ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

Showing posts with label മലപ്പുറം വിശേഷങ്ങള്‍. Show all posts
Showing posts with label മലപ്പുറം വിശേഷങ്ങള്‍. Show all posts

മലപ്പുറത്തിന്റെ മറുപുറം - മൈത്രിയുടെ നിലാക്കുളിര്

മലപ്പുറം ജനിച്ചത് മുതലുള്ള വിവാദം വ്യത്യസ്ത കാരണങ്ങളാൽ പലപ്പോഴും പുനർജനിക്കാറുണ്ട്. രാഷ്ട്രീയമായ കാരണങ്ങളായിരുന്നു പലപ്പോഴും. താൽക്കാലികമായ ലാഭങ്ങൾക്ക് വേണ്ടിയുള്ള വിവാദങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായില്ല. എല്ലാ വിവാദങ്ങൾക്കും ജീവിതം കൊണ്ട് മറുപടി മലപ്പുറത്തുകാർ നൽകി.  


കുറച്ചു വർഷം മുമ്പാണ്. മലപ്പുറത്ത്‌നിന്ന് സ്ഥലം മാറിപ്പോകുന്ന ജില്ലാ കലക്ടർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനമാണ് വേദി.
''ഇവിടെനിന്ന് പോകുന്നത് സ്വന്തം വീട്ടിൽനിന്ന് പുറപ്പെട്ട് പോകും പോലെയാണ്. മടങ്ങിവരണമെന്നുറപ്പിച്ചാണ് ഞാനീ പടിയിറങ്ങുന്നത്. ഇനിയും മടങ്ങി വരണം. ഇവിടെ ഒരഞ്ച് സെന്റ് സ്ഥലം വാങ്ങണം. അവിടെയൊരു വീടുവെക്കണം....''
കണ്ണുനിറഞ്ഞാണ് ശിവശങ്കർ പ്രസംഗം പൂർത്തിയാക്കിയത്.
മലപ്പുറത്തിന്റെ ഉള്ളടക്കം മറ്റാരേക്കാളുമറിയുന്നത് കലക്ടർക്കാണ്. പടിയിറങ്ങിയിട്ടും തിരിച്ചുവിളിക്കുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും മണ്ണും മനുഷ്യരുമുള്ള ഒരിടം അദ്ദേഹത്തെ മാടിവിളിച്ചുകൊണ്ടിരിക്കുന്നുണ്ടാകണം.
സുഹൃത്ത് കരീം ഗ്രാഫി തയ്യാറാക്കിയ ഒരു ചിത്രമുണ്ട്. അതിലെ വാചകം ഇങ്ങനെയാണ്. അമ്പലത്തിൽ വൈകി എത്തിയാൽ പടച്ച റബ്ബേ. നട അടച്ചോന്ന് ചോദിക്കുന്ന നാടേതാണെന്നറിയോ ങ്ങക്ക്...അദ്ദാണ് ഞമ്മളെ മലപ്പുറം...
പറഞ്ഞുപറഞ്ഞു പതിഞ്ഞുപോയ കുറെ കഥകളുണ്ട്, മലപ്പുറത്തെ പറ്റി. അതിൽ അമ്പലത്തിൽ പൂജക്കായി താമര കൃഷി ചെയ്യുന്ന മുസ്‌ലിം കർഷകരുണ്ട്, നോമ്പുകാലത്ത് സമയമറിയിക്കാൻ വേണ്ടി കതിന മുഴക്കിയിരുന്ന പിരിയാണിയുണ്ട്..
പൂന്താനവും മോയിൻകുട്ടി വൈദ്യരും ഇ.എം.എസും  അക്കിത്തവുമെല്ലാം പിറന്ന ഒരിടം...ഉള്ളടക്കം വർഗീയമല്ലെന്ന് ഇവരൊക്കെ പറഞ്ഞിട്ടുണ്ട്...
മലപ്പുറത്തിന്റെ മണ്ണിൽ വർഗീയതയുടെ വിത്തിറക്കാനാകുമോ എന്ന് പലരും പലവട്ടം നോക്കിയിട്ടുണ്ട്. അതിൽ എല്ലാ വിഭാഗത്തിലും പെട്ടവരുണ്ട്. ഇക്കാലം വരെയും ഒരു വർഗീയ കലാപം പോലും മലപ്പുറത്തുണ്ടായിട്ടില്ല. ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയുടെ കണ്ണ് എല്ലാവരും തുറന്നുവെച്ചു. ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഈ സൗഹൃദത്തിന്റെ ഈടുവെപ്പിനായി കാവൽ നിന്നു. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ വാതിലിന് തീയിട്ടപ്പോൾ അവിടെ ആദ്യമെത്തിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. ആ തീ വേറെ എവിടെയും പടരാതെ സംയമനത്തിന്റെ കാറ്റായിരുന്നു പിന്നെ വീശിയത്. പിന്നെയും കത്തിപ്പടരാവുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടും തീപ്പൊരി പോലുമുണ്ടായില്ല.
താനൂരിലെ ശോഭാപറമ്പ്. മലപ്പുറം ജില്ലയിലെ തന്നെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് താനൂരിലെ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം. ഇവിടെ പൂജ നടത്തുന്നതിനുള്ള പ്രധാന കാർമികനെ നിശ്ചയിക്കുന്നത് താനൂരിലെ പഴയകത്തെ മുസ്‌ലിം തറവാട്ടിൽനിന്നാണ്. കാർമ്മികന് ആവേൻ എന്നാണ് പേര്. എട്ടു കൊല്ലം മുമ്പാണ് പഴയകത്ത് തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ബാപ്പു ഹാജി എന്ന മുഹമ്മദ് കുട്ടി ഹാജി ആവേൻ വിളി നടത്തിയത്.
നാലു പേരെയാണ് ആവേനായി വിളിച്ചത്. ബാപ്പു ഹാജിയുടെ ബാപ്പ 58 കൊല്ലം മുമ്പ് മൂന്നു പേർക്ക് ആവേൻ സ്ഥാനം നൽകിയിരുന്നു. 800 കൊല്ലം പഴക്കമുള്ള തറവാടാണിത്. അത്രയും കാലം ഈ പാരമ്പര്യത്തിന്റെ ഇഴ പൊട്ടാതെ കാത്തുപോന്നിട്ടുണ്ട് ഈ ദേശം. ആവേൻ സ്ഥാനം ലഭിച്ചവർക്ക് മാത്രമേ ഈ ക്ഷേത്രത്തിൽ വെളിച്ചപ്പെടാൻ കഴിയൂ. തിരുഉഴിച്ചിലും പാട്ട് എന്ന ചടങ്ങോടെയാണ് ആവേൻ വിളി നടക്കാറുള്ളത്. പഴയകത്ത് തറവാട്ടിൽനിന്ന് ലഭിക്കുന്ന സ്ഥാനപ്പേര് ഏറെ സന്തോഷം നൽകുന്നതാണെന്ന് ഇപ്പോഴത്തെ പൂജാരി രാജീവ് പറയുന്നു. (സുഹൃത്ത് തോപ്പിൽ ഷാജഹാൻ തയ്യാറാക്കിയ മലപ്പുറത്തെ പറ്റിയുള്ള ഡോക്യുമെന്ററിയിൽനിന്ന്)
പള്ളിയിലെ മുസ്‌ലിയാർക്ക് മാസത്തിലൊരിക്കൽ മുസ്‌ലിം വീടുകളിൽനിന്നെന്ന പോലെ ഭക്ഷണം നൽകുന്ന ഇതര മതസ്ഥരുടെ വീടുകളുണ്ട് മലപ്പുറത്തെമ്പാടും. ഒന്നും രണ്ടുമല്ല.
ഇങ്ങനെയുള്ള കഥകളുണ്ട് ഒരുപാട്. അത് ഏറെ പറയാനുണ്ട്. പറയുന്നില്ല. ഇനി ഇത് മലപ്പുറത്ത് മാത്രമുള്ളതാണോ എന്നാണ് ചോദ്യമെങ്കിൽ അല്ലെന്നാണ് ഉത്തരം. നല്ല മനുഷ്യരുള്ള എല്ലാ സ്ഥലങ്ങളിലും ഇതൊക്കെയുണ്ട്. പിന്നെ എന്തിന് മലപ്പുറത്തെ മാത്രം പറയുന്നു എന്ന് ചോദിച്ചാൽ ഇപ്പോഴത്തെ വിവാദം എന്നു മാത്രമാണ് അതിനുത്തരം.
പിറവിയെടുത്തത് മുതൽ മലപ്പുറത്തെ പറ്റി ഉന്നയിക്കാത്ത ആരോപണങ്ങളില്ല. കുട്ടിപ്പാക്കിസ്ഥാനാണ് എന്നതായിരുന്നു ഒന്നാമത്തേത്.
പാക്കിസ്ഥാനിൽനിന്ന് ആയുധക്കപ്പൽ മലപ്പുറത്തെ താനൂർ തീരത്തെത്തി എന്ന് മറ്റൊരു ആരോപണം. സുബ്രഹ്മണ്യം സ്വാമി വരെയുള്ള ബി.ജെ.പി നേതാക്കൾ ഈ ആരോപണമുന്നയിച്ചു. എന്നാൽ, മലപ്പുറത്തെ ബി.ജെ.പി നേതാക്കൾ പോലും ഇതെല്ലാം പുച്ഛിച്ചു തള്ളി. സുബ്രഹ്മണ്യം സ്വാമിയെ പോലെയുള്ള ബി.ജെ.പി നേതാക്കളല്ല മലപ്പുറത്തുള്ളത്. ശശികലയെ പോലെയുള്ള ബി.ജെ.പി നേതാക്കളല്ല മലപ്പുറത്തുള്ളത്. സുഷമ സ്വരാജിനെ പോലെയുള്ളവരാണ്. മലപ്പുറത്തിന്റെ ഉള്ളടക്കം അറിയുന്നതുകൊണ്ടാണ് ശ്രീപ്രകാശിനെ പോലെയുള്ള സ്ഥാനാർഥികൾ മലപ്പുറത്ത് വരുന്നത്.
മലപ്പുറം ജില്ല രൂപീകരിക്കുന്നത് മുമ്പ് തന്നെ ഈ മേഖലയിൽ മുസ്‌ലിം ലീഗ് പ്രവർത്തിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു ഭാഗത്ത് മുസ്‌ലിം വർഗീയതയുണ്ടെങ്കിൽ മറുഭാഗത്ത് അതിനെതിരായി ഹിന്ദുവർഗീയതയും രൂപമെടുക്കും.
എന്നാൽ ഈ കാലം വരെയും മലപ്പുറത്ത് അങ്ങനെയൊരു വളർച്ചയുണ്ടായിട്ടില്ല. ചില തീവ്രവാദി കക്ഷികൾ രംഗത്ത് വന്നതിന് ശേഷമാണ് മലപ്പുറത്ത് അൽപമെങ്കിലും മറുവാദവും ശക്തി പ്രാപിക്കുന്നത്. പക്ഷേ അതെല്ലാം നനഞ്ഞ പടക്കങ്ങളായി.
മലപ്പുറം ജില്ലയുടെ രൂപീകരണത്തെ തുടക്കം മുതൽ അക്കാലത്തെ ജനസംഘം (ബി.ജെ.പിയുടെ ആദ്യരൂപം) എതിർത്തിരുന്നു. മലപ്പുറത്തിന്റെ അസ്തിത്വം അംഗീകരിക്കാൻ തയ്യാറാകാത്ത ജനസംഘം മലപ്പുറത്ത് ജില്ലാ കമ്മിറ്റി പോലും രൂപീകരിക്കാൻ തയ്യാറായില്ല. കോൺഗ്രസിലെ ഒരു വിഭാഗവും കെ. കേളപ്പനുമെല്ലാം മലപ്പുറം ജില്ലയുടെ രൂപീകരണത്തെ എതിർത്തിരുന്നു.
അതേസമയം തന്നെ പി.സി രാഘവൻ നായർ എന്ന സി.പി.എം എം.എൽ.എയും കെ.പി.ആർ ഗോപാലനും മലപ്പുറം ജില്ലയുടെ രൂപീകരണത്തെ എതിർത്തിരുന്നു. ഇ.മൊയ്തുമൗലവി, ആര്യാടൻ മുഹമ്മദ്, വി.എ ആസാദ് (എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു) എന്നിവരെല്ലാം മലപ്പുറം ജില്ലയുടെ രൂപീകരണത്തിന് എതിരായിരുന്നു. ജില്ല രൂപീകരിച്ച പിറ്റേ വർഷം മൊയ്തു മൗലവിയെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ സല്യൂട്ട് സ്വീകരിക്കാനെത്തിച്ച് കണക്ക് തീർത്തു.
സപ്ത കക്ഷി മുന്നണിയിലെ സി.പി.ഐ, മുസ്‌ലിം ലീഗ്, എസ്.എസ്.പി, ആർ.എസ്.പി എന്നീ കക്ഷികൾ നിർബന്ധിച്ചതുകൊണ്ടാണ് മലപ്പുറം ജില്ല പിറന്നത്. (ജില്ലയെ എതിർത്തവരെ കണക്കിന് കശക്കിയ ഒരു ലഘുലേഖ സി.പി.ഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സി. അച്യുതമേനോൻ എഴുതി. അതിന്റെ തലക്കെട്ട്: മലപ്പുറം ജില്ലാ വിരുദ്ധ സമരം ദുരുപദിഷ്ടിതമായ വർഗീയ സമരം).
മലപ്പുറം ജില്ല ഏതെങ്കിലും ഒരു കക്ഷിയുടെ ആവശ്യപ്രകാരം മാത്രമായിരുന്നില്ലെന്ന് ചുരുക്കം. ആവശ്യപ്പെട്ടവരും എല്ലാ പാർട്ടിയിലുമുണ്ട്. എതിർത്തവരിലും എല്ലാമുണ്ട്. മലപ്പുറം രൂപീകരണവുമായി ബന്ധപ്പെട്ട് ഇ.എം.എസിന്റെ തന്നെ രണ്ട് നിരീക്ഷണമുണ്ട്. അനുകൂലിച്ചും എതിർത്തുമുള്ളത്.
മലപ്പുറം ജനിച്ചത് മുതലുള്ള വിവാദം വ്യത്യസ്ത കാരണങ്ങളാൽ പലപ്പോഴും പുനർജനിക്കാറുണ്ട്. രാഷ്ട്രീയമായ കാരണങ്ങളായിരുന്നു പലപ്പോഴും. താൽക്കാലികമായ ലാഭങ്ങൾക്ക് വേണ്ടിയുള്ള വിവാദങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായില്ല. എല്ലാ വിവാദങ്ങൾക്കും ജീവിതം കൊണ്ട് മറുപടി മലപ്പുറത്തുകാർ നൽകി.  അമ്പലത്തിൽ വൈകി എത്തിയാൽ പടച്ച റബ്ബേ. നട അടച്ചോന്ന് ചോദിക്കുന്ന നാടായി മലപ്പുറം നിലനിൽക്കുന്നു....

