എഫ് മൈലാഞ്ചി സംരംഭം നാടെങ്ങും പെണ്ണുങ്ങളില്‍ മൊഞ്ച് പരത്തുന്നത്.

ചെറിയ പെരുന്നാള്‍ ആഘോഷത്തെ മൈലാഞ്ചി ചോപ്പിലണിയിക്കാന്‍ ഇവിടെ ഒരു കൂട്ടം പാടുപെടുകയായിരുന്നു. 1997 ലാണ് കുറ്റിപ്പുറത്ത് മൈലാഞ്ചി നിര്‍മാണം ആരംഭിച്ച ഹൈദരാബാദിലെയും രാജസ്ഥാനിലെയും മറ്റും മൈലാഞ്ചിനിര്‍മാണ സ്ഥലങ്ങളിലെത്തി അവയുടെ നിര്‍മാണ രീതിയും പാക്കിങ്ങും മനസിലാക്കിയാണ് സഹധര്‍മ്മിണി സീനത്തിന്റെ സഹകരണത്തോടെ ബഷീര്‍ വീടിനോട് ചേര്‍ന്ന് സംരംഭം തുടങ്ങുന്നത്. തുടക്കത്തില്‍ ജ്യേഷ്ഠന്റെ ഭാര്യയും മറ്റു ചിലരും സഹായത്തിനുണ്ടായിരുന്നു.

ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യുകയാണ് പതിവ്. ട്യൂബ് മൈലാഞ്ചിയില്‍ നിന്നും ആരംഭിച്ച നിര്‍മാണം ഇന്ന് വ്യത്യസ്ത രീതിയിലുള്ള 12 ഇനം മൈലാഞ്ചികള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ എത്തിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസം വരെ കയ്യില്‍ ചോപ്പണിയിക്കുന്നത് മൈലാഞ്ചി മുതല്‍ ഏറെകാലം വരെ തന്നെ ചുവപ്പ് മായാതെ നില്‍ക്കുന്ന മൈലാഞ്ചി വരെ ഇന്ന് ഇവരുടെ നിര്‍മാണത്തിലുണ്ട്.

പെരുന്നാള്‍, ഓണം, വിഷു ആഘോഷങ്ങളിലാണ് മൈലാഞ്ചി കൂടുതല്‍ ചിലവാകുന്നത്. സീസണാകുമ്പോള്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കും. രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് മൈലാഞ്ചിപ്പൊടി എത്തിച്ചാണ് നിര്‍മാണം. പ്രകൃതി ദത്ത ചേരുവകള്‍ ചേര്‍ത്ത് കുഴമ്പാക്കി പാക്കറ്റുകളിലേക്ക് മാറ്റാറാണ് രീതി. പാര്‍ശ്വഫലങ്ങളോ പ്രശ്‌നങ്ങളോ ഈ മൈലാഞ്ചി ഉപയോഗിച്ചവര്‍ക്ക് ഉണ്ടായിട്ടില്ലെന്ന് സീനത്തും ബഷീറും പറയുന്നു. ചുവപ്പ് കൂട്ടാന്‍ അധികം കെമിക്കലുകളോ ആസിഡുകളോ ചേര്‍ക്കാറില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബി.എസ്.എഫ് മൈലാഞ്ചി സംരംഭത്തിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. അറബ് മേഖലയിലടക്കം ഇന്ന് കുറ്റിപ്പുറത്ത് നിന്നും എത്തുന്ന മൈലാഞ്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. 20 ലധികം കുടുംബങ്ങള്‍ ഇതിലൂടെ ഉപജീവനം നടത്തിവരുന്നു. സീനത്തിനോടൊപ്പം 20 വനിതകളാണ് നിര്‍മാണ കമ്പനിയില്‍ മൈലാഞ്ചി കൂട്ടുണ്ടാകുന്നത്. മാനത്ത് ശവ്വാല്‍ അമ്പിളി ദര്‍ശിക്കുമ്പോള്‍ സീനത്തിന്റെ മൈലാഞ്ചി ചോപ്പ് പടരുക ആകാശം കണക്കെയാണ്.

15 വര്‍ഷകാലമായി മൈലാഞ്ചി മൊഞ്ചില്‍ സീനത്ത് നാട്ടുകാരെ ചുവപ്പണിയിക്കുന്നു. ഇത് കേരളത്തോളം പടരുന്നുമുണ്ട്. സീനത്ത് എന്ന പേരിന്റെ അര്‍ത്ഥം പോലെ പത്തരമാറ്റിന്റെ അഴകാണ് സീനത്തിന്റെ നിര്‍മാണത്തിലെ മൈലാഞ്ചി ചോപ്പിന്.

News @ Chandrika
8/8/2013 

വരയുടെ വിരുതില്‍ കലയുടെ വര്‍ണ്ണ വസ്മയം തീര്‍ത്ത് ഒരുകുടുംബം

പരപ്പനങ്ങാടി: വരയുടെ വിരുതില്‍ കലയുടെ വര്‍ണ്ണ വിസ്മയം തീര്‍ക്കുകാണ് ഷമീറയും മക്കളും. ചെറമംഗലം സൗത്തിലെ റുഷ്ദ മന്‍സിലില്‍ എത്തുന്നവര്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാനാകും ഇതൊരു കലാകാരന്‍മാരുടെ വാസസ്ഥലമാണെന്ന്.

സ്വീകരണ മുറിയും കിടപ്പുമുറിയും ജീവന്‍ തുടിക്കുന്ന വര്‍ണ്ണ മനോഹരചിത്രങ്ങള്‍ കൊണ്ടലങ്കരിച്ചവയാണ്. ഇവ പണം കൊടുത്ത് വാങ്ങി ചുമരില്‍ സ്ഥാപിച്ചതല്ല.

ഭൂരിഭാഗവും പതിമൂന്നുകാരനായ മുര്‍ഷിദിന്റെ കരവിരുതില്‍ പിറവിയെടുത്തതാണ്. സ്വീകരണ മുറിക്കലങ്കാരമായി മഹാത്മാഗാന്ധി മുതല്‍ പാണക്കാട് ശിഹാബ് തങ്ങള്‍ വരെയുള്ളവര്‍ നിറക്കാഴ്ചയായുണ്ട്.

