ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

എഡിറ്റര്‍മാരെ തിരുത്തുന്ന ശരീഫ്


പത്രാധിപന്‍മാരെ തിരുത്തുന്ന ശരീഫ്‌ പത്രവിതരണത്തിലാണ്‌

മലപ്പുറം: സ്കൂള്‍ കലോല്‍സവത്തിന്റെ വേദികളില്‍ മുഷിഞ്ഞ വേഷവുമായി പത്ര വിതരണം നടത്തുന്ന ആകര്‍ഷകമല്ലാത്ത ഈ രൂപം കണ്ട്‌ നെറ്റി ചുളിക്കേണ്ട. പത്രാധിപന്‍മാരെ വരെ തിരുത്താന്‍ ശേഷിയുള്ള ഔപചാരിക വിദ്യഭ്യാസമില്ലാത്ത അറിവിന്റെ അക്ഷയഖനിയാണ്‌ ഈ ചെറുപ്പക്കാരന്‍. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ കാപ്പ്‌ മുഹമ്മദ്‌ ശരീഫിന്‌ ഡി.സി ബുക്സിനെ വരെ തിരുത്തിച്ച ചരിത്രം പറയാനുണ്ട്‌. ചിലപ്പോള്‍ കപ്പലണ്ടി കച്ചവടക്കാരന്റെ രൂപത്തിലായിരിക്കും ശരീഫ്‌ പ്രത്യക്ഷപ്പെടുക. മറ്റു ചിലപ്പോള്‍ പടക്ക കച്ചവടം. എല്ലാ ജീവിതമാവുന്ന ഞാണിന്‍മേല്‍ കളിക്കുവേണ്ടി. ഇതിനിടയില്‍ ഒന്നുണ്ട്‌. പ്രസിദ്ധീകരണങ്ങളില്‍ തെറ്റുണേ്ടാ ശരീഫ്‌ തിരുത്തിച്ചിരിക്കും. സിനിമയിലാണ്‌ ശരീഫിന്റെ അഗാധ പാണ്ഡിത്യം. ഇതു തിരിച്ചറിഞ്ഞ്‌ ജഗതി ശ്രീകുമാര്‍ അപകടത്തില്‍പെട്ട്‌ കിടപ്പിലാവുന്നതിനു തൊട്ടുമുമ്പ്‌ ഒരു ചാനല്‍ സംപ്രേഷണം ചെയ്ത മുഖാമുഖത്തിലേക്ക്‌ അതിഥിയായി ക്ഷണിച്ചിരുന്നത്‌ ശരീഫിനെയായിരുന്നു. ജഗതിക്കുപോലും ഓര്‍മയില്ലാത്ത അഭിനയിച്ച സിനിമകളുടെ പേരും വര്‍ഷവും വരെ ശരീഫ്‌ കൃത്യമായി പറഞ്ഞു. കൂട്ടത്തില്‍ കൂസലില്ലാതെ സംവിധാനത്തില്‍ താങ്കള്‍ പരാജയമാണെന്നും നടനെന്ന നിലയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തലകുലുക്കി ഈ അറിവുകളെ ജഗതി ശരിവയ്ക്കുകയായിരുന്നു.

ഡി.സി ബുക്സ്‌ പ്രസിദ്ധീകരിച്ച ഒ എന്‍ വി കുറുപ്പിന്റെ ഗാന സമാഹാരമായ മാണിക്യ വീണയില്‍ രവീന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ച പാട്ടുകള്‍ മറ്റൊരാളുടേതായി അച്ചടിച്ചു വന്നപ്പോള്‍ അതു തിരുത്തിക്കാന്‍ ശരീഫിനായി. കുട്ടിക്കാലം മുതല്‍ ബാലപ്രസിദ്ധീകരണങ്ങള്‍ക്ക്‌ ശരീഫ്‌ കത്തെഴുതുമായിരുന്നു, തെറ്റുകള്‍ തിരുത്തിക്കാന്‍. പിന്നീട്‌ ഇതുവരെ പ്രമുഖ മലയാള ആനുകാലികങ്ങളിലും സിനിമ പ്രസിദ്ധീകരണങ്ങളിലും ശരീഫിന്റെ തിരുത്തല്‍ കത്തില്ലാത്ത ലക്കങ്ങള്‍ കുറവായിരിക്കും.

ജീവിത നൌക മുതല്‍ പഴയ ചിത്രങ്ങളും പഴയ ഗാനങ്ങളുടെ അമൂല്യ ശേഖരവും ശരീഫിന്റെ കൈവശമുണ്ട്‌. ഒരു നൂറ്റാണ്ടു കാലത്തെ മലയാള സിനിമകളെ കുറിച്ച്‌ ഡയറക്ടറി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ ശരീഫ്‌. അതിനിടയിലും വിനയത്തോടെ ശരീഫ്‌ ചോദിക്കുന്നു, തെറ്റുണേ്ടാ തിരുത്താന്‍.
News @ Thejas

1 comment:

  1. മഞ്ചേരിയില്‍ നടന്ന ഒരു ഫിലിം ഫെസ്റിവല്‍ സമയത്ത് ഷരീഫിനെ ഞാന്‍ കണ്ടിരുന്നു .മുഷിഞ്ഞത് പോലെ തോന്നുന്ന വേഷമിട്ട അദ്ധേഹത്തിന് കിട്ടുന്ന പരിഗണന ഞാന്‍ ശ്രദ്ധിച്ചിരുന്നു ഈ പോസ്റ്റ്‌ വായിച്ചപ്പോഴാണ് പേരും പ്രസസ്തിയും മനസ്സിലായത്‌

    ReplyDelete

ജ്ജ് മുണ്ടാണ്ടെ പോവ്വാ