വഹീദ് സമാൻ
മലയാളം ന്യൂസ്

സാക്ഷരതാ-ദേശീയ അവാര്‍ഡ് മലപ്പുറം ജില്ലക്ക് സമ്മാനിച്ചു


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാക്ഷരതാ അവാര്‍ഡ് മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന് സമ്മാനിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ചെയര്‍മാന്‍ പി.വി.അബ്ദുല്‍ വഹാബും, ഡയറക്ടര്‍ വി. ഉമ്മര്‍കോയയും അവാര്‍ഡ് ഏറ്റുവാങ്ങി. രാജ്യത്തെ 260 ജില്ലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് മലപ്പുറം ജെ എസ് എസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തയ്യാറാക്കിയ സൂചകങ്ങള്‍ ഉപയോഗിച്ച് മുംബൈയിലെ എസ്. എന്‍. ഡി.റ്റി വിമണ്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ ഫീല്‍ഡ് ലെവല്‍ പരിശോധനയിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജെ എസ് എസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതിന് അംഗീകാരം നല്‍കുകയായിരുന്നു.

വിധവകള്‍, വിവാഹമോചിതര്‍, 40 വയസ് കഴിഞ്ഞ അവിവാഹിതര്‍, എന്നിവരുടെ സ്വാശ്രയത്വം ലക്ഷ്യമിട്ട് തുടങ്ങിയ ഉല്ലാസം പദ്ധതി, പെയിന്‍ ആന്റ് പാലിയേറ്റീവുമായി സഹകരിച്ച് കിടപ്പിലായ രോഗികള്‍, ഭിന്നശേഷിക്കാര്‍, പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്കായി നടപ്പിലാക്കിയ തൊഴില്‍ പരിശീലനങ്ങള്‍, സംരംഭങ്ങള്‍, കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ കരകൗശല വികസന പ്രവര്‍ത്തനങ്ങള്‍, കേന്ദ്ര സര്‍ക്കാറിന്റെ ചെറുകിട സൂക്ഷ്മ വ്യവസായ വകുപ്പുമായി (എന്‍. ഐ. എം. എസ് എം. ഇ, ഹൈദരാബാദ്) ചേര്‍ന്നു നടത്തിയ പരിശീലന പരിപാടികള്‍, തുല്ല്യതാ പഠിതാക്കള്‍ക്കുവേണ്ടി നടത്തിയ തൊഴില്‍ പരിശീലനങ്ങള്‍, പുതുമയാര്‍ന്ന മറ്റു പദ്ധതികള്‍ എന്നിവയാണ് അവാര്‍ഡിന് സഹായകരമായത്.

2006 ല്‍ നിലമ്പൂര്‍ മുസ്‌ലിം യതീംഖാന കേന്ദ്രീകരിച്ചാണ് ജെ എസ് എസ്സിന് പ്രവര്‍ത്തനം ആരംഭിച്ചത്. സമൂഹത്തിലെ പാവപ്പെട്ടവര്‍, തൊഴില്‍ രഹിതര്‍, നിരക്ഷരര്‍, നവ സാക്ഷരര്‍, തുല്ല്യതാ പഠിതാക്കള്‍, ഒറ്റപ്പെട്ട വനിതകള്‍, പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വാശ്രയത്വവും , ആജീവനാന്ത വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയാണ് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ പ്രധാന പ്രവര്‍ത്തനം. കുടുംബശ്രീ, സാക്ഷരതാ മിഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, മറ്റു ഏജന്‍സികള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് സംഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Chandrika
9/9/2014

മലപ്പുറം സമ്പൂര്‍ണ പെന്‍ഷന്‍ ജില്ലയാകുന്നു

പ്രഖ്യാപനം ജനുവരി ഒന്നിന്
തിരൂരങ്ങാടി: മലുപ്പുറം സമ്പൂര്‍ണ പെന്‍ഷന്‍ ജില്ലയാകാന്‍ ഒരുങ്ങുന്നു. ജില്ലാ പഞ്ചായത്തിന് കീഴിലെ 100 പഞ്ചായത്തുകളെ സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താക്കിയാണ് ജില്ല ഈ നേട്ടം കൈവരിക്കുന്നത്. ജനുവരി ഒന്നിന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
വിധവകള്‍, വൃദ്ധര്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍, കര്‍ഷകര്‍ എന്നീ വിഭാഗങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും ക്ഷേമ പെന്‍ഷന്‍ ഉറപ്പുവരുത്തി മാതൃകയാവുകയാണ് ലക്ഷ്യം.
സമ്പൂര്‍ണ പെന്‍ഷന്‍ ജില്ലയാകുതിന്‍െറ ഭാഗമായി പഞ്ചായത്തുകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും മറ്റു തുടര്‍നടപടി സ്വീകരിക്കാനും തീരുമാനമായിട്ടുണ്ട്.
പദ്ധതിക്കാവശ്യമായ രൂപരേഖ തയാറാക്കാന്‍ തിരൂരങ്ങാടി പഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍, ക്ഷേകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍മാര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവരെ പങ്കെടുപ്പിച്ച് ജില്ലാതല ശില്‍പശാല നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ.എ. റസാഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി. സുകുമാരന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി സി.കെ. ജയദേവന്‍, പഞ്ചായത്ത് അസി. ഡയറക്ടര്‍ പി.പി. ദയാനന്ദന്‍, ഒ.ടി. ജയിംസ്, കെ.വി. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
പെര്‍ഫോമന്‍സ് ഓഡിറ്റ് സൂപ്പര്‍ വൈസര്‍ പി. നവാസ് ക്ളാസെടുത്തു. തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. അഹമ്മദ്കുട്ടി ഹാജി സ്വാഗതം പറഞ്ഞു.

ഇ ലോകത്തെ മലയാളം ഈ മലപ്പുറത്തുകാരന്റെ വിജയഗാഥ

 മലപ്പുറം: ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും കൈവെക്കാന്‍ മടിച്ചിരുന്നവര്‍ക്ക് ബൈജുവിനോടുള്ള കടപ്പാട് കുറച്ചൊന്നുമല്ല. ഈ മലപ്പുറത്തുകാരനാണ് ആദ്യമായി കമ്പ്യൂട്ടറിലേക്കും മൊബൈല്‍ ഫോണിലേക്കും മാതൃഭാഷയെ കൊണ്ടുവന്നത്. ഇന്ന് ഈ ഉപകരണങ്ങളില്‍ ഇംഗ്ലീഷ് പോലെ മലയാളം കൊണ്ട് കളിക്കുന്ന പലര്‍ക്കും മലപ്പുറം ജില്ലയിലെ അരീക്കോട് പത്തനാപുരം സ്വദേശി എം ബൈജുവിനെ അറിയില്ല.

2001 മുതലാണ് ഇന്റര്‍നെറ്റില്‍ മലയാളം ലഭ്യമായി തുടങ്ങിയത്. അതിന് മുമ്പും മലയാളം ടൈപ്പ് ചെയ്യാനുള്ള ആസ്‌കി സംവിധാനം (ഐ എസ് എം രീതി) ഉണ്ടായിരുന്നെങ്കിലും ഇന്റര്‍നെറ്റിലോ മൊബൈല്‍ ഫോണിലോ ഇത് സപ്പോര്‍ട്ട് ചെയ്യുമായിരുന്നില്ല. ഇക്കാലത്ത് കോഴിക്കോട് ആര്‍ ഇ സിയില്‍ സിവില്‍ എന്‍ജീനീയറിംഗിന് പഠിക്കുകയായിരുന്ന ബൈജു തുടങ്ങിവെച്ച മലയാളം ലിനക്‌സ് എന്ന ഓണ്‍ലൈന്‍ സംരംഭമാണ് പിന്നീട് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന പേരില്‍ വികസിച്ചത്. വിവര സാങ്കേതികവിദ്യാ രംഗത്തുള്ളവരും ഭാഷാപ്രവര്‍ത്തകരുമൊക്കെ പിന്നീട് ഇതിന് പിന്തുണ നല്‍തി. രാവിലെ ഏഴ് മുതല്‍ പന്ത്രണ്ട് വരെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനുള്ള സൗകര്യം അന്ന് കോളജിലുണ്ടായിരുന്നു. ഇന്റര്‍നെറ്റിലൂടെ വിവരങ്ങളെല്ലാം ഇംഗ്ലീഷിലാണ് ലഭിച്ചുകൊണ്ടിരുന്നത്. എന്തുകൊണ്ട് ഇത് മലയാളത്തിലും ലഭ്യമാക്കികൂടായെന്ന ചിന്തയാണ് മലയാളം ലിനക്‌സിലേക്ക് എത്തിച്ചതെന്ന് ബൈജു പറയുന്നു.
 ഇക്കാലത്ത് തെലുങ്ക്, ഹിന്ദി ഭാഷകള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ച ആന്ധ്രാപ്രദേശിലെ ഗുണ്ടുപിള്ളി കരുണാകര്‍ എന്നയാളെ ഇന്റര്‍നെറ്റ് വഴി പരിചയപ്പെടാനായത് ബൈജുവിന്റെ ഓണ്‍ലൈന്‍ പ്രൊജക്ടിനെ ഏറെ സഹായിച്ചു. അക്ഷരരൂപം (ഫോണ്ട്) നിര്‍മിക്കലായിരുന്നു ആദ്യ ഘട്ടത്തിലെ പ്രതിസന്ധി. ഇതിനും വഴിയുണ്ടായി. ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട നെതര്‍ലാന്‍ഡ് സ്വദേശി ജെറോണ്‍ ഹെല്ലിംഗ്മാന്റെ സഹായത്തോടെ മെറ്റാഫോണ്ടിന് തുടക്കം കുറിച്ചു. ഇടക്കാലത്ത് ജോലി സംബന്ധമായ തിരക്കുകള്‍ കാരണം മലയാളം കമ്പ്യട്ടിംഗില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മ വളര്‍ച്ച പ്രാപിച്ചതോടെ കാര്യങ്ങള്‍ക്ക് വേഗം കൂടി.

ഇന്ത്യയിലെ സ്വതന്ത്ര സോഫ്ട്‌വെയര്‍ പ്രസ്ഥാനത്തിലും (എഫ് എസ് എഫ്) ജോലിചെയ്ത ബൈജു പൈത്തണ്‍ പ്രോഗ്രാമര്‍ കൂടിയാണിപ്പോള്‍. പിന്നീട് വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ മീര, രചന തുടങ്ങിയ ഫോണ്ടുകളും വികസിപ്പിച്ചെടുത്തതോടെ ഇന്റര്‍നെറ്റില്‍ മലയാളം കമ്പ്യൂട്ടിംഗ് സാധ്യമായി തുടങ്ങി. ആര്‍ക്കും ഉപയോഗിക്കാനും പകര്‍പ്പെടുക്കാനും സാധിക്കുന്ന വിധത്തിലാണ് ഈ യൂനിക്കോഡ് ഫോണ്ടുകളുള്ളത്. ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളും മറ്റും മലയാള ലഭ്യതക്കായി ഈ ഫോണ്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന് രൂപംനല്‍കിയ ബൈജുവിനെ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടത്തിയ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ വ്യാഴവട്ടം ആഘോഷത്തില്‍ ആദരിച്ചിരുന്നു. ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ. ജി. നാഗാര്‍ജുനയാണ് ആദരിച്ചത്.

Siraj Daily
October 18, 2013 

ഇവിടം ഇനിയൊരു അന്താരാഷ്ട്ര ഗ്രാമം


മലപ്പുറം: മെഡിക്കല്‍ കോളജെന്ന സ്വപ്‌ന നേട്ടത്തിന്റെ ത്രില്ലടങ്ങും മുന്‍പാണ് മഞ്ചേരിവീണ്ടും ആവേശഭരിതമാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി തുടങ്ങിയിരുന്നെങ്കിലും മാസങ്ങള്‍ക്കകം ഉദ്ഘാടനവും കൂടെ ഇന്ത്യയുടെ തന്നെ വലിയ ടൂര്‍ണമെന്റും ഇവിടെ നടക്കും. എല്ലാം കണ്ണടച്ച് തുറക്കും വേഗത്തില്‍.

