ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

ജീവിതം വഴിമുട്ടിയവര്‍ക്ക് മുഹമ്മദുണ്ണിയുടെ കാരുണ്യ ഹസ്തം

മലപ്പുറം: വെളിയങ്കോട് തണ്ണിത്തറ തെക്കരകത്ത് മുഹമ്മദുണ്ണി എന്ന ജിന്നന് (53) ബൈത്തുറഹ്മയെന്നാല്‍ ജീവിതത്തിന്റെ ഭാഗമാണ്. ശിഹാബ് തങ്ങളുടെ സ്മരണയില്‍ ആറ് ബൈത്തുറഹ്മകളാണ് മുഹമ്മദുണ്ണിയുടെ കാരുണ്യത്തില്‍ ഉയരുന്നത്. മുഴുവന്‍ വീടുകളുടെയും താക്കോല്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് കൈമാറാനാണ് ആഗ്രഹിക്കുന്നതെന്ന് മുഹമ്മദുണ്ണി ചന്ദ്രികയോട് പറഞ്ഞു.

പാവങ്ങള്‍ക്ക് വേണ്ടി ശിഹാബ്തങ്ങളുടെ ഓര്‍മയില്‍ ബൈത്തുറഹ്മ നിര്‍മിക്കുന്നത് ഏറെ പുണ്യകരമായ സേവനമായാണ് മുഹമ്മദുണ്ണി കാണുന്നത്. വെളിയങ്കോട് അയ്യോട്ടിച്ചിറ മുക്രിയത്ത് മുഹമ്മദുണ്ണി, പഴഞ്ഞി ഖമറു, വടക്കെ പുറത്ത് അബ്ദു, ഇബ്രാഹിം പത്തുമുറി, ഹംസ ചാമത്തേയില്‍, തൃശൂര്‍ ചേലക്കര പഴയന്നൂര്‍ ഇബ്രാഹിം എന്നീ കുടുംബങ്ങള്‍ക്കാണ് തെക്കരകത്ത് മുഹമ്മദുണ്ണി ബൈത്തുറഹ്മ നിര്‍മിച്ച് നല്‍കുന്നത്. ഇതിനാവശ്യമായ തുക മുഹമ്മദുണ്ണി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. അഞ്ച് വീടുകളുടെ നിര്‍മാണം നടന്നു വരികയാണ്. വെളിയങ്കോട് ഇബ്രാഹിം പത്തുമുറിയുടെ കുടുംബത്തിനുള്ള വീടിന് 16ന് തറക്കല്ലിടും. എല്ലാ വീടുകളും ഒരേ സമയം പൂര്‍ത്തീകരിക്കുന്നതിന് തിരക്കിട്ട നിര്‍മാണമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.

ഈ വീടുകളുടെ താക്കോല്‍സമര്‍പ്പണത്തൊടൊപ്പം പുതിയ ബൈത്തുറഹ്മ വീടുകളുടെ നിര്‍മാണത്തിനും മുഹമ്മദുണ്ണി ആഗ്രഹിക്കുന്നുണ്ട്. കൂടാതെ ഇരുപത് നിര്‍ധന കുടുംബങ്ങള്‍ക്ക് നാലു സെന്റ് വീതം സ്ഥലം മുഹമ്മദുണ്ണി നല്‍കിയിട്ടുണ്ട്. തന്റെ വീടിനോട് ചേര്‍ന്ന് രണ്ടര ഏക്കറോളം ഭൂമിയില്‍ നിന്നാണ് പാവങ്ങള്‍ക്ക് വേണ്ടി ഭൂമിദാനം ചെയ്തത്. ഓരോ കുടുംബത്തിന്റെയും പേരില്‍ ഇത് സംബന്ധിച്ച് രജിസ്‌ട്രേഷന്‍ നടത്തും. ബൈത്തുറഹ്മയുടെ താക്കോല്‍ദാനത്തോടൊപ്പം സ്ഥലത്തിന്റെ രേഖകള്‍ ഇരുപത് കുടുംബങ്ങള്‍ക്ക് കൈമാറുമെന്ന് മുഹമ്മദുണ്ണി പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറില്‍ വ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന മുഹമ്മദുണ്ണി നാല് വര്‍ഷമായി പാവങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. മുന്നൂറോളം കുടുംബങ്ങള്‍ ഈ പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളാണ്. എല്ലാവര്‍ക്കും ഓരോ മാസവും കൃത്യമായി പെന്‍ഷന്‍ വീട്ടിലെത്തിച്ചിരിക്കും. 300, 500, 1000, 1500 രൂപ എന്നിങ്ങനെ നാലിനങ്ങളായാണ് പെന്‍ഷന്‍ നിശ്ചയിച്ചിട്ടുള്ളത്. എല്ലാ മാസവും പെന്‍ഷന്‍ എത്തിക്കാന്‍ മുന്‍ വാര്‍ഡ് മെമ്പര്‍ വെളിയങ്കോട് സുനിലിനെയാണ് നിയോഗിച്ചിട്ടുള്ളത്. ജാന്യേഭേദമന്യെ പെന്‍ഷന്‍ പദ്ധതി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പകരുന്ന ആശ്വാസം ചെറുതല്ല.

ശാരീരിക അസുഖം മൂലം ജിവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാകാതെ പ്രതിസന്ധിയിലായ കുടുംബങ്ങളിലേക്കാണ് മുഹമ്മദുണ്ണിയുടെ കാരുണ്യ നീട്ടം. ജീവിത സാഹചര്യങ്ങളില്‍ ഏറ്റവും പാവപ്പെട്ടവരെയാണ് ബൈത്തുറഹ്മ നിര്‍മിച്ചു നല്‍കാന്‍ തെരഞ്ഞെടുത്തത്. അപകടത്തില്‍പെട്ട് ജോലിക്ക് പോകാനാകാതെ കഴിയുന്ന കുടുംബം ഉള്‍പ്പെടെയാണ് ഗുണഭോക്താക്കള്‍. നാട്ടില്‍ കച്ചവടവുമായി കഴിഞ്ഞിരുന്ന മുഹമ്മദുണ്ണി 1979-ലാണ് ആദ്യമായി ഖത്തറിലേക്ക് പോയത്. കഠിനശ്രമത്തിലൂടെയാണ് പച്ചപിടിച്ചത്. ലഭിക്കുന്ന സമ്പാദ്യത്തില്‍ നിന്ന് പാവങ്ങളെ കഴിച്ചിട്ടേ മുഹമ്മദുണ്ണിക്ക് എല്ലാമൊള്ളൂ. വെളിയങ്കോട്ട് സ്വന്തമായി നമസ്‌കാര പള്ളിയും മുഹമ്മദുണ്ണി നിര്‍മ്മിച്ചിട്ടുണ്ട്. മുപ്പത് ലക്ഷത്തോളം രൂപയാണ് പള്ളിക്ക് ചെലവായത്.

News @ Chandrika
ഇഖ്ബാല്‍കല്ലുങ്ങല്‍
8/13/2013 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