ലോക പ്രശസ്ത ചിത്രകാരനായ ഡാവിഞ്ചിയുടെ ഏറെ പ്രശ്‌സതമായ മൊണാലിസ അതുപോലെ പകര്‍ത്തിയിട്ടുണ്ട് ഈ കൊച്ചു പ്രതിഭ. മുര്‍ഷിദിന്റെ കൊച്ചനിയത്തി റിന്‍ഷിദ റുഷ്ദയും കലാ രംഗത്ത് മികവ് പുലര്‍ത്തുന്നു. റുഷ്ദയുടെ ചിത്രങ്ങള്‍ക്കും ചുമരുകളില്‍ ഇടം കിട്ടിയിട്ടുണ്ട്.

ഒന്‍പതു വയസ്സുകാരിയായ റുഷ്ദയുടെയും മുര്‍ഷിദിന്റെയും കലയുടെ പ്രാഥമികപള്ളിക്കൂടം കലാകാരിയായ മാതാവ് ഷമീറയാണ്. പുത്തന്‍ പീടിക മുനവ്വിറുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

ഒട്ടുമിക്ക മേഖലയിലും പ്രഗല്‍ഭ്യം തെളിയിച്ച മുര്‍ഷിദ് ബാങ്ക് വിളി, ഗാനം, ഖവാലി, ദഫ് മുട്ട് മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

മത്സരങ്ങളില്‍ കരസ്ഥമാക്കിയ ട്രോഫികളും ഷീല്‍ഡുകളും സൂക്ഷിക്കാന്‍ ഷോക്കേസില്‍ സ്ഥലം പോരാത്ത അവസ്ഥയിലാണ്. പ്രവാസിയായ പഴയ ഒറ്റയില്‍കളംപറമ്പത്ത് മുജീബ് റഹ്മാന്റെ എല്ലാ പിന്തുണയും പ്രോത്സാഹനവുമാണ് ഭാര്യക്കും മകള്‍ക്കും നേട്ടം കൊയ്യാനുള്ള പ്രേരണയാകുന്നത്.

അഹമ്മദുണ്ണി പരപ്പനങ്ങാടി
News @ Chandrika
2/18/2013 

അമേരിക്കന്‍ പുരസ്‌കാരം മലപ്പുറത്തുകാരിക്ക്‌

ശൂന്യാകാശ യാത്രാ ചിത്രരചന: അമേരിക്കന്‍ പുരസ്‌കാരം മലപ്പുറത്തുകാരിക്ക്‌

തേഞ്ഞിപ്പലം: മലപ്പുറത്തിന്റെ അഭിമാനം ലോകോത്തരമാക്കിയ പെണ്‍ക്കുട്ടികളുടെ ഇടയിലേക്ക് ഇതാ കൊച്ചു ഭവ്യയും... അമേരിക്കയിലെ പ്രശസ്തമായ സ്‌പേസ് ഫൗണ്ടേഷന്‍ നടത്തിയ ചിത്രരചനാ മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയാണ് നാലാംക്ലാസുകാരി ഭവ്യമിത്ര നാടിന്റെ അഭിമാനമായത്.
'ഇഫ് ഐ വെയര്‍ ഗോയിങ്...' (ഞാന്‍ പോകുകയായിരുന്നെങ്കില്‍..) എന്നതായിരുന്നു മത്സരവിഷയം. ശൂന്യാകാശ യാത്രയെ ഭാവനയ്ക്കനുസരിച്ച് വ്യാഖ്യാനിക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടിരുന്നത്. 45 രാജ്യങ്ങളില്‍ നിന്നായി 4700 കുട്ടികള്‍ മത്സരത്തില്‍ പങ്കാളികളായി. അന്താരാഷ്ട്ര പ്രശസ്തരായ വിധികര്‍ത്താക്കള്‍ 36 വിജയികളെയാണ് തിരഞ്ഞെടുത്തത്. ഇതില്‍ മൂന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസുകാരുടെ ചിത്രരചനയിലാണ് ഭവ്യക്ക് രണ്ടാംസ്ഥാനം കിട്ടിയത്. ഒന്നാംസ്ഥാനം അമേരിക്കയില്‍നിന്നുള്ള കുട്ടിക്കും മൂന്നാംസ്ഥാനം ജപ്പാനില്‍നിന്നുള്ള കുട്ടിക്കുമാണ്. ഭൂമിക്കപ്പുറത്തുള്ള ഗ്രഹത്തില്‍ ചേക്കേറി ചെടിയും മരങ്ങളും നടുന്ന ഭാവനയാണ് ഭവ്യ ആവിഷ്‌കരിച്ചത്.ഏപ്രിലില്‍ കോളറാഡോയില്‍ നടക്കുന്ന അന്താരാഷ്ട്ര സിമ്പോസിയത്തിലേക്കുള്ള ക്ഷണം ഭവ്യക്ക് ലഭിച്ചു. ശിശുദിന സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തതിന് ദേശീയതല സമ്മാനവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജി.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഈ മിടുക്കിക്ക് കിട്ടിയിരുന്നു.
കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരനായ ആര്‍ട്ടിസ്റ്റ് സന്തോഷ് മിത്രയുടെയും തിരൂരങ്ങാടി കെ.എസ്.ഇ.ബിയിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് മിനിമോളുടെയും മകളാണ് ഭവ്യ.