പല സ്റ്റേഡിയങ്ങളും ഉദ്ഘാടനത്തോടനുബന്ധിച്ച് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറാണ് പതിവ്. എന്നാല്‍ ഇവിടേയോ മറിച്ച് ഒരു വമ്പന്‍ ടൂര്‍ണമെന്റിന്റെ വരവോടു കൂടി ഗ്രൗണ്ട് വേഗത്തില്‍ ഒരുങ്ങുന്നു.

ലോകക്കപ്പ് മത്സരങ്ങള്‍ക്കൊക്കെ വേണ്ടി രാഷ്ട്രങ്ങള്‍ ചെയ്യുന്നത് പോലെ. ജനുവരിയോടെ ഉദ്ഘാടനം ഉണ്ടാവുമെന്ന് നേരത്തെ തന്നെ പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും ഫെഡറേഷന്‍ കപ്പിന്റെ ആരവങ്ങളാണ് മഞ്ചേരി സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തി വേഗത്തിലാക്കിയത്.

തങ്ങളുടെ മുറ്റത്ത് പെട്ടന്ന് വളര്‍ന്ന് പന്തലിച്ച ഈ അന്താരാഷ്ട്ര സ്റ്റേഡിയത്തിന്റെ ആവേശത്തിലാണ് സമീപ വാസികളും നാട്ടുകാരും. ഇത്രയും പെട്ടന്ന് സ്റ്റേഡിയം യാഥാര്‍ഥ്യമാവുമെന്നും ഫെഡറേഷന്‍ കപ്പ്‌പോലുള്ള വമ്പന്‍ ടൂര്‍ണമെന്റിന് ഇവിടം സാക്ഷിയാവുമെന്നൊന്നും ആരും കരുതിയിരുന്നില്ല.

കുട്ടികളും വലിയവരുമെല്ലാം നിറഞ്ഞ ആവേശത്തിലാണ്. ഈ ആവേശം നിറഞ്ഞ ഗ്യാലറി തീര്‍ക്കുമെന്ന് മുന്നില്‍കണ്ടു തന്നെയാണ് ഫെഡറേഷന്‍ കപ്പ് മലപ്പുറത്തു തന്നെ ആവണമെന്ന് സംഘാടകരും ആഗ്രഹിക്കുന്നത്. മലപ്പുറത്തുകാര്‍ മനസ്സുകൊണ്ട് ഇതിന് തയ്യാറായി കഴിഞ്ഞു.

ഒഴിവു ദിവസങ്ങളില്‍ ജില്ലയുടെ പലഭാഗങ്ങളില്‍ നിന്നും ഇവിടെയെത്തുന്ന ജനങ്ങള്‍ ഇതിന് ഉദാഹരണമാണ്. സ്ഥലത്തിന് ആവശ്യക്കാരേറെയാണ്. വലിയ ഷോപ്പിങ് കോംപ്ലക്‌സും ക്വാര്‍ട്ടേഴ്‌സുകളുമെല്ലാം വരാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.

സ്റ്റേഡിയത്തിനൊപ്പം ഇവിടെ ഓരു ഗ്രാമവും അന്താരാഷ്ട്ര പദവി നേടുകയാണ്. യുഡിഎഫ് സര്‍ക്കാറിന്റെ ദീര്‍ഘവീക്ഷണവും കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെയും അഡ്വ എം ഉമര്‍ എംഎല്‍എയുടെയും നിരന്തരമായ ഇടപെടലും ജില്ലാ പഞ്ചായത്തിന്റെ പിന്തുണയും സ്റ്റേഡിയത്തിനു ബലമായി.
മഞ്ചേരി
സ്റ്റേഡിയമെന്നാല്‍......
അന്തര്‍ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കളിക്കാര്‍ക്ക് ഒരുങ്ങാനായി പ്രത്യേകം ശീതീകരിച്ച ഡ്രസ്സിങ് മുറികള്‍ ഉണ്ടാവും.

വിവിധ ക്യാബിനുകളായി തിരിച്ചാവും ഡ്രസ്സിങ് റൂം നിര്‍മിക്കുക. മാച്ച് കമ്മീഷണര്‍ക്കും റഫറിമാര്‍ക്കും പ്രത്യേകം മുറികള്‍ ഉണ്ടാവും. ശീതീകരിച്ച അത്യാധുനിക മീറ്റിങ് ഹാള്‍, മെഡിക്കല്‍ റൂം, മീഡിയ റൂം എന്നിവയും മഞ്ചേരി സ്റ്റേഡിയത്തിന്റെ നിലവാരം ഉയര്‍ത്തും. ടെലിവിഷന്‍ സംപ്രേക്ഷണത്തിനായി പ്രത്യേക പ്രതലങ്ങളും സ്റ്റേഡിയത്തിന്റെ ഒരുഭാഗത്തു നിര്‍മിക്കുന്നുണ്ട്.

ഭാവിയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയായേക്കുമെന്ന സുചനകളുടെ അടിസ്ഥാനത്തിലാണിത്. തല്‍സമയ സംപ്രേക്ഷണങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണിത്. അന്താരാഷ്ട്ര നിലവാരത്തില്‍ മഞ്ചേരിയില്‍ ഒരുങ്ങുന്ന സ്റ്റേഡിയത്തിനെ സഹായിക്കാന്‍ കഴിഞ്ഞില്ലെന്ന സങ്കടം വേണ്ട.

എല്ലാ എം.എല്‍.എ മാര്‍ക്കും പരിധികളില്ലാതെ പദ്ധതിയെ സഹായിക്കാമെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവും. ഇതിനാവശ്യമായ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനവും ഉടന്‍ ഉണ്ടാവും.

എം.എല്‍.എ മാരുടെ ആസ്തി വികസന ഫണ്ട്, പ്രാദേശിക വികസന ഫണ്ട് എന്നിവയില്‍ നിന്നെല്ലാം പദ്ധതിയെ സഹായിക്കാം. മണ്ഡലം പരിധി ഇതിന് തടസ്സമാവില്ല. നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതിയെ സഹായിക്കാനുള്ള ഉത്തരവുണ്ടായിരുന്നു. പുതിയ തീരുമാനം വരുന്നതോടെ ഫണ്ടിന്റെ അപര്യാപ്തത നീങ്ങികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിദ്യാര്‍ത്ഥികളും നല്‍കും സംഭാവന
വിഭവ സമാഹരണത്തിലൂടെ സ്റ്റേഡിയത്തിന് പണം കണ്ടെത്തും. സ്‌കൂളുകളില്‍ നിന്ന് പണം സ്വരൂപിക്കാനാണ് പദ്ധതി. ഇതുവഴി സ്റ്റേഡിയത്തിനെ സഹായിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവസരം ലഭിക്കും. ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം ജില്ലാ വിദ്യാഭ്യാസ വകുപ്പ് നല്‍കും.

ഓരോ വിദ്യാര്‍ത്ഥിയില്‍ നിന്നും പത്തുരൂപ വീതം സംഭാവന സ്വീകരിക്കാനാണ് പദ്ധതി. എല്ലാ സ്‌കൂളുകളില്‍ നിന്നും സ്വരൂപിച്ച തുക ജില്ലാ പഞ്ചായത്തിന് കൈമാറും. ജനകീയ വിഭവ സമാഹരണത്തിലൂടെ ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കിയ ജില്ലാ പഞ്ചായത്തിന്റെ പുതിയ തീരുമാനം പദ്ധതിയെ കൂടുതല്‍ വേഗത്തിലാക്കും.
തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം

മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും പദ്ധതിയെ സഹായിക്കണമെന്ന് ജില്ലാ പഞ്ചായത്ത് നിര്‍ദ്ദേശം. പഞ്ചായത്തുകള്‍ രണ്ടു ലക്ഷവും ബ്ലോക്ക് പഞ്ചായത്തുകള്‍ 25 ലക്ഷവും വീതമാണ് നല്‍കുക. 50 ലക്ഷം ജില്ലാ പഞ്ചായത്ത് നല്‍കും. തദ്ദേശസ്ഥാപനങ്ങളുടെ പ്ലാന്‍ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തുക.
വെള്ളംകുടി മുട്ടില്ല
റോഡുകള്‍ നന്നാക്കും
രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയത്തിന് വെള്ളം ഒരു തടസ്സമാവില്ല. 1.16 കോടി രൂപ ചെലവില്‍ കടലുണ്ടി പുഴയില്‍ നിന്ന് വെള്ളം എത്തിക്കാനുള്ള പദ്ധതി നടന്നു കൊണ്ടിരിക്കുകയാണ്.

200 മീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനും മോട്ടോര്‍ മറ്റു അനുബന്ധകാര്യങ്ങളും തയ്യാറാക്കുന്നതും മാത്രമാണ് നടക്കാനുള്ളത്. നിലവില്‍ പ്രാദേശിക കിണറുകളില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതോടു കൂടി സ്റ്റേഡിയത്തിലേക്ക് വെള്ളം സുലഭമാവും.

സ്റ്റേഡിയത്തിലേക്കുള്ള റോഡുകള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും. സ്റ്റേഡിയത്തിലേക്കാവശ്യമായ വൈദ്യുതി സംവിധാനമായി. ട്രാന്‍സ്‌ഫോര്‍മറിനായുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്.
പച്ചപ്പിലേക്ക്
ഫെഡറേഷന്‍ കപ്പിന്റെ ആരവത്തില്‍ മഞ്ചേരി സ്റ്റേഡിയത്തിന്റെ പ്രവൃത്തികള്‍ക്ക് വീണ്ടും ജീവന്‍ വെച്ചു. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികളെല്ലാം ആരംഭിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഉപയോഗിക്കുന്ന വിലകൂടിയ പുല്ലാണ് മഞ്ചേരി സ്റ്റേഡിയത്തില്‍ പാകിയിരിക്കുന്നത്. പുല്‍ത്തകിടി മോഡിപ്പിടിപിക്കുന്ന പ്രവൃത്തി നടന്നു വരികയാണ്. പാലക്കാട് നാച്ച്വര്‍ കെയറിന്റെ നേതൃത്വത്തില്‍ ഇതിന്റെ മിനുക്കുപണിയാണ് നടക്കുന്നത്.

പുല്‍ത്തകിടിയിലെ കള നീക്കിയതിന് ശേഷം സ്റ്റേഡിയത്തില്‍ പൂര്‍ണ്ണപച്ചപ്പ് നിറച്ച് ഗ്രൗണ്ട് കൈമാറും. മഴപെയ്യുന്നതോടെ പുല്ല് വളര്‍ന്ന് രാജ്യാന്തര സറ്റേഡിയങ്ങളുടെ പച്ചപ്പ് നേടും. സ്റ്റേഡിയത്തിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്ന പ്രധാന റോഡുകള്‍ക്കൊപ്പം സമീപത്തെ പോക്കറ്റ് റോഡുകളും നന്നാക്കാന്‍ പദ്ധതിയുണ്ട്. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്.

സ്റ്റേഡിയത്തിലേക്ക് എത്തിപ്പെടാന്‍ പ്രധാനമായും രണ്ടുവഴികളാണ് ഒരുങ്ങിയത്. മഞ്ചേരി പാണ്ടിക്കാട് റോഡില്‍ പയ്യനാട് പിലാക്കല്‍ വഴിയും മഞ്ചേരി പെരിന്തല്‍മണ്ണ റോഡിലെ ആനക്കയത്തുനിന്ന് പന്തലൂര്‍ റോഡില്‍ പുല്ലഞ്ചേരി വഴിയും സ്റ്റേഡിയത്തിലെത്താം.
തലയെടുപ്പോടെ
രണ്ടാംഘട്ടം
സ്റ്റേഡിയത്തിലെ പവലിനും ഗ്രൗണ്ടും അനുബന്ധ സൗകര്യങ്ങളും അടങ്ങുന്ന 11.52 കോടി രൂപയുടെ ഒന്നാംഘട്ട പദ്ധതിക്ക് ശേഷം വിവിധോദേശ ഇന്റോര്‍ സ്റ്റേഡിയത്തിന്റെ തലയെടുപ്പോടെ രണ്ടാംഘട്ടം ആരംഭിക്കും. ഇതിനായി കേന്ദ്ര കായിക മന്ത്രാലയം ആറുകോടി രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ബാഡ്മിന്റണ്‍, വോളിബാള്‍, ബാസ്‌ക്കറ്റ്ബാള്‍, ഹാന്‍ഡ്ബാള്‍, ടേബിള്‍ടെന്നീസ്, ഗുസ്തി, ജുഡോ എന്നീ ഇനങ്ങള്‍ക്ക് സൗകര്യമുണ്ടാവുന്ന ഇന്റോര്‍‌സ്റ്റേഡിയമാണ് രണ്ടാംഘട്ടത്തിന്റെ പ്രധാന ആകര്‍ഷണം.

ഐ ലീഗിലെ മികച്ച എട്ടു ടീമുകളാണ് ഫെഡറേഷന്‍ കപ്പില്‍ മാറ്റുരക്കുക. മഞ്ചേരിക്കും ജില്ലക്കും മറക്കാന്‍ കഴിയാത്ത സോക്കര്‍ രാത്രിയാവും ഫെഡറേഷന്‍ കപ്പ് സമ്മാനിക്കുക.

രാജ്യാന്തര തലത്തില്‍ ബൂട്ടുകെട്ടിയ ഒട്ടേറെ താരങ്ങളുടെ പെരുമ ജില്ലക്കുണ്ടെങ്കിലും നല്ലൊരു മൈതാനം ഇവിടുണ്ടായിരുന്നില്ല. എന്നാല്‍ മഞ്ചേരി സ്റ്റേഡിയം സജ്ജമാവുന്നതോടെ ഇത്തിരി നല്ല രീതിയില്‍ തന്നെ പന്തുതട്ടാന്‍ പറ്റുന്ന ഒരു ഒന്നാന്തരം സ്റ്റേഡിയവും മലപ്പുറത്തുകാര്‍ക്കുമാവും.

