വാണിജ്യത്തിന്റെ പൊന്‍നാണയം കിലുക്കിയ തുറമുഖ നഗരം വിജ്ഞാനത്തിന്റെ മുത്ത് വിതരണം ചെയ്ത കഥയാണ് പൊന്നാനിയുടേത്. അറബികളുടെ ജീവിതവുമായി ഇഴകിച്ചേര്‍ന്ന് രൂപപ്പെട്ട സംസ്‌കാരം മലബാറിന്റെ എണ്ണപ്പെട്ട നഗരങ്ങളിലൊന്നായി പൊന്നാനിയെ മാറ്റി. ഇസ്‌ലാമിക സംസ്‌കാരത്തിന്റേയും വിജ്ഞാനത്തിന്റേയും പൈതൃക വഴിയാണ് ചെറിയ മക്കയുടെ നാട്ടുചരിതം.
അഞ്ചു നൂറ്റാണ്ടിനപ്പുറം ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) സ്ഥാപിച്ച പൊന്നാനി പള്ളിക്കകത്തെ എല്ലാ ളാമ്പി വിളക്കുകളും പ്രകാശിക്കുന്നത് റമസാന്‍ പോലെ വിശേഷപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ്. പുത്തന്‍ സാങ്കേതിക വിദ്യ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണ വിളക്കുകള്‍ സമ്മാനിച്ചപ്പോഴും മലബാറിന്റെ മക്കയെ പ്രകാശിപ്പിക്കുന്നത് മഖ്ദൂം പാരമ്പര്യത്തിന്റെ ഈ ളാമ്പി വിളക്കുകള്‍ തന്നെ.
ഇസ്‌ലാമിക സംസ്‌കാരത്തെ നെഞ്ചിലേറ്റിയ നാടിന്റെ മനസ്സു പോലെ കേരളീയ വാസ്തുവിദ്യയുടെ മനോഹാരിത ആവാഹിച്ച് തലയുയര്‍ത്തി നില്‍ക്കുകയാണ് പൊന്നാനിപ്പള്ളി.
മതവിജ്ഞാനത്തില്‍ മലയാളത്തിന്റെ പൈതൃക വഴികളില്‍ വിശുദ്ധ മക്കയോട് ബന്ധിച്ചു നില്‍ക്കുന്ന കൈവഴിയാണ് പൊന്നാനി പള്ളിയിലെ പാഠശാല. പൊന്നാനി സിലബസ് ആയിരുന്നു മലബാറിലെ പള്ളി ദര്‍സുകളുടെ മാതൃക. ദേശാന്തരങ്ങള്‍ക്കപ്പുറം വിജ്ഞാനം പകര്‍ന്ന കീര്‍ത്തിയും ഈ മതപാഠശാലക്ക് സ്വന്തം. കടല്‍ കടന്നു പോകാന്‍ മടിച്ചിരുന്ന കാലത്ത് വിജ്ഞാന തൃഷ്ണയുമായി മക്കയിലും മദീനയിലും പോയി പഠനവും അധ്യാപനവും നടത്തിയ കരുത്തുമായാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും രണ്ടാമനും പൊന്നാനിയുടെ മത നേതൃത്വം ഏറ്റെടുക്കാനെത്തുന്നത്.
ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് ആദ്യം ഉപരി പഠനത്തിനു പോയ മലയാളിയും ശൈഖ് സൈനുദ്ദീന്‍ ഒന്നാമനാണ്. പ്രാമാണികരായ പണ്ഡിത വരേണ്യരുടെ ശിഷ്യത്വവും സഹവാസവും അന്ന് ലോകത്തെ ഒന്നാം നിര പണ്ഡിതരുടെ ഗണത്തിലേക്ക് മഖ്ദൂമുമാരേയും ഉയര്‍ത്തി. ഈ ദേശാന്തര കീര്‍ത്തി തന്നെയാണ് ഏഷ്യാ വന്‍കരക്കപ്പുറം പ്രസിദ്ധി നേടിയ സര്‍വകലാശാലയാക്കി പൊന്നാനിയെ മാറ്റി പണിതതും.