Posted on: 13 Mar 2013

ഇമ്പിച്ചിപ്പാത്തുമ്മയുടെ സ്മരണയ്ക്ക് വായനശാല

സ്ത്രീകള്‍ വായിക്കട്ടെ; ഇമ്പിച്ചിപ്പാത്തുമ്മയുടെ സ്മരണയ്ക്ക് വായനശാല

അരീക്കോട്: കൂട്ടി വായിക്കാനറിയാതിരുന്നിട്ടും മക്കളെ അക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തിയ പൂവഞ്ചീരി ഇമ്പിച്ചിപ്പാത്തുമ്മയ്ക്ക് തറവാട്ടുവളപ്പില്‍ സ്മാരകം ഉയരുന്നു. അരീക്കോട്ടെ ആദ്യ ഡോക്ടര്‍മാരായ എം.ഉസ്മാന്റെയും എം.ഹഫ്‌സത്തിന്റെയും മാതാവാണ് ഇമ്പിച്ചിപ്പാത്തുമ്മ. ഇമ്പിച്ചിപ്പാത്തുമ്മയ്ക്ക് ഏറ്റവും നല്ല സ്മാരകം വായനശാലയാണെന്ന് കണ്ടെത്തിയത് കുടുംബസംഗമമായിരുന്നു. അരീക്കോടിന് പൊതുവിലും മുസ്‌ലിം സമൂഹത്തിന് പ്രത്യേകിച്ചും സാക്ഷരതയിലും സര്‍ക്കാര്‍ ജോലികളിലുമൊക്കെയുള്ള മേല്‍കൈ നേടാന്‍ പാതയൊരുക്കിയത് മൂര്‍ക്കന്‍ കുടുംബമായിരുന്നുവെന്നും പില്‍ക്കാലത്ത് ഇതിന് സംഘടിതരൂപം കൈവരികയാണുണ്ടായതെന്നും കുടുംബാംഗങ്ങള്‍ വിലയിരുത്തുന്നു.

എന്നാല്‍ പില്‍ക്കാലത്ത് അരീക്കോടിന്റെ വായന മരിച്ചു തുടങ്ങിയെന്ന തിരിച്ചറിവാണ് കുടുംബത്തില്‍ നിന്നുള്ള വനിതകളുടെ നേതൃത്വത്തില്‍ വനിതകള്‍ക്കായി വായനശാലയും ഗ്രന്ഥാലയവും തുടങ്ങാന്‍ പ്രചോദനമെന്ന് ഭാരവാഹികള്‍ പറഞ്ഞു. അംഗത്വഫീസ്, വരിസംഖ്യ തുടങ്ങിവയൊന്നും ആരില്‍ നിന്നും ഈടാക്കില്ല. അടുത്ത ഘട്ടത്തില്‍ മെഡിക്കല്‍ എയ്ഡ് സെന്ററും സൗജന്യ നിയമസഹായ കേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.

അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ മലപ്പുറത്ത്

മീമ്പാട്ടെ പഴയ അമ്മിണിയായി നിരുപമ തറവാട്ടിലെത്തി



മലപ്പുറം: തുള്ളിക്കൊരു കുടം കണക്കെ പുറത്ത് മഴ തിമര്‍ത്ത് പെയ്യുമ്പോഴാണ് മീമ്പാട്ട് തറവാട്ടു മുറ്റത്ത് നിരുപമയെത്തിയത്. ഓര്‍മ്മയിലെ കുട്ടിക്കാലവും പിച്ചവെച്ചു വളര്‍ന്ന നാടും കണ്‍കുളിര്‍ക്കെ കണ്ടതുകൊണ്ടാവും മഴത്തുള്ളികള്‍ കയ്യിലൊതുക്കി മേലോട്ടു നോക്കി പുഞ്ചിരിച്ചത്.

ഈ മഴത്തുള്ളികള്‍ തന്നെയാണ് 'റെയ്ന്‍ റൈസിങ'് എന്ന തന്റെ ശ്രദ്ധേയമായ കവിതാ സമാഹാരത്തിന്റെ രചനക്ക് ഊര്‍ജവും വെളിച്ചവും പകര്‍ന്നത്. ഗൃഹാതുരസ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മലപ്പുറം മുണ്ടുപറമ്പിലെ രാം നിവാസിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ മീമ്പാട്ടെ പഴയ അമ്മിണിയായി നിരുപമ അമ്മാവന്റെ കൈപിടിച്ചു.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ മേനോന്‍ റാവു മലപ്പുറം മുണ്ടുപറമ്പിലുള്ള മീമ്പാട്ട് രാംനിവാസില്‍ എത്തിയത്. ബാല്യകാല ഓര്‍മ്മകള്‍ അയവിറക്കുന്ന റെയ്ന്‍ റൈസിങ്ങ് എന്ന കവിതാ സമാഹാരത്തിന്റെ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്യാനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് രാവിലെ നടക്കുന്ന ചടങ്ങിനാണ് നിരുപമയെത്തിയത്.

അമ്മാവനായ ഡോ. എം.ആര്‍ നായരും ഭാര്യ പ്രഭാവതിയും മകള്‍ മീരയും ചേര്‍ന്നാണ് നിരുപമയെ സ്വീകരിച്ചത്. ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് മലപ്പുറത്തെത്തിയത്.

നിരുപമ നാട്ടിലെത്തിയതറിഞ്ഞ് നിരവധി കുടുംബാംഗങ്ങള്‍ മീമ്പാട്ട് തറവാട്ടിലെത്തി. അമ്മയുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ പഴയ കാല അനുഭവങ്ങളും പങ്കുവെച്ചു. പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയെകുറിച്ചും നിരുപമ പറഞ്ഞു തുടങ്ങി.

1950 ഡിസംബറില്‍ അമ്മയുടെ മീമ്പാട്ട് തറവാട്ടിലാണ് നിരുപമ ജനിച്ചത്. രണ്ടരക്കൊല്ലംമുമ്പ് വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോഴാണ് നിരുപമ അവസാനമായി മലപ്പുറത്തെത്തിയത്. യു.എസ് അമ്പാസിഡറായ ശേഷം ആദ്യമായാണ് ഇവിടെയെത്തുന്നത്. അന്ന് കാവുങ്ങലിലുള്ള മുഖ്യതറവാട്ടില്‍ ബന്ധുക്കള്‍ വരവേല്‍പ്പ് നല്‍കിയിരുന്നു.

മഴയും പച്ചപ്പും അമ്മിണിക്ക് ജീവനായിരുന്നുവെന്ന് അമ്മാവനായ ഡോ. എം.ആര്‍ നായര്‍ പറഞ്ഞു. ഏറെ ഇഷ്ടമുള്ള മഴയെതന്നെയാണ് നിരുപമ തന്റെ കവിതാസമാഹാരത്തില്‍ ചാലിച്ചത്. മൂന്ന് ഭാഗങ്ങളായി 34കവിതകളടങ്ങുന്നതാണ് സമാഹാരം. എം.എന്‍ കാരശ്ശേരിയാണ് കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.