ഷഹബാസ് വെള്ളില
 9/27/2013 9:47:46 AM  

കാളക്കൂറ്റന്മാരുടെ സുല്‍ത്താന്‍


വൃക്കകള്‍ രണ്ടും പണിമുടക്കിയപ്പോള്‍ പോകാനിരുന്നതാണ്. കിടപ്പിലായപ്പോള്‍ ഉള്ളൊന്നു കാളി. എഴുന്നേറ്റപ്പോള്‍ സാക്ഷാല്‍ അര്‍ബുദംതന്നെ കഴുത്തിന് പിടിച്ചു. ദൈവാനുഗ്രഹത്തിന്റെ കയ്യുംപിടിച്ച് കുതറിയൊരോട്ടമാണ്. വിധിയുടെ ചുളിവുകളില്‍ ചൂളാതെ, അര നൂറ്റാണ്ടായി നിര്‍ത്താതെ ഓടുകയാണ് ഈ മനുഷ്യന്‍. എല്ലാവരെയും പിന്നിലാക്കി ഒന്നാമതായി ഓടിയെത്തുന്ന കാളക്കൂറ്റന്മാര്‍ക്കൊപ്പം... തോല്‍ക്കാന്‍ മനസ്സില്ലാത്ത ആത്മവിശ്വാസമാണ് എഴുപത്തിയഞ്ചാം വയസ്സിലും ബീരാന്‍ മൊയ്തീന്‍ ഹാജിയെ പോരാളിയായി നിലനിര്‍ത്തുന്നത്.

രാപകല്‍ ഇരമ്പിപറന്നെത്തുന്ന വിമാനങ്ങളുടെ ചിറകടി ഉയരുന്നതിന് മുമ്പത്തെ കരിപ്പൂരിനടുത്തെ പുളിയംപറമ്പില്‍ ചെമ്പാന്‍ അലവിക്കുട്ടി-ഇത്തീരുട്ടീമ്മ ദമ്പതികളുടെ മകനായാണ് ജനനം. മൂന്നാം വയസ്സില്‍ പിതാവ് മരിച്ചതോടെ ഉമ്മയായിരുന്നു എല്ലാം. കുഞ്ഞു പെങ്ങളെയും തന്നെയും തനിച്ചാക്കി മാതാവും പോയതോടെ അനാഥരായി എറിയപ്പെട്ടൊരു ബാല്യം. മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തുമ്പോള്‍ എല്ലാവരെക്കാളും മികച്ച രീതിയില്‍ എഴുതാനും വായിക്കാനും പഠിച്ചെടുത്തിരുന്നു. 'പത്താം ക്ലാസ് കഴിഞ്ഞ ഇപ്പോഴത്തെ കുട്ടികളെക്കാള്‍ നന്നായി കണക്കുകൂട്ടുമെന്ന്' അഭിമാനത്തോടെ പറയുമ്പോള്‍, കണക്ക്കൂട്ടല്‍ പിഴക്കാത്ത ചാണക്യന്റെ ഭാവമുണ്ട്.

എടക്കര ചന്തയില്‍പോയി അറവ് മാടുകളെ വാങ്ങി ചേളാരി ചന്തയില്‍ വില്‍ക്കാന്‍ തുടങ്ങുന്ന കാലത്ത് മീശപോലും മുളച്ചിട്ടില്ല. കോട്ടക്കല്‍, മഞ്ചേരി, സ്വാഗതമാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം കന്നുകള്‍ വാങ്ങിയും കൊടുത്തും ഇറച്ചിയാക്കി വിറ്റും നിലയുറപ്പിച്ചു. റാത്തലിന് അഞ്ചണയാണ് അന്ന് ഇറച്ചി വില. കിലോക്ക് ഒരു രൂപ വരുമിത്. ക്ലച്ച് പിടിച്ചതോടെ സാമ്പത്തികമായും മെച്ചപ്പെട്ടു.

വള്ളുവമ്പ്രത്തെ അലവിഹാജിയില്‍ നിന്ന് ഉള്ഹിയ്യത്തിനും അഖീഖത്തിനുമുള്ള മുന്തിയ കന്നുകളെയൊക്കെ വാങ്ങി വില്‍പന തുടങ്ങിയത് പിന്നീടാണ്. ഈ മേഖലയില്‍ സ്വന്തം സാമ്രാജ്യം സ്ഥാപിക്കാന്‍ അധികമൊന്നും വൈകിയില്ല. പോത്തിന്റെയും മൂരിയുടെയും കെമിസ്ട്രിയും ബയോളജിയും മന:പാഠമായതോടെ വല്ലാത്തൊരു അടുപ്പമായി. കാള പ്രേമവും കാളപ്പൂട്ട് കമ്പവും കലശലാവുന്നതും അപ്പോഴാണ്. ഒന്നാമതായി ഓടിയെത്തുന്ന കാളക്കൂറ്റന്മാരെ സ്വന്തമാക്കലായി പിന്നത്തെ ലക്ഷ്യം. ലക്ഷണമൊത്തവയെ തേടിപ്പിടിച്ച് കണ്ടത്തിലിറക്കലും കപ്പടിച്ചെടുക്കുന്നതുമൊരു ഹരമായി. കാളപ്പൂട്ട് മത്സരമെന്നാല്‍ വെറുമൊരു നേരമ്പോക്കല്ലെന്നാണ് ഹാജിയുടെ പക്ഷം.

ഇത് വെറും കളിയല്ല

'ഇതു പാടമല്ലെന്റെ ഹൃദയമാണ്...' എന്ന കവിതയിലുണ്ട് കര്‍ഷകനും ചേറും ചെളിയും തമ്മിലെ പൊക്കിള്‍കൊടി ബന്ധം. കാര്‍ഷിക സംസ്‌കൃതിയും കാളപ്പൂട്ട് മത്സരവും തമ്മിലെ ആത്മബന്ധമാണ് ഈ കലാരൂപത്തെ ഇത്രമേല്‍ ജനകീയമാക്കിയത്. ഏതൊരു മത്സരത്തെക്കാളും നിയമവും ചട്ടവും കര്‍ശനമാണ് കാളപ്പൂട്ടിനും. കര്‍ക്കിടകം കഴിഞ്ഞ് 10 മാസത്തോളമാണ് സീസണ്‍. ഞെരിയാണിക്കൊപ്പം വെള്ളമാണ് ഉഴുത് മറിച്ച കണ്ടത്തില്‍ വേണ്ടത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തെക്കന്‍മൂരിയും കര്‍ണ്ണാടകക്കാരുടെ വടക്കന്‍ മൂരികളുമുണ്ട്. കാളകളെ നിറത്തിന്റെ പേരിലാണ് വിളിക്കുക. പുല്ലക്കാള, പുള്ളി, ചുണങ്ങന്‍, മൈലന്‍... അങ്ങനെ പോവുന്നു.

കണ്ടത്തിലെ താരം ജേതാവായ കാളയാണ്. കാളയും മൂരിയുമാണ് ഒരു ജോഡി. കൊമ്പും കുളമ്പും നോക്കി ലക്ഷണമൊത്തവയെ കണ്ടെത്തിയാണ് കാളയെ തെരഞ്ഞെടുക്കുന്നത്. നാല് പല്ലുപറിയുന്ന സമയത്താണ് തെരഞ്ഞെടുപ്പ്. പ്രതീക്ഷിച്ച ഗുണമില്ലെങ്കില്‍ വരിയുടച്ച് മൂരിയാക്കും. ഇതിനെ എരുത് എന്നും പറയും. ശക്തിയും ഓജസും കാളക്കാണെങ്കിലും ഉയരവും വലിപ്പവും മൂരിക്കായിരിക്കും. വരിയുടക്കുന്നതിന്റെ അനന്തരഫലമാണിത്. കാള പരിധിക്കപ്പുറം തടിക്കുന്നത് സൂക്ഷിക്കണം. കൊഴുപ്പ് കുറക്കാന്‍ വെയില്‍ കൊള്ളിക്കുകയാണ് ചെയ്യുക.

ലക്ഷണമൊത്ത കാളക്ക് ലക്ഷങ്ങളാണ് വില. ഒന്നാം സ്ഥാനം നേടുന്നതോടെ പത്ത് ലക്ഷവും പിന്നിടും. കാളയുടെ ഭക്ഷണവും നിഷ്ടയും ഏറെ പ്രാധാന്യത്തോടെ വേണം. മുതിര, വൈക്കോല്‍, നാടന്‍കോഴി, മുട്ട, ദശമൂലാരിഷ്ടവും ജീരകാരിഷ്ടവുമെല്ലാമാണ് ഉരുക്കളുടെ ഭക്ഷണം. പൂട്ടാന്‍പോവും മുമ്പ് ഒന്നിടവിട്ടും അല്ലാത്തപ്പോള്‍ ആഴ്ചയിലൊരിക്കലുമാണ് കുളിപ്പിക്കല്‍. അധികം മെച്ചപ്പെട്ട ആലകളിലൊന്നും പാര്‍പ്പിക്കാന്‍ പാടില്ല. കുളിച്ച് അണിഞ്ഞൊരുങ്ങി കണ്ടത്തിലിറങ്ങുന്നതോടെ ആരവങ്ങളോടെ എതിരേല്‍ക്കുകയായി...

കാഴ്ചക്കാരുടെ ശ്രദ്ധക്ക്

മൂന്ന് 'ജഡ്ജിമാരാണ്' മത്സരം നിയന്ത്രിക്കുക. പോയിന്റുകള്‍ ഇവര്‍ രേഖപ്പെടുത്തും. തുല്യമായിവരുന്ന രണ്ടാളുടെതാണ് സ്വീകരിക്കുക. ഒരു മുഖ്യപൂട്ടുകാരന്‍, നടുക്കും റിംഗിലും ഉള്‍പ്പെടെ കയറില്‍ മൂന്ന് പേര്‍, തള്ളലിന് ഒരാള്‍, കെട്ടുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ ഏഴു പേരാണ് മത്സരം നടത്തുന്നത്.

എല്ലാ ഉരുക്കളെയും മത്സരിപ്പിക്കുന്നത് ഒരേ പൂട്ടുകാരാണ്. മാനു വണ്ടൂര്‍, അമ്പലഞ്ചേരി കുഞ്ഞുട്ടി, സുകുമാരന്‍ വണ്ടൂര്‍, മുക്കോട് മുസ്തഫ, അബൂബക്കര്‍ വാഴക്കാട് എന്നിവരാണ് അറിയപ്പെട്ട പൂട്ടുകാര്‍. നല്ല മെയ് വഴക്കംതന്നെ വേണമിതിന്. ഇല്ലെങ്കില്‍ ചേറിലേക്ക് തെറിച്ച് പണിപാളും.

കണ്ടത്തിന് 80 സെന്റ് മുതല്‍ ഒരേക്കര്‍ വരെ വലിപ്പമുണ്ടാവും. നീളത്തില്‍ ഓടുന്നതരം പോത്തുപൂട്ടും ഈര്‍ച്ചത്തെളിയും ചിലയിടങ്ങളിലുണ്ടെങ്കിലും പ്രചാരം വടപ്പൂട്ടിനാണ്. കാള പുറത്തും മൂരി അകത്തുമായി നുകംവെച്ച് കയറില്‍ ബന്ധിക്കും. ചെരുപ്പും മുട്ടിയുമായി കയറില്‍ ബന്ധിച്ച് റിംഗിലൂടെ വട്ടത്തില്‍ ഓടും. ഓരോ ജോഡി വീതമാണ് ഓട്ടം.

രണ്ട് റൗണ്ട് ട്രയല്‍ പൂട്ടും, പിന്നെ മത്സരത്തില്‍ മൂന്നും. പത്ത് വര്‍ഷം മുമ്പ് 19 ആയിരുന്നു ടൈം ഓവര്‍. ഇപ്പോള്‍ 18 സെക്കന്റാണ് യോഗ്യതക്കായി കണക്കാക്കുന്നത്. 15 സെക്കന്റായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജേതാവിന്റെ മികച്ച സമയം. ഇപ്പോഴത് 14.8ല്‍ എത്തിയിട്ടുണ്ട്. 14-13.9 വരെ സെക്കന്റിലോടുന്നവ ഉണ്ടെന്നതാണ് ഇത്തവണത്തെ പ്രതീക്ഷ. മൂന്ന് മത്സര ഓട്ടത്തിലും യോഗ്യതാ മാനദണ്ഡം പാലിക്കണം.

ഒരു കാള ഒരു റൗണ്ടില്‍ 14 സെക്കന്റില്‍ ഓടിയാല്‍ ഒന്നാമതെത്തിക്കോളണമെന്നില്ല. മറ്റു റൗണ്ടുകളില്‍ മിനിമം യോഗ്യതാ സമയം പാലിക്കുകയും വേണം. ഇല്ലെങ്കില്‍ പിന്തള്ളപ്പെടും. ഒന്നാമതെത്തിയാല്‍ കപ്പും പണവും ആരവവും എതിരേല്‍ക്കുന്നതോടൊപ്പം പറയുന്ന വിലക്ക് ആ ജോഡിയെ കൈക്കലാക്കാനുള്ള മത്സരവുമുണ്ടാവും. ജേതാവിന് നാട്ടുകാര്‍ വാരിക്കോരി നല്‍കുന്ന പൊന്നും പണവുമാണ് ഉടമയുടെ പ്രധാന ആശ്വാസം. മൂന്ന് പവന്‍, അഞ്ച് പവന്‍ സ്വര്‍ണ്ണമൊക്കെ ലഭിക്കാറുണ്ട്.

