കണ്ടൂര്‍ നടുവീട്ടില്‍ സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ച തച്ചറക്കല്‍ ഹബീബ്മരക്കാര്‍ (60) സാക്ഷരതാ തുല്യതാ ക്ലാസില്‍ ചേര്‍ന്നത് സ്വന്തമായി പഠിക്കാനായിരുന്നില്ല. പഠനം നിര്‍ത്തി ഗള്‍ഫില്‍ ജോലി നോക്കിയ ഹബീബിന് ഒരു ആഗ്രഹമേയുള്ളൂ. പഠിക്കാന്‍ ഏറെ കൊതിക്കുന്ന നുസ്‌റത്തിനെ (25) പഠിപ്പിക്കണം.
ഹബീബ്മരക്കാര്‍ നാലാം ക്ലാസ് വിജയിച്ചിരുന്നുവെങ്കിലും അക്കാലത്ത് യു.പി സ്‌കൂളുകളിലെത്തണമെങ്കില്‍ വെഞ്ചാലി തോട് മുറിച്ചു കടന്ന് ദൂരേക്ക് പോവേണ്ടിയിരുന്നതിനാല്‍ പഠനം മുഴുമിപ്പിക്കാനായില്ല. കുട്ടിക്കാലത്തെ പഠനം പിന്നീട് മദ്രസകളില്‍ നിന്നുള്ള പഠനങ്ങളിലൊതുങ്ങുകയായിരുന്നു.
ഒരു വയസ്സില്‍ അരക്ക് താഴെ തളര്‍ന്ന പ്രിയപുത്രി നുസ്‌റത്തിന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. അരക്ക് താഴെ പൂര്‍ണമായും തളര്‍ന്നതിനാല്‍ നുസ്‌റത്തിന് പഠനം ഒരു സ്വപ്‌നമായിരുന്നു. അയല്‍കൂട്ടുകാര്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നുസ്‌റത്തിന് കലങ്ങിയ കണ്ണുകളോടെ നോക്കി നില്‍ക്കാനെ കഴിഞ്ഞിരുന്നുള്ളൂ. സ്‌കൂളിലേക്ക് പറഞ്ഞയക്കാനാകാതെ വീട്ടുകാരും വിഷമിച്ചു.
കിട്ടാവുന്ന പുസ്തകങ്ങള്‍ ചെറുപ്പത്തിലേ നുസ്‌റത്തിന് ഹബീബ് വാങ്ങിച്ചു കൊടുക്കുമായിരുന്നു. പഠനത്തിന് വെമ്പല്‍ കൊണ്ട് വര്‍ഷങ്ങള്‍ തള്ളിനീക്കി. ഉമ്മ സൈനബയുടെ പരിലാളനയും പരിചരണവും ആവോളമാണ്. മകളെ എങ്ങനെയെങ്കിലും പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച് ഗള്‍ഫില്‍ (ഒമാന്‍) നിന്ന് കുണ്ടൂരിലെ വീട്ടില്‍ മടങ്ങിയെത്തിയ ഹബീബ്മരക്കാര്‍ വഴികള്‍ അന്വേഷിച്ചു. സാക്ഷരതായജ്ഞത്തിലൂടെ പഠനം നേടാമെന്നറിഞ്ഞ ഹബീബ്മരക്കാര്‍ അങ്ങനെ മകള്‍ക്ക് വേണ്ടി തുടര്‍വിദ്യാകേന്ദ്രത്തില്‍ ചേര്‍ന്നു.
നുസ്‌റത്തിന്റെ പേരും രജിസ്റ്റര്‍ ചെയ്തു. എല്ലാ ഞായറാഴ്ചയും തിരൂരങ്ങാടി ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന സാക്ഷരതാ ക്ലാസില്‍ ഹബീബ്മരക്കാര്‍ എത്തും. ക്ലാസില്‍ എത്താന്‍ കഴിയാത്ത നുസ്‌റത്തിന് പഠിച്ച ഭാഗങ്ങള്‍ മരക്കാര്‍ വീട്ടിലെത്തി പറഞ്ഞു കൊടുക്കും. അങ്ങനെ പിതാവില്‍ നിന്ന് മകള്‍ അക്ഷരങ്ങള്‍ പഠിച്ചു തുടങ്ങി. നുസ്‌റത്തിന് ഹബീബ് പിതാവ് മാത്രമല്ല ഗുരുകൂടിയായി.
