ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

Showing posts with label മലപ്പുറം നന്മകള്‍. Show all posts
Showing posts with label മലപ്പുറം നന്മകള്‍. Show all posts

കൊടിഞ്ഞി ജി.എം.യു.പി സ്‌കൂളിലെ 17 അധ്യാപകര്‍ അവയവ ദാനത്തിന് തയ്യാര്‍

തിരൂരങ്ങാടി: കണ്ണും കരളും മറ്റുള്ളവര്‍ക്ക് പകുത്തു നല്‍കാമെന്ന പ്രഖ്യാപനവുമായി അധ്യാപനത്തിന് പുതിയ പാഠം. അവയവദാനത്തിന് അനുമതി നല്‍കിയതിലൂടെ മാതൃകയും അഭിമാനവുമാകുകയാണ് കൊടിഞ്ഞി ജി എം യു പി സ്‌കൂളിലെ അധ്യാപകര്‍.

സ്‌കൂളിലെ 17 അധ്യാപകരാണ് തങ്ങളുടെ അവയവങ്ങള്‍ ദാനം നല്‍കുന്നതിന് സമ്മത പത്രം ഒപ്പിട്ടു നല്‍കിയത്. കണ്ണ്, കരള്‍, ഹൃദയം, കിഡ്‌നി എന്നിവ നല്‍കാന്‍ സമ്മതമാണെന്നറിയിച്ച് ഇവര്‍ ഇന്നലെ ആരോഗ്യ വകുപ്പിന് സമ്മത പത്രം നല്‍കി. 17 പേരില്‍ പകുതിയോളം പേര്‍ സ്ത്രീകളാണ്.

ഡല്‍ഹി എയിംസുമായി ബന്ധപ്പെട്ടാണ് അവയവദാന പദ്ധതി നടപ്പാക്കുക എന്ന് പദ്ധതിയുടെ കോ-ഓര്‍ഡിനേറ്ററായ കെ.പി രഞ്ജിത്ത് പറഞ്ഞു. സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപകര്‍ തന്നെ ഇത്തരത്തില്‍ അവയവ ദാനത്തിന് മുന്നോട്ട് വരുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കുമെന്നതിനാലാണ് ഇങ്ങനെയൊരു പദ്ധതിക്ക് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.

അവയവ ദാനത്തിന് തയ്യാറുള്ള അധ്യാപകരുടെ സൊസൈറ്റി രൂപീകരിക്കാനും പദ്ധതിയുണ്ട്. സ്‌കൂളില്‍ നടപ്പാക്കുന്ന ക്ഷേമ (കൊടിഞ്ഞി സ്റ്റുഡന്റ്‌സ് ഹാര്‍മണി ത്രോ എംപതറ്റിക് അപ്രോച്ച്) പദ്ധതിയുടെ ഭാഗമായാണ് അധ്യാപകരുടെ അവയവദാന പ്രഖ്യാപനവും രക്തദാന ദിനാചരണവും സംഘടിപ്പിച്ചത്.

അവയവദാനത്തിന്റെയും രക്തദാനത്തിന്റെയും ആവശ്യകതയും മഹത്വവും സമൂഹത്തെ ബോധ്യപ്പെടുത്താന്‍ അവയവദാന സമ്മതപത്രം നല്‍കിയതോടൊപ്പം രക്തദാന സേന രൂപീകരിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ നന്മയുടെ വഴികാട്ടി നല്ല വ്യക്തിത്വത്തിലേക്ക് നയിച്ച് നവ സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ക്ഷേമ.

വ്യക്തിത്വ വികസനം, ലീഡര്‍ഷിപ്പ്, സര്‍ഗാത്മകത തുടങ്ങിയവയില്‍ പരിശീലനവും കൗണ്‍സിലിങ്, സമൂഹിക - സേവന പ്രവര്‍ത്തനങ്ങള്‍, ഫീല്‍ഡ് വിസിറ്റ്, കമ്മ്യൂണിറ്റി ഇന്ററാക്ഷന്‍ പ്രോഗ്രാം തുടങ്ങി വിവിധ പരിപാടികളും സംയോജിപ്പിച്ചു കൊണ്ടുള്ളതാണ് പദ്ധതി.