മത്സരം കാണാനെത്തുന്നവരുടെ ഗ്രൗണ്ട് സപ്പോര്‍ട്ടും പ്രധാനമാണ്. ചുവപ്പ് വസ്ത്രങ്ങള്‍ ധരിച്ചെത്തരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ക്യാമറ ഉപയോഗിച്ചോ അനുവാദമില്ലാതെ ചിത്രമെടുക്കരുത്. ഫഌഷ് മിന്നുന്ന ഫോട്ടോയെടുക്കാനേ പാടില്ല. റിംഗില്‍ തട്ടരുത്. തള്ളല്‍ അടയാളം വിട്ട് തള്ളല്‍കാരന്‍ മുന്നേറരുത്. കാണികളും ഇതിനപ്പുറം കൂടെയോടരുത്. ലഹരി ഉപയോഗിക്കരുത് തുടങ്ങിയവയെല്ലാം കാളപ്പൂട്ട് മത്സരം കാണാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.

ചെമ്പാന്‍ ഇതിഹാസം

സ്വീകരണ മുറിനിറയെ കാണുന്ന കപ്പുകളും ഷീല്‍ഡുകളും പാലക്കാട്ടെയും കോഴിക്കോട്ടെയും തൃശൂരിലെയും മലപ്പുറത്തെയും കാളപ്പൂട്ട് കണ്ടങ്ങളിലെ ഉശിരും വീറും അപ്പടി കാണിച്ചുതരും. അഞ്ഞൂറാനെപ്പോലെ മക്കളോടൊന്നിച്ച് ജേതാവിന്റെ തലയെടുപ്പോടെ ഗജകേസരികളായ കാളക്കൂറ്റന്മാരെയുമായി പോവുമ്പോഴേ ഉറപ്പിക്കാം, ഒരായിരം രാജമാണിക്യങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന്. കത്തുകൊടുത്ത് ക്ഷണിക്കുന്നിടത്തേക്കേ ഹാജിക്ക പോവൂ. അല്ലാത്തിടത്ത് പോവുന്നത് വിളിക്കാത്ത സദ്യക്ക് പോവുന്നതിന് തുല്യമാണ്. എന്നാല്‍ തന്നെ വര്‍ഷത്തില്‍ ഇരുപതോളം പ്രമുഖ മത്സരങ്ങളില്‍ മാറ്റുരക്കാറുണ്ട്.

കാളപ്പൂട്ടിനും കാളക്കൂറ്റന്മാര്‍ക്കും പിറകെ അര നൂറ്റാണ്ടായി ഓടുന്ന ബീരാന്‍ മൊയ്തീന്‍ ഹാജിക്ക് രണ്ട് തവണ ഉരുക്കളുടെ ആക്രമണം നേരിട്ടിട്ടുണ്ട്. ഒരിക്കല്‍ എഴുന്നേല്‍ക്കാന്‍പോലും കഴിയാത്തവിധം കിടപ്പിലായിപ്പോയി. രണ്ട് വര്‍ഷം മുമ്പ് കുത്തേറ്റ് കാലിന്റെ തുടയെല്ല് പൊട്ടി നടത്തം മുടങ്ങുമോ എന്നവസ്ഥയിലും. അല്‍പമൊന്ന് ഭേദമാകുന്നതോടെ വണ്ടിയെടുത്ത് കാളപ്പൂട്ട് കണ്ടത്തിന്റെ ഓരത്തെത്തും; കണ്ടില്ലെങ്കിലും ആരവം കേള്‍ക്കാന്‍. കൊന്നാലും തീരാത്ത സ്‌നേഹം...

രണ്ട് ഭാര്യമാരിലായി 17 മക്കളാണ് ബീരാന്‍ മൊയ്തീന്‍ ഹാജിക്കുണ്ടായത്. ഒരാളെ സര്‍വശക്തന്‍ നേരത്തെ വിളിച്ചു. ആദ്യ ഭാര്യയായ ആമിനക്കുട്ടിയില്‍ നാല് പെണ്ണും അഞ്ച് ആണും.

മൂത്ത മകന്‍ അലവിക്കുട്ടി (ചെമ്പാന്‍ മാനു) മുസ്‌ലിംലീഗിന്റെ പഞ്ചായത്ത് മെമ്പറായിരുന്നു. മാനുവിന്റെ നേതൃത്വത്തിലുള്ള പുളിയംപറമ്പ് ഫ്‌ളെയിംഗ്സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് നാട്ടുകാര്‍ക്ക് ചെയ്ത സേവനങ്ങള്‍ ചില്ലറയല്ല.

സഹോദരന്മാരായ സൈത് മുഹമ്മദും ഹസ്സന്‍കോയയും ഹനീഫയും ശംസുദ്ദീനുമെല്ലാം കാളപ്പൂട്ടിലും കന്നുകച്ചവടത്തിലും ബിസിനസ്സിലുമെല്ലാം പിതാവിന്റെ പാതയിലുണ്ട്.

രണ്ടാം ഭാര്യ ഖദീജയില്‍ ഒരാണും ആറ് പെണ്ണും. ഈ ഭാര്യയിലെ മൊയ്തീന്‍കുട്ടി പിതാവിന്റെ പാത വിട്ട് സഊദിയിലാണ്. ''ഗായകന്‍ കരിപ്പൂര്‍ മൊയ്തീന്‍കുട്ടിയുടെ സഹോദരിയായ ഖദീജയുടെ പാട്ടുകേട്ട് ഇഷ്ടപ്പെട്ടാണ് ഓല് കെട്ടിയത്. ഖദീജയും നല്ല പാട്ടുകാരിയാണ്''. ആദ്യ ഭാര്യ ആമിനക്കുട്ടി അഭിമാനത്തോടെ അവരെക്കുറിച്ച് പറയുന്നു. ഈ ഇഴയടുപ്പമാണ് ഹാജിയുടെ ശക്തിയും. മക്കളെക്കാള്‍ ഊര്‍ജസ്വലനായി ഓടിച്ചാടി നടക്കാന്‍ പ്രേരണയേകുന്നതും ഈ സ്‌നേഹക്കൂട്ടായ്മയാവാം. നാട്ടില്‍ നടക്കുന്ന എല്ലാ നല്ലകാര്യത്തിന് മുമ്പിലും എന്തിനും തയ്യാറായി ഇവരുണ്ട്. മുസ്‌ലിംലീഗ് രാഷ്ട്രീയമാണ് തലക്ക്പിടിച്ച മറ്റൊരു ഹരം.

പത്ത് വര്‍ഷം മുമ്പ് കിഡ്‌നിക്ക് അസുഖം ബാധിച്ച് കിടപ്പിലായതോടെ എല്ലാവരും കഴിഞ്ഞെന്ന് കരുതിയതാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പ്‌പോലെ ബീരാന്‍ മൊയ്തീന്‍ ഹാജി ജീവിതത്തിലേക്ക് മടങ്ങി. മൂന്ന് വര്‍ഷം മുമ്പാണ് തൊണ്ടയില്‍ ക്യാന്‍സര്‍ രോഗം വന്നത്. തീര്‍ന്നെന്ന് ഉറപ്പിച്ചെങ്കിലും അപാര ചങ്കുറപ്പോടെ തിരിച്ചെത്തി. ഇപ്പോഴും നിര്‍ത്താതെ പുകവലിക്കുന്ന ഇദ്ദേഹത്തിനായിരുന്നോ ആ മഹാമാരിയെന്ന് സംശയിച്ചുപോവും, കൂസലില്ലായ്മ കണ്ടാല്‍.

ഒന്നാം സ്ഥാനം നേടിയ തന്റെ മിക്ക ജോഡികളെയും മോഹവിലക്ക് പലരും വാങ്ങിയിട്ടുണ്ടെന്ന് ഹാജിക്ക പറയുന്നു. ഹാജിക്കും കമ്പം ഒന്നാം സ്ഥാനക്കാരെ സ്വന്തമാക്കുന്നതിലാണ്. കൊടക്കാട് നിന്ന് ഒന്നാമനെ പൊക്കിയത് അഞ്ച് ലക്ഷം രൂപ കൊടുത്താണ്. ഇതേ ജോഡി മുതുവല്ലൂരില്‍ ജേതാവായതോടെ 10 ലക്ഷത്തിനാണ് കെല്ലയെന്ന് പേര്‌കേട്ട വല്ലപ്പുഴയിലെ സി.ടി മുഹമ്മദ് സ്വന്തമാക്കിയത്. മമ്മുട്ടിയില്‍ പ്രവേശം നടത്തിയ സാക്ഷാല്‍ രാജമാണിക്യം. പന്തീരാങ്കാവിലും അരിമ്പ്രയിലും താനൂരിലും ഒന്നാം സ്ഥാനം നേടിയ ജോഡികളെ തന്നില്‍ നിന്ന് സ്വന്തമാക്കിയതും കെല്ലതന്നെ. പത്ത് ലക്ഷം രൂപ വരെ മുടക്കി ഒന്നാം സ്ഥാനത്തെത്തുന്നവയെ സ്വന്തമാക്കുന്ന കെല്ലക്ക് പുറമെ കെ.വി മുഹമ്മദ് അയിലക്കാട്, എം.സി ഗ്രൂപ്പ് വളാഞ്ചേരി, കപ്പൂര്‍ കുഞ്ഞാപ്പു, എം.എം ബാവ ഒളവട്ടൂര്‍, മുള്ളുങ്ങല്‍ കുഞ്ഞുമോന്‍, മൂന്നൂര്‍ മൊയ്തീന്‍, ഒതുക്കുങ്ങലെ ഉരുണിയന്‍ മോന്‍ എന്നിവരൊക്കെ കാളപ്പൂട്ടിന്റെ ആശാന്മാരാണ്.

മത്സരത്തിനായി മൂന്ന് ജോഡിയാണ് ചെമ്പാന്‍ തറവാട്ടില്‍ ഇപ്പോഴുള്ളത്. ഇതിലൊന്നിനെ വാങ്ങിയത് ഏഴ് ലക്ഷം രൂപക്കാണ്. ഒന്നാം സ്ഥാന പ്രതീക്ഷ ഏറെയുള്ളതും ഈ മൈലനിലാണ്. സീസണ്‍ തുടങ്ങിയതോടെ നാലഞ്ച് കൂടുകളിലെ നാടന്‍ കോഴികള്‍ ഒന്നൊന്നായി കാളകളുടെയും മൂരികളുടെയും വയറുകളില്‍ ആവേശം മുഴക്കുകയായി. കോഴിസുന്ദരികളേ സുന്ദരന്മാരേ, വരാന്‍ പോകുന്ന വലിയ ആരവത്തിന് സ്വയം സമര്‍പ്പിച്ചവരേ നന്ദി, നന്ദി....

Chandrika Daily
ലുഖ്മാന്‍ മമ്പാട്
Posted On: 9/27/2013 8:23:36 PM   

മലയാളികളുടെ മാനംകാക്കാന്‍ 'മലപ്പുറം പട'



മലപ്പുറം: കല്ലും മണ്ണും നിറഞ്ഞ സ്‌കൂള്‍ മൈതാനം വിട്ട് ബാംഗ്ലൂരിലെ സിന്തറ്റിക് ടര്‍ഫില്‍ ഹോക്കി പാഠങ്ങള്‍ അഭ്യസിച്ചതിന്റെ ത്രില്ലിലാണ് കോട്ടപ്പടി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം. ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌സിനു കീഴില്‍ നടന്ന പരിശീലനം പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നതായി ഈ കൊച്ചു മിടുക്കര്‍ പറഞ്ഞു.

ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ സ്‌കൂള്‍ ഹോക്കി ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന സംഘം ഇന്നലെ രാവിലെയാണ് ഹോക്കിയുടെ അത്ഭുതലോകത്തു നിന്നും ജന്മനാട്ടിലെത്തിയത്.

ബാംഗ്ലൂര്‍ ശാന്തിനഗറിലെ രാജ്യാന്തര ഹോക്കി സ്‌റ്റേഡിയം അല്‍ഭുതമാണ് സമ്മാനിച്ചതെന്ന് കായിക താരങ്ങള്‍ പറഞ്ഞു. മരം കൊണ്ടുള്ള സ്റ്റിക്കിലാണ് ഇവിടെ കളിക്കാറുള്ളത്. സിന്തറ്റിക് ടര്‍ഫില്‍ വിലകൂടിയ കാര്‍ബണ്‍ സ്റ്റിക്ക് ഉപയോഗിച്ചേ കളിക്കാന്‍ പാടുള്ളു. അതുകൊണ്ടു തന്നെ പന്തിനെ നിയന്ത്രിക്കാന്‍ പ്രയാസം നേരിടുന്നതായും പന്തിന്റെ അമിത വേഗത കളിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായും കുട്ടികളിക്കാര്‍ പറഞ്ഞു.

ബൂട്ട് ഉപയോഗിച്ച് ഇത്തരം സ്റ്റേഡിയങ്ങളില്‍ കളിക്കാന്‍ പാടില്ലെന്നതും വെല്ലുവിളിയാണ്. രണ്ട് ദിവസമായിരുന്നു പരിശീലനം. കൂടുതല്‍ ദിനങ്ങളില്‍ പരിശീലനം ആവശ്യമായിരുന്നുവെങ്കിലും അതിനു സാധിക്കാത്തതിലുള്ള വിഷമം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. എന്നാലും ടര്‍ഫ് എന്ന പുതിയ അനുഭവത്തിന്റെ സന്തോഷം വിദ്യാര്‍ത്ഥികളുടെ മുഖത്തുണ്ട്.

