ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

അറിയപ്പെടാത്ത ഒരു പാട്ടെഴുത്തുകാരന്റെ കഥ

അപ്പങ്ങളെമ്പാടും ചുട്ടമ്മായി…. അറിയപ്പെടാത്ത ഒരു പാട്ടെഴുത്തുകാരന്റെ കഥ

തിരൂരങ്ങാടി താഴെചിനയിലെ കഴുങ്ങുംതോട്ടത്തില്‍ മൊയ്തീന്‍ അറുപത്തഞ്ചുകാരന്‍ ‘ഉസ്താദ് ഹോട്ടലി’ലെ ‘അപ്പങ്ങളെമ്പാടും ചുട്ടമ്മായി’ എന്ന പാട്ട് കേട്ടിട്ടില്ല. പാട്ടിന്റെ നിഗൂഢമായി വഴികളിലെ കൗതുങ്ങളിലൊന്നാണിത്. പാടിപ്പഴകിയ മാപ്പിളപ്പാട്ടിന്റെ വരികളെ ‘റോക്കി’ന്റെ ഉരലില്‍ ഇടിച്ചു പരുവപ്പെടുത്തി ഗോപീസുന്ദര്‍ വിളമ്പിയ ആ റീമിക്‌സ് ഗാനം കേള്‍വിസുഖത്തിനും ആസ്വാദ്യതക്കുമപ്പുറം പുത്തന്‍പ്രവണതകളുടെ നൈതികതാ ചര്‍ച്ചകളില്‍ ചുറ്റിക്കറങ്ങുമ്പോള്‍, കെ.ടി മൊയ്തീന്‍ അത് ഇനിയും കേട്ടില്ല എന്നതിലെ കൗതുകം ഇത്രയുമാണ്: അദ്ദേഹമാണ് ആ പാട്ടെഴുതിയത്.

കെ.ടി മൊയ്തീനെ പരിചയപ്പെടുത്താന്‍ ഈയൊരു പാട്ടിന്റെ മുഖവുരയിടുന്നത് അദ്ദേഹത്തിന്റെ സര്‍ഗാത്മകതയോട് ചെയ്യുന്ന നീതികേടാണെന്ന് മാപ്പിളപ്പാട്ടിനെ അറിയുന്നവര്‍ പറയും. തിരൂരങ്ങാടിയിലെ കെ.ടി മുഹമ്മദും തലശ്ശേരി ഉമ്മര്‍കുട്ടിയും മുതല്‍ എ.വി മുഹമ്മദും എം.എസ് ബാബുരാജും വരെ പാടി പ്രസിദ്ധമാക്കിയ നൂറു കണക്കിന് പാട്ടുകളുടെ രചന നിര്‍വ്ഹിച്ചത് പാട്ടിന്റെ വഴികളില്‍ അധികമൊന്നും ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത കെ.ടി മൊയ്തീന്‍ ആണ്. മണിമഞ്ചലില്‍ നിന്റെ മടങ്ങാത്ത യാത്ര, ഇലാഹായ പുരാനോട് ഇരവും പകലും തേടി, ആകലോകക്കാരണ മുത്തൊളി, കണ്ണീരാല്‍ നിര്‍മ്മിച്ചൊരു പെട്ടിയതാ, സ്വല്ലാഅലൈക്കല്ലാ വസ്സലാം തുടങ്ങിയ നിത്യഹരിത ഹിറ്റുകളുടെ എഴുത്തുകാരന് അര്‍ഹിച്ചതിന്റെ നൂറിലൊന്നു പോലും തിരിച്ചുകിട്ടിയിട്ടില്ലെന്നതിന് താഴെചിനയിലെ ചെറിയ ഒറ്റനില വീട്ടില്‍ തിരക്കുകളും ബഹളങ്ങളുമില്ലാതെയുള്ള ലളിത ജീവിതംതന്നെ തെളിവ്.
‘എഴുത്താണെനിക്ക് ജോലി
അരച്ചായെനിക്ക് കൂലി
എഴുതിക്കുന്നോര്‍ക്ക് ജോളി
എനിക്കെന്നും കീശ കാലി…’ എന്ന് സ്വയം ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും അദ്ദേഹം പരാതിപറയുകല്ല. വലിയ സ്ഥാനങ്ങളിലെത്താതിരുന്നത് സ്വന്തം പോരായ്മ കൊണ്ടല്ലെന്നും സാമര്‍ത്ഥ്യം കൊണ്ട് ആരും എവിടെയുമെത്തുന്നില്ലെന്നും ചടുലമായ സ്വരത്തില്‍, പ്രസന്നനായി കെ.ടി മൊയ്തീന്‍ പറയുന്നു.

