ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

Showing posts with label പ്രാദേശികം. Show all posts
Showing posts with label പ്രാദേശികം. Show all posts

കഥ പറയുന്ന ചീനിമരം


പൊന്നാനി . ചരിത്രത്തിലേക്ക്‌ ശിഖരങ്ങള്‍ വിരിച്ച ഈ ചീനിമരം പൊന്നാനിയുടെ പഴങ്കഥകളുടെ സൂക്ഷിപ്പുകാരനാണ്‌. സമര വീര്യത്തിന്റെയും പ്രതാപകാലത്തിന്റെയും കാഴ്ചക്കാരനാണ്‌. വെള്ളക്കാരന്‌ നാട്ടുകാരിസ്‌ത്രീയോടു തോന്നിയ ഭ്രമത്തെപൊന്നാനിക്കാര്‍ തല്ലിയൊതുക്കിയതിന്‌ സാക്ഷിയുമാണ്‌. പൊന്നാനി വലിയ ജാറത്തിനു സമീപത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇൌ‍ ചീനിമരത്തോടു ചോദിച്ചാലറിയാം ഈ നാടിന്റെ പാരമ്പര്യം.

കടലോരത്ത്‌ കുതിരയുടെകുളമ്പടിശബ്ദം കേട്ടിരുന്ന കാലം. പൊന്നാനിയിലെ മുസാവരി ബംഗാവിലേക്ക്‌ കണ്ണൂരില്‍നിന്ന്‌ മുസ്‌ലിം യുവതിയായ ജന്നത്തുബീവിയെ പട്ടാള ഉദ്യോഗസ്ഥന്‍ തട്ടിക്കൊണ്ടുവന്ന്‌ സായാഹ്ന സവാരിക്കായി ഈ ചീനിമരച്ചോട്ടിലെത്തി. അവശയായ സ്‌ത്രീയെകണ്ട്‌ സംശയം തോന്നിയ നാട്ടുകാര്‍ ചുറ്റും കൂടി. അപ്പോഴാണ്‌'കിഡ്നാപ്പിങ്ങിന്റെ ചുരുളഴിയുന്നത്‌.

പിന്നീട്‌ നാട്ടുകാര്‍ സംഘടിച്ച്‌ മുസാവരി ബംഗാവ്‌ വളഞ്ഞ്‌ കാവല്‍ക്കാരെ അടിച്ചുവീഴ്ത്തി യുവതിയെ മോചിപ്പിച്ചു. ഒരു നൂറ്റാണ്ട്‌ മുന്‍പു നടന്ന ഇൌ‍ ചരിത്രസംഭവത്തിന്‌ ഇന്നു സാക്ഷിയായിനില്‍ക്കുന്നത്‌ ഇൌ‍ ചീനിമരം മാത്രം.

പൊന്നാനിയിലെ റോഡരികില്‍ ഒട്ടേറെ ചീനിമരങ്ങളുണ്ടായിരുന്നെങ്കിലും പലതും കടപുഴകിയും വികസനത്തിന്‌ ബലിയാടുകളായും ഇല്ലാതായി. പത്തുപേര്‍ ഒരുമിച്ചു പിടിച്ചാല്‍പ്പോലും ചീനിമരത്തിന്റെ വണ്ണം അളക്കാന്‍ കഴിയില്ല. പൊന്നാനിയിലെ നിത്യസം ഭവങ്ങള്‍ക്കു സാക്ഷിയായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇൌ‍മരത്തിനു മുന്‍പില്‍ കാലം ഇനിയുംഅവശേഷിക്കുകയാണ്‌.

Manorama

ഇരുപത്തഞ്ചോളം ഗുഹകളുമായി മങ്കട ഗ്രാമം

മങ്കട: ഗുഹകളുടെയും അയിരുമടകളുടെയും കഥ പറയുകയാണ്‌ മങ്കട ഗ്രാമം. ലോകത്ത്‌ ആദ്യമായി ബ്രിട്ടിഷുകാര്‍ ചെങ്കല്ല്‌ കണെ്ടത്തിയ ചരിത്രകഥയുറങ്ങുന്ന മങ്കട, അങ്ങാടിപ്പുറം ഗ്രാമപ്പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളിലാണു നിരവധി ഗുഹകള്‍ ഇന്നും ചരിത്രസ്മാരകങ്ങളായി സ്ഥിതി ചെയ്യുന്നത്‌.

മങ്കട, പുളിക്കല്‍ പറമ്പ്‌, മുക്കില്‍ ചേരിയം, ചേരിയംമല, പെരുമ്പറമ്പ്‌, ഞാറക്കാട്‌, കുറുവ, മൊട്ടക്കുന്ന്‌ ഭാഗങ്ങളിലായാണ്‌ 25ലധികം ഗുഹകളുള്ളത്‌. കിലോമീറ്ററുകളോളം ദൂരം നടന്നുപോവാന്‍ കഴിയുന്ന തരത്തിലുള്ള ഗുഹകളും വാന്‍ ഗര്‍ത്തരൂപത്തിലുള്ള അയിരുമടകളുമാണ്‌ ഇവിടങ്ങളിലുള്ളത്‌. നിരവധി ചരിത്രവിദ്യാര്‍ഥികള്‍ പഠനഗവേഷണവുമായി ബന്ധപ്പെട്ട്‌ ഇവിടെ എത്താറുണ്ട്‌. ഒറ്റവരിപ്പാതയായി നീണ്ടുകിടക്കുന്ന ഗുഹകളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഇരിപ്പിടങ്ങളും വിശ്രമത്തറകളും കാണാം. വാവ്വാലുകളും ചീവീടുകളും വിഷപ്പാമ്പുകളുമാണ്‌ ഗുഹകളില്‍ താമസക്കാര്‍. പല വഴികളായി തിരിയുന്ന ഗുഹകളില്‍ ചില ഭാഗങ്ങള്‍ എത്തിപ്പെടുന്നതു പുഴകളിലേക്കും തോടുകളിലേക്കുമാണെന്നു പഴമക്കാര്‍ പറയുന്നു. ഈ അതിശയലോകം സ്വകാര്യ ഭൂമികളിലാണ്‌ കൂടുതലും.

ഇരുമ്പയിര്‌ കണെ്ടത്തുന്നതിനുവേണ്ടി ബ്രിട്ടിഷുകാര്‍ ഖനനം ചെയ്തെടുത്ത ഭാഗങ്ങളാണ്‌ ഗുഹകളായി അവശേഷിക്കുന്നത്‌. മങ്കട ചേരിയം മലയിലെ ഗുഹകളില്‍ മാത്രമാണ്‌ ഇപ്പോള്‍ മനുഷ്യവാസമുള്ളത്‌. ഇവിടെ അഞ്ച്‌ കുടുംബങ്ങള്‍ പാറമടകളിലാണു താമസിക്കുന്നത്‌. പുറംലോകത്ത്‌ അജ്ഞാതമായിരുന്ന മങ്കടയിലെ ഗുഹകള്‍ തേടി ഇപ്പോഴും പലരും ഇവിടെയെത്തുന്നുണ്ട്‌.