ടി. മുഹമ്മദ് റിസ്‌വാനാണ് ടീം ക്യാപ്റ്റന്‍. പി. അരുണ്‍ ഗോള്‍ വലയം കാക്കും. പ്രതിരോധ നിരയില്‍ കെ.എസ് വിഷ്ണുനാഥ്, ടി. മുഹമ്മദ് ഷഫീഖ്, പി. തഷ്‌റീഫ് റോഷന്‍ എന്നിവരാണ് ഉള്ളത്. മധ്യനിരയില്‍ സി. സൂരജ്, കെ. പ്രിബിന്‍, കെ. വൈഷാഖ് കളിക്കും. പി.കെ മുഹമ്മദ് അജ്മല്‍, എം പ്രഭിന്‍, യു. രതീഷ്, എം.എസ് ഇംനാദ് ഫാര്‍ഷിദ്, കെ. ശഫീഖ്, ടി. യദു കൃഷ്ണന്‍, പി. സനല്‍, എസ്. ശിയാല്‍ എന്നിവര്‍ മുന്നേറ്റനിരയിലുണ്ടാവും.

ഒക്‌ടോബര്‍ 30 മുതല്‍ ഡല്‍ഹിയിലാണ് നെഹ്‌റു കപ്പ് ദേശീയ സ്‌കൂള്‍ ഹോക്കി ടൂര്‍ണമെന്റ് നടക്കുന്നത്. ഭീമമായ സംഖ്യ ചെലവു പ്രതീക്ഷിക്കുന്ന ടീമിന് സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷിച്ചിട്ടുണ്ട്. യാത്രാ ചെലവ് മാത്രം ഒരു ലക്ഷമാണ് പ്രതീക്ഷിക്കുന്നത്.

കളിക്കാര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ സ്റ്റിക്കുകള്‍ എന്നിവക്കും ഭീമമായ സംഖ്യ ചെലവുവരും. ഇതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്ന തിരക്കിലാണ് സ്‌കൂള്‍ അധികൃതര്‍.

News @ Chandrika
Posted On: 9/21/2013 9:00:27 AM 

ജനകീയ വിജയത്തിന്‌ മലപ്പുറം മാതൃക

ജനങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ സ്ഥാപിച്ച ജനങ്ങളുടെ മെഡിക്കല്‍ കോളജ്‌ എന്നു മഞ്ചേരി മെഡിക്കല്‍ കോളജിനെ വിശേഷിപ്പിക്കാം. പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും മലപ്പുറം മാതൃകയ്ക്കു പുതിയ ഉദാഹരണമാണു സംസ്ഥാനത്തെ ആറാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌.

ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ എല്ലാ പരാധീനതകളിലും വീണുകിടന്നിരുന്ന ജില്ലാ ആശുപത്രിയെ ആദ്യം ജനറല്‍ ആശുപത്രിയായും പിന്നീടു മെഡിക്കല്‍ കോളജായും ഉയര്‍ത്താന്‍ ജനങ്ങള്‍ നടത്തിയ മുന്നേറ്റം വിജയം കണ്ടിരിക്കുന്നു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ശ്രമങ്ങളെ സര്‍ക്കാര്‍ അംഗീകരിച്ചതോടെ യാഥാര്‍ഥ്യമായ മഞ്ചേരി മെഡിക്കല്‍ കോളജ്‌ ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുകയാണ്‌.

ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള മലപ്പുറം ജില്ല രോഗികളുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്താണ്‌; ആരോഗ്യസേവന മേഖലയില്‍ ഏറെ പിന്നിലും. തൃശൂര്‍ മുതല്‍ തെക്കോട്ടുള്ള എട്ടു ജില്ലകള്‍ക്കു നാലു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുള്ളപ്പോള്‍ മലബാറിലെ ആറു ജില്ലകള്‍ക്കുള്ളത്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ മാത്രമാണ്‌. വിദഗ്ധ ചികില്‍സയ്ക്കായി തൃശൂരിലേക്കോ കോഴിക്കോട്ടേക്കോ പോകാനായിരുന്നു മലപ്പുറത്തുകാരുടെ വിധി. ഈ അവസ്ഥയ്ക്കു പരിഹാരമുണ്ടാക്കാന്‍ ജില്ലയിലെ ജനങ്ങള്‍ കൈകോര്‍ത്തതോടെ മഞ്ചേരിയിലെ ജില്ലാ ആശുപത്രിയുടെ നവീകരണം യാഥാര്‍ഥ്യമായി. ജില്ലാ പഞ്ചായത്തും എംപിമാരും എംഎല്‍എമാരും നേതൃപരമായി ഇടപെട്ടു. സാങ്കേതിക തടസ്സങ്ങള്‍ മറികടന്ന്‌ ഫണ്ട്‌ അനുവദിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങള്‍ വികസനത്തിനു വേണ്ടിയുള്ള ജനപ്രതിനിധികളുടെ യോജിച്ച മുന്നേറ്റത്തിന്റെ തിളക്കമാര്‍ന്ന അധ്യായമാണ്‌. വാന്‍ കെട്ടിടസമുച്ചയത്തിനു ജനങ്ങള്‍ പണം സമാഹരിച്ചു നല്‍കി. തൊഴിലാളികളും വിദ്യാര്‍ഥികളും വരെ അവരാല്‍ കഴിയുന്ന സംഭാവന നല്‍കിയിട്ടുണ്ട്‌. ജനകീയ കൂട്ടായ്മയില്‍ 20 കോടിയിലധികം രൂപ സ്വരൂപിക്കാനായി. പ്രതിഫലം വാങ്ങാതെയായിരുന്നു ആര്‍ക്കിടെക്റ്റ്‌ ആര്‍.കെ. രമേഷ്‌ കെട്ടിടം രൂപകല്‍പന ചെയ്‌തത്‌. 2010 ജനുവരിയില്‍ മഞ്ചേരി ജില്ലാ ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ന്നു.
ജനറല്‍ ആശുപത്രിയില്‍ ഒതുങ്ങുന്നതല്ല ജില്ലയുടെ ആവശ്യങ്ങളെന്ന്‌ അതിനു മുന്‍പേ ജനത്തിനു നന്നായി അറിയാമായിരുന്നു. ആശുപത്രിയെ മെഡിക്കല്‍ കോളജാക്കി ഉയര്‍ത്താന്‍ ജില്ലാ പഞ്ചായത്തും ജനപ്രതിനിധികളും ജനങ്ങളും ആത്മാര്‍ഥമായി പരിശ്രമിച്ചു. മെഡിക്കല്‍ കോളജിനു വേണ്ടിയുള്ള നാടുണര്‍ത്തലിനായി ഒപ്പംനിന്നതില്‍ മലയാള മനോരമയ്ക്കു ചാരിതാര്‍ഥ്യമുണ്ട്‌. മലബാറിനും സംസ്ഥാനത്തിനാകെ തന്നെയും അനുഗ്രഹമായി മഞ്ചേരി മെഡിക്കല്‍ കോളജ്‌ സ്ഥാപിതമാകുമ്പോള്‍ ജനങ്ങളുടെ ആഹ്ലാദത്തില്‍ മനോരമയും പങ്കുചേരുന്നു.
പല കാര്യങ്ങളിലും രാജ്യത്തിനുതന്നെ മാതൃകയാക്കാവുന്ന മലപ്പുറം മോഡലിന്റെ വിജയമാണിത്‌; സര്‍ക്കാരിന്റെ സാങ്കേതികക്കുരുക്കുകളെ ജനങ്ങളുടെ ഒരുമയിലൂടെ അഴിച്ചെടുത്ത വിജയം. ലോകശ്രദ്ധ നേടിയ പ്രസ്ഥാനമായി വളര്‍ന്ന കുടുംബശ്രീക്കു തുടക്കമിട്ടതു മലപ്പുറമായിരുന്നു. കംപ്യൂട്ടര്‍ സാക്ഷരതാ രംഗത്തു വിപ്ലവം സൃഷ്ടിച്ച 'അക്ഷയ, സാന്ത്വന പരിചരണ പരിപാടിയായ 'പരിരക്ഷ, ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി 'പ്രതീക്ഷ, വിദ്യാഭ്യാസരംഗത്തെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കിയ 'വിജയഭേരി, ക്യാംപസുകളെ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മുഖ്യപങ്കാളിയാക്കിയ 'തണല്‍ക്കൂട്ട്‌ തുടങ്ങിയ അഭിമാനകരമായ പദ്ധതികളുമായി മലപ്പുറം ജില്ല സംസ്ഥാനത്തിനു വഴികാട്ടി. ആരോഗ്യരംഗത്തെ ജനകീയ കൂട്ടായ്മ ജില്ലയാകെ ഏറ്റെടുത്തുകഴിഞ്ഞു. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്കോടെ ജില്ലാ ആശുപത്രിയായി മാറിയ തിരൂര്‍ താലൂക്ക്‌ ആശുപത്രിയാണ്‌ ഇതിലെ പുതിയ അധ്യായം. കാന്‍സര്‍ സ്പെഷ്യല്‍റ്റി സൌകര്യങ്ങളുള്‍പ്പെടെ ജില്ലാ ആശുപത്രിയും വികസനത്തിലേക്കു കുതിക്കുകയാണ്‌.
ഒരു ജനകീയ ദൌത്യത്തിന്റെ സാഫല്യമാണു മഞ്ചേരി മെഡിക്കല്‍ കോളജെന്നു മറക്കാതെയാവണം ഇനിയങ്ങോട്ടുള്ള ഒാ‍രോ ചുവടുവയ്പും. ആരോഗ്യസേവന മേഖലയില്‍ ആ ജനകീയത കാത്തുസൂക്ഷിക്കാന്‍ ഈ സ്ഥാപനത്തിനു കഴിയട്ടെ.

Editorial Manorama
30.08.2013

കുറ്റിപ്പുറത്തെ മൈലാഞ്ചിവീട്

കുറ്റിപ്പുറം: പെരുന്നാളിന്റെ മൊഞ്ച്കൂട്ടാന്‍ കുറ്റിപ്പുറത്തെ മൈലാഞ്ചിവീട്ടില്‍ തിരക്കോട് തിരക്കാണ്. കുറ്റിപ്പുറത്ത് സൗത്ത് ബസാറിലെ മൈലാഞ്ചി വീട്ടില്‍ വിരുത്തുള്ളിയില്‍ ബഷീറിന്റെ ഭാര്യ സീനത്തിന്റെ നിപുണതയിലാണ് അവരുടെ ബി.എസ്.എഫ് മൈലാഞ്ചി സംരംഭം നാടെങ്ങും പെണ്ണുങ്ങളില്‍ മൊഞ്ച് പരത്തുന്നത്.

ചെറിയ പെരുന്നാള്‍ ആഘോഷത്തെ മൈലാഞ്ചി ചോപ്പിലണിയിക്കാന്‍ ഇവിടെ ഒരു കൂട്ടം പാടുപെടുകയായിരുന്നു. 1997 ലാണ് കുറ്റിപ്പുറത്ത് മൈലാഞ്ചി നിര്‍മാണം ആരംഭിച്ച ഹൈദരാബാദിലെയും രാജസ്ഥാനിലെയും മറ്റും മൈലാഞ്ചിനിര്‍മാണ സ്ഥലങ്ങളിലെത്തി അവയുടെ നിര്‍മാണ രീതിയും പാക്കിങ്ങും മനസിലാക്കിയാണ് സഹധര്‍മ്മിണി സീനത്തിന്റെ സഹകരണത്തോടെ ബഷീര്‍ വീടിനോട് ചേര്‍ന്ന് സംരംഭം തുടങ്ങുന്നത്. തുടക്കത്തില്‍ ജ്യേഷ്ഠന്റെ ഭാര്യയും മറ്റു ചിലരും സഹായത്തിനുണ്ടായിരുന്നു.

ഓര്‍ഡര്‍ പ്രകാരം വിതരണം ചെയ്യുകയാണ് പതിവ്. ട്യൂബ് മൈലാഞ്ചിയില്‍ നിന്നും ആരംഭിച്ച നിര്‍മാണം ഇന്ന് വ്യത്യസ്ത രീതിയിലുള്ള 12 ഇനം മൈലാഞ്ചികള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ എത്തിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസം വരെ കയ്യില്‍ ചോപ്പണിയിക്കുന്നത് മൈലാഞ്ചി മുതല്‍ ഏറെകാലം വരെ തന്നെ ചുവപ്പ് മായാതെ നില്‍ക്കുന്ന മൈലാഞ്ചി വരെ ഇന്ന് ഇവരുടെ നിര്‍മാണത്തിലുണ്ട്.