പാട്ടിന്റെ ദേശം, കാലം

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, പതിനഞ്ച് – പതിനാറ് വയസ്സിലാണ് പാട്ടെഴുത്തിനോടുള്ള കമ്പം കൂടുന്നത്. മാപ്പിളകവിയായി പില്‍ക്കാലത്ത് പ്രശസ്തനായിത്തീര്‍ന്ന ജ്യേഷ്ഠന്‍ കെ.ടി മുഹമ്മദ് എഴുതിയ പാട്ടുകള്‍ പാടിക്കൊണ്ടായിരുന്നു തുടക്കം. ചുറ്റുവട്ടങ്ങളിലൊക്കെ അറിയപ്പെടുന്ന പാട്ടെഴുത്തുകാരനായിരുന്നെങ്കിലും ജ്യേഷ്ഠന്‍ പാടാറുണ്ടായിരുന്നില്ല. ട്യൂണ്‍ ശരിയാക്കാന്‍ എന്നെക്കൊണ്ട് പാടിക്കും. പാട്ട് എന്നാല്‍ റേഡിയോ ആണ് അക്കാലത്ത്. ആകാശവാണിയില്‍ വരുന്ന തമിഴ്, ഹിന്ദി പാട്ടുകളൊക്കെ കേള്‍ക്കും. അവയുടെ ട്യൂണില്‍ എഴുതാന്‍ നോക്കും. വട്ടപ്പാട്ടാണ് ആദ്യമൊക്കെ എഴുതിയത്. നബിദിന പരിപാടികള്‍ക്കും കല്യാണപ്പാട്ടിനുമക്കെ എഴുതിക്കാന്‍ ആളുകള്‍ വരും. അങ്ങനെയാണ് എഴുത്ത് ഒരു ഏര്‍പ്പാടായി മാറുന്നത്.

തിരൂരങ്ങാടിയില്‍ അക്കാലത്ത് അറിയപ്പെട്ട പാട്ടുകാര്‍ തന്നെ ഇരുപത്തഞ്ചോളം വരും. ജ്യേഷ്ഠനും ഞാനുമാണ് അവരുടെ എഴുത്തുകാര്‍. ഞങ്ങളുടെ വീടായിരുന്നു അവരുടെ കേന്ദ്രം. പാട്ട് റെക്കോര്‍ഡ് ചെയ്യല്‍ അന്ന് സാര്‍വത്രികമായിട്ടില്ല. പാടിപ്പോവുകയാണ് പതിവ്. വലിയ പാട്ടുകാരുടെ പാട്ടുകളൊക്കെയാണ് റെക്കോര്‍ഡ് ചെയ്യുന്നത്. കൊളംബിയയുടെയും എച്ച്.എം.വിയുടെയും ഗ്രാമഫോണ്‍ റെക്കോര്‍ഡിന്റെ കാലം. പിന്നെ, കാസറ്റ് വന്നു.

പാട്ടിനോടുള്ള അതിരറ്റ കമ്പം, ഈ നാട്ടില്‍ അതിനുള്ള അനുകൂല സാഹചര്യം, പിന്നെ കല്യാണങ്ങളിലും മറ്റുമായി ഇഷ്ടംപോലെ അവസരങ്ങള്‍. പാട്ടെഴുത്തില്‍ മുഴുകാനുള്ള സാഹചര്യം അങ്ങനെയാണ് ഉണ്ടാകുന്നത്. അന്ന് ജോലിയെന്ന് പറയാന്‍ കാര്യമായി ഒന്നുമില്ല, ഉള്ളത് ബീഡി തെരപ്പാണ്.