വലിയജാറമാണ് മത രാഷ്ട്രീയ രംഗത്ത് ഒരു പോലെ നായകസ്ഥാനമലങ്കരിച്ച തറവാട്ടു മുറ്റം. യമനിലെ ഹളര്‍മൗത്തിലാണ് ഇന്ത്യയിലെത്തിയ ഐദറൂസി ഖബീലയില്‍ പെട്ട സയ്യിദുമാരുടെ വേര്. സയ്യിദ് മുഹമ്മദ് ഐദറൂസിയുടെ മഖ്ബറയാണ് വലിയജാറമായത്. ഈ കുടുംബം വളരെക്കാലം സമൂഹത്തിന്റെ ആശാകേന്ദ്രമായിരുന്നു.
മഖ്ദൂം കുടംബവുമായി വിവാഹ ബന്ധം സ്ഥാപിച്ച ഇവിടത്തെ പലരും മഖ്ദൂം പദവിയും വഹിച്ചിട്ടുണ്ട്. അനവധി മഹല്ലുകളുടെ ഖാസി സ്ഥാനവും വലിയ ജാറത്തിലെ സയ്യിദുമാര്‍ക്കുണ്ടായിരുന്നു. മാസപ്പിറവിയുടെ ശുഭ വാര്‍ത്തയറിയിക്കാന്‍ കതീന പൊട്ടിച്ചിരുന്നതും നകാര മുട്ടിയിരുന്നതും ഇവിടെ നിന്നാണ്. നീണ്ടു കിടക്കുന്ന വലിയ ജാറം തറവാടു പോലെ നീണ്ടു കിടക്കുകയാണ് ഓര്‍മ്മകള്‍.
നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളി അഴിമുഖത്തോടടുത്ത് പ്രകൃതി രമണീയമായ നിളാ തീരത്ത് പള്ളിക്കടവില്‍ അറബിക്കടലിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്നു. ഹിജ്‌റ ആദ്യ നൂറ്റാണ്ടിലേക്ക് നീളുന്നുണ്ട് ഈ പള്ളിയുടെ പഴക്കം. സൂഫി വര്യന്‍ ഉത്താന്‍ മുഹ്‌യിദ്ദീന്‍ ഈ പൂമുഖത്ത് അന്തിയുറങ്ങുന്നു.
വിദേശികളെ സ്വീകരിക്കാന്‍ മാത്രമല്ല, അധിനിവേശത്തിനെത്തിയവരെ തുരത്താന്‍ കൂടി പൊന്നാനി മുന്നില്‍ നിന്നു. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ തുല്യതയില്ലാത്ത അധ്യായം രചിച്ച മരക്കാര്‍മാരുടെ നാവിക യാത്ര പൊന്നാനി മഖ്ദൂമിന്റെ ആഹ്വാന പ്രകാരമായിരുന്നു. പോരാളികളെ സജ്ജരാക്കിയ തഹ്‌രീള് കാവ്യവും പോരാളികള്‍ക്ക് ഉപഹാരമായെഴുതിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്ന കേരളത്തിന്റെ പ്രഥമ ചരിത്ര ഗ്രന്ഥവും പൊന്നാനി ഉയര്‍ത്തിയ വൈദേശിക വിരുദ്ധതയുടെ വിളമ്പരമായിരുന്നു.
കൊച്ചിക്കും കോഴിക്കോടിനും മധ്യേയുള്ള പരമ പ്രധാനമായ ഈ തുറമുഖം നൂറ്റാണ്ടുകള്‍ക്കു മുമ്പേ കൊടുങ്ങല്ലൂര്‍, കോഴിക്കോട്, കൊല്ലം നഗരങ്ങള്‍ക്കൊപ്പം വാണിജ്യ രംഗത്ത് മികച്ചു നിന്നു. കൊച്ചി രാജാവിനും സാമൂതിരിക്കും വള്ളുവക്കോനാതിരിക്കും എപ്പോഴും ഇവിടേക്ക് ഒരു കണ്ണുണ്ടായിരുന്നു. പൊന്നാനിക്കായി പോര്‍ച്ചുഗീസ്‌കാരും ബ്രിട്ടീഷുകാരും പലവട്ടം പൊരുതി. ഡച്ചുകാരും ഇവിടെയെത്തി. തെക്ക് ചേറ്റുവ ഭാഗത്തു നിന്നും വടക്ക് തിരൂര്‍ ഭാഗത്തു നിന്നുമായെത്തുന്ന കനോലി കനാലും പൊന്നാനിപ്പുഴയും പ്രതാപത്തിന്റെ വ്യാപാര പാതകളായിരുന്നു.
