കടലിനെ അടുത്തറിയാന്‍ നൂറ് കോടിയുടെ പദ്ധതി നിളാ തീരത്ത് മറൈന്‍ മ്യൂസിയം വരുന്നു
മലപ്പുറം: സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര മറൈന്‍ മ്യൂസിയം കുറ്റിപ്പുറം നീളാതീരത്ത് ആരംഭിക്കുന്നു. ടൂറിസം വകുപ്പ് നേതൃത്വം നല്‍കുന്ന പദ്ധതിയുടെ രൂപരേഖ തയ്യാറായി.
കടല്‍ മത്സ്യങ്ങളെ അടുത്തറിയാന്‍ തയ്യാറാക്കുന്ന പദ്ധതി ചമ്രവട്ടം പാലത്തിന്റെ പ്രൊജക്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കര്‍മ റോഡിലാണ് ഒരുങ്ങുന്നത്. പ്രദേശത്ത് റവന്യൂ, ഇറിഗേഷന്‍ വകുപ്പുകളുടെ ഉടമസ്ഥതയില്‍ നാല് ഏക്കര്‍ സ്ഥലമുണ്ട്. മ്യൂസിയത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനത്തിനായി ഇതില്‍ നിന്നും അമ്പത് സെന്റ് സ്ഥലം ഏറ്റെടുക്കും. പിന്നീടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറുമായി ബന്ധപ്പെട്ട് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനാണ് തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനും ഒപ്പം ടൂറിസം വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കുന്നത്.
രണ്ട് വിഭാഗങ്ങളായി നിര്‍മിക്കുന്ന മ്യൂസിയത്തിന് നിലവില്‍ 4.36 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പെടുന്ന ഈ സ്ഥലത്തിന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയുടെ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും നല്‍കും. 5.36 കോടി പ്രാരംഭ ഘട്ടത്തില്‍ പദ്ധതിക്ക് ചെലവഴിക്കാനാകും.
തിമിംഗലം, സ്രാവ് തുടങ്ങിയ വന്‍ മത്സ്യങ്ങളുടെ അസ്ഥി, ഇത്തരം മത്സ്യങ്ങളെ കേടാവാതെ സൂക്ഷിച്ച് പ്രദര്‍ശിപ്പിക്കുക, വിപുലമായ മറൈന്‍ ലൈബ്രറി, അേക്വാറിയം, കടലിലെ വിവിധ തരം സസ്യങ്ങള്‍, ജീവികള്‍ തുടങ്ങിയവ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടും.
സാധാരണ രീതിയില്‍ ഒരു കെട്ടിടവും സബ് മറൈന്‍ വെസാഗിന്റെ (ഐ.എന്‍.എസ് കുസുറ) മാതൃകയില്‍ മറ്റൊരു കെട്ടിടവും പ്രധാനമായി മ്യൂസിയത്തിന്റെ ഭാഗമായുണ്ടാകും. ഇതില്‍ കപ്പലിലെ എഞ്ചിന്റെ പ്രവര്‍ത്തനം, പ്രവര്‍ത്തന രീതി, മറ്റുസംവിധാനങ്ങള്‍ തുടങ്ങിയവയാകും ഉള്‍പ്പെടുത്തുക.
കടലിലെ ജീവികളെ നേരിട്ട് കാണാന്‍ കടലിന്റെ ഉള്‍ഭാഗത്തേക്ക് തള്ളിനില്‍ക്കുന്ന ലക്ഷ ദ്വീപ് മാതൃകയില്‍ ഗ്ലാസ്‌കൊണ്ട് നിര്‍മിക്കുന്ന ആധുനിക സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തെ കൂടാതെ ഫിഷിങ് ഡെക്ക്, ബൈസിക്കിള്‍ ട്രാക്ക്, റോളര്‍ സ്‌കേറ്റിങ് റിപ്, വിളക്കുകാല്‍, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണ് പണിയുക. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നിര്‍മാണം തുടങ്ങുന്നത്. പദ്ധതി ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തീകരിക്കാന്‍ സംവിധാനിക്കാന്‍ നൂറ് കോടി ചെലവ് വരുമെന്നാണ് നിഗമനം.
നിലവില്‍ രൂപകല്‍പന ചെയ്ത മാതൃകയില്‍ ആദ്യഘട്ട നിര്‍മാണം നടത്താന്‍ മാത്രം 40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മറൈന്‍ മേഖലയില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജില്ലയില്‍ വിരുന്നെത്തുന്ന ടൂറിസ്റ്റുകള്‍ക്കും ഗുണംചെയ്യും.
പദ്ധതിക്ക് ആവശ്യമായ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ടൂറിസം, ഇറിഗേഷന്‍, തദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗം ഉടന്‍ വിളിക്കും. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ മലപ്പുറത്തിന്റെ ടൂറിസം ഭൂപടത്തില്‍ പുതിയ അധ്യായം കൂടി തുന്നിചേര്‍ക്കുമെന്ന് ഡി.ഡി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ പറഞ്ഞു.
news @ chandriks
8/26/2014
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