മലപ്പുറത്തിന്റെ മഴയും മണ്ണും ഒരിക്കല്‍ക്കൂടി തൊട്ടറിഞ്ഞ ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി ബന്ധുക്കളോട് യാത്ര പറഞ്ഞ് അഞ്ച് മണിയോടെ കോഴിക്കോട് താജ് ഹോട്ടലിലേക്ക് മടങ്ങി. ഇന്ന് പത്ത് മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിക്ക് ശേഷം വൈകുന്നേരം ഡല്‍ഹിയിലേക്ക് തിരിക്കും.



പി.എ അബ്ദുല്‍ ഹയ്യ്
Posted On: 7/2/2013

മൈമൂനാന്റെ ചിക്കന്‍ സ്റ്റാള്‍


മലപ്പുറം . ചിക്കന്‍ എന്നു കേട്ടാല്‍ വായില്‍ വെള്ളമൂറുന്നവരേ... ഒരു കോഴിയെ പീസ്‌ പീസാക്കി പാക്ക്ചെയ്യാന്‍ എത്ര സമയമെടുക്കും? ശ്ശോ! അതൊക്കെ ആണുങ്ങളുടെ പരിപാടിയല്ലേ എന്നു നാണിക്കുന്നവര്‍ക്കുള്ള മറുപടിയാണ്‌ വാണിയമ്പലം ശാന്തിനഗറിലെ അല്‍ അമീന്‍ കോഴിയിറച്ചിക്കട. നടത്തുന്നത്‌ മുപ്പത്തിയൊന്‍പതുകാരി കൂത്രാടന്‍ മൈമൂന. പുരുഷന്‍മാര്‍ കൈയടക്കിവച്ചിരുന്ന മേഖലയില്‍ മൈമൂനയുടെ കോഴിക്കട വിജയത്തിലേക്കു കുതിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക്‌ ചിറകൊതുക്കേണ്ടിവന്നു.

അഞ്ചുവര്‍ഷമായി തരക്കേടില്ലാത്ത വിധത്തില്‍ മൈമൂന കട നടത്തുന്നു. പുതിയ മേഖലയിലേക്ക്‌ ധൈര്യപൂര്‍വം കടന്നുചെന്ന മൈമൂനയുടെ അനുഭവം മറ്റുള്ളവര്‍ക്കു പാഠപുസ്‌തകമാണ്‌. കുടുംബത്തിലെ ശ്രീ ജീവിതം ചില പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ്‌ സമീപവാസികളുടെ സഹകരണത്തോടെ കുടുംബശ്രീവഴി ഒരുലക്ഷം രൂപ വായ്പയെടുത്ത്‌ മൈമൂന കോഴിക്കട തുടങ്ങിയത്‌. അതുവരെ ബീഡിതെറുപ്പായിരുന്നു തൊഴില്‍. തുച്ഛമായ വരുമാനം. വിവാഹ പ്രായമെത്തിയ പെണ്‍മക്കളടങ്ങുന്ന കുടുംബം.

അപ്പോഴാണ്‌ കുടുംബശ്രീ സിഡിഎസ്‌ അംഗം എം. ഷീല മുന്‍കയ്യെടുത്ത്‌ വായ്പ ലഭ്യമാക്കി കോഴിക്കട തുടങ്ങിയത്‌. 50,000 രൂപ സബ്സിഡിയടക്കം 85,000 രൂപ തിരിച്ചടവില്ലാതെ ലഭ്യമായതോടെ കട ച്ച്പിടിച്ചെന്ന്‌ മൈമൂന. ഒരേയൊരു മൈമൂന മൈമൂന കോഴിയിറച്ചിക്കട തുടങ്ങുന്നതിനു മുന്‍പും പിന്‍പും ശാന്തിനഗറില്‍ പുരുഷന്‍മാരായ പലരും ഈ രംഗത്തുണ്ടായിരുന്നു. പക്ഷേ, ഇപ്പോഴും
പിടിച്ചുനില്‍ക്കുന്നത്‌ മൈമൂനയുടെ കട മാത്രമാണ്‌. അയല്‍ക്കാരുടെയും നാട്ടുകാരുടെയും സ്നേഹംനിറഞ്ഞ സഹകരണമാണ്‌ ഏറ്റവും വലിയ കരുത്ത്‌. ശാന്തിനഗര്‍-ഏമങ്ങാട്‌ റോഡരികില്‍ വാടകസ്ഥലത്ത്‌ താല്‍ക്കാലികമായി ഉണ്ടാക്കിയ ഷെഡിലാണ്‌ കട.

അല്‍പം അകലെ ആറു സെന്റ്‌ സ്ഥലത്താണ്‌ വീട്‌. വീട്ടമ്മയുടെ കരുതല്‍ ഇറച്ചി അവശിഷ്ടങ്ങള്‍ മൈമൂനയ്ക്ക്‌ ഇതുവരെ തലവേദനയായിട്ടില്ല. സംസ്കരിക്കുന്നതിനു നാട്ടുകാരുടെ സഹകരണമുണ്ട്‌. നല്ലവരായ ചിലര്‍ അവരുടെ പറമ്പുകളില്‍ കുഴിയെടുത്ത്‌ അവശിഷ്ടങ്ങള്‍ ഇട്ടുമൂടാനുള്ള സൌകര്യം ചെയ്‌തുകൊടുക്കും. സ്വന്തമായുള്ള ആറു സെന്റും ഇതിന്‌ ഉപയോഗിക്കുന്നു. കടയില്‍ ഉപകരണങ്ങളും കോഴിക്കൂടുമെല്ലാം ചിട്ടയായി വൃത്തിയാക്കും. ഇതുമൂലം രൂക്ഷമായ ദുര്‍ഗന്ധമോ തെരുവുനായശല്യമോ ഇല്ല. കൊച്ചുകൊച്ചു സ്വപ്നങ്ങള്‍ ദിവസം മൂന്നു ക്വിന്റല്‍ കോഴിവരെ 'കൈകാര്യം ചെയ്യാന്‍ മൈമൂന തനിച്ചു മതി.