പെരുന്നാള്‍, ഓണം, വിഷു ആഘോഷങ്ങളിലാണ് മൈലാഞ്ചി കൂടുതല്‍ ചിലവാകുന്നത്. സീസണാകുമ്പോള്‍ കൂടുതല്‍ ജോലിക്കാരെ നിയമിക്കും. രാജസ്ഥാന്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് മൈലാഞ്ചിപ്പൊടി എത്തിച്ചാണ് നിര്‍മാണം. പ്രകൃതി ദത്ത ചേരുവകള്‍ ചേര്‍ത്ത് കുഴമ്പാക്കി പാക്കറ്റുകളിലേക്ക് മാറ്റാറാണ് രീതി. പാര്‍ശ്വഫലങ്ങളോ പ്രശ്‌നങ്ങളോ ഈ മൈലാഞ്ചി ഉപയോഗിച്ചവര്‍ക്ക് ഉണ്ടായിട്ടില്ലെന്ന് സീനത്തും ബഷീറും പറയുന്നു. ചുവപ്പ് കൂട്ടാന്‍ അധികം കെമിക്കലുകളോ ആസിഡുകളോ ചേര്‍ക്കാറില്ലെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബി.എസ്.എഫ് മൈലാഞ്ചി സംരംഭത്തിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്. അറബ് മേഖലയിലടക്കം ഇന്ന് കുറ്റിപ്പുറത്ത് നിന്നും എത്തുന്ന മൈലാഞ്ചിക്ക് ആവശ്യക്കാര്‍ ഏറെയാണ്. 20 ലധികം കുടുംബങ്ങള്‍ ഇതിലൂടെ ഉപജീവനം നടത്തിവരുന്നു. സീനത്തിനോടൊപ്പം 20 വനിതകളാണ് നിര്‍മാണ കമ്പനിയില്‍ മൈലാഞ്ചി കൂട്ടുണ്ടാകുന്നത്. മാനത്ത് ശവ്വാല്‍ അമ്പിളി ദര്‍ശിക്കുമ്പോള്‍ സീനത്തിന്റെ മൈലാഞ്ചി ചോപ്പ് പടരുക ആകാശം കണക്കെയാണ്.

15 വര്‍ഷകാലമായി മൈലാഞ്ചി മൊഞ്ചില്‍ സീനത്ത് നാട്ടുകാരെ ചുവപ്പണിയിക്കുന്നു. ഇത് കേരളത്തോളം പടരുന്നുമുണ്ട്. സീനത്ത് എന്ന പേരിന്റെ അര്‍ത്ഥം പോലെ പത്തരമാറ്റിന്റെ അഴകാണ് സീനത്തിന്റെ നിര്‍മാണത്തിലെ മൈലാഞ്ചി ചോപ്പിന്.

News @ Chandrika
8/8/2013 

മലബാറിന്റെ ഗൂഢഭാഷ

ഇപ്പോഴും ജീവിക്കുന്നു, മലബാറിന്റെ ഗൂഢഭാഷ :
സി. സജില്‍

 


മലപ്പുറം: 'സെയ്യോവാറ് നോമ്‌റള്...' കാരേക്കടവത്ത് ഹസന്റെ ചോദ്യം കേട്ടപ്പോള്‍ ചുറ്റുമുണ്ടായിരുന്നവര്‍ക്ക് ഒന്നും മനസ്സിലായില്ല... എന്തുഭാഷയാണിത്... പക്ഷേ അതിനിടയില്‍ തോരപ്പമുഹമ്മദ് പറഞ്ഞു... 'കമ്പേ ചീമ്മാറ്...'

ഇതര സംസ്ഥാന തൊഴിലാളികളുടെ വരവോടെ അനവധി പ്രാദേശികഭാഷകള്‍വരെ നമുക്ക് കേട്ട് പരിചയമായിരിക്കുന്നു. എന്നാല്‍ ഈ പറഞ്ഞത് അതൊന്നുമല്ല... ഇതാണ് ഗൂഢഭാഷ. മലപ്പുറത്ത് ഇരുമ്പുഴിയിലും എടപ്പാളിലും മലബാറിലെ മറ്റ് ചിലയിടങ്ങളിലും ചിലര്‍ മാത്രം ഇപ്പോഴും ഉപയോഗിക്കുന്ന ഭാഷ. ഇതിന്റെ പേര് മൈഗുരുഡ്.

ജയില്‍ വാര്‍ഡനായിരുന്ന കരേക്കടവത്ത് ഹസനും ഇരുമ്പുഴിയിലെ ചായക്കട നടത്തുന്ന തോരപ്പ മുഹമ്മദും മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഡോ. പ്രമോദ് ഇരുമ്പുഴിയും കണ്ടുമുട്ടുമ്പോള്‍ 'മൈഗുരുഡ്' ഭാഷയിലാണ് സംസാരിക്കാറ്. ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഭാഷയെ വീണ്ടെടുക്കാനുള്ള ഒരു ശ്രമം.

സെയ്യോവാറ് നോമ്‌റള്... എന്നതിനര്‍ഥം എങ്ങോട്ടാണ് പോകുന്നത് എന്നാണ്. അതിന് മറുപടിയായി മുഹമ്മദ് പറഞ്ഞതാകട്ടെ മഞ്ചേരിയിലേക്കാണ് എന്നും.

സ്ത്രീകള്‍ ഉള്‍പ്പെടെ ഈ ഗൂഢഭാഷ അറിയുന്നവര്‍ നേരത്തെ നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ കാലത്തിന്റെ മാറ്റത്തിനൊപ്പം പലരില്‍നിന്നും ഈ ഭാഷയും മാഞ്ഞുപോയി. ഇപ്പോഴും ഈ ഭാഷ മായാതെ സൂക്ഷിക്കാന്‍ ചിലരുണ്ട്. അവര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ ഈ ഭാഷ ഉപയോഗിക്കുന്നുമുണ്ട്.

മൈഗുരുഡ് മാത്രമല്ല കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ പലതരത്തിലുള്ള ഗൂഢഭാഷകളും നിലനില്‍ക്കുന്നുമുണ്ട്. മൈഗുരുഡ് ഭാഷ കണ്ണൂരിലെ പാനൂരിലും കൊടുങ്ങല്ലൂരിലെ പുത്തന്‍ചിറഭാഗങ്ങളിലും ചിലര്‍ക്ക് ഇപ്പോഴും അറിയാമെന്ന വിവരവും ലഭിച്ചിട്ടുണ്ടെന്ന് പ്രമോദ് പറഞ്ഞു. സാധാരണയായി വ്യക്തികളുടെ പേര് ഭാഷമാറുമ്പോള്‍ മാറാറില്ല.

എന്നാല്‍ മലയാള അക്ഷരങ്ങള്‍ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും ഈ ഗൂഢഭാഷയില്‍ മറ്റ് ഭാഷകളില്‍ നിന്ന് വ്യത്യസ്തമായി വ്യക്തികളുടെ പേര് പോലും മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്തവിധം മാറി ഉപയോഗിക്കുന്നുണ്ട്. പണ്ടുകാലത്ത് ബീഡിക്കമ്പനികളില്‍ ഈ ഭാഷ സജീവമായി ഉപയോഗിച്ചിരുന്നുവെന്ന് ഹസന്‍ ഓര്‍ക്കുന്നു.

മൈഗുരുഡ് എന്നാല്‍

മൊഴി കുരുട് എന്നത് ഉപയോഗിച്ച് കാലക്രമത്തില്‍ മൈഗുരുഡ് എന്നായി പോയതാവാമെന്നാണ് ഈ രംഗത്ത് പഠനം നടത്തുന്നവരുടെ വിലയിരുത്തല്‍. ഈ ഗൂഢഭാഷയ്ക്ക് മലബാര്‍ കലാപകാലവുമായി ബന്ധമുണ്ടെന്ന് ഡോ. പ്രമോദ് ഇരുമ്പുഴി പറയുന്നു.

അക്കാലത്ത് മലയാളികളായ ജയില്‍വാര്‍ഡന്‍മാര്‍ അറിയാതെ വിവരങ്ങള്‍ കൈമാറുന്നതിനും സംസാരിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരുഭാഷ രൂപപ്പെടുത്തിയതെന്ന് പറയുന്നു.

മൈഡുരുഡില്‍ സ്വരാക്ഷരങ്ങളായ അ, ആ, ഇ, ഈ എന്നിവയ്ക്ക് പകരം യഥാക്രമം സ, സാ, സി, സീ, എന്നിങ്ങനെയും നേരെ തിരിച്ചും ഉപയോഗിക്കുന്നു.

വ്യഞ്ജനാക്ഷരങ്ങള്‍ ഒന്നിന് പകരം മറ്റൊന്ന് എന്ന നിലയിലും ഉപയോഗിക്കുന്നു. ഇത് എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഒരു ശ്ലോകവുമുണ്ട്.

കൂട്ടായ്മയൊരുങ്ങുന്നു

'മൈഗുരുഡ്' കൂട്ടായ്മ ഒരുക്കാനുള്ള ശ്രമവും നടന്നുവരുന്നു.

ഈ ഗൂഢഭാഷ സംസാരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ഇതിനെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കുന്നത്.

ജില്ലയിലെ ഏതെങ്കിലും പ്രദേശത്ത് മൈഗുരുഡ് ഭാഷ പ്രചരിക്കുന്നുണ്ടെങ്കില്‍ വിവരം അറിയിക്കണമെന്ന് പ്രമോദ് ഇരുമ്പുഴി പറഞ്ഞു. ഫോണ്‍: 9846308995.

News @ Mathrubhumi
29.07.2013

കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങളുടെ വലിയ ശിഹാബുദ്ദീന്‍


അബൂദബി: കണ്ടുപിടിത്തങ്ങളുടെ ആശാനും ജനറല്‍ ഇലക്ട്രിക്സ്
എന്ന കമ്പനിയുടെ സ്ഥാപകനുമായ തോമസ് ആല്‍വാ എഡിസനെ മലപ്പുറം കാടാമ്പുഴ മേല്‍മുറി മൂക്കിലപീടികയിലെ ശിഹാബുദ്ദീന് അറിയില്ല. പാഠപുസ്തകങ്ങളില്‍ എന്നോ പഠിച്ച അറിവ് പോലും എഡിസനെ കുറിച്ച് ഈ 27 കാരന്‍െറ ഓര്‍മയിലില്ല. പക്ഷേ എഡിസന്‍െറ ജീവിതത്തിന്‍െറ ചില ഓര്‍മപ്പെടുത്തലുകളിലൂടെയാണ് ശിഹാബുദ്ദീന്‍െറ കടന്നുപോക്ക്. എഡിസന്‍െറ പ്രാഥമിക വിദ്യാഭ്യാസം
വീട്ടിലിരുന്നായിരുന്നുവെങ്കില്‍ ശിഹാബുദ്ദീന്‍ പത്താം ക്ളാസോടെ പഠനം അവസാനിപ്പിച്ചു. പത്ര വില്‍പനക്കാരനും ടെലിഗ്രാഫ് ഓഫിസിലെ തൊഴിലാളിയുമായാണ് എഡിസന്‍ ജീവിതം ആരംഭിച്ചതെങ്കില്‍ ശിഹാബുദ്ദീന്‍ മില്ലിലെ ജീവനക്കാരനും അറബിയുടെ മജ്ലിസിന്‍െറ കാവല്‍ക്കാരനുമായാണ് ജീവിത വൃത്തി നിവര്‍ത്തിക്കുന്നത്. എഡിസന്‍ ലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനാണെങ്കില്‍ ശിഹാബുദ്ദീനെ ലോകം അറിയുക പോലുമില്ല. എഡിസന്‍െറ പല കണ്ടുപിടിത്തങ്ങളും തന്‍െറ ജോലി എളുപ്പമാക്കുന്നതിനുള്ള പരീക്ഷണങ്ങളായിരുന്നു. ശിഹാബുദ്ദീനും സമാന രീതിയില്‍ തന്നെയാണ് ചിന്തിക്കുന്നത്. തന്‍െറ ജോലി എളുപ്പമാക്കുന്ന, നിത്യ ജീവിതത്തില്‍ ഉപകാരപ്രദമായ കാര്യങ്ങളാണ് ഈ ചെറുപ്പക്കാരന്‍െറ ബുദ്ധിയിലൂടെ പുറത്തുവരുന്നത്.

മോട്ടോര്‍ സ്വയം നിയന്ത്രിക്കാനുള്ള ഉപകരണം, മോഷണം തടയാനുള്ള ഉപകരണം, ഗേറ്റ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുറക്കാനുള്ള ഉപകരണം, കാര്‍ പോര്‍ച്ചിന്‍െറ ഷട്ടര്‍ തുറക്കാനുള്ള ഉപകരണം, എ.സിയും ലൈറ്റുകളും നിശ്ചിത സമയത്ത് പ്രവര്‍ത്തിപ്പിക്കാനും പ്രവര്‍ത്തന രഹിതമാക്കാനുമുള്ള സംവിധാനം... തുടങ്ങി ശിഹാബിന്‍െറ കണ്ടുപിടിത്തങ്ങള്‍ നിരവധിയാണ്. അബൂദബിയില്‍ അറബിയുടെ മജ്ലിസിന്‍െറ കാവല്‍ക്കാരനായി മൂന്ന് വര്‍ഷം മുമ്പ് എത്തിയത് മുതലാണ് ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ഒരു സാധാരണ മൊബൈല്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ തുടങ്ങി ചെറിയ സാധനങ്ങള്‍ മാത്രമാണ് ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തങ്ങള്‍ക്ക് ആവശ്യം.