അധ്യാപകരുടെ അവയവ ദാന സമ്മതപത്രം പ്രധാനാധ്യാപിക പൊന്നമ്മ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അസീസിന് കൈമാറി. രക്തദാന ദിനാചരണത്തിന്റെ ഉദ്ഘാടനം നന്നമ്പ്ര പഞ്ചായത്ത് സ്റ്റാന്റങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തേറാമ്പില്‍ ആസ്യ നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഇ. ഹംസ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെയും അധ്യാപകരുടെയും രക്തഗ്രൂപ്പ് ഡയറക്ടറി പി.ബീരാന്‍ കുട്ടി ഹാജി പ്രകാശനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. രാജേഷ് ക്ലാസെടുത്തു. കെ.പി രഞ്ജിത്ത്, എം ശങ്കരന്‍, പി.കെ ശശികുമാര്‍, കെ.പി വിനോദന്‍, പി മദുസൂദനന്‍, വി.വി ഷീന, ഇയ ഷിബു സംസാരിച്ചു.

News @ Chandrika
10/3/2013 

ആയിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ജബ്ബാര്‍ ഹാജി

പട്ടിക്കാട്: കീഴാറ്റൂര്‍ തച്ചിങ്ങനാടത്ത് കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടക്കാത്ത ഗ്രാമമാണ് ചെമ്മംതട്ട. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ടാക്‌സികള്‍ പോലും വരാന്‍ മടിക്കും. എന്നാല്‍ റോഡിന് സമീപമായി സ്വന്തംതോട്ടത്തില്‍ കാത്തിരിക്കുകയാണ് നിസ്വാര്‍ത്ഥ സേവകനായി നാട്ടുകാരുടെ സ്വന്തം അണ്ണന്‍ . ടാക്‌സിയില്‍ ആരെങ്കിലും സഹായാഭ്യര്‍ത്ഥനയുമായി കരഞ്ഞുകൊണ്ട് വരും. ഇവര്‍ക്കായി ഉറക്കമൊഴിച്ച് സേവന സന്നദ്ധനായി ജബ്ബാര്‍ഹാജിയുണ്ടാകും. എഴുപത്തഞ്ചുകാരനായ ജബ്ബാര്‍ ഹാജി പാരമ്പര്യമായി വിഷ ചികിത്സകനാണ്. പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ ആയിരങ്ങളെ ജീവിതത്തിലേക്ക്‌കൈപിടിച്ചുയര്‍ത്തുന്ന പരോപകാരി.

രാജ്യം സ്വാതന്ത്ര്യം നേടിയ 1947ല്‍ ജബ്ബാര്‍ഹാജിയുടെ പിതാവ് മൊയ്തീന്‍ മാസ്റ്റര്‍ ഭാര്യയോടും മക്കളോടുമൊപ്പം തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്ക് കുടിയേറിയതാണ്. പാരമ്പര്യമായി വിഷചികിത്സയുണ്ടായിരുന്ന ഹാജിയും ആ വഴി പിന്തുടര്‍ന്നു. വിഷംതീണ്ടി രാവിലെ വന്നാല്‍ വൈകുന്നേരം വരെയും വൈകീട്ടാണെങ്കില്‍ രാത്രി മുഴുവനും ഉറക്കമൊഴിച്ച് പരിചരിക്കും ഈ എഴുപത്തഞ്ചുകാരന്‍. തന്റെ സേവനത്തിന് ദൈവത്തില്‍നിന്നുള്ള പ്രതിഫലമല്ലാതെ ഹാജി ഒന്നും ആഗ്രഹിക്കുന്നില്ല. മാസത്തില്‍ അമ്പതിലേറെപേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. ചികിത്സക്ക് വേണ്ട ഔഷധച്ചെടികള്‍ പലതും തന്റെ തോട്ടത്തില്‍ നട്ടുവളര്‍ത്തുകയാണ് ചെയ്യുന്നത്. തലവേദനയ്ക്കുള്ള ഒറ്റമൂലി ചികിത്സയും ഇവിടെ നടത്തുന്നുണ്ട്. ഭാര്യ സൈനബയും മകന്‍ ഷാജഹാനും സഹായികളായിട്ട് അണ്ണന്റെ കൂടെ തന്നെയുണ്ടാകും. തൊട്ടടുത്ത പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കല്ലാതെ അണ്ണന്‍ പുറത്തേയ്‌ക്കൊന്നും ഇറങ്ങാറില്ല. വിഷംതീണ്ടിയാല്‍ എത്രയുംപെട്ടെന്ന് മുറിവില്‍നിന്ന് രക്തം ഞെക്കികളയുകയും ചികിത്സതേടുകയുമാണ് വേണ്ടതെന്ന് ഹാജി ഓര്‍മിപ്പിച്ചു.

