ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

സുലൈമാന്‍ കണ്ട മറഡോണ

'ഇത് ഞമ്മളെ സുലൈമാന്‍, ഓന്റെ ചങ്ങായി മറഡോണ'



കോഴിക്കോട്: ദൈവം ഒരു സുഹൃത്തിനെപ്പോലെ കൂടെ നടന്നിരുന്നെങ്കില്‍.. പണ്ട് ദാസന്‍ വിജയനോട് പറഞ്ഞപോലെ 'എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം' എന്ന് പറഞ്ഞ് ചിരിച്ച് തള്ളാന്‍ വരട്ടെ. അങ്ങനെയൊരു ഭാഗ്യം ലഭിച്ച ആളാണ് മലപ്പുറം ജില്ലയിലെ താനൂര്‍ ഒഴൂര്‍ നെല്ലിശ്ശേരി വീട്ടില്‍ സുലൈമാന്‍. ഫൂട്‌ബോള്‍ ഇതിഹാസം സാക്ഷാല്‍ ഡീഗോ അര്‍മാന്‍ഡോ മറഡോണയുടെ സഹായിയും ഡ്രൈവറുമാണ് ഈ ഇരുപത്തൊമ്പതുകാരന്‍.

താനൂര്‍ ഒഴൂരിലെ നെല്ലിശ്ശേരി മുഹമ്മദ് കുട്ടിയുടെയും കുഞ്ഞിരുമ്മയുടെയും നാലു മക്കളില്‍ മൂത്തയാളാണ് സുലൈമാന്‍. 22 വര്‍ഷമായി ദുബൈയിലെ അല്‍ വാസല്‍ ക്ലബില്‍ ട്രെയിനിംങ് സഹായിയായി ജോലി ചെയ്യുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന് 10 വര്‍ഷം മുമ്പാണ് സുലൈമാന്‍ അല്‍വാസലിലെത്തിയത്. ഏതൊരു മലപ്പുറത്തുകാരനെയും പോലെ സിരകളില്‍ ഫുട്‌ബോളും മനസ്സില്‍ മറഡോണയെയും കൊണ്ടുനടന്ന സുലൈമാന് 2011 ഓഗസ്റ്റ് 7ാം തിയ്യതി ഒരിക്കലും മറക്കാനാകില്ല.

എന്നും ആരാധനയോടെ മാത്രം കണ്ടു നടന്നിരുന്ന ആ മനുഷ്യന്‍ ഇതാ കണ്‍മുന്നില്‍. ഇന്ത്യയുടെ കറുത്തമുത്ത് ഐഎം വിജയന്‍ പറഞ്ഞപോലെ സുലൈമാനും മനസ്സില്‍ പറഞ്ഞു 'എനിക്കിനി മരിച്ചാലും വേണ്ടില്ല'.

സുലൈമാന്റെ നിയോഗം അവിടെ തുടങ്ങുകയായിരുന്നു. ദൈവത്തിന്റെ കൈയുമായി ജീവിക്കുന്ന സാക്ഷാല്‍ മറഡോണയുടെ ജീവന്‍ സ്വന്തം കയ്യിലാക്കി സുലൈമാന്‍ ദുബൈയിലെ രാജവീഥികളിലൂടെ കഴിഞ്ഞ മൂന്നുവര്‍ഷമായി ദൈവത്തിന്റെ സാരഥിയായി ജീവിക്കുകയാണ്. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ മാന്ത്രിക വിസ്മയം തീര്‍ത്ത മറഡോണയെ നമുക്കറിയാം. പക്ഷെ വീട്ടില്‍ ഉറക്കെ പാട്ടുപാടുന്ന, ചിക്കന്‍ ഭക്ഷണം ഒരുപാട് കഴിക്കുന്ന, ടെന്നിസിനെ സ്‌നേഹിക്കുന്ന, മഴയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഇങ്ങനെ നമ്മളാരും സങ്കല്‍പ്പിക്കാത്ത ഈ കുറിയ വലിയ മനുഷ്യനുമായി വല്ലാത്തൊരു ആത്മബന്ധമാണ് സുലൈമാനുള്ളത്.

ഒരിക്കല്‍ അടുക്കളയില്‍ കണ്ട ബ്രസീലിയന്‍ സ്റ്റിക്കറൊട്ടിച്ച പാത്രം കണ്ട് പൊട്ടിത്തെറിച്ച, കോണ്‍ഫെഡറേഷന്‍ കപ്പില്‍ ബ്രസീലിന്റെ മുന്നേറ്റം കണ്ട് അസ്വസ്ഥനായ മറഡോണയെ സുലൈമാന് ചിരിയോടെ മാത്രമേ ഓര്‍ക്കാനാകു.

കാതങ്ങള്‍ക്കിപ്പുറം മലപ്പുറത്തിന്റെ മണ്ണില്‍ ബ്രസീല്‍-അര്‍ജന്റീന ചേരിതിരിഞ്ഞ് സുഹൃത്തുക്കളുമായി തര്‍ക്കിക്കുന്ന സുലൈമാന് ഫുട്‌ബോള്‍ ഇതിഹാസത്തിന്റെ ഇത്തരം കുസൃതികള്‍ രസകരമായാണ് തോന്നിയത്. ഇറ്റലിയുടെ ലോകകപ്പ് നായകന്‍ ഫാബിയോ കന്നാവരോ, ബോളിവുഡിന്റെ സ്വന്തം കിംങ് ഖാന്‍ ഷാരൂഖ് തുടങ്ങിയവരാണ് കടലെടുത്ത് സ്വര്‍ഗമാക്കിയ പാംജുമൈറയില്‍ മറഡോണയുടെ അയല്‍വാസികള്‍.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫോട്ടോഫിനിഷിംങിലൂടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം നേടിക്കൊടുത്ത് മരുമകന്‍ സെര്‍ജിയോ അഗ്വൂറോ വീട്ടിലെത്തിയത് മറഡോണക്ക് ഏറെ സന്തോഷം നല്‍കിയിരുന്നെന്ന് സുലൈമാന്‍ ഓര്‍ത്തു.