കിഴക്കന്‍ മലമ്പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി കച്ചവട വഴികള്‍ ഒന്നു ചേരുന്ന ദേശമായിരുന്നു നിളാ തീരത്തെ പൊന്നാനി. ചരക്കുകള്‍ ധാരാളം വന്നിരുന്നത് കൊണ്ടും വിവിധ പ്രദേശങ്ങളിലേക്ക് കൊണ്ടു പോകാനുള്ള സൗകര്യവും വിദേശ വ്യാപാരികളെ ഇങ്ങോട്ടാകര്‍ഷിച്ചു.
ഉത്തരേന്ത്യയുടെ ഭാഗമായിരുന്ന കച്ച് ദേശത്തു നിന്നെത്തിയ ആലായീസ് മേമന്‍ വിഭാഗത്തില്‍പെടുന്ന മുസ്‌ലിം വ്യാപാരികളും ഗുജറാത്ത് ബ്രാഹ്മണരായ സേഠുമാരും കച്ചവടത്തിന്റെ കുത്തക സ്വന്തമാക്കിയവരാണ്. കച്ചില്‍ നിന്നെത്തിയവരെ കച്ചിക്കാര്‍ എന്നു വിളിച്ചു. അവര്‍ക്കായി തുറമുഖത്തിനടുത്ത് കച്ചവടത്തെരുവും ഉണ്ടായിരുന്നു - കച്ചത്തെരുവ്. അതിനടുത്ത് ഒരു കൊച്ചങ്ങാടിയും. ഇന്ന് ഇതെല്ലാം പഴങ്കഥ.
ഇന്ത്യാ വിഭജനത്തോടെ കച്ചുകാര്‍ പൊന്നാനി വിട്ടു. അതോടെ തുറമുഖത്തിന്റെ പ്രൗഢിക്ക് മങ്ങലേറ്റു തുടങ്ങി. സേഠുമാരുടെ പരമ്പര ഇന്നും ഇവിടെ വാണിജ്യ രംഗത്ത് ബാക്കിയുണ്ട്. തൃക്കാവിലെ തറവാടുകളില്‍ ഈ നാടിന്റെ സ്വന്തമായി ഏതാനും കുടുംബങ്ങള്‍.
മൂന്നു നൂറ്റാണ്ടിനപ്പുറവും ഇവിടത്തെ മുസ്‌ലിംകള്‍ വലിയ ധനാഢ്യരായിരുന്നുവെന്ന ബുക്കാനന്റെ ചരിത്രരേഖ പായ്കപ്പലുകളില്‍ കയറ്റി അയച്ചിരുന്ന ചരക്കിന്റെ കണക്കു പറയുന്നുണ്ട്. മദിരാശി, ബംഗാള്‍, സൂറത്ത് എന്നിവിടങ്ങളിലേക്കും കറാച്ചി, ബര്‍മ്മ, ശ്രീലങ്ക, തായ്‌ലന്റ്, മലേഷ്യ തുടങ്ങി മക്കയിലേക്കു പോലും പത്തേമാരികള്‍ ഇവിടെ നിന്നു പുറപ്പെട്ടു. പ്രതാപത്തിന്റെ കഥ പറയുന്ന പൊന്നാനി തുറമുഖത്തിന്റെ പിന്നാമ്പുറക്കഥള്‍ പരതുമ്പോള്‍ വിസ്മയങ്ങള്‍ സ്വാഭാവികം.
ഭാരതപ്പുഴയുടെ തഴുകലേറ്റ് കിടക്കുന്ന പൊന്നാനി മസ്ജിദുകളുടെ നഗരമെന്ന വിശേഷണത്തിനും അര്‍ഹമാണ്. നാല്‍പ്പതരപ്പള്ളി എന്ന പ്രയോഗം ഇവിടെ നിലനിന്നിരുന്നു. ഇന്നത്തെ പൊന്നാനി നഗരസഭാ പരിധിയില്‍ എണ്‍പതിലേറെ പള്ളികളുണ്ട്. പല മസ്ജിദുകള്‍ക്കും ചരിത്രത്തിന്റെ മിന്നലാട്ടവുമുണ്ട്. മിസ്‌രില്‍ നിന്നെത്തിയ സൈന്യം പാര്‍ത്ത മിസ്‌രിപ്പള്ളി.
