ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

സാക്ഷരതാ-ദേശീയ അവാര്‍ഡ് മലപ്പുറം ജില്ലക്ക് സമ്മാനിച്ചു


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ സാക്ഷരതാ അവാര്‍ഡ് മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന് സമ്മാനിച്ചു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ചെയര്‍മാന്‍ പി.വി.അബ്ദുല്‍ വഹാബും, ഡയറക്ടര്‍ വി. ഉമ്മര്‍കോയയും അവാര്‍ഡ് ഏറ്റുവാങ്ങി. രാജ്യത്തെ 260 ജില്ലകളിലെ പ്രവര്‍ത്തനം വിലയിരുത്തിയാണ് മലപ്പുറം ജെ എസ് എസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് തയ്യാറാക്കിയ സൂചകങ്ങള്‍ ഉപയോഗിച്ച് മുംബൈയിലെ എസ്. എന്‍. ഡി.റ്റി വിമണ്‍സ് യൂണിവേഴ്‌സിറ്റി നടത്തിയ ഫീല്‍ഡ് ലെവല്‍ പരിശോധനയിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജെ എസ് എസിനെ അവാര്‍ഡിനായി തെരഞ്ഞെടുത്തതിന് അംഗീകാരം നല്‍കുകയായിരുന്നു.

വിധവകള്‍, വിവാഹമോചിതര്‍, 40 വയസ് കഴിഞ്ഞ അവിവാഹിതര്‍, എന്നിവരുടെ സ്വാശ്രയത്വം ലക്ഷ്യമിട്ട് തുടങ്ങിയ ഉല്ലാസം പദ്ധതി, പെയിന്‍ ആന്റ് പാലിയേറ്റീവുമായി സഹകരിച്ച് കിടപ്പിലായ രോഗികള്‍, ഭിന്നശേഷിക്കാര്‍, പട്ടിക ജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്കായി നടപ്പിലാക്കിയ തൊഴില്‍ പരിശീലനങ്ങള്‍, സംരംഭങ്ങള്‍, കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കിയ കരകൗശല വികസന പ്രവര്‍ത്തനങ്ങള്‍, കേന്ദ്ര സര്‍ക്കാറിന്റെ ചെറുകിട സൂക്ഷ്മ വ്യവസായ വകുപ്പുമായി (എന്‍. ഐ. എം. എസ് എം. ഇ, ഹൈദരാബാദ്) ചേര്‍ന്നു നടത്തിയ പരിശീലന പരിപാടികള്‍, തുല്ല്യതാ പഠിതാക്കള്‍ക്കുവേണ്ടി നടത്തിയ തൊഴില്‍ പരിശീലനങ്ങള്‍, പുതുമയാര്‍ന്ന മറ്റു പദ്ധതികള്‍ എന്നിവയാണ് അവാര്‍ഡിന് സഹായകരമായത്.

2006 ല്‍ നിലമ്പൂര്‍ മുസ്‌ലിം യതീംഖാന കേന്ദ്രീകരിച്ചാണ് ജെ എസ് എസ്സിന് പ്രവര്‍ത്തനം ആരംഭിച്ചത്. സമൂഹത്തിലെ പാവപ്പെട്ടവര്‍, തൊഴില്‍ രഹിതര്‍, നിരക്ഷരര്‍, നവ സാക്ഷരര്‍, തുല്ല്യതാ പഠിതാക്കള്‍, ഒറ്റപ്പെട്ട വനിതകള്‍, പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ എന്നിവര്‍ക്ക് തൊഴില്‍ പരിശീലനങ്ങളിലൂടെ സ്വാശ്രയത്വവും , ആജീവനാന്ത വിദ്യാഭ്യാസവും ഉറപ്പുവരുത്തുകയാണ് ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ പ്രധാന പ്രവര്‍ത്തനം. കുടുംബശ്രീ, സാക്ഷരതാ മിഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍, മറ്റു ഏജന്‍സികള്‍ തുടങ്ങിയവയുമായി സഹകരിച്ചാണ് സംഘടന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

Chandrika
9/9/2014

1 comment:

ജ്ജ് മുണ്ടാണ്ടെ പോവ്വാ