ഷബീര്‍ അലി

ജീവിതം വഴിമുട്ടിയവര്‍ക്ക് മുഹമ്മദുണ്ണിയുടെ കാരുണ്യ ഹസ്തം

മലപ്പുറം: വെളിയങ്കോട് തണ്ണിത്തറ തെക്കരകത്ത് മുഹമ്മദുണ്ണി എന്ന ജിന്നന് (53) ബൈത്തുറഹ്മയെന്നാല്‍ ജീവിതത്തിന്റെ ഭാഗമാണ്. ശിഹാബ് തങ്ങളുടെ സ്മരണയില്‍ ആറ് ബൈത്തുറഹ്മകളാണ് മുഹമ്മദുണ്ണിയുടെ കാരുണ്യത്തില്‍ ഉയരുന്നത്. മുഴുവന്‍ വീടുകളുടെയും താക്കോല്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് കൈമാറാനാണ് ആഗ്രഹിക്കുന്നതെന്ന് മുഹമ്മദുണ്ണി ചന്ദ്രികയോട് പറഞ്ഞു.

പാവങ്ങള്‍ക്ക് വേണ്ടി ശിഹാബ്തങ്ങളുടെ ഓര്‍മയില്‍ ബൈത്തുറഹ്മ നിര്‍മിക്കുന്നത് ഏറെ പുണ്യകരമായ സേവനമായാണ് മുഹമ്മദുണ്ണി കാണുന്നത്. വെളിയങ്കോട് അയ്യോട്ടിച്ചിറ മുക്രിയത്ത് മുഹമ്മദുണ്ണി, പഴഞ്ഞി ഖമറു, വടക്കെ പുറത്ത് അബ്ദു, ഇബ്രാഹിം പത്തുമുറി, ഹംസ ചാമത്തേയില്‍, തൃശൂര്‍ ചേലക്കര പഴയന്നൂര്‍ ഇബ്രാഹിം എന്നീ കുടുംബങ്ങള്‍ക്കാണ് തെക്കരകത്ത് മുഹമ്മദുണ്ണി ബൈത്തുറഹ്മ നിര്‍മിച്ച് നല്‍കുന്നത്. ഇതിനാവശ്യമായ തുക മുഹമ്മദുണ്ണി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. അഞ്ച് വീടുകളുടെ നിര്‍മാണം നടന്നു വരികയാണ്. വെളിയങ്കോട് ഇബ്രാഹിം പത്തുമുറിയുടെ കുടുംബത്തിനുള്ള വീടിന് 16ന് തറക്കല്ലിടും. എല്ലാ വീടുകളും ഒരേ സമയം പൂര്‍ത്തീകരിക്കുന്നതിന് തിരക്കിട്ട നിര്‍മാണമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഈ വീടുകളുടെ താക്കോല്‍സമര്‍പ്പണത്തൊടൊപ്പം പുതിയ ബൈത്തുറഹ്മ വീടുകളുടെ നിര്‍മാണത്തിനും മുഹമ്മദുണ്ണി ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ഇരുപത് നിര്‍ധന കുടുംബങ്ങള്‍ക്ക് നാലു സെന്റ് വീതം സ്ഥലം മുഹമ്മദുണ്ണി നല്‍കിയിട്ടുണ്ട്. തന്റെ വീടിനോട് ചേര്‍ന്ന് രണ്ടര ഏക്കറോളം ഭൂമിയില്‍ നിന്നാണ് പാവങ്ങള്‍ക്ക് വേണ്ടി ഭൂമിദാനം ചെയ്തത്. ഓരോ കുടുംബത്തിന്റെയും പേരില്‍ ഇത് സംബന്ധിച്ച് രജിസ്‌ട്രേഷന്‍ നടത്തും. ബൈത്തുറഹ്മയുടെ താക്കോല്‍ദാനത്തോടൊപ്പം സ്ഥലത്തിന്റെ രേഖകള്‍ ഇരുപത് കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് മുഹമ്മദുണ്ണി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദുണ്ണി നാല് വര്‍ഷമായി പാവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. മുന്നൂറോളം കുടുംബങ്ങള്‍ ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാണ്. എല്ലാവര്‍ക്കും ഓരോ മാസവും കൃത്യമായി പെന്‍ഷന്‍ വീട്ടിലെത്തിച്ചിരിക്കും. 300, 500, 1000, 1500 രൂപ എന്നിങ്ങനെ നാലിനങ്ങളായാണ് പെന്‍ഷന്‍ നിശ്ചയിച്ചിട്ടുള്ളത്. എല്ലാ മാസവും പെന്‍ഷന്‍ എത്തിക്കാന്‍ മുന്‍ വാര്‍ഡ് മെമ്പര്‍ വെളിയങ്കോട് സുനിലിനെയാണ് നിയോഗിച്ചിട്ടുള്ളത്. ജാന്യേഭേദമന്യെ പെന്‍ഷന്‍ പദ്ധതി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പകരുന്ന ആശ്വാസം ചെറുതല്ല.