കടയില്‍ സഹായികള്‍ ആരുമില്ല. കോഴിയെ കൂട്ടില്‍നിന്നു പിടിച്ച്‌ തൂക്കി അറുത്ത്‌ അഞ്ചു മിനിറ്റിനുള്ളില്‍ കഷണങ്ങളാക്കി പൊതിഞ്ഞു നല്‍കും. ഓര്‍ഡര്‍ ഫോണിലൂടെയുമെത്തും. വിവാഹം, സല്‍ക്കാരം തുടങ്ങി കൂടുതല്‍ ഓര്‍ഡര്‍ ഉള്ളപ്പോള്‍ ഓട്ടോ ഡ്രൈവറായ ഭര്‍ത്താവ്‌ ഹമീദിന്റെകൂടി സഹായം തേടും. മൈമൂനയുടെ രണ്ടു പെണ്‍കുട്ടികളുടെ വിവാഹം നല്ലരീതിയില്‍ നടത്തിയത്‌ കോഴിക്കടയിലെ വരുമാനം കൊണ്ടാണ്‌. ഓട്ടോറിക്ഷയും വാങ്ങി. ഷെഡിലെ കട ഒന്നു വലുതാക്കണം, അവശിഷ്ടങ്ങള്‍ ശാസ്‌ത്രീയമായി സംസ്കരിച്ച്‌ പാചകവാതകമാക്കാന്‍ ബയോഗ്യാസ്‌ പ്ലാന്റ്‌ സ്ഥാപിക്കണം-ഇതൊക്കെയാണ്‌ മൈമൂനയുടെ 'വലിയ സ്വപ്നങ്ങള്‍.

Manorama
04.07.2013

വര്‍ണമാരിയായ് മാരിയത്ത്


അന്ന്

ഇരുള്‍മുറിയില്‍ ജനലിലൂടെ അരിച്ചിറങ്ങുന്ന ഇത്തിരിവെട്ടത്തില്‍ നോക്കി നിശ്ചലമായി അവള്‍ - മാരിയത്തുല്‍ ഖിബ്ത്തിയ എന്ന പെണ്‍കുട്ടി. രോഗം തളര്‍ത്തിയ പാതി ശരീരവുമായി കഴിഞ്ഞ ആ ജീവിതത്തിലേക്ക്‌ ഏതോ ഒരു നാള്‍ അക്ഷരക്കൂട്ടുകള്‍ വിരുന്നെത്തി. പിന്നെ നിറജാലങ്ങള്‍ നൃത്തംവച്ചെത്തി. അക്ഷരങ്ങള്‍ അവളോട്‌ മന്ത്രിച്ചു: അറിവാണ്‌ കരുത്ത്‌. രോഗകിടക്കയിലിരുന്നും അതു സ്വന്തമാക്കാം. മനസ്സുണ്ടെങ്കില്‍.

മാരിയത്ത്‌ പറഞ്ഞു: ഉണ്ട്‌.. എനിക്കു മനസ്സുണ്ട്‌.
നിറക്കൂട്ടുകള്‍ ചൊല്‍ളി: ഇൌ‍ ജനാലയ്ക്കപ്പുറം വിശാലമായൊരു ലോകം നിന്നെ കാത്തിരിക്കുന്നു. നിറങ്ങളുടെ.... സൌഹൃദങ്ങളുടെ...
നിറങ്ങള്‍... അക്ഷരങ്ങള്‍.. മാരിയത്തിനുമേല്‍ പുതുമാരിയായി പെയ്‌തു...

ഇന്ന്‌ 

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്യാംപസ്‌. ടഗോര്‍ നികേതന്‍ എന്ന പുതിയ കെട്ടിടസമുച്ചയത്തിലെ റാംപിലൂടെ ഉരുണ്ടുനീങ്ങുന്ന ഒരു വീല്‍ചെയര്‍. അതിലിരുന്ന്‌ ഫ്രണ്ട്‌ ഒാ‍ഫിസിലെത്തുന്ന വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ തീര്‍ത്തുകൊടുക്കുന്ന മാരിയത്ത്‌.

വീട്‌ 

കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഗസ്റ്റ്‌ ഹൌസിലെ മാരിയത്തിന്റെ മുറി. വീല്‍ചെയറില്‍ ഇരുന്ന്‌ ഒറ്റയ്ക്ക്‌ പാചകം ചെയ്‌തും ചുരിദാറും സാരി ബ്ലൌസും തുന്നിയും സാരികളില്‍ ഫാബ്രിക്‌ പെയിന്റ്‌ ചെയ്‌തും ഇടവേളയില്‍ കാന്‍വാസിലും ഗ്ലാസിലും ചിത്രം രചിച്ചും കത്തെഴുതിയും ബ്ലോഗില്‍ രചന നിര്‍വഹിച്ചും മാരിയത്ത്‌.

അക്ഷരക്കൂട്ട്‌ 

നിലമ്പൂര്‍ ചുങ്കത്തറയിലെ ചോലശേരി സെയ്‌തലവിയുടെയും സൈനബയുടെയും നാലാമത്തെ മകളാണ്‌ മാരിയത്ത്‌. രണ്ടാംാ‍സില്‍ പഠിക്കുമ്പോള്‍ വന്ന പനിയാണ്‌ ജീവിതം മാറ്റിമറിച്ചത്‌. അരയ്ക്കു താഴെ തളര്‍ന്നുപോയ മാരിയത്ത്‌- പിന്നീട്‌ ചികില്‍സകളുടെയും സങ്കടങ്ങളുടെയും ലോകത്ത്‌ ഒറ്റപ്പെട്ടു. ആ ഒറ്റപ്പെടലില്‍ പൊലിഞ്ഞുപോയത്‌ 10 വര്‍ഷങ്ങള്‍.

