ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

മലപ്പുറത്തിന്റെ മറുപുറം - മൈത്രിയുടെ നിലാക്കുളിര്

മലപ്പുറം ജനിച്ചത് മുതലുള്ള വിവാദം വ്യത്യസ്ത കാരണങ്ങളാൽ പലപ്പോഴും പുനർജനിക്കാറുണ്ട്. രാഷ്ട്രീയമായ കാരണങ്ങളായിരുന്നു പലപ്പോഴും. താൽക്കാലികമായ ലാഭങ്ങൾക്ക് വേണ്ടിയുള്ള വിവാദങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായില്ല. എല്ലാ വിവാദങ്ങൾക്കും ജീവിതം കൊണ്ട് മറുപടി മലപ്പുറത്തുകാർ നൽകി.  


കുറച്ചു വർഷം മുമ്പാണ്. മലപ്പുറത്ത്‌നിന്ന് സ്ഥലം മാറിപ്പോകുന്ന ജില്ലാ കലക്ടർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനമാണ് വേദി.
''ഇവിടെനിന്ന് പോകുന്നത് സ്വന്തം വീട്ടിൽനിന്ന് പുറപ്പെട്ട് പോകും പോലെയാണ്. മടങ്ങിവരണമെന്നുറപ്പിച്ചാണ് ഞാനീ പടിയിറങ്ങുന്നത്. ഇനിയും മടങ്ങി വരണം. ഇവിടെ ഒരഞ്ച് സെന്റ് സ്ഥലം വാങ്ങണം. അവിടെയൊരു വീടുവെക്കണം....''
കണ്ണുനിറഞ്ഞാണ് ശിവശങ്കർ പ്രസംഗം പൂർത്തിയാക്കിയത്.
മലപ്പുറത്തിന്റെ ഉള്ളടക്കം മറ്റാരേക്കാളുമറിയുന്നത് കലക്ടർക്കാണ്. പടിയിറങ്ങിയിട്ടും തിരിച്ചുവിളിക്കുന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും മണ്ണും മനുഷ്യരുമുള്ള ഒരിടം അദ്ദേഹത്തെ മാടിവിളിച്ചുകൊണ്ടിരിക്കുന്നുണ്ടാകണം.
സുഹൃത്ത് കരീം ഗ്രാഫി തയ്യാറാക്കിയ ഒരു ചിത്രമുണ്ട്. അതിലെ വാചകം ഇങ്ങനെയാണ്. അമ്പലത്തിൽ വൈകി എത്തിയാൽ പടച്ച റബ്ബേ. നട അടച്ചോന്ന് ചോദിക്കുന്ന നാടേതാണെന്നറിയോ ങ്ങക്ക്...അദ്ദാണ് ഞമ്മളെ മലപ്പുറം...
പറഞ്ഞുപറഞ്ഞു പതിഞ്ഞുപോയ കുറെ കഥകളുണ്ട്, മലപ്പുറത്തെ പറ്റി. അതിൽ അമ്പലത്തിൽ പൂജക്കായി താമര കൃഷി ചെയ്യുന്ന മുസ്‌ലിം കർഷകരുണ്ട്, നോമ്പുകാലത്ത് സമയമറിയിക്കാൻ വേണ്ടി കതിന മുഴക്കിയിരുന്ന പിരിയാണിയുണ്ട്..
പൂന്താനവും മോയിൻകുട്ടി വൈദ്യരും ഇ.എം.എസും  അക്കിത്തവുമെല്ലാം പിറന്ന ഒരിടം...ഉള്ളടക്കം വർഗീയമല്ലെന്ന് ഇവരൊക്കെ പറഞ്ഞിട്ടുണ്ട്...