Thejsa Daily

ധീര ചരിത്രം രചിച്ച തിരൂരങ്ങാടിയും മമ്പുറവും

മമ്പുറം തങ്ങളുടെ വീട്

ഒരു നൂറ്റാണ്ടിലേറെയായി തിരൂരങ്ങാടിയില്‍ നിന്ന് പരിശുദ്ധ ഖുര്‍ആന്‍ അച്ചടിക്കുന്നു. 1883-ല്‍ ചാലിലകത്ത് അഹമ്മദാണ് തിരൂരങ്ങാടിയില്‍ ഖുര്‍ആന്‍ അച്ചടിക്കായി ആദ്യമായി അച്ചടിശാല തുടങ്ങിയത്. വെണ്‍മയാര്‍ന്ന കല്ലില്‍ മുട്ടയുടെ വെള്ളയും ചില മഷിക്കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന മഷിയുപയോഗിച്ച് ആര്‍ട്ടിസ്റ്റുകള്‍ എഴുതുന്ന അക്ഷരങ്ങള്‍ ലിതോപ്രസ്സില്‍ വെച്ച് കൈകൊണ്ട് പ്രവര്‍ത്തിപ്പിച്ചായിരുന്നു ആദ്യ കാലത്തെ അച്ചടി.

ചാലിയം മുതല്‍ തിരൂരങ്ങാടി വരെ ഒരേ കാലഘട്ടത്തിലാണ് ഇസ്‌ലാം സന്ദേശം പ്രചരിക്കപ്പെട്ടത്. ചാലിയം പള്ളിയുടെ നിര്‍മാണാനന്തരം കടലുണ്ടിപുഴയോട് ചേര്‍ന്ന് ഹിജ്‌റ 83-ലാണ് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടില്‍ കോഴിക്കോട് സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണത്തില്‍ തിരൂരങ്ങാടി ദര്‍സിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പ്രവാചക കാലത്തോടു ചേര്‍ന്നു തന്നെ പരപ്പനങ്ങാടിയിലും ഇസ്‌ലാം പ്രചരിച്ചിരുന്നു. കടലിന് അഭിമുഖമായി ഹിജ്‌റ 112-ലാണ് ഇവിടെ വലിയ പള്ളി സ്ഥാപിതമായത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ടിപ്പു സുല്‍ത്താന്‍ പടയോട്ടം നടത്തിയ പ്രദേശങ്ങളില്‍ പ്രമുഖ സ്ഥാനവും തിരൂരങ്ങാടിക്കുണ്ട്.

ചാലിയം ഖാസിയുടെ മകനായ ഹബീബ് റഹ്മാന്‍ മാലിക്ക് ആണ് തിരൂരങ്ങാടിയുടെ ആദ്യ ഖാസി. അക്കാലത്ത് തിരൂരങ്ങാടി വലിയ ജുമാമസ്ജിദിലേക്കാണ് വിദൂര സ്ഥലങ്ങളില്‍ നിന്ന് വരെ വിശ്വാസികള്‍ ജുമുഅ നമസ്‌കാരത്തിനെത്തിയിരുന്നത്. ഒട്ടേറെ ഖാസിമാര്‍ തിരൂരങ്ങാടിയില്‍ സ്ഥാനമേറ്റിരുന്നു. ഇതില്‍ ഖാസി അലി ഹസന്‍ മുസ്‌ല്യാരുടെ കാലത്താണ് മമ്പുറം തങ്ങള്‍ തിരൂരങ്ങാടിയിലെത്തുന്നത്. ഹിജ്‌റ 1166ല്‍ യമനിലെ ഹളര്‍ മൗത്തിലെ തരീമില്‍ ജനിച്ചസയ്യിദ് അലവി മൗലദ്ദവീല തങ്ങളാണ് പിന്നീട് ഖുത്തുബുസ്സമാന്‍ മമ്പുറം തങ്ങള്‍ എന്നപേരിലറിയപ്പെട്ടത്.

പതിനേഴാം വയസ്സില്‍ കപ്പല്‍ മാര്‍ഗം കേരളത്തിലെത്തിയ തങ്ങള്‍ കുറച്ചു കാലം കോഴിക്കോട്ട് താമസിച്ചു. കടലുണ്ടി പുഴയോരത്തെ മുസ്‌ലിംകളുടെ സ്ഥിതി അതിദയനീയമാണെന്നും അവര്‍ക്ക് ഒരു നേതൃത്വം വേണമെന്നുമുള്ള ആവശ്യത്തെതുടര്‍ന്നാണ് തങ്ങള്‍ ഇവിടെയെത്തുന്നത്. പുഴമാര്‍ഗമായിരുന്നു അക്കാലത്ത് സഞ്ചാരം. പുഴവഴിയെത്തിയ തങ്ങള്‍ മമ്പുറത്തെ ചെറിയപള്ളി കേന്ദ്രീകരിച്ച് മത-രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മതസൗഹാര്‍ദത്തിന് തങ്ങള്‍ ആഹ്വാനം ചെയ്തു. ശൈഖ് ഹസന്‍ ജിഫ്രിയുടെ മകള്‍ ഫാത്തിമയെയാണ് തങ്ങള്‍ വിവാഹം കഴിച്ചത്.

സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ധീരമായ നിലപാടായിരുന്നു മമ്പുറം തങ്ങള്‍ക്കും പുത്രന്‍ സയ്യിദ് ഫസല്‍ തങ്ങള്‍ക്കും. ബ്രിട്ടീഷുകാര്‍ക്കെതിരെ പതിനാറോളം സായുധ സമരങ്ങള്‍ നടന്നു. മമ്പുറം തങ്ങളെ പിടികൂടാന്‍ വെള്ളക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തങ്ങളെ പിടികൂടിയാല്‍ മലബാര്‍ കത്തിയമരുമെന്നായിരുന്നു സൈന്യത്തിന് ലഭിച്ച അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ ശ്രമം ഉപേക്ഷിച്ച ബ്രിട്ടീഷുകാര്‍ എ.ഡി 1852ല്‍ സ്‌ട്രേഞ്ചിന്റെ കുപ്രസിദ്ധമായ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പേ മമ്പുറം സയ്യിദ് ഫസല്‍ തങ്ങളെ നാട് കടത്താന്‍ കലക്ടര്‍ കനോലി ഉത്തരവിട്ടു. എരി തീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമായിരുന്നു ഈ നടപടി. മമ്പുറം തങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ഈ നാട്ടുകാര്‍ നെഞ്ചേറ്റുകയും പോരാട്ടത്തില്‍ നിന്ന് പിന്‍മാറാതെ ഉറച്ചു നില്‍ക്കുകയും ചെയ്തു. പിന്നീട് തിരൂരങ്ങാടി പള്ളിയില്‍ ദര്‍സിനെത്തിയെ ആലി മുസ്‌ല്യാരുടെ നേതൃത്വം സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിര്‍ണായകമായി.