അക്കാലത്ത് കല്യാണത്തിന്റെ പരിപാടികളെല്ലാം രാത്രിയായിരുന്നു. കല്യാണത്തിന് പാട്ടുണ്ട് എന്ന് പറഞ്ഞാല്‍ അത് വലിയ പ്രസിദ്ധിയാണ്. സ്പീക്കര്‍ കൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട. ഇന്നത്തെപ്പോലെ വാഹനത്തിലല്ല, നടന്നിട്ടാണ് പുതിയാപ്പിള പോക്ക്. വഴിനീളെ പാട്ടുകാര്‍ പാടിക്കൊണ്ട് ഒപ്പമുണ്ടാകും. കൂടെയുള്ളവര്‍ അതില്‍ രസിച്ചങ്ങനെ നടക്കും. പുതുപെണ്ണിനെ തേടിവരുന്ന പെണ്ണുങ്ങളും പാടിക്കൊണ്ടാണ് വരുന്നത്. ഉപകരണങ്ങളില്ലാതെ, വെറും വായ കൊണ്ടുള്ള പാട്ട്. ഹാര്‍മോണിയം പെട്ടിവെച്ചുള്ള പാട്ടും ഉണ്ട് അപൂര്‍വമായി. കല്യാണത്തിന് മംഗളം പാടുമ്പോള്‍ പൈസ ഇങ്ങനെ വന്നുകൊണ്ടിരിക്കും. ആള്‍ക്കാരുടെ പേര് ചേര്‍ത്തു പാടുന്നതാണ് മംഗളം പാട്ട്. ആദ്യം പാട്ടെഴുതിവെക്കും. ആളുകളുടെ പേര് വരുന്ന മുറക്ക് പിന്നീട് അതിനോട് ചേര്‍ക്കുകയാണ് ചെയ്യുക.

കല്യാണത്തിന് പാടാന്‍ പോകുമ്പോള്‍ പത്താള്‍ക്ക് നൂറ് രൂപ ഒക്കെയാണ് കിട്ടുക. അന്നതൊക്കെ വലിയ സംഖ്യയാണ്. പത്ത് മുതല്‍ ഇരുപത്തഞ്ച് രൂപയൊക്കെ കല്യാണങ്ങളില്‍ നിന്നുകിട്ടും. കുറിക്കല്ല്യാണത്തിനും രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിനും മദ്രസയിലെ മീലാദുര്‍റസൂലിനും സ്‌കൂള്‍, കോളേജ് പരിപാടികള്‍ക്കുമെല്ലാം പാട്ടുണ്ടായിരുന്നു. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് എന്നില്ല. എല്ലാവര്‍ക്കും എഴുതിക്കൊടുക്കും. രാഷ്ട്രീയത്തില്‍ പാട്ടുകാരന് മൈക്കിന്റെ സ്ഥാനമാണ്, ആര്‍ക്കുവേണ്ടിയും പാടും.

രേഖയില്‍ ഇല്ലാത്ത നാലായിരം പാട്ടുകള്‍

എഴുതിയ പാട്ടുകളെല്ലാം റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. എടുത്തുവെച്ചിട്ടുമില്ല. അതുകൊണ്ട്, എത്ര പാട്ടെഴുതിയിട്ടുണ്ടാകുമെന്നതിന്റെ കണക്കുകളില്ല. എന്റെയൊരു കണക്ക് പ്രകാരം കുറഞ്ഞത് നാലായിരമെങ്കിലുമുണ്ടാവും. ഹിന്ദി, തമിഴ്, അറബ് ഭാഷകളിലും എഴുതിയിട്ടുണ്ട്. കൊണ്ടോട്ടിയിലെ മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം സമാഹരിച്ച എന്റെ അറുന്നൂറ് പാട്ടുകളില്‍ അവയുമുണ്ട്.

തിരൂരങ്ങാടിക്കാരായ കെ.ടി മുഹമ്മദ്, എ.ടി മുഹമ്മദ്, തലശ്ശേരിക്കാരന്‍ ഉമ്മര്‍കുട്ടി തുടങ്ങി അറിയപ്പെട്ടിരുന്ന ഗായകരൊക്കെ എന്റെ വരികള്‍ പാടി. എ.വി മുഹമ്മദ് പാടിയത് അന്‍പതിനടുത്തുവരും. എ.വിയുടെ പ്രസിദ്ധമായ മണിമഞ്ചലില്‍ നിന്റെ മടങ്ങാത്ത യാത്ര, ഇലാഹായ പുരാനോട് ഇരവും പകലും തേടി, ആകലോകക്കാരണ മുത്തൊളി യാ റസൂലേ, കണ്ണീരാല്‍ നിര്‍മ്മിച്ചൊരു പെട്ടിയതാ, ഉമ്മുല്‍ ഖുറാവില്‍ അണഞ്ഞ ഉമ്മുല്‍ക്കിതാബിന്റുടമ, ഹഖായ മാര്‍ഗമില്‍ നടക്കാനിന്നാളുകള്‍ ഒക്കെ എഴുതിയത് ഞാനാണ്. ജ്യേഷ്ഠന്‍ ഇതിനേക്കാളുമെഴുതിയിട്ടുണ്ട്. എം.എസ് ബാബുരാജിന്റെ ‘സ്വല്ലാ അലൈക്കല്ലാ വസ്സലാം’ എന്റെ രചനയാണ്.