തൊട്ടടുത്തുള്ള കുഞ്ഞമ്മ ടീച്ചറാണ്‌ മാരിയത്തിന്റെ മനസ്സില്‍ പഠനചിന്തയുടെ വിത്തു പാകിയത്‌. രണ്ടാംാ‍സിനു ശേഷം... പത്തു വര്‍ഷം കഴിഞ്ഞ്‌ നേരെ പത്താംാ‍സ്‌ പരീക്ഷയ്ക്ക്‌. പിന്നെ ചുങ്കത്തറ മാര്‍തോമ്മാ കോളജില്‍ പ്രീഡിഗ്രി. പ്രീഡിഗ്രി സെക്കന്‍ഡ്‌ ാ‍സില്‍ പാസായെങ്കിലും തുടര്‍പഠനത്തിനായില്ല.

പിന്നെയും മാരിയത്ത്‌ ഇരുള്‍മുറിയില്‍ ഒതുങ്ങി. ഗ്ലാസ്‌ പെയിന്റിങ്ങിലേക്കും സാരി ഡിസൈനിങ്ങിലേക്കും അവള്‍ തിരിഞ്ഞു. വൈദ്യുതികൊണ്ട്‌ പ്രവര്‍ത്തിക്കുന്ന തയ്യല്‍ മെഷീന്റെ പെഡല്‍ ടേബിളില്‍വച്ച്‌ വലതു കൈമുട്ടുകൊണ്ട്‌ അമര്‍ന്ന്‌ മാരിയത്ത്‌ തുന്നല്‍ ജോലികള്‍ ചെയ്‌തു.

പിന്നീടാണ്‌ എഴുത്തിലേക്ക്‌ തിരിഞ്ഞത്‌. 'കാലം മായ്ച കാല്‍പാടുകള്‍ എന്ന മാരിയത്തിന്റെ ജീവിതകഥയ്ക്ക്‌ പല പതിപ്പുകളുണ്ടായി. 2011ല്‍ 21 ചിത്രങ്ങളുമായി കളേഴ്സ്‌ ഒാ‍ഫ്‌ ഡ്രീംസിന്റെ ആദ്യ പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്ന്‌ ആര്‍ട്ട്‌ ഗാലറിയില്‍ നടന്നു.

വീണ്ടും വഴിത്തിരിവ്‌ 

2011ലെ വനിതാദിനത്തില്‍ കാലിക്കറ്റ്‌ സര്‍വകലാശാല 'വുമണ്‍ അച്ചീവര്‍ ഒാ‍ഫ്‌ ദി ഇയര്‍ എന്ന ബഹുമതി നല്‍കാന്‍ ക്യാംപസിലേക്കു വിളിച്ചതാണ്‌ മാരിയത്തിന്റെ ജീവിതം വീണ്ടും മാറ്റിമറിച്ചത്‌.മാരിയത്തിനെ ആദരിച്ച വേദിയില്‍ വച്ചുതന്നെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍സലാം മാരിയത്തിന്‌ താല്‍ക്കാലിക ജോലി വാഗ്ദാനം ചെയ്‌തു. സി.എച്ച്‌. മുഹമ്മദ്കോയ സ്മാരക ലൈബ്രറിയില്‍ ലൈബ്രറി അസിസ്റ്റന്റ്‌ ആയി ആദ്യ നിയമനം. ജോലിയിലെ മികവു കണ്ട്‌ ടഗോര്‍ നികേതനിലെ ഫ്രണ്ട്‌ ഒാ‍ഫിസിലേക്കു മാറ്റി.

മാരിയത്തിനു ജോലി നല്‍കുക മാത്രമല്‍ള, വാഴ്സിറ്റി ചെയ്‌തത്‌. മാരിയത്തിന്റെ ജീവിതംതന്നെ ഏറ്റെടുക്കുകയായിരുന്നു. വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കുന്ന മാരിയത്തിനു ക്യാംപസില്‍ ഗസ്റ്റ്‌ ഹൌസില്‍ താമസം ഒരുക്കി. സഹായത്തിനു സഹോദരന്റെ മകന്‍ എട്ടാംാ‍സുകാരന്‍ റസില്‍ മാത്രം. റസിലിന്റെ പഠനസൌകര്യത്തിനായി വാഴ്സിറ്റി തന്നെ ക്യാംപസ്‌ ഹൈസ്കൂളില്‍ സൌകര്യമൊരുക്കി.

വ്യക്‌തിപരമായ കാര്യങ്ങളും പാചകവും വീട്ടുജോലികളും എല്‍ളാം മാരിയത്ത്‌ തനിയെ ചെയ്യും. രാവിലെ മാരിയത്തിനെ കൈകളില്‍ കോരിയെടുത്ത്‌ ഒാ‍ട്ടോറിക്ഷയില്‍ കയറ്റി ജോലിസ്ഥലത്തെത്തിച്ച്‌ വീല്‍ചെയറിലിരുത്തി ഫ്രണ്ട്‌ ഒാ‍ഫിസിലാക്കി റസില്‍ സ്കൂളില്‍പോകും. ഉച്ചയ്ക്കും വൈകിട്ടും റസില്‍തന്നെ തിരിച്ചെത്തി കാര്യങ്ങള്‍ നോക്കും.

ഇനിയുമൊരു മോഹം 

ഇനി മാരിയത്തിന്‌ ഒരു സ്വപ്നമുണ്ട്‌. വാഴ്സിറ്റിയുടെ സ്നേഹിക്കുന്ന മനസ്സിനും താല്‍ക്കാലിക ജോലി സ്ഥിരമാകണം. വൈസ്‌ ചാന്‍സലര്‍ക്കും സിന്‍ഡിക്കറ്റിനും ഇക്കാര്യത്തില്‍ എതിര്‍പ്പില്‍ള. തീരുമാനമുണ്ടാകേണ്ടത്‌ ചാന്‍സലര്‍കൂടിയായ വിദ്യാഭ്യാസ മന്ത്രി
പി.കെ. അബ്ദുറബ്ബിന്റെ ഭാഗത്തുനിന്നാണ്‌. മാരിയത്ത്‌ കാത്തിരിക്കുകയാണ്‌ പ്രത്യാശയുടെ വീല്‍ചെയറില്‍.