ശാരീരിക അസുഖം മൂലം ജിവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പ്രതിസന്ധിയിലായ കുടുംബങ്ങളിലേക്കാണ് മുഹമ്മദുണ്ണിയുടെ കാരുണ്യ നീട്ടം. ജീവിത സാഹചര്യങ്ങളില്‍ ഏറ്റവും പാവപ്പെട്ടവരെയാണ് ബൈത്തുറഹ്മ നിര്‍മിച്ചു നല്‍കാന്‍ തെരഞ്ഞെടുത്തത്. അപകടത്തില്‍പെട്ട് ജോലിക്ക് പോകാനാകാതെ കഴിയുന്ന കുടുംബം ഉള്‍പ്പെടെയാണ് ഗുണഭോക്താക്കള്‍. നാട്ടില്‍ കച്ചവടവുമായി കഴിഞ്ഞിരുന്ന മുഹമ്മദുണ്ണി 1979-ലാണ് ആദ്യമായി ഖത്തറിലേക്ക് പോയത്. കഠിനശ്രമത്തിലൂടെയാണ് പച്ചപിടിച്ചത്. ലഭിക്കുന്ന സമ്പാദ്യത്തില്‍ നിന്ന് പാവങ്ങളെ കഴിച്ചിട്ടേ മുഹമ്മദുണ്ണിക്ക് എല്ലാമൊള്ളൂ. വെളിയങ്കോട്ട് സ്വന്തമായി നമസ്‌കാര പള്ളിയും മുഹമ്മദുണ്ണി നിര്‍മ്മിച്ചിട്ടുണ്ട്. മുപ്പത് ലക്ഷത്തോളം രൂപയാണ് പള്ളിക്ക് ചെലവായത്.

News @ Chandrika
ഇഖ്ബാല്‍കല്ലുങ്ങല്‍
8/13/2013 

സുരേഷ് കുമാറും ബൈതു‌റഹ്മയും

സുരേഷ്‌കുമാര്‍ വിട്ടു നല്‍കിയ ഭൂമിയില്‍ രണ്ടു ബൈത്തുറഹ്മകള്‍ ഉയരും

മലപ്പുറം: ഏലംകുളം പഞ്ചായത്തിലെ ചെറുകര ആലുംകൂട്ടം മുണ്ട്രപള്ളിയാലില്‍ സുരേഷ് കുമാര്‍ സന്തോഷാശ്രൂ പൊഴിച്ചു. ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ബൈത്തുറഹ്മ ഭവന പദ്ധതിയില്‍ രണ്ട് വീടുകള്‍ നിര്‍മിക്കാനായി തന്റെ ഉടമസ്ഥതയിലുള്ള ആറ് സെന്റ് സ്ഥലം നിറഞ്ഞ മനസ്സോടെ സൗജന്യമായി വിട്ടുനല്‍കുന്ന രേഖ സുരേഷ്‌കുമാര്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.