പ്രസ്സുകാര്‍ക്ക് പാട്ടെഴുതിക്കൊടുക്കുക എന്നതാണ് അന്നത്തെ വേറൊരു ഏര്‍പ്പാട്. ട്യൂണ്‍ തന്നിട്ടാണ് എഴുതിക്കുക. മദ്ഹ് ഗാനങ്ങളാണ് കൂടുതലും. കൂടെ, ചരിത്രത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും. അന്നത്തെ ഹിന്ദിഗാനങ്ങളുടെ ട്യൂണ്‍ മലയാളത്തില്‍ മദ്ഹ് എഴുതാന്‍ ഏറ്റവും ചേര്‍ന്നതാണ്. ഹിന്ദിപ്പാട്ടുകള്‍ക്കൊപ്പിച്ച് ഇഷ്ടം പോലെ മാപ്പിളപ്പാട്ടുകളുണ്ട്.
ചരിത്രസംഭവങ്ങള്‍ വിശദീകരിച്ച് പാട്ടിലാക്കുന്നതിന് ആവശ്യക്കാരില്ല. വരികള്‍ കൂടും. മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ പടപ്പാട്ടും ഉഹുദ് പടപ്പാട്ടുമാണ് അത്തരത്തില്‍ ഇപ്പോഴും പ്രചാരത്തിലുള്ളത്. ചരിത്രത്തിലെ ഏതെങ്കിലും പ്രത്യേക ഭാഗം കേന്ദ്രീകരിച്ചാണ് ഞാനെഴുതിയിരുന്നത്. ഉദാഹരണത്തിന്, കണ്ണീരാല്‍ നിര്‍മ്മിച്ചൊരു പെട്ടിയതാ എന്ന ഗാനം. മൂസാ നബിയെ കിടത്തി ഉമ്മ ഒഴുക്കിവിട്ട പെട്ടി നദിയിലൂടെ വരുന്നത് ഫിര്‍ഔന്റെ ഭാര്യ ആസിയ ബീവി കാണുന്നതും അതിനോടനുബന്ധിച്ചുണ്ടാകുന്ന കാര്യങ്ങളുമാണ് അതിലുള്‍ക്കൊള്ളിച്ചിരിക്കുന്നത്.

‘അപ്പങ്ങളെമ്പാടും ചുട്ടമ്മായി’ എന്ന പാട്ട്, തിരൂരങ്ങാടി മുഹമ്മദ് കുട്ടി ആന്റ് സണ്‍സിന് എഴുതിക്കൊടുത്തതാണ്. അവരാണ് അത് ഉമ്മര്‍കുട്ടിക്ക് കൊടുക്കുന്നത്. പാട്ട് എഴുതിക്കഴിഞ്ഞ് ആര്‍ക്കെങ്കിലും കൊടുത്താല്‍ അത് നമ്മുടെ കയ്യില്‍നിന്നു പോയി. ‘അപ്പങ്ങളെമ്പാടും’ പാട്ടിന്റെ മുഴുവന്‍ വരികള്‍ പോലും ഇപ്പോള്‍ ഓര്‍മയില്‍ ഇല്ല. വേറെയും അപ്പപ്പാട്ടുകള്‍ എഴുതിയിട്ടുണ്ട്. വേറെ ആളുകളും എഴുതിയിട്ടുണ്ട്.

ജീവിതം വെറും പാട്ടല്ല

ഉമ്മയെ കണ്ട ഓര്‍മയില്ല. ഉപ്പ അവറു ഹാജിക്ക് സ്വര്‍ണവും വെള്ളിയുമെല്ലാം വാങ്ങിവില്‍ക്കുന്ന ജോലിയായിരുന്നു. ഞാന്‍ പാട്ടിലേക്ക് തിരിയുന്നതിനോട് ഉപ്പാക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഉത്തരവാദിത്തങ്ങള്‍ മറക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. ഒന്നും എന്നോട് നേരിട്ട് പറയില്ല. മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ അവരോട് പറയും.