Jose K Vayalil
News @ Manorama
Story Dated: Sunday, March 3, 2013 22:37 hrs IST 

പടം പകര്‍ത്താന്‍ പെണ്‍മണികള്‍


വണ്ടൂര്‍: വാണിയമ്പലത്തെ ഏത് കൊച്ചുകുട്ടിക്കും പരിചിതമാണ് വര്‍ണ ചിത്ര സ്റ്റുഡിയോ. വിസ്മയം തീര്‍ക്കുന്ന ക്യാമറ കണ്ണുകളുമായി സൗന്ദര്യം ഒപ്പിയെടുക്കാന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിജയകരമായ ജൈത്രയാത്ര നടത്തുകയാണ് ഈ സ്ഥാപനം.

ഇതൊന്നുമല്ല മറ്റു സ്റ്റുഡിയോകളില്‍ നിന്നും വര്‍ണ ചിത്രയെ വേറിട്ടു നിര്‍ത്തുന്നത്. വളയിട്ട കൈകളാണ് സ്റ്റുഡിയോ നടത്തിപ്പുകാര്‍ എന്നതാണ്. സല്‍മത്തും കൂട്ടുകാരി ബിന്ദുവും മൂന്നര വര്‍ഷം മുമ്പാണ് ഈ സ്ഥാപനം ഏറ്റെടുക്കുന്നത്. സല്‍മത്താണ് ഉടമ. ബിന്ദു സഹായിയും.

വണ്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ജനപ്രിയ സൂപ്പര്‍ മാര്‍ക്കറ്റില്‍ റിസപ്ഷനിസ്റ്റായിരുന്നു ആദ്യം സല്‍മത്ത്. ഇവിടെ നിന്നാണ് ബിന്ദുവിനെ പരിചയപ്പെടുന്നത്. വര്‍ഷങ്ങളോളം ഇവിടെ ഒന്നിച്ച് ഇരുവരും ജോലി ചെയ്തു. സാമ്പത്തിക പ്രതിസന്ധി കാരണം സൂപ്പര്‍ മാര്‍ക്കറ്റ് പൂട്ടിയതാണ് ഇരുവരുടെയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്.

വണ്ടൂരിലെ ഒരു സ്റ്റുഡിയോയില്‍ റിസപ്ഷനിസ്റ്റായി ജോലിക്ക് കയറിയ സല്‍മത്ത് മൂന്നു വര്‍ഷം കൊണ്ട് ഫോട്ടോഗ്രഫിയിലും പരിശീലനം നേടി. ഇതിനിടെയാണ് വാണിയമ്പലത്തെ ഒരു സ്റ്റുഡിയോ വില്‍ക്കുന്നതായി അറിയുന്നതും ഇത് വിലക്ക് വാങ്ങുന്നതും. വണ്ടൂര്‍ സ്വദേശി പെരിയതൊടിക അന്‍വറാണ് ഈ നാല്‍പതുകാരിയുടെ ഭര്‍ത്താവ്.

ആളുകളില്‍ നിന്നും തങ്ങള്‍ക്ക് മികച്ച സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. വനിതകള്‍ മാത്രം നടത്തുന്ന സ്റ്റുഡിയോ വാണിയമ്പലത്തെ ആളുകള്‍ ഇരും കയ്യും നീട്ടിയാണ് സ്വീകരിച്ചതെന്നും ജനങ്ങളുടെ ഈ സഹകരണം തങ്ങള്‍ക്ക് മികച്ച പ്രോത്സാഹനമാണെന്നും ഇരുവരും പറഞ്ഞു.

നസ്‌ലീമാണ് താരം


ആകാശത്ത് മിന്നിത്തിളങ്ങുന്ന അനന്തകോടി നക്ഷത്രങ്ങള്‍, നിരവധി ഗോളങ്ങളും ഗ്രഹങ്ങളും. അവയിലൊന്നിന്റെ പേരാണ് പട്ടാഴി. എന്നുവെച്ചാല്‍ പട്ടാഴി സൈനുദ്ദീന്റെ പേരില്‍ അറിയപ്പെടുന്നു ഈ ഗ്രഹം.

പട്ടാഴി സൈനുദ്ദീന്‍ മലയാളിയാണ്; കൊല്ലത്ത് കോളജദ്ധ്യാപകനാണ്. സൈനുദ്ദീന്‍ നഭോമണ്ഡലത്തില്‍ ഒരു ഗ്രഹം കണ്ടെത്തിയതും ശാസ്ത്രലോകം അതിനു പട്ടാഴിയെന്നു പേരിട്ടതും മലയാളികളില്‍ എത്രപേര്‍ക്കറിയാം? അതേപോലെ തന്നെയാണ് മലപ്പുറം ജില്ലയിലെ എടക്കരയില്‍ ഫാന്‍സിഷോപ്പ് നടത്തുന്ന നീലങ്കോടന്‍ ബീരാന്‍കുട്ടിയുടെയും മറിയക്കുട്ടിയുടെയും മകള്‍ നസ്‌ലിമിന്റെ കഥയും.

അത്യപൂര്‍വ്വമായ സിര്‍ക്കോണിയം മൂലകങ്ങള്‍ തിങ്ങിനിറഞ്ഞ സിര്‍ക്കോണിയം നക്ഷത്രം കണ്ടെത്തിയ നസ്‌ലിമെന്ന ഇരുപത്തിയേഴ്കാരി ഇന്ന് ശാസ്ത്രലോകത്ത് താരമാണ്. മലപ്പുറത്തുള്ളവര്‍ കോപ്പിയടിച്ച് പരീക്ഷ ജയിക്കുന്നവരാണെന്ന് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ പോലും ആരോപിക്കുമ്പോള്‍ അത്തരം ചള്ളു വര്‍ത്തമാനങ്ങളുടെ വായടച്ചു കൊണ്ട്, കേരളത്തിനും ഇന്ത്യക്കുതന്നെയും ഇതൊരു അഭിമാനകരമായ നേട്ടം.