മലപ്പുറത്തിന്റെ മണ്ണിൽ വർഗീയതയുടെ വിത്തിറക്കാനാകുമോ എന്ന് പലരും പലവട്ടം നോക്കിയിട്ടുണ്ട്. അതിൽ എല്ലാ വിഭാഗത്തിലും പെട്ടവരുണ്ട്. ഇക്കാലം വരെയും ഒരു വർഗീയ കലാപം പോലും മലപ്പുറത്തുണ്ടായിട്ടില്ല. ഉണ്ടാവാതിരിക്കാനുള്ള ജാഗ്രതയുടെ കണ്ണ് എല്ലാവരും തുറന്നുവെച്ചു. ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഈ സൗഹൃദത്തിന്റെ ഈടുവെപ്പിനായി കാവൽ നിന്നു. അങ്ങാടിപ്പുറം തളി ക്ഷേത്രത്തിന്റെ വാതിലിന് തീയിട്ടപ്പോൾ അവിടെ ആദ്യമെത്തിയത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. ആ തീ വേറെ എവിടെയും പടരാതെ സംയമനത്തിന്റെ കാറ്റായിരുന്നു പിന്നെ വീശിയത്. പിന്നെയും കത്തിപ്പടരാവുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടും തീപ്പൊരി പോലുമുണ്ടായില്ല.
താനൂരിലെ ശോഭാപറമ്പ്. മലപ്പുറം ജില്ലയിലെ തന്നെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് താനൂരിലെ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം. ഇവിടെ പൂജ നടത്തുന്നതിനുള്ള പ്രധാന കാർമികനെ നിശ്ചയിക്കുന്നത് താനൂരിലെ പഴയകത്തെ മുസ്‌ലിം തറവാട്ടിൽനിന്നാണ്. കാർമ്മികന് ആവേൻ എന്നാണ് പേര്. എട്ടു കൊല്ലം മുമ്പാണ് പഴയകത്ത് തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ബാപ്പു ഹാജി എന്ന മുഹമ്മദ് കുട്ടി ഹാജി ആവേൻ വിളി നടത്തിയത്.
നാലു പേരെയാണ് ആവേനായി വിളിച്ചത്. ബാപ്പു ഹാജിയുടെ ബാപ്പ 58 കൊല്ലം മുമ്പ് മൂന്നു പേർക്ക് ആവേൻ സ്ഥാനം നൽകിയിരുന്നു. 800 കൊല്ലം പഴക്കമുള്ള തറവാടാണിത്. അത്രയും കാലം ഈ പാരമ്പര്യത്തിന്റെ ഇഴ പൊട്ടാതെ കാത്തുപോന്നിട്ടുണ്ട് ഈ ദേശം. ആവേൻ സ്ഥാനം ലഭിച്ചവർക്ക് മാത്രമേ ഈ ക്ഷേത്രത്തിൽ വെളിച്ചപ്പെടാൻ കഴിയൂ. തിരുഉഴിച്ചിലും പാട്ട് എന്ന ചടങ്ങോടെയാണ് ആവേൻ വിളി നടക്കാറുള്ളത്. പഴയകത്ത് തറവാട്ടിൽനിന്ന് ലഭിക്കുന്ന സ്ഥാനപ്പേര് ഏറെ സന്തോഷം നൽകുന്നതാണെന്ന് ഇപ്പോഴത്തെ പൂജാരി രാജീവ് പറയുന്നു. (സുഹൃത്ത് തോപ്പിൽ ഷാജഹാൻ തയ്യാറാക്കിയ മലപ്പുറത്തെ പറ്റിയുള്ള ഡോക്യുമെന്ററിയിൽനിന്ന്)
പള്ളിയിലെ മുസ്‌ലിയാർക്ക് മാസത്തിലൊരിക്കൽ മുസ്‌ലിം വീടുകളിൽനിന്നെന്ന പോലെ ഭക്ഷണം നൽകുന്ന ഇതര മതസ്ഥരുടെ വീടുകളുണ്ട് മലപ്പുറത്തെമ്പാടും. ഒന്നും രണ്ടുമല്ല.
