കയര്‍പിരി വിസ്മൃതിയില്‍; റാട്ടകളുടെ ശബ്ദവും നിലച്ചു
ചേലേമ്പ്ര: പുല്ലിപ്പുഴയിലും കനോലി കനാലിലും തീര പ്രദേശ കാഴ്ചയായിരുന്ന കയര്‍ പിരി വിസ്മൃതിയിലായി. കയര്‍ പിരിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളുടെ (റാട്ട)ഇരമ്പലുകളും നിലച്ചു.
അര നൂറ്റാണ്ടിലധികം കാലം പുഴയോരങ്ങളില്‍ നിറഞ്ഞു നിന്ന റാട്ടകള്‍ അപ്രത്യക്ഷമായപ്പോള്‍ പുല്ലിക്കടവില്‍ പേരിന് മാത്രമായി കയര്‍ പിരി യന്ത്രം പ്രവര്‍ത്തനമില്ലാതെ പുരാ വസ്തുവെന്നോണം ഓര്‍മ്മകളുടെ ശേഷിപ്പായി നില്‍ക്കുന്നു.
സ്ത്രീ തൊഴിലാളികളുടെ ഉപജീവനത്തിന്റെ കഥ പറയുന്നതായിരുന്നു പുഴയോരത്തെ കയര്‍ പിരിയും റാട്ടകളും. കയര്‍ പിരി യന്ത്രത്തിന് ഇപ്പോള്‍ പുഴയോരത്ത് വംശ നാശം സംഭവിച്ച മട്ടാണ്. പുഴയോര വാസികളുടെ ജീവിതത്തിലെ ഐശ്വര്യ കാലമായിരുന്നു കാല്‍ നൂറ്റാണ്ട് മുമ്പ് വരെ കയര്‍ പിരി വ്യവസായം.
പുല്ലിപ്പുഴ, കനോലി കനാല്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി പതിനഞ്ചോളം കയര്‍ പിരി കേന്ദ്രങ്ങളുണ്ടായിരുന്നു. ഓരോ കേന്ദ്രങ്ങളിലും നാലും അഞ്ചും യന്ത്രങ്ങള്‍ വെച്ച് കയര്‍ പിരി വ്യവസായം സജ്ജീവമായ ഒരു കാല ഘട്ടം .
നൂറ് കണക്കിന് കയര്‍ പിരി യന്ത്രങ്ങളാണ് ഈ വിധം കയര്‍ പിരി വ്യവസായം അസ്തമിച്ച് പോയതിനെ തുടര്‍ന്ന് തുരുമ്പെടുത്തും മറ്റും ഇല്ലാതായത്. 500ല്‍ പരം സ്ത്രീ തൊഴിലാളികള്‍ ഉപജീവനം കണ്ടെത്തിയ വ്യവസായം പിന്നീട് പാടെ ഇല്ലാതാകുകയും ചെയ്തു. ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ പേരിന് പറയാന്‍ ഒന്നു പോലുമില്ലാതെ കയര്‍ പിരി വ്യവസായം ഇല്ലാതായി.
ചകിരി പൂഴ്ത്തലും ചകിരി മില്ലുകളുടെ പ്രവര്‍ത്തനം ഇല്ലാതായതുമാണ് കയര്‍ പിരി വ്യവസായത്തെയും ബാധിച്ചത്. ഇവകള്‍ മൂന്നും പരസ്പര പൂരണങ്ങളായിരുന്നു. തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായമായതിനാല്‍ ഓരോന്നിന്റേയും അസ്തമയം ഒന്നിച്ചായിരുന്നു.
അഞ്ച് ചകിരി മില്ലുകള്‍ പുല്ലിപ്പുഴയില്‍ മാത്രമായിട്ടുണ്ടായിരുന്നു. ഇപ്പോള്‍ പേരിന് ഒന്നു പോലുമില്ല. പച്ച ചകിരി ചെളിയില്‍ പൂഴ്ത്തി ആഴ്ചകള്‍ക്ക് ശേഷം പുറത്തെടുത്താണ് ചകിരി മില്ലുകളിലെത്തിച്ച് യന്ത്ര സഹായത്താല്‍ തുപ്പാക്കി മാറ്റുക. ഈ ചകിരി തുപ്പ് കയര്‍ പിരി കേന്ദ്രത്തിലെത്തിച്ച് ചൂടിയാക്കി പുഴ മാര്‍ഗ്ഗം കയറ്റുമതി ചെയ്യലായിരുന്നു പതിവ്.
ഓരോ വീട്ട് മുറ്റത്തും കുടില്‍ വ്യവസായം കണക്കെ ഒരു കയര്‍ പിരി യന്ത്രം എന്നത് പ്രദേശത്തെ ഒരു കാഴ്ചയായിരുന്നു. സ്വയം തൊഴിലായി സ്വീകരിച്ച് കൈ കൊണ്ട് കയര്‍ പിരിക്കുന്ന സ്ത്രീകളും പുല്ലിപ്പുഴയെ കേന്ദ്രീകരിച്ചുണ്ടായിരുന്നതും ഇന്ന് ഇല്ലാതായി.
കയര്‍ പിരി കേന്ദ്രങ്ങളില്‍ നിന്ന് കയറുകള്‍ തോണിയിലാക്കി ചൂടി വില്‍പ്പന കേന്ദ്രങ്ങളായ കൊയിലാണ്ടിയിലേക്കും കോഴിക്കോട്ടേക്കും കയറ്റി അയക്കുന്നതില്‍ പുല്ലിപ്പുഴ പ്രദേശം ഒരു കാലത്ത് പ്രസിദ്ധി നേടിയിരുന്നു. പ്രസിദ്ധരായ ഒട്ടേറെ കയര്‍ വ്യവസായികളും ഇവിടങ്ങളിലുണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