മറ്റേതു ഏറനാടന്‍ മാപ്പിളപെണ്ണിനേയും പോലെ പരിമിതികള്‍ക്കിടയിലായിരുന്നു നസ്‌ലിന്റേയും ബാല്യകൗമാരങ്ങള്‍. മലപ്പുറത്തെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിനു അതിന്റേതായ നിരവധി പരാധീനതകളുണ്ട്; പ്രത്യേകിച്ച് ഒരു സാധാരണ കുടുംബത്തില്‍ തട്ടത്തിന്‍ മറയത്തുനിന്ന് ബാഹ്യലോകത്തേക്കിറങ്ങുന്ന മുസ്‌ലിം പെണ്‍കുട്ടിക്ക്.

അവയ്ക്കിടയില്‍ നിന്നുകൊണ്ട് എടക്കര യു.പി സ്‌കൂളിലും നിലമ്പൂര്‍ ഹൈസ്‌കൂളിലും ചുങ്കത്തറ മാര്‍ത്തോമാകോളജിലും പഠിച്ചു നസ്‌ലിം ഫിസിക്‌സില്‍ ബിരുദം നേടി. പിന്നീട് എം.ജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം. അതുകഴിഞ്ഞ് ബി.എഡും സെറ്റും പാസായി സ്‌കൂള്‍ ടീച്ചറോ നെറ്റ് പരീക്ഷ ജയിച്ച് കോളജ് ലക്ചററോ ഒക്കെ ആയാല്‍ പതിവനുസരിച്ച് ഒരു ഉള്‍നാടന്‍ പെണ്‍കുട്ടിക്ക് എത്തിച്ചേരാവുന്ന ഉയരങ്ങളായി. എന്നാല്‍ തന്റെ പ്രാപ്യതയിലുള്ള ഇത്തരം നേട്ടങ്ങള്‍ക്കപ്പുറത്തേക്കായിരുന്നു നസ്‌ലിന്റെ നോട്ടം.

ബംഗളൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റായി പണിയെടുത്ത അവളുടെ കണ്‍മുമ്പില്‍ ആകാശത്ത് തിളങ്ങിനില്‍ക്കുന്ന എണ്ണമറ്റ നക്ഷത്രങ്ങള്‍ തെളിഞ്ഞു. ബാപ്പയുടെ കടയില്‍ ജ്വലിച്ചു നില്‍ക്കുന്ന ക്രിസ്മസ് നക്ഷത്രങ്ങള്‍ പോലെ, ആകാശത്ത് എണ്ണിത്തീരാനാവാത്ത നിരവധി താരകങ്ങള്‍. നിരനിരയായി കത്തുന്ന ഈ താരകങ്ങള്‍ പകര്‍ന്ന വെളിച്ചമാണ് നസ്‌ലീനു അയര്‍ലാന്‍ഡിലെ ബെല്‍ ഫാസ്റ്റ് ക്യൂന്‍ സര്‍വ്വകലാശാലയിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്.

പ്രകാശമൊടുങ്ങി നശിച്ചുപോയെന്ന് കരുതപ്പെടുന്ന ‘ഹോട്ട് സബ് സ്വാര്‍ഫ്’ നക്ഷത്ര സമൂഹങ്ങളെക്കുറിച്ചായിരുന്നു നസ്‌ലീന്റെ പി.എച്ച്.ഡി. ഗവേഷണം. അതിനിടയിലാണ്, ഉത്തര അയര്‍ലാന്‍ഡിലെ ആര്‍മാര്‍ഗ് നക്ഷത്ര ബംഗ്ലാവിലെ വാന നിരീക്ഷണ വേളയില്‍ നസ്‌ലീം സിര്‍ക്കോണിയന്‍ നക്ഷത്രം കണ്ടെത്തിയത്. അതോടെ നസ്‌ലിമിന്റെ നക്ഷത്രവും തെളിഞ്ഞു. തന്റെ ഗൈഡ് ഡോ. സൈമണ്‍ ജെഫ്രിയുടെ സഹായത്തോടെ നസ്‌ലിം ഗവേഷണത്തിന്റെ വഴി തിരിച്ചുവിട്ടതും നക്ഷത്രത്തില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങള്‍ തിരിച്ചറിഞ്ഞതും ശാസ്ത്ര ലോകത്ത് പുതിയൊരു താരമായി തിളങ്ങിയതും ചരിത്രം.

ശാസ്ത്രലോകത്ത് കേരളത്തിന്റെ ഭാഗ്യതാരകമാണ് നസ്‌ലിം; ചുങ്കത്തറയില്‍ നിന്ന് ബെല്‍ഫാസ്റ്റിലേക്കുള്ള ദൂരം കുറച്ചൊന്നുമല്ല. മാപ്പിളപ്പെണ്ണിന്റെ ലോകം പ്രവിശാലമാവുന്നതും അവര്‍ പുതിയ താരോദയങ്ങള്‍ക്ക് വഴി തെളിക്കുന്നതും ചില്ലറക്കാര്യവുമല്ല. നസ്‌ലിം ഈ ഉണര്‍വിന്റേയും വളര്‍ച്ചയുടേയും പ്രതീകമാണ്. നസ്‌ലിമിന്റേത് ഒരു സാധാരണ മാപ്പിള വീട്. ചെറുകിട വ്യാപാരിയായ ബാപ്പ, വീട്ടമ്മയായ ഉമ്മ, മമ്പാട് കോളജില്‍ ലക്ചററായ അനിയത്തി ഹിന്ദ്, നിലമ്പൂര്‍ പി.വി.എസ്. സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ അനിയന്‍ മഹ്ഫൂസ്.

ഈ സാധാരണതകള്‍ക്കിടയില്‍ നിന്നാണ് നസ്‌ലിം അസാധാരണമായ നേട്ടങ്ങളിലേക്ക് പറന്നുയര്‍ന്നുതും താരമായി തിളങ്ങുന്നതും. ആരു കണ്ടു, ഇന്ന് ശാസ്ത്രനഭോ മണ്ഡലത്തില്‍ മിന്നിത്തിളങ്ങുന്ന ഈ താരം നോബേല്‍ സമ്മാനമുള്‍പ്പെടെയുള്ള വലിയ നേട്ടങ്ങള്‍ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരികയില്ലെന്ന്. മനസ്സുണ്ടെങ്കില്‍ മാര്‍ഗവുമുണ്ട്; തീര്‍ച്ച.

News @ Chandrika