മലബാര്‍ കലാപത്തിന്റെ കേന്ദ്രമായി തിരൂരങ്ങാടി നിറഞ്ഞു നിന്നത് ആലി മുസ്‌ല്യാരുടെ നേതൃത്വത്തിലാണ്. തിരൂരങ്ങാടിയില്‍ അയ്യമഠത്തില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പ്രസിഡണ്ടായും നെല്ലിക്കുത്ത് ആലി മുസ്‌ലിയാര്‍ , കെഎം മൗലവി എന്നിവര്‍ വൈസ്പ്രസിഡണ്ടുമാരായും കെ.പി കുഞ്ഞിപ്പോക്കര്‍ ഹാജി. പൊറ്റയില്‍ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സെക്രട്ടറിമാരായും ഖിലാഫത്ത് കമ്മിറ്റിയുണ്ടാക്കി. നിസ്സഹകരണ പ്രസ്ഥാനം ഏറ്റവുമധികം വിജയിച്ച സ്ഥലമായി തിരൂരങ്ങാടി അറിയപ്പെട്ടു. 1921 ഫെബ്രുവരി 26ന് 107-വകുപ്പനുസരിച്ച് പൊറ്റയില്‍ അബൂബക്കര്‍, വി.പി ഹസന്‍കുട്ടി, കല്ലറക്കല്‍ അഹമ്മദ് തുടങ്ങിയവരെ അകാരണമായി അറസ്റ്റ് ചെയ്തു. ഈ സംഭവം ഏറെ പ്രതിഷേധത്തിന് വഴിവെച്ചു. 1921 ഓഗസ്റ്റ് 19ന് അര്‍ധരാത്രി കലക്ടര്‍ തോമസും സേനാവ്യൂഹവും സര്‍വ സന്നാഹങ്ങളുമായി തിരൂരങ്ങാടിയിലെത്തി.

തിരൂരങ്ങാടി കിഴക്കെ പള്ളിയില്‍ അവര്‍ പരിശോധന നടത്തിയെങ്കിലും ആലി മുസ്‌ല്യാരെയും മറ്റും പിടികൂടാനായില്ല. പ്രഭാത പ്രാര്‍ത്ഥനക്ക് പള്ളിയിലെത്തിയ പൊറ്റയില്‍ മുഹമ്മദാജി, കോഴിശ്ശേരി മമ്മദ്, മകന്‍ മൊയ്തീന്‍ കുട്ടി എന്നിവരെ അറസ്റ്റ് ചെയ്തു. പിറ്റേന്ന് (ഓഗസ്റ്റ് 20) നിരപരാധികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആലി മുസ്‌ല്യാരും സംഘവും നിവേദനവുമായി കലക്ടറെ കാണാനെത്തി. പൊലീസുകാര്‍ സംഘത്തെ തടഞ്ഞു. നിങ്ങളെല്ലാവരും ഇരിക്കൂ, അറസ്റ്റിലായവരെ ഉടന്‍ വിടാം..എന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ മൊയ്തീന്‍ വിളിച്ച് പറഞ്ഞു. ഇത് കേട്ട് നിവേദക സംഘം ഇരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വെടിയുണ്ടകളാണ് ഗര്‍ജിച്ചത്. 17 ധീര ദേശാഭിമാനികളാണ് മരണമടഞ്ഞത്. പട്ടാളമേധാവികളായ ജോണ്‍സണ്‍, റൗളി എന്നിവരും കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെ 1921 ഓഗസ്റ്റ് 28ന് കോഴിക്കോട്, ഷൊര്‍ണൂര്‍, കുറ്റിപ്പുറം തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് പട്ടാളക്കാര്‍ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു.

ഓഗസ്റ്റ് 30ന് ഈ സംഘം തിരൂരങ്ങാടിയിലെത്തി. പള്ളി പട്ടാളക്കാര്‍ വളഞ്ഞു. ആലി മുസ്‌ല്യാരും 114 പേരും പള്ളിയിലുണ്ടായിരുന്നു. പട്ടാളക്കാര്‍ പള്ളിയുടെ മുകള്‍ ഭാഗത്തേക്ക് വെടിയുണ്ടകളുതിര്‍ത്തു കൊണ്ടിരുന്നു. 32 പേര്‍ ഈ സംഭവത്തില്‍ രക്തസാക്ഷികളായി. പള്ളി തകര്‍ക്കാന്‍ അവസരം നല്‍കരുതെന്ന് തീരുമാനിച്ച ആലിമുസ്‌ല്യാര്‍ കീഴടങ്ങി. ആലി മുസ്‌ല്യാരടക്കം 38 പേരെ കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇതില്‍ പലരെയും പട്ടാള കോടതി തൂക്കിലേറ്റാന്‍ വിധിച്ചു.

കോളറയുടെ പരീക്ഷണത്തിനും തിരൂരങ്ങാടി ഇരയായി. നിരവധി കുഞ്ഞുങ്ങള്‍ അനാഥരായി. ഇവരുടെ സംരക്ഷണം ചോദ്യ ചിഹ്നമായി ഉയര്‍ന്നതില്‍ നിന്നാണ് തിരൂരങ്ങാടി യതീംഖാന എന്ന ആശയം ഉയര്‍ന്നത്. കെ.എം മൗലവി, എം.കെ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി അതു മാറുകയായിരുന്നു.

ഇഖ്ബാല്‍ കല്ലുങ്ങല്‍
News @ Chandrika - 7/16/2013 

പത്തു നൂറ്റാണ്ടിന്റെ പെരുമയുമായി പരിയങ്ങാട് പള്ളി

പത്തു നൂറ്റാണ്ടിന്റെ പഴമയുടെ പെരുമയുമായി പരിയങ്ങാട് പള്ളി


വണ്ടൂര്‍: പരിയങ്ങാട് പള്ളിക്ക് ആയിരത്തി ഒരുനൂറ് കൊല്ലത്തോളം പഴക്കമുണ്ടെന്നാണ് ഏകദേശകണക്ക്. കാളികാവ് പഞ്ചായത്തിലെ പരിയങ്ങാട്, അവിഭക്ത ഏറനാട്ടിലെ ആദ്യ പള്ളികളിലൊന്നാണ് പരിയങ്ങാട് പള്ളി. മഞ്ചേരി പയ്യനാട്, നിലമ്പൂര്‍ മൈലാടി പള്ളികളോടൊപ്പം പഴക്കമാണെന്നും വാദമുണ്ട്.

അടുത്ത കാല വരെ ദൂരെദിക്കിലുള്ളവര്‍ക്കു പോലും ഖബര്‍സ്ഥാന്‍ ഇവിടയെയായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, അടുത്തെങ്ങാനും ഒരു മരണം നടന്നാല്‍ കാളവണ്ടിയുടെ ശബ്ദമാണ് ഇവിടേക്ക് ആദ്യം ഓടി വരിക. അങ്ങാടി കടവിലെ ആളുകള്‍ ജാഗരൂഗരാവും.

