ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ചിരട്ട കൊണ്ട് നിര്‍മിക്കുന്ന കൗതുകങ്ങള്‍



അഹമ്മദുണ്ണി ചിരട്ട കൊണ്ട് നിര്‍മിക്കുന്ന കൗതുകങ്ങള്‍

ചങ്ങരംകുളം: ചിരട്ട കൊണ്ട് കൗതുക വസ്തുക്കള്‍ നിര്‍മിച്ച് പുത്തന്‍പുരക്കല്‍ അഹമ്മദുണ്ണി ശ്രദ്ധേയനാവുന്നു. 28 വര്‍ഷത്തോളം വിദേശ ജോലിക്ക് ശേഷം നാട്ടിലെത്തിയ അഹമ്മദുണ്ണി യാദൃശ്ചികമായാണ് ഈ രംഗത്ത് എത്തിയത്.

ബന്ധുവിന് സ്‌കൂള്‍ ആവശ്യത്തിന് ചിരട്ട കൊണ്ട് എലിയെ നിര്‍മിച്ച് കൊടുത്തായിരുന്നു തുടക്കം. തന്റെ കരവിരുത് തിരിച്ചറിഞ്ഞ സ്‌കൂള്‍ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പ്രോത്സാഹനം അഹമ്മദുണിക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.

24ഓളം വിദേശ രാജ്യങ്ങള്‍ പങ്കെടുത്ത ഇന്റര്‍ നാഷണല്‍ ഇന്ത്യ ട്രെയ്ഡ് ഫെയര്‍ എന്ന രാജ്യാന്തര വ്യാപാര മേളയില്‍ കരകൗശല വിഭാഗത്തില്‍ കേരളത്തില്‍ നിന്നുള്ള അഞ്ച് പേരില്‍ ഒരാള്‍ ആലംങ്കോട് കോക്കൂര്‍ സ്വദേശി അഹമ്മദുണ്ണിയായിരുന്നു.

2011ലെ കരകൗശല പ്രദര്‍ശനത്തില്‍ ഇദ്ദേഹം പ്രദര്‍ശിപ്പിച്ച മൂന്നര അടി നീളമുള്ള ചിരട്ട കൊണ്ടുള്ള നിലവിളക്ക് ദേശീയ അവാര്‍ഡിനായി സംസ്ഥാന ഗവണ്‍മെന്റിന് സമര്‍പ്പിച്ചിട്ടുണ്ട്.

45 ദിവസത്തെ കഠിന പ്രയത്‌നം വേണ്ടിവന്നു ഈ നിലവിളക്ക് നിര്‍മിക്കാന്‍. ഇത്തരം സംരംഭങ്ങള്‍ വ്യാവസായികടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. സമാനമായ ചിന്താഗതിക്കാരുടെ ഒരു കൂട്ടായ്മ സൃഷ്ടിക്കാനും അതിലൂടെ നിരവധി പേര്‍ക്ക് ഉപജീവന മാര്‍ഗ്ഗം ലഭ്യമാക്കാനുമുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈജിപ്ഷ്യന്‍ വള്‍ച്ചര്‍ എന്ന പക്ഷിയുടെ രൂപം നിര്‍മിക്കാനുള്ള ശ്രമത്തിലാണ് ഈ 61 കാരന്‍.

കൗതുക വസ്തുകള്‍ നിര്‍മിച്ചു നല്‍കാനായി ഒട്ടേറെ പേര്‍ സമീപിക്കുന്നുണ്ടെങ്കിലും എല്ലാവര്‍ക്കും നിര്‍മിച്ച് നല്‍കാന്‍ കഴിയുന്നില്ല എന്ന നിരാശയിലാണ് അഹമ്മദുണ്ണി.


No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