പാട്ടെഴുത്തിന് കിട്ടുന്ന പ്രതിഫലം അന്ന് തുച്ഛമാണ്. ഇരുപത്തഞ്ച് പാട്ടുള്ള പുസ്തകത്തിന് അഞ്ചുരൂപയൊക്കെയാണ് പ്രസ്സുകാര്‍ തരിക. കൊണ്ടോട്ടിക്കാര് എന്റെ സമാഹാരം പുറത്തിറക്കി. എനിക്കതില്‍ നിന്ന് ഒന്നും കിട്ടിയില്ല. പലരും പറഞ്ഞു, കൊടുക്കണ്ട എന്ന് .കൊടുക്കാതിരുന്നിട്ടെന്താ കാര്യം? ചിതല് തിന്നുപോകും അത്രതന്നെ.

ചെറുപ്പത്തില്‍ ബീഡി തെരക്കാന്‍ പോകുമായിരുന്നു. കല്യാണം കഴിഞ്ഞപ്പോള്‍ കുറേക്കാലം പച്ചമരുന്നുമായി കൂടി. ലേഹ്യം, തൈലം ഒക്കെ ഉണ്ടാക്കുന്ന ജോലി. കൈത്തൊഴിലുകളെല്ലാം സ്വയം പഠിച്ചെടുക്കുന്നതാണ്. പിന്നെ ഗള്‍ഫ്, മദ്രാസ്, ബോംബെ, മൈസൂര്‍ ഒക്കെ പോയി. പലപല ജോലികള്‍. അബൂദാബിയില്‍ ഏഴു വര്‍ഷത്തോളമുണ്ടായിരുന്നു.

ബോംബെക്കടുത്ത മീരജില്‍ ഒരു കൂട്ടുകാരന്റെ ബിസ്‌കറ്റ് ഫാക്ടറിയില്‍ ഒരു വര്‍ഷം ജോലി ചെയ്തു. അന്നാണ് ഹിന്ദി കൂടുതലും മനസ്സിലാക്കുന്നത്. തിരിച്ചുവരുമ്പോള്‍ കൈവശം ഒരു സഞ്ചിനിറയെ ഹിന്ദിപ്പാട്ട് കാസറ്റുകളുണ്ടായിരുന്നു. മൈസൂരില്‍ ഹോട്ടലിലായിരുന്നു ജോലി. അവിടെനിന്നാണ് ഉര്‍ദു പഠിക്കുന്നത്. മദ്രാസില്‍ നിന്ന് തമിഴും.

ഹിന്ദിപ്പാട്ട് ആയിരുന്നു അന്ന് ആളുകള്‍ക്ക് കൂടുതല്‍ കമ്പം. തിരൂരങ്ങാടിക്കാര് ജീവിതവൃത്തിക്കായി ഹിന്ദിനാടുകളില്‍ പോകുന്നവരാണ്. അതുകൊണ്ട് ഉണ്ടാകുന്നതാണ്. പരപ്പനങ്ങാടി ജയകേരളയില്‍ നല്ല പാട്ടുള്ള സിനിമ വരുമ്പോള്‍ ഞാന്‍ കാണാന്‍ പോകുമായിരുന്നു. അന്ന് വരികളുടെ അര്‍ത്ഥമറിയില്ലെങ്കിലും പലതും മനസ്സിലാക്കാമായിരുന്നു. ‘സമീന്‍ ചില്‍ രഹീ ഹേ, ആസ്മാന്‍ ചില്‍ രഹാ’ എന്ന് പാടുമ്പോള്‍ ഭൂമിയും ആകാശവും കാണിക്കും. ഭാഷ അറിയാത്തവര്‍ക്കും അതില്‍നിന്ന് മനസ്സിലാകും.

മുഹമ്മദ് റഫി, മുകേഷ്, തലത്ത് മഹമൂദ്, ലതാ മങ്കേഷ്‌കര്‍, ഷഹ്ഷാദ് ബേഗം, ആഷാ ഭോസ്ലെ… പ്രിയപ്പെട്ട ഹിന്ദി ഗായകര്‍ അനവധിയുണ്ട്. ഗസലില്‍ ഗുലാം അലിയോടാണ് പ്രിയം. രിഫ്താ രിഫ്താ ഹോ മേരീ, കഷ്തീ കാ സമാ ഹോ ഗയേ… പ്രിയപ്പെട്ട ഗസല്‍.