പോര്‍ച്ചുഗീസ് കാപാലികതക്കെതിരെ അടരാടിയ ധീരരക്തസാക്ഷിയുടെ ഓര്‍മ്മയുറങ്ങുന്ന തെരുവത്ത് പള്ളി. മഖ്ദൂം വലിയ പള്ളിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ തറവാട്ടിനകത്തായിരുന്ന അകത്തേപ്പള്ളി. വലിയ പള്ളിയുടെ നിര്‍മ്മാണത്തിനുപയോഗിച്ച വലിയ മരം അണഞ്ഞ മരക്കടവിലെ ബദര്‍ പള്ളി. അടിക്കണക്ക് പ്രകാരമാണ് നിസ്‌കാര സമയം കണക്കാക്കിയിരുന്നത്. പൊന്നാനി പള്ളി ദര്‍സിന്റെ സന്തതി കൂടിയായ വെളിയങ്കോട് ഉമര്‍ ഖാസി രചിച്ച അടിക്കണക്ക് ബൈത്ത് പ്രസിദ്ധമാണ്. ജുമാമസ്ജിദില്‍ നിഴല്‍ അടിക്കണക്ക് നോക്കി നിസ്‌കാര സമയം മറ്റു പള്ളികളിലുള്ളവര്‍ വന്ന് എഴുതി കൊണ്ടു പോയിരുന്ന കാലവും അധികം പിറകിലല്ല.
കടലോരത്തെ സാഹസികരായ തൊഴിലാളികള്‍. ബീഡിയും കയറും മീനുമെല്ലാം അവരുടെ ജീവിതം നെയ്‌തെടുത്തു. അതിനിടയില്‍ സമ്പന്നമായ ഒരു വിഭാഗം ടൗണില്‍ വ്യത്യസ്തമായ ആചാര വിശേഷങ്ങളുമായി ഇവിടെ പാര്‍ത്തു. സമ്പത്തു തന്നെയാകണം ജീവിത ശൈലികളെ ചിട്ടപ്പെടുത്തിയത്. മത്സ്യത്തൊഴിലാളികളെ വലക്കാരെന്നാണ് വിളിക്കുക. കമ്പവല, ചവിട്ടുവല, തട്ടുവല, പെയ്ത്ത്‌വല, പാച്ചുവല എന്നിവയായിരുന്നു ഉപയോഗിച്ചിരുന്നത്.
വലിയതരം ചൂണ്ടകളുപയോഗിച്ച് കുറേപേര്‍ ഒന്നിച്ച് ചേര്‍ന്ന് ആഴക്കടലില്‍ മൂന്നും നാലും ദിവസം രാപാര്‍ത്ത് മല്‍സ്യം പിടിക്കുന്ന സമ്പ്രദായവും പഴയ കാലത്ത് നിലനിന്നിരുന്നു. തണ്ടുവലിക്കുന്ന രീതിയും കോരുവള്ളങ്ങളും, ഫൈബര്‍, പ്ലൈവുഡ് വള്ളങ്ങളും യന്ത്രവത്കൃത ഫിഷിങ് ബോട്ടുകളുമായി മീന്‍ പിടിത്തം പുരോഗമിച്ചു. തെക്കു നിന്നുള്ള കുളച്ചക്കാര്‍ ഉള്‍പ്പടെ അന്യദേശ തൊഴിലാളികളും ഇവിടെയെത്താറുണ്ട്.
ആദ്യമായി വാര്‍ഫ്(പാതാറ്) നിര്‍മ്മിച്ചതും ഇവിടെത്തന്നെ. 516 അടി നീളത്തില്‍ 1905ലായിരുന്നു നിര്‍മ്മാണം. 1939ല്‍ 964 അടി നീളത്തില്‍ വിപുലീകരിച്ചു. സൗകര്യം കുറഞ്ഞെങ്കിലും ഈ പാതാര്‍ തന്നെയാണ് ബോട്ടുകളുടെ വിശ്രമ കേന്ദ്രം. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നിര്‍മ്മിച്ച ഫിഷിങ് ഹാര്‍ബര്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ സജ്ജമായി വരുന്നേയുള്ളൂ.