നാട്ടിലായിരിക്കുമ്പോഴാണ് ടാങ്കിലേക്ക് വെള്ളമടിക്കുന്ന മോട്ടോറിന്‍െറ പ്രവര്‍ത്തനം സ്വയം നിയന്ത്രിക്കുന്ന ഉപകരണം ശിഹാബുദ്ദീന്‍ കണ്ടുപിടിക്കുന്നത്. വെള്ളം തീരുന്നത് അനുസരിച്ച് മോട്ടോര്‍ അടിക്കാനും ടാങ്ക് നിറയുമ്പോള്‍ ഓഫ് ചെയ്യാനുമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനൊപ്പം വെള്ളം നഷ്ടപ്പെടുത്താതിരിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു കണ്ടുപിടിത്തത്തിന് പിന്നില്‍. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയുള്ള മോട്ടോര്‍ സ്വിച്ച് വികസിപ്പിച്ചാണ് നാല് വര്‍ഷം മുമ്പ് ഈ കണ്ടുപിടിത്തം നടത്തിയത്. ട്രാന്‍സിസ്റ്റര്‍, ഡയോഡ്, കപ്പാസിറ്റര്‍, റെസിസ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഈ ഉപകരണം നിര്‍മിച്ചത്. ഈ സംവിധാനം അനുസരിച്ച് ടാങ്കില്‍ വെള്ളം നിറഞ്ഞാല്‍ മോട്ടോര്‍ പ്രവര്‍ത്തന രഹിതമാകും. ടാങ്കില്‍ വെള്ളം തീരുമ്പോള്‍ അലാം മുഴങ്ങുകയും എല്‍.ഇ.ഡി ബള്‍ബ് പ്രകാശിക്കുകയും ചെയ്യും. മോട്ടോറില്‍ നിന്ന് ടാങ്കിലേക്ക് വെള്ളം വരുന്ന പൈപ്പ് വേര്‍പെടുകയോ കിണറിലോ കുളത്തിലോ ഉള്ള ഫുട്വാല്‍വ് വെള്ളത്തിന് മുകളിലാകുകയോ ചെയ്താല്‍ സ്ക്രീന്‍ വഴി അറിയാനുള്ള സംവിധാനവുമുണ്ട്. മോട്ടോറും ടാങ്കും 500 മീറ്റര്‍ വ്യത്യാസത്തില്‍ വരെയാണെങ്കിലും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ശിഹാബുദ്ദീന്‍ പറയുന്നു. നിര്‍മിക്കാന്‍ 750 രൂപ മാത്രമാണ് ചെലവ് വരുക.
വീടുകളിലും സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തുന്ന തസ്കര വീരന്‍മാരെ പിടികൂടാനുള്ള ഉപകരണവും ശിഹാബുദ്ദീന്‍ വികസിപ്പിച്ചിട്ടുണ്ട്. വാഹന മോഷ്ടാക്കളെ പിടികൂടാനും ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തം സഹായിക്കും. സാധാരണ മൊബൈല്‍ ഫോണ്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഇതിന്‍െറ നിര്‍മാണം. വീടിന്‍െറ വാതില്‍, ഗേറ്റ്, ചുമര്, സേഫ് എവിടെ വേണമെങ്കിലും ഈ ഉപകരണം ഘടിപ്പിക്കാം. കതകും സേഫും ഗേറ്റും ബലമായി തുറക്കുകയോ ചുമര്‍ തുരക്കുകയോ ചെയ്താല്‍ വീടിന്‍െറ ഉടമസ്ഥന്‍െറ മൊബൈല്‍ ഫോണിലേക്ക് കോള്‍ വരുന്ന സംവിധാനത്തിലൂടെയാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. വീട്ടിലേക്ക് ആരെങ്കിലും വന്നാലും ഈ സംവിധാനം വഴി അറിയാനാകും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്നാണ് ഉടമസ്ഥന്‍െറ നമ്പറിലേക്ക് കോള്‍ വരുന്നത്. വാഹനത്തിന്‍െറ ഡോര്‍, ഗ്ളാസ് തുടങ്ങി എവിടെ വേണമെങ്കിലും ഈ ഉപകരണം ഘടിപ്പിക്കാന്‍ കഴിയുമെന്ന് ശിഹാബുദ്ദീന്‍ പറയുന്നു. വാഹനം മോഷ്ടിച്ചുകൊണ്ടുപോയാലും അകത്ത് മൊബൈല്‍ ഫോണ്‍ ഉള്ളതിനാല്‍ സിഗ്നലുകള്‍ വഴി കണ്ടുപിടിക്കാന്‍ എളുപ്പമാണ്. 450 ദിര്‍ഹമാണ് ഈ ഉപകരണം നിര്‍മിച്ച് ഘടിപ്പിക്കുന്നതിന് ചെലവ് വരുന്നത്.

ഗേറ്റിന് പുറത്തെ കോളിങ് ബെല്ല് അടിച്ചാല്‍ പൂട്ടിയിട്ട ഗേറ്റ് തുറക്കാന്‍ കഴിയുന്ന സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗേറ്റിന് അകത്തും തൊട്ടടുത്തുമായി ഘടിപ്പിച്ച രണ്ട് ചെറിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയാണ് ഉപകരണത്തിന്‍െറ പ്രവര്‍ത്തനം. ഗേറ്റിന് പുറത്തെ കോളിങ് ബെല്‍ അടിക്കുമ്പോള്‍ അകത്തെ സംവിധാനത്തില്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്ന് ശിഹാബുദ്ദീന്‍െറ മൊബൈല്‍ ഫോണിലേക്ക് കോള്‍ വരും. തിരിച്ച് ശിഹാബിന്‍െറ ഫോണില്‍ നിന്ന് ഈ നമ്പറിലേക്ക് വിളിച്ചാല്‍ ഗേറ്റ് തുറക്കാന്‍ സാധിക്കും. ശിഹാബിന്‍െറ മൊബൈലിലേക്ക് സന്ദര്‍ശകര്‍ വിളിച്ചാലും പുറത്തെവിടെയാണെങ്കിലും ഗേറ്റ് തുറന്നുനല്‍കാന്‍ സാധിക്കും. ലോകത്ത് എവിടെ നിന്നും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. മുമ്പ് മജ്ലിസില്‍ സന്ദര്‍ശകര്‍ വരുമ്പോള്‍ താന്‍ തന്നെ വന്ന് ഗേറ്റ് തുറന്നുകൊടുക്കണമായിരുന്നു. ഈ ഉപകരണം സാധിച്ചതോടെ ഇടക്ക് പുറത്തുപോകാന്‍ സാധിക്കും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഫോണിലേക്ക് വിളിച്ചാല്‍ ഗേറ്റിന് സമീപത്തെ ലൈറ്റ് പ്രകാശിക്കുകയും പുറത്തുവന്നയാള്‍ക്ക് ഗേറ്റ് തുറക്കാനും സാധിക്കും. മൊബൈല്‍ ഫോണ്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഈ സംവിധാനത്തിന് 500 ദിര്‍ഹത്തോളമാണ് ചെലവ് വരുക. സമാന സംവിധാനം കാര്‍ പോര്‍ച്ചിന്‍െറ ഷട്ടര്‍ തുറക്കാനും ഉപയോഗിക്കാം.

ഗേറ്റില്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിന് പുറമെ താന്‍ സ്ഥലത്തില്ലെങ്കിലും തന്‍െറ ജോലികള്‍ ചെയ്യാനുള്ള സംവിധാനങ്ങളും ശിഹാബ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മജ്ലിസിലേക്ക് സന്ദര്‍ശകര്‍ എത്തുന്നതിന് മുമ്പ് ഓട്ടോമാറ്റിക്കായി എ.സി.യും ലൈറ്റുകളും ഓണ്‍ ചെയ്യാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയാകുമ്പോഴേക്കും മജ്ലിസിലെ എ.സി. പ്രവര്‍ത്തിച്ചുതുടങ്ങും. വൈകുന്നേരം ആറോടെ ലൈറ്റുകളും പ്രകാശിക്കും. ഒന്നോ രണ്ടോ ദിവസം താന്‍ ഇല്ലെങ്കിലും പുതിയ കണ്ടുപിടിത്തങ്ങള്‍ വഴി മജ്ലിസിലെ കാര്യങ്ങള്‍ സുഖമായി നടന്നുപോകുമെന്ന് ഈ യുവാവ് പറയുന്നു. ഇടക്ക് തനിക്ക് പുറത്തുപോകാനും സാധിക്കും.
ചെറുപ്പത്തിലേ തന്നെ കൊച്ചു കണ്ടുപിടിത്തങ്ങള്‍ നടത്തിയിരുന്നു ഈ മിടുക്കന്‍. പത്താം ക്ളാസ് കഴിഞ്ഞ് എ.സി. മെക്കാനിക്ക് കോഴ്സിന് ചേര്‍ന്നെങ്കിലും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ പഠിപ്പിക്കുന്നതെന്നതിനാല്‍ നാല് മാസം കഴിഞ്ഞ് നിര്‍ത്തുകയായിരുന്നു. ക്ഷമയും പരീക്ഷണങ്ങള്‍ക്കുള്ള മനസ്സും ഉണ്ടെങ്കില്‍ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ ആര്‍ക്കും സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഈ സംവിധാനങ്ങള്‍ ഘടിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സമീപിക്കുന്നുണ്ടെന്നും ശിഹാബ് പറയുന്നു.


Sat, 06/29/2013
മുഹമ്മദ് റഫീക്ക്

മലപ്പുറത്ത് 25 ലക്ഷത്തിന്റെ ബൈക്ക്


American luxury motorcycle manufacture Harley-Davidson Thursday launched a new version of its Fat-Boy bike in the country
http://www.harley-davidson.in/harley-davidson-india-2011-motorcycles-softail-flstfb-fat-boy-special.html

മലപ്പുറത്ത്‌കാരന്‍ എഴുതി ലബനില്‍ നിന്ന് പ്രസിദ്ധീകരണം

മലയാളി യുവാവിന്റെ അറബി ഗ്രന്ഥത്തിന് ലബ്‌നാനില്‍ നിന്നും പ്രസാധനം

മലപ്പുറം: മലയാളി യുവപണ്ഡിതന്റെ തൂലികയില്‍ വിരിഞ്ഞ അറബിക് ഗ്രന്ഥത്തിന് പ്രസാധനം ഏറ്റെടുത്തത് വിദേശ രാജ്യത്തെ പ്രമുഖ പ്രസാധകര്‍. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥിയും യുവ എഴുത്തുകാരനുമായ പെരിന്തല്‍മണ്ണ ചെറുകര ശമീം ഹുദവി രചിച്ച പുസ്തകമാണ് ലബ്‌നാനിലെ ‘ദാറുല്‍ ഖുതുബുല്‍ ഇല്‍മിയ്യ’ക്ക് കീഴില്‍ പുറത്തിറക്കിയത്.

മദീന ശരീഫിന്റെ പ്രാധാന്യവും അതിനു ചരിത്രകാരന്മാര്‍ നല്‍കിയ വിശേഷങ്ങളും ഗഹനമായി പ്രതിപാദിക്കുന്ന ‘ഇര്‍ശാദുല്‍ വറ ബി അസ്മാഇ ഖൈരില്‍ വറ ‘ എന്ന് നാമകണം ചെയ്ത 200 പേജുള്ള പൂസ്തകത്തിന്റെ പ്രസാധനമാണ് ഇവര്‍ ഏറ്റെടുത്തത്. ഇസ്‌ലാമിക ചരിത്രത്തില്‍ നൂറോളം പേരുകളിലായി അറിയപ്പെടുന്ന മദീന ശരീഫിനെ കുറിച്ച് നീണ്ട ഒരു വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് ഈ 21 കാരന്‍ രചന നിര്‍വഹിച്ചത്.

ഗ്രന്ഥത്തിന്റെ ചെറു വിവരം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോഴാണ് ലബ്‌നാനിലെ ബൈറൂത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇല്‍മിയ്യ പബ്ലിക്കേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് പ്രസാധക മേധാവികള്‍ ഗ്രന്ഥത്തിന്റെ പൂര്‍ണ്ണ രൂപം തങ്ങള്‍ക്ക് അയച്ച് തരാന്‍ ആവശ്യപ്പെടുകയായിരുന്നു.

വിവിധ രാഷ്ട്രങ്ങളിലെ അറബിക് പ്രസാധകരുടെ കൂട്ടായ്മയായ അറബിക് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദലി ബൈദൂനെന്ന ലബ്‌നാന്‍ സ്വദേശിയുടെ നേതൃത്വത്തില്‍ 1971 ലാണ് ദാറുല്‍ ഖുതുബുല്‍ ഇല്‍മിയ്യ പുസ്തക പ്രസാധനമാരംഭിച്ചത്. വിവിധ രാജ്യങ്ങളിലെ യുവ എഴുത്തുകാരുടെ അനേകം രചനകള്‍ പുറത്തിറക്കിയ ഇവര്‍ ഇതിനകം നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പുന:പ്രസാധനവും നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രചാരത്തിലുള്ള ഒട്ടുമിക്ക വിദേശ ഗ്രന്ഥങ്ങളുടെയും പ്രസാധകരാണ് ദാറുല്‍ ഇല്‍മിയ്യ. ഇവര്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ എഴുതിയ പുസ്തകത്തിന് പ്രസാധനം ഏറ്റെടുക്കുന്നത്.

പെരിന്തല്‍മണ്ണ പാറക്കാവ് സ്വദേശിയായ പെരുമ്പായി ഹംസ ഹാജി- നഫീസ ദമ്പതികളുടെ മകനായ യുവ എഴുത്തുകാരന്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. പറപ്പൂര്‍ സബിലുല്‍ ഹിദായയില്‍ നിന്നും ഇസ്‌ലാം ആന്‍ഡ് കണ്ടംപററീ സ്റ്റഡീസില്‍ ഡിഗ്രിയും പിന്നീട് ദാറുല്‍ ഹുദായില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സില്‍ പി.ജി യും ചെയ്ത ശമീം ഇപ്പോള്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരുകയാണ്.

മലയാളത്തിലും ഒട്ടനവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതുന്ന ഈ യുവപണ്ഡിതന്‍ നിരവധി രാജ്യാന്തര സെമിനാറുകളില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പ്രവാചക ചരിതവും മദീനയുടെ മഹിമയും പറയുന്ന പുസ്തകത്തിലൂടെ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയനായ തങ്ങളുടെ സഹപാഠിക്ക് സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് ശമീമിന്റെ സഹപാഠികള്‍.