ഇന്നലെ കോട്ടക്കലില്‍ നടന്ന ഖത്തര്‍ കെഎംസിസി ബൈത്തുറഹ്മ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മാതൃകയായ കൈമാറ്റം. വികാരനിര്‍ഭരമായ കരഘോഷങ്ങള്‍ക്കിടെ സുരേഷ്‌കുമാര്‍ മതമൈത്രിക്ക് കൂടിയാണ് നിറം പകര്‍ന്നത്. സുരേഷ് കുമാര്‍ വിട്ടു നല്‍കുന്ന ഭൂമിയില്‍ മതസൗഹാര്‍ദത്തിന്റെ വിളംബരമോതി മുസ്‌ലിംയുവാവിനും ഹൈന്ദവയുവതിക്കുമാണ് വീടുകള്‍ ഉയരുക. ദരിദ്രരായ കോട്ടക്കാട് ഇഖ്ബാലിനും കാവുമ്പുറത്ത് സരിതക്കും വീടെന്ന സ്വപ്‌നത്തിന് ചിറകുകള്‍ വെച്ച് ഇനി കാരുണ്യത്തിന്റെ വീടുകള്‍ ഉയരും.

കാരുണ്യവീഥിയിലും മതമൈത്രിയിലും ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ബൈത്തുറഹ്മയില്‍ സുരേഷ്‌കുമാറിന്റെ സ്‌നേഹവായ്പ് തിളക്കമാര്‍ന്ന ചരിത്രം കുറിക്കുകയാണ്. ബൈത്തുറഹ്മയെ കുറിച്ച് കേട്ടറിഞ്ഞാണ് സുരേഷ് കുമാര്‍ സ്ഥലം കൈമാറാന്‍ തീരുമാനിച്ചത്. സുരേഷ് കുമാറിന്റെ അച്ഛന്‍ ശങ്കരന്‍കുട്ടി നായര്‍ മാസങ്ങള്‍ക്ക് മുമ്പ് ആകസ്മികമായി മരണപ്പെട്ടിരുന്നു. അച്ഛന്റെ സ്മരണയില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച സുരേഷ് അതിനുള്ള വഴികള്‍ തേടുന്നതിനിടെയാണ് ആലുംകൂട്ടത്തെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെത്തിയത്. ഇതു വഴി ബൈത്തുറഹ്മയെ കുറിച്ച് മനസ്സിലാക്കിയ സുരേഷ്‌കുമാര്‍ ആറ് സെന്റ് സ്ഥലം വിട്ടു നല്‍കാന്‍ സന്‍മനസ്സ് അറിയിക്കുകയായിരുന്നു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള അപ്രതീക്ഷിതമായ സ്‌നേഹവായ്പ് ആലംകുട്ടത്ത് വിസ്മയമായി.

സുരേഷിന്റെ വാഗ്ദാനം മുസ്‌ലിംലീഗ് നേതാക്കള്‍ ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും ജനറല്‍സെക്രട്ടറി പി അബ്ദുല്‍ ഹമീദിനെയും അറിയിച്ചു. സുരേഷ്‌കുമാര്‍ നല്‍കുന്ന ഭൂമിയില്‍ ജില്ലാ മുസ്‌ലിംലീഗ് ഇടപെട്ട് ഖത്തര്‍ കെഎംസിസിയുടെ വക ഒരു വീടും ജില്ലാ എംഎസ്എഫിന്റെ വക ഒരു വീടും നിര്‍മിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഗുണഭോക്താക്കളെ ആലുംകൂട്ടം മുസ്‌ലിംലീഗ് നേതൃത്വം കണ്ടെത്തുകയും സുരേഷ്‌കുമാര്‍ സന്തോഷ പൂര്‍വം സ്വീകരിക്കുകയുമായിരുന്നു.

മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നേരത്തെ ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സാമ്പത്തിക പ്രയാസം മൂലം ഏലംകുളം പഞ്ചായത്തില്‍ എങ്ങിനെ രണ്ട് വീടുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന ആശങ്ക പഞ്ചായത്ത് ലീഗ് നേതാക്കള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോട് പറഞ്ഞപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് പറഞ്ഞ തങ്ങള്‍ ആദ്യ സംഭാവനയായി 500 രൂപയും കൈമാറിയിരുന്നു. തങ്ങളുടെ ആദ്യ സംഭാവനയുമായി പഞ്ചായത്ത് ലീഗ് ഭാരവാഹികളും മറ്റും ഇറങ്ങി തിരിച്ച ഏലംകുളം പഞ്ചായത്തില്‍ ഇപ്പോള്‍ രണ്ട് ബൈത്തുറഹ്മ വീടുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സുരേഷ്‌കുമാറിന്റെ ഭൂമികൈനീട്ടത്തില്‍ രണ്ട് വീടുകള്‍ കൂടി ഉയരുന്നത്. ആശങ്കയുടെ ആഴങ്ങളില്‍ നിന്ന് പ്രതീക്ഷയുടെ പാളത്തില്‍ ഇപ്പോള്‍ പഞ്ചായത്തില്‍ ബൈത്തുറഹമയുടെ എണ്ണം അഞ്ചിലേക്ക് ഉയരുന്നുവെന്ന സവിശേഷതകൂടിയുണ്ട്.
ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചല്ല ഭൂമി നല്‍കുന്നതെന്ന് സുരേഷ്‌കുമാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.

അച്ഛന്റെ പേരില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നത് ശിഹാബ് തങ്ങളുടെ പേരിലുള്ള ബൈത്തുറഹ്മയിലൂടെയാകുമ്പോള്‍ അതിന് സുരക്ഷയും സ്ഥിരതയുമുണ്ടാകുമെന്ന് സുരേഷ്‌കുമാര്‍ ചന്ദ്രികയോട് പറഞ്ഞു. മഹത്തായ ജീവകാരുണ്യമാണ് മുസ്‌ലിംലീഗിന്റെ ബൈത്തുറഹ്മ പദ്ധതിയെന്നും റേഷന്‍ കട നടത്തിയിരുന്ന തന്റെ അച്ഛന്‍ സേവനത്തെ ഏപ്പോഴും ഇഷ്ടപ്പെട്ടിരുന്നെന്നും സുരേഷ്‌കുമാര്‍ ചന്ദ്രികയോട് പറഞ്ഞു. ചെറുപ്പത്തിലേ റേഷന്‍ കട നടത്തിവരുന്ന സുരേഷ്‌കുമാറിന്റെ സമ്പാദ്യത്തില്‍ നിന്നുള്ള ആറ് സെന്റ് സ്ഥലമാണ് ബൈത്തുറഹ്മക്കായി വിട്ടു നല്‍കിയത്. ശാന്തകുമാരിയാണ് സുരേഷിന്റെ അമ്മ. അഞ്ജലി ഭാര്യയും വര്‍മ മകളുമാണ്. സന്തോഷ്‌കുമാര്‍, സജികുമാര്‍, സിന്ധു സഹോദരങ്ങളാണ്.

ഇഖ്ബാല്‍ കല്ലുങ്ങല്‍
News @ Chandrika
8/12/2013

നിര്‍ധന കുടുംബത്തിന് പ്രവാസി കൂട്ടായ്മയുടെ പെരുന്നാള്‍ സമ്മാനം



കാളികാവ്: പെരുന്നാള്‍ ദിനത്തില്‍ മാളിയേക്കലിലെ നിര്‍ധന കുടുംബത്തിന് മാളിയേക്കല്‍ പ്രവാസി കൂട്ടായ്മ (മവാസ) വീട് നല്‍കി. കറുത്തേടത്ത് നബീസക്കാണ് മാളിയേക്കല്‍ പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകര്‍ അഞ്ച് ലക്ഷം രൂപ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കിയത്.
നബീസയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ടു പോയിരുന്നു. വയോധികയായ മാതാവും 12 വയസ്സുകാരി മകളുമടങ്ങുന്ന കുടുംബം ഇത് വരെ മറച്ച് കെട്ടിയ ഷെഡിലാണ് താമസിച്ചിരുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് പ്രവാസി കൂട്ടായ്മ വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

മാളിയേക്കലിലെ 30 പേര്‍ക്ക് മാസത്തില്‍ 500 രൂപ പെന്‍ഷന്‍, പ്രദേശത്തെ നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠന ചെലവുകള്‍, കുടുംബങ്ങള്‍ക്ക് ആടുവിതരണം, അടിയന്തര സഹായങ്ങള്‍ എന്നിവ ചെയ്തു വരുന്നു.