ഗോള്‍ഫ് കമ്പക്കാരനായ അഗ്വൂറോ യുഎഇയില്‍ ചിലവഴിച്ച ഏഴു ദിവസവും അദ്ദേഹത്തെ ഗോള്‍ഫ് ക്ലബില്‍ എത്തിക്കുകയായിരുന്നു സുലൈമാന്റെ പ്രധാന ജോലി. എന്നാല്‍ മകളുമായുള്ള ബന്ധമൊഴിഞ്ഞ അന്ന് സ്വന്തം റൂമില്‍ തൂക്കിയിരുന്ന കുട്ടിക്കാലം മുതലുള്ള അഗ്വൂറോയുടെ ഫോട്ടോ എടുത്ത് മാറ്റാന്‍ പറഞ്ഞപ്പോള്‍ നമ്മളാരും കാണാത്ത മറഡോണയെന്ന പിതാവിന്റെ ഹൃദയനൊമ്പരവും സുലൈമാന്‍ നേരിട്ടറിഞ്ഞു.

അര്‍ജന്റീനയില്‍ നിന്ന് യുഎഇയിലേക്ക് മാറിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മറഡോണക്ക് അറബിനാടുമായി പൊരുത്തപ്പെടാനായിട്ടില്ലത്രേ. ലാറ്റിനമേരിക്കന്‍ സമയം നോക്കി യുഎഇയില്‍ പകല്‍സമയത്തുറങ്ങുന്ന മറഡോണ രാത്രി മുഴുവന്‍ ടെലിവിഷനിലും സംഗീതത്തിലും മുഴുകും.

ദിവസവും 12 മണിക്കൂറിലേറെ ഉറങ്ങുന്ന മറഡോണക്ക് ഉറക്കം കാരണം ഫ്‌ളൈറ്റ് മിസായ സംഭവം വരെ ഉണ്ടായിട്ടുണ്ട്. സ്വന്തമായി ഓഡി, ബിഎംഡബ്ല്യു, റോള്‍സ് റോയ്‌സ്, ഫെറാറി എന്നീ വാഹനങ്ങളുള്ള മറഡോണ വേഗത്തില്‍ യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്.

സൂപ്പര്‍മാര്‍ക്കറ്റില്‍ ഇറങ്ങി സ്വയം ട്രോളിയും ഉന്തി പോകുന്ന മറഡോണക്ക് അകമ്പടി സേവിക്കുകയേ സുലൈമാന് ചെയ്യേണ്ടുള്ളു.

ദൈവത്തിനൊപ്പമുള്ള ഈ ജീവിതം അല്‍വാസല്‍ ക്ലബ് അദ്ദേഹത്തെ ഒഴിവാക്കിയതോടെ താത്ക്കാലിക വിരാമമായി. പക്ഷേ യുഎഇ സ്‌പോര്‍ട് കൗണ്‍സില്‍ ബ്രാന്‍ഡ് അംബാസിഡറായി ദുബൈയില്‍ മറഡോണ തിരിച്ചെത്തിയതോടെ തന്റെ കൂടെ സുലൈമാനും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിലും രസകരമായ കാര്യം സുലൈമാന് മലയാളമല്ലാതെ അറിയാവുന്നത് അറബിയും ഇംഗ്ലീഷും, മറഡോണക്ക് അറിയാത്തതും ഇംഗ്ലീഷും അറബിയും തന്നെ. ആശയവിനിമയം പലപ്പോഴും ഐഫോണിലെ ചിത്രങ്ങള്‍ കാണിച്ചാണ്. എന്നിട്ടും ഇവരെ വീണ്ടും കൂട്ടിച്ചേര്‍ത്തത് മനസ്സുനിറയെ ഫുട്‌ബോളും അര്‍ജന്റീനയെന്ന അടങ്ങാത്ത അഭിനിവേശവും ആണ്.
മറഡോണ ടൂറിന് പോയ അവസരത്തില്‍ നാട്ടിലെത്തിയ സുലൈമാന്‍ ഓഗസ്റ്റ് 17 ന് തിരിച്ചുപോകാനൊരുങ്ങുകയാണ്.

ഭാര്യ സുമയ്യയോടും മക്കളായ ശ്യാമിലിനോടും സാബിത്തിനോടും സഹോദരങ്ങളായ സുഹൈബിനോടും സുമയ്യയോടും യാത്രപറയുമ്പോള്‍ സാധാരണ പ്രവാസികള്‍ക്കുണ്ടാവാറുള്ള മനപ്രയാസം അത്രകണ്ട് സുലൈമാനുണ്ടാകില്ല, കാരണം അയാള്‍ പോകുന്നത് സ്വന്തം ആരാധനാപാത്രമായ തന്റെ പ്രിയപ്പെട്ട ഡീഗോയുടെ അരികിലേക്കാണ്...

ജയേഷ് പൂക്കോട്ടൂര്‍
8/1/2013 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