അരിയും ചില്ലറ സാധനങ്ങളും പാത്രങ്ങളുമായാണ് കാളവണ്ടിയുടെ വരവ്. ഇനി പിറകെ ആള്‍ക്കൂട്ടം വരും, ഒരു മയ്യിത്തും ചുമന്ന്. ചിലപ്പോള്‍ ഒന്നിലധികം മയ്യിത്തുകളുമായേക്കാം. മണിക്കൂറുകളോളം നടന്ന് മയ്യിത്തും ചുമന്ന് എത്തുന്നവര്‍ക്ക് കഞ്ഞിയും കൂട്ടാനുമൊരുക്കാനാണ് കാളവണ്ടിയുടെ വരവ്. പള്ളിപറമ്പില്‍ തന്നെയാണ് പാചകവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയാണിത്. വാമൊഴിയായി ലഭിച്ച കഥകളിലൊന്ന്.

പത്താം നൂറ്റാണ്ടിലാണ് പരിയങ്ങാട് പള്ളി നിര്‍മാണം നടന്നതെന്നാണ് അനുമാനം. പലഘട്ടങ്ങളില്‍ പുതുക്കി പണിതതാണെങ്കിലും പഴയ പള്ളി ഇന്നും അതേപോലെയുണ്ട്. മൂന്ന് ഭാഗവും പരിയങ്ങാട് പുഴയാല്‍ ചുറ്റപ്പെട്ട 40ലധികം ഏക്കര്‍ വരുന്ന വിശാലമായ സ്ഥലത്താണ് പള്ളി നിര്‍മിച്ചത്. ആന കുത്താതിരിക്കാന്‍ നല്ലകനത്തിലാണ് ചുമര്‍ നിര്‍മാണം.

സാധാരണ വെട്ടുകല്ല് രണ്ടെണ്ണം നീളത്തില്‍ വെച്ച വീതിയുണ്ടാകും ചുമരിന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുക്കി പണിയാനായി വരാന്തയിലെ കല്ലുകള്‍ ഇളക്കി മാറ്റാന്‍ നാട്ടുകാര്‍ പെടാപാട് പെട്ടു. രണ്ട് പേര്‍ വീതം ചേര്‍ന്നാണ് ഓരോ കല്ലും എടുത്തുമാറ്റിയത്.

കാലപ്പഴക്കം കൃത്യമായി ഗണിക്കാന്‍ വാമൊഴിയോ വരമൊഴിയോ ഇല്ല. ആരാണ് നിര്‍മിച്ചതെന്നും അജ്ഞാതം. പക്ഷെ നൂറ്റാണ്ടുകളുടെ പഴക്കത്തെ സാധൂകരിക്കുന്ന ഒട്ടേറെ തെളിവുകളിപ്പോഴുമുണ്ട്.നിര്‍മാണരീതി തന്നെ വ്യക്തമായ തെളിവുകളിലൊന്ന്. ഖബറുകള്‍ നിറഞ്ഞ 15 ഏക്കറിലധികം വരുന്ന ഖബര്‍ സ്ഥാനിലെ പഴമ അടയാളപ്പെടുത്തുന്ന മീസാന്‍ കല്ലുകള്‍. വണ്ടൂര്‍, എടപ്പുലം, തൊടികപ്പുലം, പാണ്ടിക്കാട് മുതല്‍ മഞ്ചേരി വരെ പരിയങ്ങാട് മഹല്ലിന്റെ ഭാഗമായിരുന്നെന്നാണ് കരുതുന്നത്. മമ്പുറം തങ്ങളടക്കമുള്ള മഹത്തുക്കള്‍ പരിയങ്ങാട്ട് വന്നിട്ടുണ്ട്.

1916 ല്‍ ജൂണ്‍ 16ന് പുതുക്കി പണിത മിമ്പറും അതിനുകൂടെ പുതുക്കി പണിത മച്ചിലിലും കാലഗണന കുറിച്ചിട്ടുണ്ട്. മച്ചിലില്‍ കൊത്തിയ അക്ഷരങ്ങള്‍ പേര്‍ഷ്യന്‍ പോലുള്ള ഭാഷയാണെന്ന് കരുതുന്നു. ഇതില്‍ പുനര്‍നിര്‍മാണ വര്‍ഷത്തിന്റെ ചില സൂചകങ്ങളുണ്ടെന്ന് പണ്ഡിതര്‍ പറയുന്നു.

പള്ളി സ്ഥാപിതമായത് മുതല്‍ ദര്‍സും പ്രവര്‍ത്തിച്ചിരുന്നതായാണ് വിശ്വാസം. പള്ളിയോടനുബന്ധിച്ച് ഖാസിപുരയും മുക്രിപ്പുരയും ഉണ്ടായിരുന്നു. പുഴയില്‍ നിന്ന് കോരികൊണ്ട് വന്നാണ് ഒറ്റകല്ലിലുണ്ടാക്കിയ ഹൗളിലേക്ക് വെള്ളം നിറച്ചിരുന്നത്. ഇങ്ങനെ വെള്ളം നിറക്കാന്‍ ആളുകള്‍ നേര്‍ച്ച നേരുന്ന പതിവുമുണ്ടായിരുന്നത്രേ. വെള്ളം കൊണ്ട് വരാനായി പുഴക്കരയിലെ പാറകളില്‍ ഒതുക്ക് വെട്ടിയുണ്ടാക്കിയത് ഇപ്പോഴും ഉണ്ട്. വെള്ളം നിറക്കാന്‍ പിന്നീട് ഏന്തുകുട്ടയും ചാമ്പ് മെഷിനുമൊക്കെയായി.

അടുത്തടുത്ത് വീടുകളുണ്ടായിരുന്ന അങ്ങാടികട എന്ന കടവ് പിന്നീട് പാണ്ടികടവായി മാറി. 1000 പറ നെല്ല്പാട്ടം ലഭിച്ചിരുന്നു മുന്‍പ് പള്ളിക്ക്. ഭൂപരിഷ്‌കരണത്തിന്റെ മറവില്‍ വഖഫ് സ്വത്ത് പലരും സ്വന്തമാക്കിയപ്പോള്‍ ഏക്കര്‍ കണക്കിന് സ്ഥലം നഷ്ടമായി. 1921 ലെ കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളം പള്ളി തീവെച്ചതായും നിരവധി കിതാബുകള്‍ കത്തിനശിച്ചതായും പഴമക്കാര്‍ പറയുന്നു.

സ്ഥാപിതകാലം മുതലുണ്ടായിരുന്ന ദര്‍സ് ഇടക്കെപ്പോഴോ മുറിഞ്ഞു. പിന്നെ ദര്‍സിന്റെ പുനഃസ്ഥാപനം കഴിഞ്ഞ നൂറ്റാണ്ടില്‍ വണ്ടൂര്‍ ഖാസിയായിരുന്ന ഒകെപറ്റ മമ്മുട്ടി മുസ്‌ലിയാരാണ് നടത്തിയത്. അതിനുമുന്‍പ് പുതുകൊള്ളി മരക്കാര്‍ മുസ്‌ലിയാര്‍ 40 കൊല്ലത്തോളം ദര്‍സ് നടത്തിയിട്ടുണ്ടിവിടെ. ആലിഹസ്സന്‍ മുസ്‌ലിയാര്‍ പള്ളിശ്ശേരി, എടപ്പുലം മാനുമുസ്‌ലിയാര്‍, തുടങ്ങി പ്രഗത്ഭര്‍ മുദരിസുമാരായിരുന്ന ദര്‍സ് ഇപ്പോള്‍ മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് ആണ് നയിക്കുന്നത്.