ഇങ്ങനെയുള്ള കഥകളുണ്ട് ഒരുപാട്. അത് ഏറെ പറയാനുണ്ട്. പറയുന്നില്ല. ഇനി ഇത് മലപ്പുറത്ത് മാത്രമുള്ളതാണോ എന്നാണ് ചോദ്യമെങ്കിൽ അല്ലെന്നാണ് ഉത്തരം. നല്ല മനുഷ്യരുള്ള എല്ലാ സ്ഥലങ്ങളിലും ഇതൊക്കെയുണ്ട്. പിന്നെ എന്തിന് മലപ്പുറത്തെ മാത്രം പറയുന്നു എന്ന് ചോദിച്ചാൽ ഇപ്പോഴത്തെ വിവാദം എന്നു മാത്രമാണ് അതിനുത്തരം.
പിറവിയെടുത്തത് മുതൽ മലപ്പുറത്തെ പറ്റി ഉന്നയിക്കാത്ത ആരോപണങ്ങളില്ല. കുട്ടിപ്പാക്കിസ്ഥാനാണ് എന്നതായിരുന്നു ഒന്നാമത്തേത്.
പാക്കിസ്ഥാനിൽനിന്ന് ആയുധക്കപ്പൽ മലപ്പുറത്തെ താനൂർ തീരത്തെത്തി എന്ന് മറ്റൊരു ആരോപണം. സുബ്രഹ്മണ്യം സ്വാമി വരെയുള്ള ബി.ജെ.പി നേതാക്കൾ ഈ ആരോപണമുന്നയിച്ചു. എന്നാൽ, മലപ്പുറത്തെ ബി.ജെ.പി നേതാക്കൾ പോലും ഇതെല്ലാം പുച്ഛിച്ചു തള്ളി. സുബ്രഹ്മണ്യം സ്വാമിയെ പോലെയുള്ള ബി.ജെ.പി നേതാക്കളല്ല മലപ്പുറത്തുള്ളത്. ശശികലയെ പോലെയുള്ള ബി.ജെ.പി നേതാക്കളല്ല മലപ്പുറത്തുള്ളത്. സുഷമ സ്വരാജിനെ പോലെയുള്ളവരാണ്. മലപ്പുറത്തിന്റെ ഉള്ളടക്കം അറിയുന്നതുകൊണ്ടാണ് ശ്രീപ്രകാശിനെ പോലെയുള്ള സ്ഥാനാർഥികൾ മലപ്പുറത്ത് വരുന്നത്.
മലപ്പുറം ജില്ല രൂപീകരിക്കുന്നത് മുമ്പ് തന്നെ ഈ മേഖലയിൽ മുസ്‌ലിം ലീഗ് പ്രവർത്തിക്കുന്നുണ്ട്. സാധാരണ ഗതിയിൽ ഒരു ഭാഗത്ത് മുസ്‌ലിം വർഗീയതയുണ്ടെങ്കിൽ മറുഭാഗത്ത് അതിനെതിരായി ഹിന്ദുവർഗീയതയും രൂപമെടുക്കും.
എന്നാൽ ഈ കാലം വരെയും മലപ്പുറത്ത് അങ്ങനെയൊരു വളർച്ചയുണ്ടായിട്ടില്ല. ചില തീവ്രവാദി കക്ഷികൾ രംഗത്ത് വന്നതിന് ശേഷമാണ് മലപ്പുറത്ത് അൽപമെങ്കിലും മറുവാദവും ശക്തി പ്രാപിക്കുന്നത്. പക്ഷേ അതെല്ലാം നനഞ്ഞ പടക്കങ്ങളായി.
