ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

നെല്‍കൃഷിയെക്കുറിച്ച് അറിയേണ്ടതെല്ലാം ഇനി ടച്ച്‌സ്‌ക്രീനില്‍

തവനൂര്‍: നെല്‍കൃഷിയെ സംബന്ധിച്ച വിവരങ്ങളെല്ലാം ഇനി കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തും. കാര്‍ഷിക സര്‍വകലാശാല ഒരുക്കിയ ടച്ച്‌സ്‌ക്രീന്‍ സംവിധാനത്തിലൂടെയാണ് വിത്ത്മുതല്‍ വിപണിവരെയുള്ള കാര്യങ്ങള്‍ കര്‍ഷകരുടെ വിരല്‍ത്തുമ്പിലെത്തുന്നത്. നൂതന കൃഷിരീതിയെക്കുറിച്ചും കീടനിയന്ത്രണത്തെക്കുറിച്ചുമെല്ലാം അറിയുന്നതിന് ടച്ച് സ്‌ക്രീന്‍ സംവിധാനം ഉപകരിക്കും.

'നെല്‍കൃഷി.കോം' എന്ന പേരിലാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് അഞ്ച് സ്ഥലങ്ങളിലാണ് ടച്ച്‌സ്‌ക്രീന്‍ സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. വയനാട് അമ്പലവയലിലെ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രം, തൃശ്ശൂര്‍ കൃഷിവിജ്ഞാന കേന്ദ്രം, ആലപ്പുഴ മങ്കൊമ്പ് നെല്ല്ഗവേഷണ കേന്ദ്രം, പാലക്കാട് പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലാണ് ടച്ച് സ്‌ക്രീന്‍ സംവിധാനം സ്ഥാപിക്കുക. തൃശ്ശൂരില്‍ ഉദ്ഘാടനം കഴിഞ്ഞെങ്കിലും മറ്റിടങ്ങളില്‍ രണ്ടാഴ്ചയ്ക്കകം സംവിധാനം പ്രവര്‍ത്തനക്ഷമമാകും.

നെല്‍കൃഷിയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ടച്ച് സ്‌ക്രീന്‍ സംവിധാനത്തിലൂടെ ലഭിക്കത്തക്ക രീതിയിലാണ് 'നെല്‍കൃഷി.കോം' എന്ന പേരിലുള്ള വിജ്ഞാനകോശം തയ്യാറാക്കിയിട്ടുള്ളത്.

വിവിധതരം കൃഷിരീതികള്‍, മണ്ണിനങ്ങളും യോജിച്ച കൃഷിരീതികളും, വളപ്രയോഗം, കീടരോഗനിയന്ത്രണം, വിളവെടുപ്പ്, കാര്‍ഷിക ഉപകരണങ്ങള്‍, സര്‍ക്കാര്‍ സഹായം, കളനിയന്ത്രണം, ജലസേചന രീതികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ടച്ച് സ്‌ക്രീനില്‍നിന്ന് ലഭിക്കും.

വിവരങ്ങള്‍ വായിച്ച് മനസ്സിലാക്കുന്നതിനൊപ്പം വിവരണത്തിനായി ശബ്ദസംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. വിവിധതരം കൃഷിരീതികളെ പരിചയപ്പെടുത്തുന്നതിനായി വീഡിയോ ദൃശ്യങ്ങളും ടച്ച് സ്‌ക്രീനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വളപ്രയോഗത്തില്‍ ജൈവ വളം തയ്യാറാക്കുന്ന രീതിയെക്കുറിച്ചും ഓരോ തരം മണ്ണിലും ഉപയോഗിക്കേണ്ട വളത്തെക്കുറിച്ചും വളത്തിന്റെ അളവിനെക്കുറിച്ചും വിശദമായ വിവരങ്ങളുണ്ട്. ഭൂമിയുടെ വിസ്തൃതി രേഖപ്പെടുത്തി നല്‍കിയാല്‍ എത്ര വളം ആവശ്യമാണെന്ന കാര്യവും സ്‌ക്രീനില്‍ തെളിയും. വിവരങ്ങള്‍ നല്‍കാന്‍ ഓഫീസില്‍ ആളില്ലെങ്കില്‍പോലും കര്‍ഷകര്‍ക്ക് ടച്ച് സ്‌ക്രീന്‍ ഉപയോഗിച്ച് എളുപ്പത്തില്‍ വിവരങ്ങള്‍ ശേഖരിക്കാം. വിവരണങ്ങളുടെ ഭാഷ മലയാളമോ ഇംഗ്ലീഷോ തിരഞ്ഞെടുക്കാം.

തൃശ്ശൂര്‍ ഫോറസ്ട്രി കോളേജിലെ സന്തോഷ്‌കുമാര്‍, മലപ്പുറം കൃഷിവിജ്ഞാന കേന്ദ്രത്തിലെ ഡോ: സുനില്‍, ബെറിന്‍ പത്രോസ് എന്നിവരാണ് നെല്‍കൃഷി.കോം തയ്യാറാക്കിയത്.
http://farmextensionmanager.com/nelkrishi/malayalam/mal.html

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