പള്ളിയോടനുബന്ധിച്ച് ശരീഅത്ത് കോളജും കഴിഞ്ഞ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പള്ളിയുടെ ഇപ്പോഴത്തെ മുതവല്ലി കെ.ടി. ഉണ്ണിഹൈദ്രുഹാജിയാണ്.

സൈഫുന്നസര്‍
News @ Chandrika
7/22/2013 

അറിവിന്റെ മുത്ത് കിലുക്കിയ ചെറിയ മക്ക


വാണിജ്യത്തിന്റെ പൊന്‍നാണയം കിലുക്കിയ തുറമുഖ നഗരം വിജ്ഞാനത്തിന്റെ മുത്ത് വിതരണം ചെയ്ത കഥയാണ് പൊന്നാനിയുടേത്. അറബികളുടെ ജീവിതവുമായി ഇഴകിച്ചേര്‍ന്ന് രൂപപ്പെട്ട സംസ്‌കാരം മലബാറിന്റെ എണ്ണപ്പെട്ട നഗരങ്ങളിലൊന്നായി പൊന്നാനിയെ മാറ്റി. ഇസ്‌ലാമിക സംസ്‌കാരത്തിന്റേയും വിജ്ഞാനത്തിന്റേയും പൈതൃക വഴിയാണ് ചെറിയ മക്കയുടെ നാട്ടുചരിതം.

അഞ്ചു നൂറ്റാണ്ടിനപ്പുറം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) സ്ഥാപിച്ച പൊന്നാനി പള്ളിക്കകത്തെ എല്ലാ ളാമ്പി വിളക്കുകളും പ്രകാശിക്കുന്നത് റമസാന്‍ പോലെ വിശേഷപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ്. പുത്തന്‍ സാങ്കേതിക വിദ്യ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ വിളക്കുകള്‍ സമ്മാനിച്ചപ്പോഴും മലബാറിന്റെ മക്കയെ പ്രകാശിപ്പിക്കുന്നത് മഖ്ദൂം പാരമ്പര്യത്തിന്റെ ഈ ളാമ്പി വിളക്കുകള്‍ തന്നെ.

ഇസ്‌ലാമിക സംസ്‌കാരത്തെ നെഞ്ചിലേറ്റിയ നാടിന്റെ മനസ്സു പോലെ കേരളീയ വാസ്തുവിദ്യയുടെ മനോഹാരിത ആവാഹിച്ച് തലയുയര്‍ത്തി നില്‍ക്കുകയാണ് പൊന്നാനിപ്പള്ളി.

മതവിജ്ഞാനത്തില്‍ മലയാളത്തിന്റെ പൈതൃക വഴികളില്‍ വിശുദ്ധ മക്കയോട് ബന്ധിച്ചു നില്‍ക്കുന്ന കൈവഴിയാണ് പൊന്നാനി പള്ളിയിലെ പാഠശാല. പൊന്നാനി സിലബസ് ആയിരുന്നു മലബാറിലെ പള്ളി ദര്‍സുകളുടെ മാതൃക. ദേശാന്തരങ്ങള്‍ക്കപ്പുറം വിജ്ഞാനം പകര്‍ന്ന കീര്‍ത്തിയും ഈ മതപാഠശാലക്ക് സ്വന്തം. കടല്‍ കടന്നു പോകാന്‍ മടിച്ചിരുന്ന കാലത്ത് വിജ്ഞാന തൃഷ്ണയുമായി മക്കയിലും മദീനയിലും പോയി പഠനവും അധ്യാപനവും നടത്തിയ കരുത്തുമായാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും രണ്ടാമനും പൊന്നാനിയുടെ മത നേതൃത്വം ഏറ്റെടുക്കാനെത്തുന്നത്.

ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് ആദ്യം ഉപരി പഠനത്തിനു പോയ മലയാളിയും ശൈഖ് സൈനുദ്ദീന്‍ ഒന്നാമനാണ്. പ്രാമാണികരായ പണ്ഡിത വരേണ്യരുടെ ശിഷ്യത്വവും സഹവാസവും അന്ന് ലോകത്തെ ഒന്നാം നിര പണ്ഡിതരുടെ ഗണത്തിലേക്ക് മഖ്ദൂമുമാരേയും ഉയര്‍ത്തി. ഈ ദേശാന്തര കീര്‍ത്തി തന്നെയാണ് ഏഷ്യാ വന്‍കരക്കപ്പുറം പ്രസിദ്ധി നേടിയ സര്‍വകലാശാലയാക്കി പൊന്നാനിയെ മാറ്റി പണിതതും.

വലിയജാറമാണ് മത രാഷ്ട്രീയ രംഗത്ത് ഒരു പോലെ നായകസ്ഥാനമലങ്കരിച്ച തറവാട്ടു മുറ്റം. യമനിലെ ഹളര്‍മൗത്തിലാണ് ഇന്ത്യയിലെത്തിയ ഐദറൂസി ഖബീലയില്‍ പെട്ട സയ്യിദുമാരുടെ വേര്. സയ്യിദ് മുഹമ്മദ് ഐദറൂസിയുടെ മഖ്ബറയാണ് വലിയജാറമായത്. ഈ കുടുംബം വളരെക്കാലം സമൂഹത്തിന്റെ ആശാകേന്ദ്രമായിരുന്നു.

മഖ്ദൂം കുടംബവുമായി വിവാഹ ബന്ധം സ്ഥാപിച്ച ഇവിടത്തെ പലരും മഖ്ദൂം പദവിയും വഹിച്ചിട്ടുണ്ട്. അനവധി മഹല്ലുകളുടെ ഖാസി സ്ഥാനവും വലിയ ജാറത്തിലെ സയ്യിദുമാര്‍ക്കുണ്ടായിരുന്നു. മാസപ്പിറവിയുടെ ശുഭ വാര്‍ത്തയറിയിക്കാന്‍ കതീന പൊട്ടിച്ചിരുന്നതും നകാര മുട്ടിയിരുന്നതും ഇവിടെ നിന്നാണ്. നീണ്ടു കിടക്കുന്ന വലിയ ജാറം തറവാടു പോലെ നീണ്ടു കിടക്കുകയാണ് ഓര്‍മ്മകള്‍.

നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളി അഴിമുഖത്തോടടുത്ത് പ്രകൃതി രമണീയമായ നിളാ തീരത്ത് പള്ളിക്കടവില്‍ അറബിക്കടലിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്നു. ഹിജ്‌റ ആദ്യ നൂറ്റാണ്ടിലേക്ക് നീളുന്നുണ്ട് ഈ പള്ളിയുടെ പഴക്കം. സൂഫി വര്യന്‍ ഉത്താന്‍ മുഹ്‌യിദ്ദീന്‍ ഈ പൂമുഖത്ത് അന്തിയുറങ്ങുന്നു.

