ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

മണ്‍ചിത്രകലയിലെ കുമാര സംഭവം


പൂക്കോട്ടുംപാടം: കളിമണ്ണില്‍ മെനഞ്ഞെടുത്ത ചിത്രങ്ങളുമായി ജീവിത വിജയത്തിന്റെ കഥ പറയുകയാണ് പറമ്പ പഴമ്പാലക്കോട് കുമാരന്‍. മണ്‍ പാത്ര നിര്‍മാണം ഉപജീവനമാക്കിയ കുംഭാര സമുദായത്തില്‍ ജനിച്ച കുമാരനെ മണ്‍ ചുമര്‍ ചിത്ര നിര്‍മാണത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത് ജീവിത സാഹചര്യങ്ങളാണ്.

മണ്ണും വിറകും ലഭിക്കാതെ മണ്‍ പാത്രങ്ങള്‍ക്ക് ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ മലനാട്ടിലെ കുംഭാര ഗ്രാമങ്ങള്‍ പട്ടിണിയിലായി. ആന്ധ്രയില്‍ നിന്നും നിലമ്പൂര്‍ കോവിലകം മണ്‍ പാത്ര നിര്‍മാണത്തിനായി എത്തിച്ച നിലമ്പൂരിലെ കുംഭാരന്‍മാരുടെയും സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു. സമുദായത്തിലെ ഭൂരിഭാഗം യുവാക്കളും കെട്ടിട നിര്‍മാണ മേഖലയിലേക്കും കൂലിപ്പണിയിലേക്കും തിരിഞ്ഞപ്പോള്‍ മണ്‍ ചൂള ഉപേക്ഷിക്കാന്‍ കുമാരന്‍ തയ്യാറായില്ല.

നിലമ്പൂര്‍ അരുവാക്കോടുള്ള മണ്‍ ചുമര്‍ നിര്‍മാണ പരിശീലന കേന്ദ്രത്തില്‍ നിന്ന് ടെറാകോട്ട മ്യുറല്‍ പെയിന്റുകളുടെ നിര്‍മാണത്തിന്റെ ബാലപാഠം വശമാക്കി. നാലു വര്‍ഷമായി അമരമ്പലം പഞ്ചായത്തിലെ പറമ്പ കുംഭാര കോളനിയില്‍ സ്വന്തം നിര്‍മാണ കേന്ദ്രം നടത്തുകയാണ് കുമാരന്‍. മണ്ണില്‍ വരച്ചെടുത്ത ചിത്രങ്ങള്‍ ചെറു കഷണങ്ങളായി മുറിച്ചെടുത്ത് ചുട്ടെടുത്താണ് ചിത്രങ്ങള്‍ നിര്‍മിക്കുന്നത്. മൂന്ന് ദിവസം ചൂളയില്‍ വേവുന്ന കഷണങ്ങള്‍ പുറത്തെടുത്ത് പോളിഷ് ചെയ്യുതോടെ നിര്‍മാണത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാകും.

പശ ഉപയോഗിച്ച് ചുവരിലും മര ഫ്രെയിമുകളിലുമാണ് ചിത്രം സ്ഥാപിക്കുക. വലിയ വീടുകളും ആഡംബര ഹോട്ടലുകളുമാണ് ആവശ്യക്കാര്‍. സ്‌ക്വയര്‍ ഫീറ്റിന് 650 രൂപയോളം ചെലവു വരുന്ന ചിത്രങ്ങള്‍ സ്ഥാപിച്ചുനല്‍കിയാല്‍ ആയിരം രൂപ വരെ ലഭിക്കും. ഭാര്യ ജയന്തിയും രണ്ട് ജോലിക്കാരുമടങ്ങുതാണ് നിര്‍മാണ സംഘം. കൗതുകവസ്തുക്കളും ചെറുപാത്രങ്ങളും പണിയാലയില്‍ ഒരുങ്ങുന്നു.

മണ്ണിന്റെ വില ദിനംപ്രതി വര്‍ധിക്കന്നതും മണ്ണിന്റെ ലഭ്യത കുറവും നിര്‍മാണത്തെ പലപ്പോഴും തടസപ്പെടുത്താറുണ്ട്. അധികൃതരുടെ ഭാഗത്ത് നിന്ന് സഹായങ്ങളില്ലാത്തതും വിപണ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയാത്തതുമാണ് ചുമര്‍ ചിത്ര നിര്‍മാണ മേഖലയുടെ പ്രധാന പ്രതിസന്ധിയെന്ന് കുമാരന്‍ പറയുന്നു.

News @ chandrika
 8/25/2014

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