നിയമങ്ങള്‍ ലംഘിക്കാനുള്ളതല്ല

പാട്ടെഴുത്ത് അനുഭവത്തില്‍നിന്ന് പഠിച്ചതിനാലായിരിക്കണം അതിന്റെ നിയമങ്ങള്‍ തെറ്റിക്കാന്‍ നമുക്ക് കഴിയില്ല. ട്യൂണിനനുസരിച്ച് എഴുതുന്നതായാലും അല്ലെങ്കിലും കമ്പിയും പ്രാസവും വ്യതിചലിച്ച് എഴുതില്ല. കമ്പിയും പ്രാസവുമൊക്കെ ഇന്നത്തെ പാട്ടില്‍ എവിടെ? ‘മാപ്പിളപ്പാട്ടിന്ന് കമ്പി പ്രാസമില്ലാതായി / അഞ്ജനം പോലെ വെളുത്ത് മഞ്ഞള് പോലായി’ എന്ന് ഞാന്‍ എഴുതി പാടിയിട്ടുണ്ട്.

ഇന്ന് മൊത്തം കാര്യങ്ങളും തലതിരിഞ്ഞിട്ടാണ്. ഇപ്പോള്‍ പാടുന്നവന്‍ തന്നെ ആടുന്നു, ചാടുന്നു. പ്രസംഗിക്കുന്നയാള്‍ തന്നെ സ്വയം കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നതുപോലെയാണത്. പാട്ട് കേട്ട് മറ്റുള്ളവരാണ് ആടേണ്ടതും ആസ്വദിക്കേണ്ടതും. ഇന്നത്തെ പാട്ട്‌സദസ്സ് നിറയെ ബഹളമാണ്. പണ്ട് അങ്ങനെയായിരുന്നില്ല. ശബ്ദം എല്ലാവരിലും എത്തിക്കാന്‍വേണ്ടിയുള്ളതാണ് മൈക്കും സൗണ്ട് സിസ്റ്റവും. എന്നിട്ട് ആളുകളെ അതിന്നടുത്തേക്ക് വിളിക്കുന്നു.

മുഹമ്മദ് റഫി കോഴിക്കോട്ട് വന്നപ്പോള്‍ കേള്‍ക്കാന്‍ ഞാനും പോയിരുന്നു. എനിക്കന്ന് ഇരുപതില്‍താഴെ പ്രായം. ഒരാള്‍ കൊണ്ടുപോയതാണ്. മാനാഞ്ചിറയില്‍ റഫി പാടിയ വേദി തീര്‍ത്തും നിശ്ശബ്ദമായിരുന്നു. ആളുകള്‍ ആ ശബ്ദത്തിനുവേണ്ടി ചെവിയോര്‍ത്തുനിന്നു. തബലയും പെട്ടിയും മാത്രംവെച്ചായിരുന്നു അദ്ദേഹത്തിന്റെ പാട്ട്.

ഗസല്‍ ചക്രവര്‍ത്തി തലത്ത് മഹമൂദ്. എത്ര നൈസായിട്ടാണ് അദ്ദേഹം പാടുക! പാടുമ്പോള്‍ കഴുത്തിലെ ഞരമ്പ് പോലും ഇളകൂല.

അന്നത്തെ കാലമല്ലല്ലോ ഇന്ന്. ചാക്കിന് അഞ്ചുരൂപ മാത്രം വിലയുണ്ടായിരുന്ന കാലത്ത് ആരാ ചോറ് കഴികുന്നത്? അന്ന് പണക്കാര്‍ മാത്രമാണ് മീന്‍ വാങ്ങുന്നത്. അങ്ങാടിയില്‍ നിന്ന് ഒരാള്‍ മീനുമായി പോകുന്നത് കണ്ടാല്‍ അറിയാം, അവന്റെ വീട്ടില്‍ ഉച്ചക്ക് ചോറാണ്. ചോറ് ഉണ്ടാവുക എന്നത് വിശേഷപ്പെട്ട കാര്യമായിരുന്നു. കഞ്ഞിയായിരുന്നു ഞങ്ങളുടെയൊക്കെ പ്രധാന ഭക്ഷണം. വിശേഷപ്പെട്ട വല്ലതും കിട്ടണമെങ്കില്‍ കല്യാണങ്ങള്‍ ഉണ്ടാവണം.