വിദേശികളെ സ്വീകരിക്കാന്‍ മാത്രമല്ല, അധിനിവേശത്തിനെത്തിയവരെ തുരത്താന്‍ കൂടി പൊന്നാനി മുന്നില്‍ നിന്നു. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ തുല്യതയില്ലാത്ത അധ്യായം രചിച്ച മരക്കാര്‍മാരുടെ നാവിക യാത്ര പൊന്നാനി മഖ്ദൂമിന്റെ ആഹ്വാന പ്രകാരമായിരുന്നു. പോരാളികളെ സജ്ജരാക്കിയ തഹ്‌രീള് കാവ്യവും പോരാളികള്‍ക്ക് ഉപഹാരമായെഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന കേരളത്തിന്റെ പ്രഥമ ചരിത്ര ഗ്രന്ഥവും പൊന്നാനി ഉയര്‍ത്തിയ വൈദേശിക വിരുദ്ധതയുടെ വിളമ്പരമായിരുന്നു.

കൊച്ചിക്കും കോഴിക്കോടിനും മധ്യേയുള്ള പരമ പ്രധാനമായ ഈ തുറമുഖം നൂറ്റാണ്ടുകള്‍ക്കു മുമ്പേ കൊടുങ്ങല്ലൂര്‍, കോഴിക്കോട്, കൊല്ലം നഗരങ്ങള്‍ക്കൊപ്പം വാണിജ്യ രംഗത്ത് മികച്ചു നിന്നു. കൊച്ചി രാജാവിനും സാമൂതിരിക്കും വള്ളുവക്കോനാതിരിക്കും എപ്പോഴും ഇവിടേക്ക് ഒരു കണ്ണുണ്ടായിരുന്നു. പൊന്നാനിക്കായി പോര്‍ച്ചുഗീസ്‌കാരും ബ്രിട്ടീഷുകാരും പലവട്ടം പൊരുതി. ഡച്ചുകാരും ഇവിടെയെത്തി. തെക്ക് ചേറ്റുവ ഭാഗത്തു നിന്നും വടക്ക് തിരൂര്‍ ഭാഗത്തു നിന്നുമായെത്തുന്ന കനോലി കനാലും പൊന്നാനിപ്പുഴയും പ്രതാപത്തിന്റെ വ്യാപാര പാതകളായിരുന്നു.

കിഴക്കന്‍ മലമ്പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി കച്ചവട വഴികള്‍ ഒന്നു ചേരുന്ന ദേശമായിരുന്നു നിളാ തീരത്തെ പൊന്നാനി. ചരക്കുകള്‍ ധാരാളം വന്നിരുന്നത് കൊണ്ടും വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടു പോകാനുള്ള സൗകര്യവും വിദേശ വ്യാപാരികളെ ഇങ്ങോട്ടാകര്‍ഷിച്ചു.

ഉത്തരേന്ത്യയുടെ ഭാഗമായിരുന്ന കച്ച് ദേശത്തു നിന്നെത്തിയ ആലായീസ് മേമന്‍ വിഭാഗത്തില്‍പെടുന്ന മുസ്‌ലിം വ്യാപാരികളും ഗുജറാത്ത് ബ്രാഹ്മണരായ സേഠുമാരും കച്ചവടത്തിന്റെ കുത്തക സ്വന്തമാക്കിയവരാണ്. കച്ചില്‍ നിന്നെത്തിയവരെ കച്ചിക്കാര്‍ എന്നു വിളിച്ചു. അവര്‍ക്കായി തുറമുഖത്തിനടുത്ത് കച്ചവടത്തെരുവും ഉണ്ടായിരുന്നു - കച്ചത്തെരുവ്. അതിനടുത്ത് ഒരു കൊച്ചങ്ങാടിയും. ഇന്ന് ഇതെല്ലാം പഴങ്കഥ.

ഇന്ത്യാ വിഭജനത്തോടെ കച്ചുകാര്‍ പൊന്നാനി വിട്ടു. അതോടെ തുറമുഖത്തിന്റെ പ്രൗഢിക്ക് മങ്ങലേറ്റു തുടങ്ങി. സേഠുമാരുടെ പരമ്പര ഇന്നും ഇവിടെ വാണിജ്യ രംഗത്ത് ബാക്കിയുണ്ട്. തൃക്കാവിലെ തറവാടുകളില്‍ ഈ നാടിന്റെ സ്വന്തമായി ഏതാനും കുടുംബങ്ങള്‍.

മൂന്നു നൂറ്റാണ്ടിനപ്പുറവും ഇവിടത്തെ മുസ്‌ലിംകള്‍ വലിയ ധനാഢ്യരായിരുന്നുവെന്ന ബുക്കാനന്റെ ചരിത്രരേഖ പായ്കപ്പലുകളില്‍ കയറ്റി അയച്ചിരുന്ന ചരക്കിന്റെ കണക്കു പറയുന്നുണ്ട്. മദിരാശി, ബംഗാള്‍, സൂറത്ത് എന്നിവിടങ്ങളിലേക്കും കറാച്ചി, ബര്‍മ്മ, ശ്രീലങ്ക, തായ്‌ലന്റ്, മലേഷ്യ തുടങ്ങി മക്കയിലേക്കു പോലും പത്തേമാരികള്‍ ഇവിടെ നിന്നു പുറപ്പെട്ടു. പ്രതാപത്തിന്റെ കഥ പറയുന്ന പൊന്നാനി തുറമുഖത്തിന്റെ പിന്നാമ്പുറക്കഥള്‍ പരതുമ്പോള്‍ വിസ്മയങ്ങള്‍ സ്വാഭാവികം.

ഭാരതപ്പുഴയുടെ തഴുകലേറ്റ് കിടക്കുന്ന പൊന്നാനി മസ്ജിദുകളുടെ നഗരമെന്ന വിശേഷണത്തിനും അര്‍ഹമാണ്. നാല്‍പ്പതരപ്പള്ളി എന്ന പ്രയോഗം ഇവിടെ നിലനിന്നിരുന്നു. ഇന്നത്തെ പൊന്നാനി നഗരസഭാ പരിധിയില്‍ എണ്‍പതിലേറെ പള്ളികളുണ്ട്. പല മസ്ജിദുകള്‍ക്കും ചരിത്രത്തിന്റെ മിന്നലാട്ടവുമുണ്ട്. മിസ്‌രില്‍ നിന്നെത്തിയ സൈന്യം പാര്‍ത്ത മിസ്‌രിപ്പള്ളി.