കഴിഞ്ഞ ദിവസം വീടിന്റെ താക്കോല്‍ദാനം പ്രവാസി കൂട്ടായ്മ ഭാരവാഹികളായ കെ.പി റഷീദ്, പി. അബ്ദുല്ല നിര്‍വഹിച്ചു. സെക്രട്ടറി പി. ഷമീര്‍ അധ്യക്ഷത വഹിച്ചു. കെ.വി മുനീര്‍, അബ്ദുറഷീദ് സഅദി, റിട്ട.പ്രധാനാധ്യാപിക കെ.കെ സുമതി പ്രസംഗിച്ചു.

കൊണ്ടോട്ടിയിലെ ജനമൈത്രി പോലീസ്


ചോരവീണ മണ്ണില്‍ സ്‌നേഹവീട്‌




പകയില്ലാത്ത മനസ്സോടെ വിഷ്ണുവെത്തി

കാളികാവ് : 'ശത്രുക്കളുടെ മക്കളെ'ന്ന് പുറംലോകം മുദ്രകുത്തിയവര്‍ ഒത്തുചേര്‍ന്നപ്പോള്‍ ഒരിക്കല്‍ക്കൂടി സ്‌നേഹം വിജയിച്ചു. ചോക്കാടില്‍ എസ്.ഐ പി.പി. വിജയകൃഷ്ണനെ വെടിവെച്ച് കൊന്നശേഷം സ്വയം ജീവന്‍ ഒടുക്കിയ അറങ്ങോടന്‍ മുജീബ് റഹ്മാന്റെ അനാഥരായ മക്കള്‍ക്ക് കൂട്ടുകാര്‍ നിര്‍മിച്ചുകൊടുത്ത സ്‌നേഹവീടിന്റെ താക്കോല്‍ദാനച്ചടങ്ങിലേക്കാണ് തിങ്കളാഴ്ച വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവെത്തിയത്. പകയും വിദ്വേഷവും ആളിക്കത്തുന്ന ലോകത്തിന് സ്‌നേഹത്തിന്റെ വിലയാണ് ഈ അപൂര്‍വസമാഗമം കാണിച്ചുകൊടുത്തത്.
2010 സപ്തംബര്‍ 12ന് നടന്ന എസ്.ഐയുടെ കൊലപാതകത്തിനും തുടര്‍ന്ന് തങ്ങളുടെ മാതാപിതാക്കളുടെ മരണത്തിനുംശേഷം ഒറ്റപ്പെട്ടുപോയ മുഹ്‌സിനയും ദില്‍ഷാദും കരുവാരകുണ്ട് ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്ററിന് കീഴിലെ അനാഥാലയത്തിലായിരുന്നു പിന്നീട് താമസം.
കൂടും കുടുംബവുമില്ലാത്ത അനാഥ മക്കള്‍ക്ക് ദാറുന്നജാത്ത് ഓര്‍ഫനേജ് യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ചുകൊടുത്ത വീടിന്റെ താക്കോല്‍ദാനച്ചടങ്ങിലേക്ക് വെടിയേറ്റ് മരിച്ച വിജയകൃഷ്ണന്റെ മകന്‍ വിഷ്ണുവെത്തിയത് കണ്ടുനിന്ന വരെ അത്ഭുതപ്പെടുത്തി. പത്ത് വയസ്സുകാരന്‍ ദില്‍ഷാദിനെയും ആറ് വയസ്സുകാരി മുഹ്‌സിനയെയും വാരിപ്പുണര്‍ന്ന് സ്‌നേഹം പങ്കുവെച്ചപ്പോള്‍ കൂടിനിന്നവരുടെ മിഴികള്‍ നനഞ്ഞു. ബിരുദധാരിയായ വിഷ്ണു അച്ഛന് പകരക്കാരനായി പോലീസില്‍ പ്രവേശിക്കാനിരിക്കുകയാണ്.
അനാഥാലയത്തില്‍ അവധിവരുമ്പോള്‍ വലിയമ്മയെയുംകൊണ്ട് പുതിയ വീട്ടില്‍പോയി താമസിക്കാനായിരുന്നു ദില്‍ഷാദിന്റെയും മുഹ്‌സിനയുടെയും പദ്ധതി. സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിയില്‍നിന്ന് ഇരുവരും താക്കോല്‍ ഏറ്റുവാങ്ങി വീടിനുള്ളിലേക്ക് പ്രവേശിക്കുമ്പോഴാണ് ജ്യേഷ്ഠസഹോദരനെപ്പോലെ വിഷ്ണു എത്തുന്നത്. ഒന്നരവര്‍ഷംമുമ്പുണ്ടായ ദുരന്തത്തില്‍ വിഷ്ണുവിന് അച്ഛന്‍ നഷ്ടപ്പെടുമ്പോള്‍ മുഹ്‌സിനയ്ക്കും ദില്‍ഷാദിനും ഉമ്മയും ബാപ്പയും നഷ്ടപ്പെട്ടു.