മൂന്നു നാല് പതിറ്റാണ്ടുകള്‍് മുമ്പ് വരെ വിശാലമായിരുന്നു പൊന്നാനി മുതല്‍ പുതുപൊന്നാനി വരെയുള്ള കടല്‍ത്തീരം. മൂന്നു പള്ളികളും തീപ്പെട്ടി കമ്പനി, ഐസ് പ്ലാന്റ്, നിരവധി വീടുകള്‍, ചാപ്പകള്‍, റോഡ് തുടങ്ങി ഇതിനിടെ കടലെടുത്ത് പോയവ ഏറെ. കടല്‍ഭിത്തിയുള്ളതാണ് ആശ്വാസം. കടലാക്രമണവും നഷ്ടങ്ങളും മുന്‍കാലങ്ങളിലും ഉണ്ടായിരുന്നുവെന്നും പ്രാദേശിക കച്ചവടക്കാരില്‍ നിന്നു ഫണ്ടു സ്വരൂപിച്ച് കടല്‍ഭിത്തി കെട്ടിയിരുന്നുവെന്നും മലബാര്‍ മാന്വല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
മുസ്‌ലിംലീഗിന്റെ ചരിത്രത്തിന് ശോഭനമായ അധ്യായങ്ങള്‍ സമ്മാനിച്ച മണ്ണാണ് പൊന്നാനി. ''ചത്തകുതിര''യെന്ന് മുസ്‌ലിംലീഗിനെ ജവഹര്‍ലാല്‍ നെഹ്‌റു പരിഹസിച്ചപ്പോള്‍ ''അല്ല, പണ്ഡിറ്റ്ജീ, ഇത് ഉറങ്ങിക്കിടക്കുന്ന സിംഹമാണ്'' എന്ന സി.എച്ചിന്റെ സിംഹ ഗര്‍ജ്ജനം മുഴങ്ങിയത് പൊന്നാനി പാതാറിലെ സമ്മേളന വേദിയില്‍ നിന്നായിരുന്നു.
സമീപ നാടുകളില്‍ നിന്നെല്ലാം എത്തുന്നവരാല്‍ തിരക്കേറുന്നതാണ് പൊന്നാനി ജുമാമസ്ജിദിലെ നോമ്പുകാലം. രാത്രി നിസ്‌കാരത്തിനാണ് ഇത് പ്രകടമാവുക. റമസാന്‍ ഒടുവിലെ പത്തിലേക്ക് നീളുന്നതോടെ ഈ തിരക്ക് വീണ്ടുമേറും. കെട്ടിപ്പൊക്കാത്ത മഖ്ബറയും അതിനെ ചുറ്റിപ്പറ്റിയുള്ള ചൂഷണ വലയങ്ങളുടെ അഭാവവും തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന് പൊന്നാനിയെ വേറിട്ട് നിര്‍ത്തുന്നു.
പാനീസ് വിളക്കുകളേന്തി വീടുവീടാന്തരം കയറിയിറങ്ങുന്ന കുട്ടിക്കൂട്ടങ്ങളും പുതിയാപ്പിളയുടെ വീട്ടിലേക്ക് നോമ്പുതുറയും അത്താഴവും കൊണ്ടു പോകുന്ന വാല്യക്കാരും ഇവിടത്തെ വേറിട്ട കാഴ്ചകളായിരുന്നു. സല്‍ക്കാര പ്രിയം കൊണ്ടാവാം ഇന്നാട്ടിലെ മഹിളകള്‍ പലവിധ പലഹാരങ്ങളും കണ്ടു പിടിച്ചത്. അറബ് ടച്ചുള്ള അലീസയും പല വര്‍ണ്ണങ്ങളിലും രൂപങ്ങളിലും രുചി വൈവിധ്യം സമ്മാനിച്ച കോഴിമുട്ട വിഭവങ്ങളും മറ്റും പൊന്നാനിയിലെ തീന്‍ മേശകളെ സമൃദ്ധമാക്കി.
രാത്രിയെ പകലാക്കിയുള്ള നഗരരീതിയും മറ്റൊരു തുടര്‍ച്ച. സുബ്ഹി ബാങ്ക് വിളിക്കുമ്പോള്‍ അടക്കുന്ന ചായക്കടകളില്‍ പാതിരാവിലും ആള്‍ക്കൂട്ടങ്ങള്‍. മാഞ്ഞു പോകുന്ന കാഴ്ചകളാണിന്നവ. ദൂര ദിക്കുകളില്‍ നിന്നു പോലുമെത്തി പൊന്നാനി വലിയ പള്ളിയില്‍ കൂടുന്നവര്‍ക്ക് പലഹാരവും അത്താഴവും കിട്ടിയിരുന്നത് ടൗണിലെ ഈ ചായക്കടകളില്‍ നിന്നായിരുന്നു.
സി.കെ റഫീഖ്
News @ Chandrika
7/17/2013
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