പോര്‍ച്ചുഗീസ് കാപാലികതക്കെതിരെ അടരാടിയ ധീരരക്തസാക്ഷിയുടെ ഓര്‍മ്മയുറങ്ങുന്ന തെരുവത്ത് പള്ളി. മഖ്ദൂം വലിയ പള്ളിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ തറവാട്ടിനകത്തായിരുന്ന അകത്തേപ്പള്ളി. വലിയ പള്ളിയുടെ നിര്‍മ്മാണത്തിനുപയോഗിച്ച വലിയ മരം അണഞ്ഞ മരക്കടവിലെ ബദര്‍ പള്ളി. അടിക്കണക്ക് പ്രകാരമാണ് നിസ്‌കാര സമയം കണക്കാക്കിയിരുന്നത്. പൊന്നാനി പള്ളി ദര്‍സിന്റെ സന്തതി കൂടിയായ വെളിയങ്കോട് ഉമര്‍ ഖാസി രചിച്ച അടിക്കണക്ക് ബൈത്ത് പ്രസിദ്ധമാണ്. ജുമാമസ്ജിദില്‍ നിഴല്‍ അടിക്കണക്ക് നോക്കി നിസ്‌കാര സമയം മറ്റു പള്ളികളിലുള്ളവര്‍ വന്ന് എഴുതി കൊണ്ടു പോയിരുന്ന കാലവും അധികം പിറകിലല്ല.

കടലോരത്തെ സാഹസികരായ തൊഴിലാളികള്‍. ബീഡിയും കയറും മീനുമെല്ലാം അവരുടെ ജീവിതം നെയ്‌തെടുത്തു. അതിനിടയില്‍ സമ്പന്നമായ ഒരു വിഭാഗം ടൗണില്‍ വ്യത്യസ്തമായ ആചാര വിശേഷങ്ങളുമായി ഇവിടെ പാര്‍ത്തു. സമ്പത്തു തന്നെയാകണം ജീവിത ശൈലികളെ ചിട്ടപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളെ വലക്കാരെന്നാണ് വിളിക്കുക. കമ്പവല, ചവിട്ടുവല, തട്ടുവല, പെയ്ത്ത്‌വല, പാച്ചുവല എന്നിവയായിരുന്നു ഉപയോഗിച്ചിരുന്നത്.

വലിയതരം ചൂണ്ടകളുപയോഗിച്ച് കുറേപേര്‍ ഒന്നിച്ച് ചേര്‍ന്ന് ആഴക്കടലില്‍ മൂന്നും നാലും ദിവസം രാപാര്‍ത്ത് മല്‍സ്യം പിടിക്കുന്ന സമ്പ്രദായവും പഴയ കാലത്ത് നിലനിന്നിരുന്നു. തണ്ടുവലിക്കുന്ന രീതിയും കോരുവള്ളങ്ങളും, ഫൈബര്‍, പ്ലൈവുഡ് വള്ളങ്ങളും യന്ത്രവത്കൃത ഫിഷിങ് ബോട്ടുകളുമായി മീന്‍ പിടിത്തം പുരോഗമിച്ചു. തെക്കു നിന്നുള്ള കുളച്ചക്കാര്‍ ഉള്‍പ്പടെ അന്യദേശ തൊഴിലാളികളും ഇവിടെയെത്താറുണ്ട്.

ആദ്യമായി വാര്‍ഫ്(പാതാറ്) നിര്‍മ്മിച്ചതും ഇവിടെത്തന്നെ. 516 അടി നീളത്തില്‍ 1905ലായിരുന്നു നിര്‍മ്മാണം. 1939ല്‍ 964 അടി നീളത്തില്‍ വിപുലീകരിച്ചു. സൗകര്യം കുറഞ്ഞെങ്കിലും ഈ പാതാര്‍ തന്നെയാണ് ബോട്ടുകളുടെ വിശ്രമ കേന്ദ്രം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നിര്‍മ്മിച്ച ഫിഷിങ് ഹാര്‍ബര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സജ്ജമായി വരുന്നേയുള്ളൂ.

മൂന്നു നാല് പതിറ്റാണ്ടുകള്‍് മുമ്പ് വരെ വിശാലമായിരുന്നു പൊന്നാനി മുതല്‍ പുതുപൊന്നാനി വരെയുള്ള കടല്‍ത്തീരം. മൂന്നു പള്ളികളും തീപ്പെട്ടി കമ്പനി, ഐസ് പ്ലാന്റ്, നിരവധി വീടുകള്‍, ചാപ്പകള്‍, റോഡ് തുടങ്ങി ഇതിനിടെ കടലെടുത്ത് പോയവ ഏറെ. കടല്‍ഭിത്തിയുള്ളതാണ് ആശ്വാസം. കടലാക്രമണവും നഷ്ടങ്ങളും മുന്‍കാലങ്ങളിലും ഉണ്ടായിരുന്നുവെന്നും പ്രാദേശിക കച്ചവടക്കാരില്‍ നിന്നു ഫണ്ടു സ്വരൂപിച്ച് കടല്‍ഭിത്തി കെട്ടിയിരുന്നുവെന്നും മലബാര്‍ മാന്വല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മുസ്‌ലിംലീഗിന്റെ ചരിത്രത്തിന് ശോഭനമായ അധ്യായങ്ങള്‍ സമ്മാനിച്ച മണ്ണാണ് പൊന്നാനി. ''ചത്തകുതിര''യെന്ന് മുസ്‌ലിംലീഗിനെ ജവഹര്‍ലാല്‍ നെഹ്‌റു പരിഹസിച്ചപ്പോള്‍ ''അല്ല, പണ്ഡിറ്റ്ജീ, ഇത് ഉറങ്ങിക്കിടക്കുന്ന സിംഹമാണ്'' എന്ന സി.എച്ചിന്റെ സിംഹ ഗര്‍ജ്ജനം മുഴങ്ങിയത് പൊന്നാനി പാതാറിലെ സമ്മേളന വേദിയില്‍ നിന്നായിരുന്നു.

സമീപ നാടുകളില്‍ നിന്നെല്ലാം എത്തുന്നവരാല്‍ തിരക്കേറുന്നതാണ് പൊന്നാനി ജുമാമസ്ജിദിലെ നോമ്പുകാലം. രാത്രി നിസ്‌കാരത്തിനാണ് ഇത് പ്രകടമാവുക. റമസാന്‍ ഒടുവിലെ പത്തിലേക്ക് നീളുന്നതോടെ ഈ തിരക്ക് വീണ്ടുമേറും. കെട്ടിപ്പൊക്കാത്ത മഖ്ബറയും അതിനെ ചുറ്റിപ്പറ്റിയുള്ള ചൂഷണ വലയങ്ങളുടെ അഭാവവും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന് പൊന്നാനിയെ വേറിട്ട് നിര്‍ത്തുന്നു.

പാനീസ് വിളക്കുകളേന്തി വീടുവീടാന്തരം കയറിയിറങ്ങുന്ന കുട്ടിക്കൂട്ടങ്ങളും പുതിയാപ്പിളയുടെ വീട്ടിലേക്ക് നോമ്പുതുറയും അത്താഴവും കൊണ്ടു പോകുന്ന വാല്യക്കാരും ഇവിടത്തെ വേറിട്ട കാഴ്ചകളായിരുന്നു. സല്‍ക്കാര പ്രിയം കൊണ്ടാവാം ഇന്നാട്ടിലെ മഹിളകള്‍ പലവിധ പലഹാരങ്ങളും കണ്ടു പിടിച്ചത്. അറബ് ടച്ചുള്ള അലീസയും പല വര്‍ണ്ണങ്ങളിലും രൂപങ്ങളിലും രുചി വൈവിധ്യം സമ്മാനിച്ച കോഴിമുട്ട വിഭവങ്ങളും മറ്റും പൊന്നാനിയിലെ തീന്‍ മേശകളെ സമൃദ്ധമാക്കി.