കാളികാവ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയായിരുന്ന വിജയകൃഷ്ണന്‍ സൗമ്യശീലനും ഏവരുടെയും പ്രിയങ്കരനുമായിരുന്നു. ഇദ്ദേഹവും സംഘവും ആറങ്ങോടന്‍ മുജീബ്‌റഹ്മാനെതിരായ അറസ്റ്റുവാറന്റ് നടപ്പാക്കാന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകത്തില്‍ കലാശിച്ച സംഭവങ്ങളുണ്ടായത്. ചെലവിന് കൊടുക്കാത്തതിനെതിരെ മുജീബ് റഹ്മാന്റെ ഭാര്യമാരിലൊരാളാണ് പരാതി നല്‍കിയിരുന്നത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എല്ലാവരെയും അകറ്റിയശേഷം ഭാര്യ ഖമറുന്നീസയും മക്കളുമായി ചോക്കാടന്‍ മലവാരം കയറി വനത്തില്‍ അഭയംതേടി. പിറ്റേന്ന് രാവിലെ മലവാരത്തിന് താഴത്തേക്ക് മക്കളെ പറഞ്ഞുവിട്ടശേഷം മുജീബ്‌റഹ്മാന്‍ എസ്.ഐയെ വെടിവെച്ച തോക്കുകൊണ്ട് ഭാര്യയെ വെടിവെച്ചുകൊന്നശേഷം സ്വയം വെടിവെച്ച് മരിച്ചു.
അനാഥരായ മുജീബ്‌റഹ്മാന്റെ മക്കള്‍ക്കായി നാണയത്തുട്ടുകള്‍ ശേഖരിച്ചും വീടുകളും കവലകളും കയറിയിറങ്ങിയുമാണ് കളിക്കൂട്ടുകാര്‍ സ്‌നേഹ
ക്കുടിലൊരുക്കിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിച്ചതിലും അധികം ലഭിച്ചതിനാല്‍ വളരെവേഗം വീട് പൂര്‍ത്തിയാക്കി. വിദ്യാലയത്തില്‍നിന്ന് ഒരുകിലോമീറ്റര്‍ അകലെ പയ്യാക്കോടില്‍ സ്ഥലം വാങ്ങിച്ചാണ് വീട് വെച്ചിട്ടുള്ളത്.
വിധി പിതാക്കന്മാരെ നഷ്ടപ്പെടുത്തിയെങ്കിലും മക്കളെന്ത് പിഴച്ചുവെന്ന് വിഷ്ണു ചോദിക്കുന്നു. കാരുണ്യത്തിന്റെ സ്‌നേഹത്തണല്‍ വിരിയിച്ച് ഇവര്‍ക്ക് സംരക്ഷണം നല്‍കിയവര്‍ തുടര്‍ന്നും ഇവരെ സംരക്ഷിക്കണമെന്നും വിഷ്ണു പറഞ്ഞു. താക്കോല്‍ദാനത്തിന് ഒട്ടേറെ പ്രമുഖര്‍ എത്തിയിരുന്നു. വീടിന്റെ താക്കോല്‍ദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രമാണ കൈമാറ്റം പൊതുവിദ്യാഭ്യാസ സെക്രട്ടറി എം. ശിവശങ്കറും നിര്‍വഹിച്ചു.


അഡ്വ. എം. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. ഐ.ടിഛ സ്‌കൂള്‍ ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത്, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യന്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.കെ. ജയിംസ്, ശാഹുല്‍ ഹമീദ്, എം. അലവി, എന്‍.കെ. അബ്ദുറഹ്മാന്‍, നൗഷാദ്, പുഞ്ച, വി. അന്‍വര്‍ തുടങ്ങിയവരും സംബന്ധിച്ചു.

ഷിഹാബുദ്ദീന്‍ കാളികാവ്‌
Mathrubhumi
Posted on: 17 Jan 2012