കല്യാണത്തിന് കൂടെവരണമെന്ന് പുതിയാപ്പിള ആവശ്യപ്പെട്ടാല്‍ പലര്‍ക്കും ആധിയായിരുന്നു. കാരണം, നാലാള്‍ക്കിടയില്‍ ഇടാന്‍ പറ്റിയ കുപ്പായം ഉണ്ടാവില്ല. അപ്പോ, ഉള്ളവന്റെ കയ്യില്‍നിന്ന് കടംവാങ്ങും. എന്നിട്ട് സല്‍ക്കാരവും കഴിഞ്ഞിട്ടാണ് അത് തിരിച്ചുകൊടുക്കുക. കുപ്പായത്തിന്റെ ചുമല്‍ഭാഗമാണ് ആദ്യം കേട് വരിക. പെരുന്നാളിനൊക്കെ പള്ളിയില്‍ കൂടുന്ന ആളുകളില്‍ പലരും ഒരു തോര്‍ത്തും ചുറ്റിയിട്ടിട്ടുണ്ടാവും. കുപ്പായത്തിന്റെ കീറല്‍ മറക്കാനാണ്. പുതിയ കുപ്പായമില്ലാത്തതിന്റെ നാണക്കേട് മറക്കാന്‍ പെരുന്നാള്‍നിസ്‌കാരത്തിന് പള്ളിമാറിപ്പോയ ഓര്‍മയൊക്കെ ഉണ്ട്.

അന്ന് സ്വര്‍ണം പവന് മുപ്പതും അന്‍പതുമൊക്കെ വില. പക്ഷേ, ആരുടെ കയ്യിലും അതില്ല. ഇന്ന് എത്ര കൂടിയിട്ടും ആളുകള്‍ സ്വര്‍ണം വാങ്ങുന്നു. സാധനങ്ങള്‍ക്ക് വില കൂടുന്നു, കൂടുന്നു എന്നാണ് നമ്മളുടെ പരാതി. എന്നിട്ടും ഒന്നും വാങ്ങാതിരിക്കുന്നില്ലല്ലോ…

ജീവിതത്തിലെ ഓര്‍മകള്‍ക്ക് മധുരത്തേക്കാളധികം കയ്പ്പാണ്. വിളിച്ചുണര്‍ത്തിയിട്ട് ചോറില്ല എന്ന് പറയുന്നമാതിരിയുള്ള അനുഭവങ്ങളാണ് ഏറെയും; പറഞ്ഞു പറ്റിച്ചവ.

സാമര്‍ത്ഥ്യം അല്ല, വിധിയാണ്

എവിടെയെങ്കിലും എത്തിപ്പെടാന്‍ കഴിയാതിരുന്നത് എന്റെ പോരായ്മ കൊണ്ടാണെന്നും കരുതുന്നില്ല. കാരണം, സ്വന്തം സാമര്‍ത്ഥ്യം കൊണ്ടല്ല ആരും എവിടെയും എത്തുന്നത്. സിനിമയിലും മറ്റും അവസരങ്ങള്‍ തുറന്നുതരാന്‍ പറ്റിയ ആളുകള്‍ നമ്മുടെ പരിചയത്തില്‍ വേണം. ഞാനെഴുതി വളരുന്ന കാലത്ത് പരിചയക്കാരെല്ലാം പരസ്പരം ആശ്രയിക്കുന്ന കാലമാണ്. എ.വി മുഹമ്മദിന് റെക്കോര്‍ഡിംഗ് നടക്കണമെങ്കില്‍ ബാബുരാജിന്റെ സഹായം വേണം. ബാബുരാജില്ലെങ്കില്‍ എ.വി ഇല്ല എന്ന സ്ഥിതി. പിന്നീട് സിനിമയിലൊക്കെ പെട്ട് ബാബുരാജിന്റെ ജീവിതം കൈവിട്ടുപോയപ്പോള്‍ കൂടെനിന്നത് എ.വിയാണ്. ബാബുരാജ് എന്റെ പാട്ടുകള്‍ പാടിയിട്ടുണ്ടെങ്കിലും നേരിട്ട് പരിചയമുണ്ടായിരുന്നില്ല.

കലയിലും സാഹിത്യത്തിലുമെല്ലാം കഴിവിനോളം തന്നെ പ്രധാനമാണ് സ്വാധീനം. കവിതകള്‍ എഴുതി പല പ്രസിദ്ധീകരണങ്ങള്‍ക്കും അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഒന്നും അച്ചടിച്ചു വന്നില്ല. മറുപടിയും ലഭിച്ചില്ല. ഒടുക്കം, ഇത് പ്രമേയമാക്കി ഞാനൊരു കവിതയെഴുതി. ‘ഫലം കായ്ക്കുന്ന പടുവൃക്ഷം’ എന്ന പേരില്‍.