രാത്രിയെ പകലാക്കിയുള്ള നഗരരീതിയും മറ്റൊരു തുടര്‍ച്ച. സുബ്ഹി ബാങ്ക് വിളിക്കുമ്പോള്‍ അടക്കുന്ന ചായക്കടകളില്‍ പാതിരാവിലും ആള്‍ക്കൂട്ടങ്ങള്‍. മാഞ്ഞു പോകുന്ന കാഴ്ചകളാണിന്നവ. ദൂര ദിക്കുകളില്‍ നിന്നു പോലുമെത്തി പൊന്നാനി വലിയ പള്ളിയില്‍ കൂടുന്നവര്‍ക്ക് പലഹാരവും അത്താഴവും കിട്ടിയിരുന്നത് ടൗണിലെ ഈ ചായക്കടകളില്‍ നിന്നായിരുന്നു.

സി.കെ റഫീഖ്‌
News @ Chandrika
7/17/2013 

കയര്‍പിരി വിസ്മൃതിയില്‍; റാട്ടകളുടെ ശബ്ദവും നിലച്ചു


ചേലേമ്പ്ര: പുല്ലിപ്പുഴയിലും കനോലി കനാലിലും തീര പ്രദേശ കാഴ്ചയായിരുന്ന കയര്‍ പിരി വിസ്മൃതിയിലായി. കയര്‍ പിരിക്കാന്‍ ഉപയോഗിച്ചിരുന്ന യന്ത്രങ്ങളുടെ (റാട്ട)ഇരമ്പലുകളും നിലച്ചു.

അര നൂറ്റാണ്ടിലധികം കാലം പുഴയോരങ്ങളില്‍ നിറഞ്ഞു നിന്ന റാട്ടകള്‍ അപ്രത്യക്ഷമായപ്പോള്‍ പുല്ലിക്കടവില്‍ പേരിന് മാത്രമായി കയര്‍ പിരി യന്ത്രം പ്രവര്‍ത്തനമില്ലാതെ പുരാ വസ്തുവെന്നോണം ഓര്‍മ്മകളുടെ ശേഷിപ്പായി നില്‍ക്കുന്നു.

സ്ത്രീ തൊഴിലാളികളുടെ ഉപജീവനത്തിന്റെ കഥ പറയുന്നതായിരുന്നു പുഴയോരത്തെ കയര്‍ പിരിയും റാട്ടകളും. കയര്‍ പിരി യന്ത്രത്തിന് ഇപ്പോള്‍ പുഴയോരത്ത് വംശ നാശം സംഭവിച്ച മട്ടാണ്. പുഴയോര വാസികളുടെ ജീവിതത്തിലെ ഐശ്വര്യ കാലമായിരുന്നു കാല്‍ നൂറ്റാണ്ട് മുമ്പ് വരെ കയര്‍ പിരി വ്യവസായം.

പുല്ലിപ്പുഴ, കനോലി കനാല്‍ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലായി പതിനഞ്ചോളം കയര്‍ പിരി കേന്ദ്രങ്ങളുണ്ടായിരുന്നു. ഓരോ കേന്ദ്രങ്ങളിലും നാലും അഞ്ചും യന്ത്രങ്ങള്‍ വെച്ച് കയര്‍ പിരി വ്യവസായം സജ്ജീവമായ ഒരു കാല ഘട്ടം .

നൂറ് കണക്കിന് കയര്‍ പിരി യന്ത്രങ്ങളാണ് ഈ വിധം കയര്‍ പിരി വ്യവസായം അസ്തമിച്ച് പോയതിനെ തുടര്‍ന്ന് തുരുമ്പെടുത്തും മറ്റും ഇല്ലാതായത്. 500ല്‍ പരം സ്ത്രീ തൊഴിലാളികള്‍ ഉപജീവനം കണ്ടെത്തിയ വ്യവസായം പിന്നീട് പാടെ ഇല്ലാതാകുകയും ചെയ്തു. ഇപ്പോള്‍ ഈ പ്രദേശങ്ങളില്‍ പേരിന് പറയാന്‍ ഒന്നു പോലുമില്ലാതെ കയര്‍ പിരി വ്യവസായം ഇല്ലാതായി.

ചകിരി പൂഴ്ത്തലും ചകിരി മില്ലുകളുടെ പ്രവര്‍ത്തനം ഇല്ലാതായതുമാണ് കയര്‍ പിരി വ്യവസായത്തെയും ബാധിച്ചത്. ഇവകള്‍ മൂന്നും പരസ്പര പൂരണങ്ങളായിരുന്നു. തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്ന വ്യവസായമായതിനാല്‍ ഓരോന്നിന്റേയും അസ്തമയം ഒന്നിച്ചായിരുന്നു.

അഞ്ച് ചകിരി മില്ലുകള്‍ പുല്ലിപ്പുഴയില്‍ മാത്രമായിട്ടുണ്ടായിരുന്നു. ഇപ്പോള്‍ പേരിന് ഒന്നു പോലുമില്ല. പച്ച ചകിരി ചെളിയില്‍ പൂഴ്ത്തി ആഴ്ചകള്‍ക്ക് ശേഷം പുറത്തെടുത്താണ് ചകിരി മില്ലുകളിലെത്തിച്ച് യന്ത്ര സഹായത്താല്‍ തുപ്പാക്കി മാറ്റുക. ഈ ചകിരി തുപ്പ് കയര്‍ പിരി കേന്ദ്രത്തിലെത്തിച്ച് ചൂടിയാക്കി പുഴ മാര്‍ഗ്ഗം കയറ്റുമതി ചെയ്യലായിരുന്നു പതിവ്.

ഓരോ വീട്ട് മുറ്റത്തും കുടില്‍ വ്യവസായം കണക്കെ ഒരു കയര്‍ പിരി യന്ത്രം എന്നത് പ്രദേശത്തെ ഒരു കാഴ്ചയായിരുന്നു. സ്വയം തൊഴിലായി സ്വീകരിച്ച് കൈ കൊണ്ട് കയര്‍ പിരിക്കുന്ന സ്ത്രീകളും പുല്ലിപ്പുഴയെ കേന്ദ്രീകരിച്ചുണ്ടായിരുന്നതും ഇന്ന് ഇല്ലാതായി.

കയര്‍ പിരി കേന്ദ്രങ്ങളില്‍ നിന്ന് കയറുകള്‍ തോണിയിലാക്കി ചൂടി വില്‍പ്പന കേന്ദ്രങ്ങളായ കൊയിലാണ്ടിയിലേക്കും കോഴിക്കോട്ടേക്കും കയറ്റി അയക്കുന്നതില്‍ പുല്ലിപ്പുഴ പ്രദേശം ഒരു കാലത്ത് പ്രസിദ്ധി നേടിയിരുന്നു. പ്രസിദ്ധരായ ഒട്ടേറെ കയര്‍ വ്യവസായികളും ഇവിടങ്ങളിലുണ്ടായിരുന്നു.