മലപ്പുറം ജില്ലയുടെ രൂപീകരണത്തെ തുടക്കം മുതൽ അക്കാലത്തെ ജനസംഘം (ബി.ജെ.പിയുടെ ആദ്യരൂപം) എതിർത്തിരുന്നു. മലപ്പുറത്തിന്റെ അസ്തിത്വം അംഗീകരിക്കാൻ തയ്യാറാകാത്ത ജനസംഘം മലപ്പുറത്ത് ജില്ലാ കമ്മിറ്റി പോലും രൂപീകരിക്കാൻ തയ്യാറായില്ല. കോൺഗ്രസിലെ ഒരു വിഭാഗവും കെ. കേളപ്പനുമെല്ലാം മലപ്പുറം ജില്ലയുടെ രൂപീകരണത്തെ എതിർത്തിരുന്നു.
അതേസമയം തന്നെ പി.സി രാഘവൻ നായർ എന്ന സി.പി.എം എം.എൽ.എയും കെ.പി.ആർ ഗോപാലനും മലപ്പുറം ജില്ലയുടെ രൂപീകരണത്തെ എതിർത്തിരുന്നു. ഇ.മൊയ്തുമൗലവി, ആര്യാടൻ മുഹമ്മദ്, വി.എ ആസാദ് (എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റായിരുന്നു) എന്നിവരെല്ലാം മലപ്പുറം ജില്ലയുടെ രൂപീകരണത്തിന് എതിരായിരുന്നു. ജില്ല രൂപീകരിച്ച പിറ്റേ വർഷം മൊയ്തു മൗലവിയെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ സല്യൂട്ട് സ്വീകരിക്കാനെത്തിച്ച് കണക്ക് തീർത്തു.
സപ്ത കക്ഷി മുന്നണിയിലെ സി.പി.ഐ, മുസ്‌ലിം ലീഗ്, എസ്.എസ്.പി, ആർ.എസ്.പി എന്നീ കക്ഷികൾ നിർബന്ധിച്ചതുകൊണ്ടാണ് മലപ്പുറം ജില്ല പിറന്നത്. (ജില്ലയെ എതിർത്തവരെ കണക്കിന് കശക്കിയ ഒരു ലഘുലേഖ സി.പി.ഐ സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സി. അച്യുതമേനോൻ എഴുതി. അതിന്റെ തലക്കെട്ട്: മലപ്പുറം ജില്ലാ വിരുദ്ധ സമരം ദുരുപദിഷ്ടിതമായ വർഗീയ സമരം).
മലപ്പുറം ജില്ല ഏതെങ്കിലും ഒരു കക്ഷിയുടെ ആവശ്യപ്രകാരം മാത്രമായിരുന്നില്ലെന്ന് ചുരുക്കം. ആവശ്യപ്പെട്ടവരും എല്ലാ പാർട്ടിയിലുമുണ്ട്. എതിർത്തവരിലും എല്ലാമുണ്ട്. മലപ്പുറം രൂപീകരണവുമായി ബന്ധപ്പെട്ട് ഇ.എം.എസിന്റെ തന്നെ രണ്ട് നിരീക്ഷണമുണ്ട്. അനുകൂലിച്ചും എതിർത്തുമുള്ളത്.
മലപ്പുറം ജനിച്ചത് മുതലുള്ള വിവാദം വ്യത്യസ്ത കാരണങ്ങളാൽ പലപ്പോഴും പുനർജനിക്കാറുണ്ട്. രാഷ്ട്രീയമായ കാരണങ്ങളായിരുന്നു പലപ്പോഴും. താൽക്കാലികമായ ലാഭങ്ങൾക്ക് വേണ്ടിയുള്ള വിവാദങ്ങൾക്കൊന്നും അധികം ആയുസ്സുണ്ടായില്ല. എല്ലാ വിവാദങ്ങൾക്കും ജീവിതം കൊണ്ട് മറുപടി മലപ്പുറത്തുകാർ നൽകി.  അമ്പലത്തിൽ വൈകി എത്തിയാൽ പടച്ച റബ്ബേ. നട അടച്ചോന്ന് ചോദിക്കുന്ന നാടായി മലപ്പുറം നിലനിൽക്കുന്നു....

വഹീദ് സമാൻ
മലയാളം ന്യൂസ്

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