പുസ്തകങ്ങള്‍ നന്നായി വായിച്ചും എഴുതിയും പിതാവില്‍ നിന്നു പരിശീലിച്ചു. പരീക്ഷാഹാളില്‍ മകളെ ഹബീബ് മരക്കാര്‍ താങ്ങിയെടുത്ത് എത്തിക്കുന്ന രംഗം എല്ലാവരിലും അല്‍ഭുതം സൃഷ്ടിക്കുന്നതായി. ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരമെഴുതി. ഫലം വന്നപ്പോള്‍ നാലാം ക്ലാസ് തുല്യതാ പരീക്ഷയില്‍ നുസ്‌റത്ത് മികച്ച വിജയം വരിച്ചു. ആ വിജയം പ്രചോദനമായി. അറിവിന്റെ വലിയ ലോകം തുറക്കപ്പെട്ടു. വീണ്ടും പഠിക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം ഏഴാം തരം തുല്യതാപരീക്ഷക്ക് പേര്‍ രജിസ്റ്റര്‍ ചെയ്തു. ഒപ്പം പിതാവ് ഹബീബ് മരക്കാരും രജിസ്റ്റര്‍ ചെയ്തു. നുസ്‌റത്തിന് ക്ലാസില്‍ സ്ഥിരമായി പോവാന്‍ കഴിയാത്തതിനാല്‍ പതിവ് പോലെ ഹബീബ്മരക്കാര്‍ ഏഴാം ക്ലാസ് പുസ്തകങ്ങള്‍ ക്ലാസില്‍ പോയി പഠിച്ചെടുത്തു. നുസ്‌റത്തിന് വീട്ടില്‍ വെച്ച് രാവിലെയും വൈകുന്നരവുമായി പാഠഭാഗങ്ങള്‍ പകര്‍ന്നു നല്‍കി. ഏഴാംതരം തുല്യതയില്‍ നുസ്‌റത്തും പിതാവും വിജയം കുറിച്ചിട്ടു.
അടുത്ത ലക്ഷ്യം എസ്.എസ്.എല്‍.സി യെന്ന കടമ്പകടക്കാനുള്ള യജ്ഞമായി. എസ്.എസ്.എല്‍.സി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തു. ഒഴിവുദിവസങ്ങളിലെ ക്ലാസുകളില്‍ ഒരു ദിവസം പോലും തെറ്റിക്കാതെ പഠിക്കാനെത്തി. മകളെ പഠിപ്പിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഹബീബും പരീക്ഷക്കു തയ്യാറെടുത്തു. ഇക്കഴിഞ്ഞ നാലാം തിയ്യതി തുടങ്ങിയ പരീക്ഷയില്‍ മകള്‍ ജയിക്കുമെന്ന പ്രതീക്ഷയിലാണീ മകളും പിതാവും. പരീക്ഷയില്‍ തനിക്ക് വിജയം വേണ്ടതില്ല. താന്‍ ക്ലാസില്‍ പോയതും പഠിച്ചതുമെല്ലാം മകള്‍ക്ക് വേണ്ടിയാണെന്ന് ഈ പിതാവ് പറയുന്നു. നാലാം ക്ലാസും ഏഴാം ക്ലാസും വിജയിച്ച നുസ്‌റത്ത് പത്താം തരം കടന്നാല്‍ അടുത്തതായി ഹയര്‍സെക്കണ്ടറി തുല്യതാപരീക്ഷയെഴുതണമെന്ന തീരുമാനത്തിലാണ്.
എല്ലാ ദിവസവും കാലത്തും വൈകുന്നേരവുമായി പഠിക്കുന്ന മിടുക്കി 25 വര്‍ഷമായി വീടിന്റെ അകത്തളത്തെ ലോകമാക്കി കഴിയുന്നു. വിധിയെ കുറ്റംപറയാതെ നഷ്ടപ്പെട്ട അറിവിന്റെ ലോകം തിരിച്ചു കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണിവര്‍. തന്റെ പിതാവിന്റെ ഉറച്ച പിന്തുണയും ഉമ്മയുടെ സ്‌നേഹലാളനയുമാണ് പത്താം തരത്തിലേക്കെത്തിച്ചതെന്ന് നുസ്‌റത്ത് പറഞ്ഞു. പ്രേരക് വിജയശ്രീയും പിന്തുണച്ചു. സാക്ഷരതാ യജ്ഞത്തിലൂടെ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളും സ്വായത്തമാക്കിയിട്ടുണ്ട്.
കുണ്ടൂര്‍ സ്വദേശിയായ ഹബീബ്മരക്കാറിന്റെ അഞ്ച് മക്കളില്‍ മൂന്നാമത്തേതാണ് നുസ്‌റത്ത്. ഒരു വയസ്സുള്ളപ്പോള്‍ പനിയും ഛര്‍ദ്ദിയും പിടിപെടുകയും തുടര്‍ന്ന് നടക്കാന്‍ കഴിയാതാവുകയുമായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയിലുള്‍പ്പെടെ പലയിടങ്ങളിലും വര്‍ഷങ്ങള്‍ നീണ്ട ചികില്‍സ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഹബീബ് മരക്കാര്‍ പറഞ്ഞു.
News @ Chandrika
ഇഖ്ബാല്‍ കല്ലുങ്ങല്‍
Posted On: 9/9/2013 9:09:14 PM
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