ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

കാളക്കൂറ്റന്മാരുടെ സുല്‍ത്താന്‍


വൃക്കകള്‍ രണ്ടും പണിമുടക്കിയപ്പോള്‍ പോകാനിരുന്നതാണ്. കിടപ്പിലായപ്പോള്‍ ഉള്ളൊന്നു കാളി. എഴുന്നേറ്റപ്പോള്‍ സാക്ഷാല്‍ അര്‍ബുദംതന്നെ കഴുത്തിന് പിടിച്ചു. ദൈവാനുഗ്രഹത്തിന്റെ കയ്യുംപിടിച്ച് കുതറിയൊരോട്ടമാണ്. വിധിയുടെ ചുളിവുകളില്‍ ചൂളാതെ, അര നൂറ്റാണ്ടായി നിര്‍ത്താതെ ഓടുകയാണ് ഈ മനുഷ്യന്‍. എല്ലാവരെയും പിന്നിലാക്കി ഒന്നാമതായി ഓടിയെത്തുന്ന കാളക്കൂറ്റന്മാര്‍ക്കൊപ്പം... തോല്‍ക്കാന്‍ മനസ്സില്ലാത്ത ആത്മവിശ്വാസമാണ് എഴുപത്തിയഞ്ചാം വയസ്സിലും ബീരാന്‍ മൊയ്തീന്‍ ഹാജിയെ പോരാളിയായി നിലനിര്‍ത്തുന്നത്.

രാപകല്‍ ഇരമ്പിപറന്നെത്തുന്ന വിമാനങ്ങളുടെ ചിറകടി ഉയരുന്നതിന് മുമ്പത്തെ കരിപ്പൂരിനടുത്തെ പുളിയംപറമ്പില്‍ ചെമ്പാന്‍ അലവിക്കുട്ടി-ഇത്തീരുട്ടീമ്മ ദമ്പതികളുടെ മകനായാണ് ജനനം. മൂന്നാം വയസ്സില്‍ പിതാവ് മരിച്ചതോടെ ഉമ്മയായിരുന്നു എല്ലാം. കുഞ്ഞു പെങ്ങളെയും തന്നെയും തനിച്ചാക്കി മാതാവും പോയതോടെ അനാഥരായി എറിയപ്പെട്ടൊരു ബാല്യം. മൂന്നാം ക്ലാസില്‍ പഠനം നിര്‍ത്തുമ്പോള്‍ എല്ലാവരെക്കാളും മികച്ച രീതിയില്‍ എഴുതാനും വായിക്കാനും പഠിച്ചെടുത്തിരുന്നു. 'പത്താം ക്ലാസ് കഴിഞ്ഞ ഇപ്പോഴത്തെ കുട്ടികളെക്കാള്‍ നന്നായി കണക്കുകൂട്ടുമെന്ന്' അഭിമാനത്തോടെ പറയുമ്പോള്‍, കണക്ക്കൂട്ടല്‍ പിഴക്കാത്ത ചാണക്യന്റെ ഭാവമുണ്ട്.

എടക്കര ചന്തയില്‍പോയി അറവ് മാടുകളെ വാങ്ങി ചേളാരി ചന്തയില്‍ വില്‍ക്കാന്‍ തുടങ്ങുന്ന കാലത്ത് മീശപോലും മുളച്ചിട്ടില്ല. കോട്ടക്കല്‍, മഞ്ചേരി, സ്വാഗതമാട് എന്നിവിടങ്ങളില്‍ നിന്നെല്ലാം കന്നുകള്‍ വാങ്ങിയും കൊടുത്തും ഇറച്ചിയാക്കി വിറ്റും നിലയുറപ്പിച്ചു. റാത്തലിന് അഞ്ചണയാണ് അന്ന് ഇറച്ചി വില. കിലോക്ക് ഒരു രൂപ വരുമിത്. ക്ലച്ച് പിടിച്ചതോടെ സാമ്പത്തികമായും മെച്ചപ്പെട്ടു.

വള്ളുവമ്പ്രത്തെ അലവിഹാജിയില്‍ നിന്ന് ഉള്ഹിയ്യത്തിനും അഖീഖത്തിനുമുള്ള മുന്തിയ കന്നുകളെയൊക്കെ വാങ്ങി വില്‍പന തുടങ്ങിയത് പിന്നീടാണ്. ഈ മേഖലയില്‍ സ്വന്തം സാമ്രാജ്യം സ്ഥാപിക്കാന്‍ അധികമൊന്നും വൈകിയില്ല. പോത്തിന്റെയും മൂരിയുടെയും കെമിസ്ട്രിയും ബയോളജിയും മന:പാഠമായതോടെ വല്ലാത്തൊരു അടുപ്പമായി. കാള പ്രേമവും കാളപ്പൂട്ട് കമ്പവും കലശലാവുന്നതും അപ്പോഴാണ്. ഒന്നാമതായി ഓടിയെത്തുന്ന കാളക്കൂറ്റന്മാരെ സ്വന്തമാക്കലായി പിന്നത്തെ ലക്ഷ്യം. ലക്ഷണമൊത്തവയെ തേടിപ്പിടിച്ച് കണ്ടത്തിലിറക്കലും കപ്പടിച്ചെടുക്കുന്നതുമൊരു ഹരമായി. കാളപ്പൂട്ട് മത്സരമെന്നാല്‍ വെറുമൊരു നേരമ്പോക്കല്ലെന്നാണ് ഹാജിയുടെ പക്ഷം.