ഓരോ തവണയുമോരോ ദുഖം
ഓരോ കവിതയില്‍ ഞാനെഴുതിയയച്ചു
ആരും അതിനൊരു വീര്യം കരുതുക
പാരിടമില്‍ ഇല്ലെന്നു നിനച്ചു.

പേരും പെരുമയെനിക്കില്ലെന്ന
പരാതിയതാണതിനുള്ളിലെ സത്യം
പേരുള്ളവനൊരു പേന പിടിച്ചാല്‍
പിറ്റേന്നതിനൊരു പേജ് മഹത്വം
ചെറിയവന്‍ വലിയൊരു കാര്യം ചൊന്നാല്‍
ചെകിടന്‍മാരായ് സകലമിരിക്കും
ചെറിയൊരു കാര്യം വലിയവന്‍ ചൊന്നാല്‍
ചെകിടന്‍ പോലും ചെവിയോര്‍ക്കും…

എന്നിങ്ങനെയായിരുന്നു വരികള്‍. ‘ചന്ദ്രിക’യുടെ ബാലപംക്തിയില്‍ അത് അച്ചടിച്ചുവന്നു.

ഉന്നതങ്ങളില്‍ പിടിപാടില്ലാത്തതിനാല്‍ മുകളിലേക്ക് കയറിപ്പോകാന്‍ വഴികാണാത്ത എത്രയോ പേരുണ്ട്. പരിചയത്തില്‍ ഒരു റഷീദ് മാഷുണ്ട്. നാടകമെഴുതുന്നയാളാണ്. നാടകങ്ങളെഴുതി റേഡിയോയിലേക്ക് അയച്ചുകൊടുക്കും. ഒരു മറുപടിയുമില്ല. ഒടുവില്‍ അയാള്‍ ആകാശവാണിയില്‍ നേരിട്ടു ചെന്ന് കെ.എ കൊടുങ്ങല്ലൂരിനെ കണ്ട് നാടകം കൊടുത്തു. അത് വന്നു. അത് അങ്ങനെയാണ്. രംഗത്ത് അറിയപ്പെടുക എന്നാല്‍ ഭാഗ്യമാണ്. കഴിവുകൊണ്ടതിന് കഴിഞ്ഞുകൊള്ളണമെന്നില്ല.

ധാരാളം പണമുണ്ടാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിച്ചിട്ടും കാര്യമില്ലല്ലോ, അതിന് അവസരമില്ല. എത്രയോ പണക്കാരെ കണ്ടിട്ടുണ്ട്. ഒരു വിദ്യാഭ്യാസവുമില്ലാത്തവര്‍. അവര്‍ക്കൊപ്പം തലയും ചൊറിഞ്ഞ് നടക്കുന്നവരാകട്ടെ വലിയ വിദ്യാസമ്പന്നരും. പണത്തിന്റെ കാര്യംഅത്രയേ ഉള്ളൂ.

ഇപ്പോള്‍ തിരിഞ്ഞുനോക്കുമ്പോള്‍ കുറച്ചു കൂടി മെച്ചപ്പെടാമായിരുന്നു എന്നോ മറ്റെവിടെയോ എത്താമായിരുന്നു എന്നൊന്നും തോന്നലില്ല. എങ്കിലും, ഈ നാട്ടില്‍ അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ കുറച്ചുകൂടി അംഗീകരിക്കപ്പെട്ടേനെ എന്നു വിചാരിക്കാറുണ്ട്.

കാലത്തിന്റെ മാറ്റം കണ്ടറിയുന്നുണ്ട്. നമ്മുടെ പരിചയക്കാരുടെ മക്കളെയെല്ലാം കാണുമ്പോള്‍ വിശേഷങ്ങള്‍ ചോദിച്ചറിയും. അവര്‍ എന്തു ചെയ്യുന്നു, എങ്ങനെ ജീവിക്കുന്നു എന്നൊക്കെ. ചുറ്റുപാടിന്റെ മാറ്റം, എന്റെ അനുഭവങ്ങള്‍ എല്ലാം രചനയെ സ്വാധീനിക്കാറുമുണ്ട്. പ്രസ്സുകാര്‍ക്ക് എഴുതിക്കൊടുത്തതുവഴി നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും കൈവശമില്ല. ഇപ്പോഴത്തെ തോന്നലുകള്‍ വരികളായി ഇവിടെ ഇങ്ങനെ നോട്ടുബുക്കില്‍ കുറിച്ചുവെക്കും. അത്രമാത്രം…

News @ Chandrika

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