ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ശ്രീലങ്കന്‍ ഫ്രോഗ് മൗത്തിനെ തവനൂരില്‍ കണ്ടെത്തി

അപൂര്‍വ പക്ഷിയായ ശ്രീലങ്കന്‍ ഫ്രോഗ് മൗത്തിനെ തവനൂരില്‍ കണ്ടെത്തി 

തേഞ്ഞിപ്പലം: മാക്കാച്ചിക്കാട എന്ന വിളിപ്പേരുള്ള ശ്രീലങ്കന്‍ ഫ്രോഗ് മൗത്ത് എന്ന പക്ഷിയെ ആദ്യമായി മലബാറില്‍ കണ്ടെത്തി. പശ്ചിമഘട്ടത്തില്‍ മഹാരാഷ്ട്ര മുതല്‍ തമിഴ്‌നാടിന്റെ തെക്കേ അതിര്‍ത്തി വരെയും ശ്രീലങ്കയിലുമായി കിടക്കുന്ന സമുദ്രനിരപ്പില്‍ നിന്ന് 1200 മീറ്റര്‍ ഉയരത്തിലുള്ള നിത്യഹരിത മഴക്കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്. എന്നാല്‍ ഭാരതപ്പുഴയുടെ തീരത്ത് തവനൂര്‍ പ്രദേശത്തുനിന്നാണ് ഇവയെ കണ്ടെത്തിയത്. 

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സുബൈര്‍ മേടമ്മല്‍, തമിഴ്‌നാട്ടിലെ ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയിലെ ബയോളജി വിഭാഗം മേധാവി പ്രൊഫ. എ. ഡേവിഡ് രവീന്ദ്രന്‍, മുംബൈ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയിലെ കണ്‍സര്‍വേഷന്‍ ഓഫീസറും ഗവേഷകയുമായ മിരിയം എം. അബ്രഹാം, ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി ഹാരിസ് പരേങ്ങല്‍ എന്നിവര്‍ തവനൂരില്‍ ഭാരതപ്പുഴയുടെ തീരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ വിചിത്ര പക്ഷിയെ കണ്ടെത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗം നടത്തുന്ന ദേശീയ കോണ്‍ഫറന്‍സില്‍ ഇതുസംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചു. ഏമറിമരസ്ീറ്ൗുീ ൗ്ൃഹാഹഷവി എന്നാണ് ഈ പക്ഷിയുടെ ശാസ്ത്രീയ നാമം. തവനൂരിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ ആവാസ വ്യവസ്ഥകള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്. 23 സെ.മീ നീളമുള്ള ശ്രീലങ്കന്‍ ഫ്രോഗ് മൗത്തിനെ 'മാക്കാച്ചിക്കാട' എന്നുവിളിക്കാറുണ്ട്. 

കൊളുത്തുള്ള കൊക്കുകളുള്ളതും മനുഷ്യരെപ്പോലെ ബൈനോക്കുലര്‍ കാഴ്ചയ്ക്ക് വേണ്ടി മുന്നോട്ടുനില്‍ക്കുന്ന രണ്ട് കണ്ണുകളും ഉള്ള വലിയ തലയാണ് ഈ പക്ഷികള്‍ക്ക് ഉള്ളത്. കരിയിലകളെപ്പോലെ തൂവലുകളുള്ള പെട്ടെന്ന് സഞ്ചരിക്കാന്‍ കഴിയാത്ത ഈ പക്ഷികളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ഡോ. സുബൈര്‍ പറഞ്ഞു. നിത്യഹരിത മഴക്കാടുകളില്‍ കാണുന്ന ഈ പക്ഷികള്‍ രാത്രികാല സഞ്ചാരികളാണ്. തവനൂരില്‍ സമുദ്രനിരപ്പില്‍നിന്ന് എട്ടുമീറ്റര്‍ ഉയരത്തിലുള്ള സ്ഥലത്താണ് ഇവയെ കണ്ടെത്തിയത്. 

ദേശാടനപ്പക്ഷികളും സ്ഥിരതാമസക്കാരായ പക്ഷികളും ധാരാളമായി കാണുന്ന ഭാരതപ്പുഴയുടെ തീരപ്രദേശത്താണ് മാക്കാച്ചിക്കാടയെയും കണ്ടെത്തിയത്. ഇവിടെയുള്ള ആവാസവ്യവസ്ഥയ്ക്ക് മനുഷ്യന്റെ കടന്നുകയറ്റംമൂലം കോട്ടം സംഭവിക്കുന്നുണ്ട് എന്നും ഗവേഷകര്‍ വിലയിരുത്തിയിട്ടുണ്ട്.

Posted on: 12 Mar 2013
 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