ഇത് വെറും കളിയല്ല

'ഇതു പാടമല്ലെന്റെ ഹൃദയമാണ്...' എന്ന കവിതയിലുണ്ട് കര്‍ഷകനും ചേറും ചെളിയും തമ്മിലെ പൊക്കിള്‍കൊടി ബന്ധം. കാര്‍ഷിക സംസ്‌കൃതിയും കാളപ്പൂട്ട് മത്സരവും തമ്മിലെ ആത്മബന്ധമാണ് ഈ കലാരൂപത്തെ ഇത്രമേല്‍ ജനകീയമാക്കിയത്. ഏതൊരു മത്സരത്തെക്കാളും നിയമവും ചട്ടവും കര്‍ശനമാണ് കാളപ്പൂട്ടിനും. കര്‍ക്കിടകം കഴിഞ്ഞ് 10 മാസത്തോളമാണ് സീസണ്‍. ഞെരിയാണിക്കൊപ്പം വെള്ളമാണ് ഉഴുത് മറിച്ച കണ്ടത്തില്‍ വേണ്ടത്. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തെക്കന്‍മൂരിയും കര്‍ണ്ണാടകക്കാരുടെ വടക്കന്‍ മൂരികളുമുണ്ട്. കാളകളെ നിറത്തിന്റെ പേരിലാണ് വിളിക്കുക. പുല്ലക്കാള, പുള്ളി, ചുണങ്ങന്‍, മൈലന്‍... അങ്ങനെ പോവുന്നു.

കണ്ടത്തിലെ താരം ജേതാവായ കാളയാണ്. കാളയും മൂരിയുമാണ് ഒരു ജോഡി. കൊമ്പും കുളമ്പും നോക്കി ലക്ഷണമൊത്തവയെ കണ്ടെത്തിയാണ് കാളയെ തെരഞ്ഞെടുക്കുന്നത്. നാല് പല്ലുപറിയുന്ന സമയത്താണ് തെരഞ്ഞെടുപ്പ്. പ്രതീക്ഷിച്ച ഗുണമില്ലെങ്കില്‍ വരിയുടച്ച് മൂരിയാക്കും. ഇതിനെ എരുത് എന്നും പറയും. ശക്തിയും ഓജസും കാളക്കാണെങ്കിലും ഉയരവും വലിപ്പവും മൂരിക്കായിരിക്കും. വരിയുടക്കുന്നതിന്റെ അനന്തരഫലമാണിത്. കാള പരിധിക്കപ്പുറം തടിക്കുന്നത് സൂക്ഷിക്കണം. കൊഴുപ്പ് കുറക്കാന്‍ വെയില്‍ കൊള്ളിക്കുകയാണ് ചെയ്യുക.

ലക്ഷണമൊത്ത കാളക്ക് ലക്ഷങ്ങളാണ് വില. ഒന്നാം സ്ഥാനം നേടുന്നതോടെ പത്ത് ലക്ഷവും പിന്നിടും. കാളയുടെ ഭക്ഷണവും നിഷ്ടയും ഏറെ പ്രാധാന്യത്തോടെ വേണം. മുതിര, വൈക്കോല്‍, നാടന്‍കോഴി, മുട്ട, ദശമൂലാരിഷ്ടവും ജീരകാരിഷ്ടവുമെല്ലാമാണ് ഉരുക്കളുടെ ഭക്ഷണം. പൂട്ടാന്‍പോവും മുമ്പ് ഒന്നിടവിട്ടും അല്ലാത്തപ്പോള്‍ ആഴ്ചയിലൊരിക്കലുമാണ് കുളിപ്പിക്കല്‍. അധികം മെച്ചപ്പെട്ട ആലകളിലൊന്നും പാര്‍പ്പിക്കാന്‍ പാടില്ല. കുളിച്ച് അണിഞ്ഞൊരുങ്ങി കണ്ടത്തിലിറങ്ങുന്നതോടെ ആരവങ്ങളോടെ എതിരേല്‍ക്കുകയായി...

കാഴ്ചക്കാരുടെ ശ്രദ്ധക്ക്

മൂന്ന് 'ജഡ്ജിമാരാണ്' മത്സരം നിയന്ത്രിക്കുക. പോയിന്റുകള്‍ ഇവര്‍ രേഖപ്പെടുത്തും. തുല്യമായിവരുന്ന രണ്ടാളുടെതാണ് സ്വീകരിക്കുക. ഒരു മുഖ്യപൂട്ടുകാരന്‍, നടുക്കും റിംഗിലും ഉള്‍പ്പെടെ കയറില്‍ മൂന്ന് പേര്‍, തള്ളലിന് ഒരാള്‍, കെട്ടുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ ഏഴു പേരാണ് മത്സരം നടത്തുന്നത്.

എല്ലാ ഉരുക്കളെയും മത്സരിപ്പിക്കുന്നത് ഒരേ പൂട്ടുകാരാണ്. മാനു വണ്ടൂര്‍, അമ്പലഞ്ചേരി കുഞ്ഞുട്ടി, സുകുമാരന്‍ വണ്ടൂര്‍, മുക്കോട് മുസ്തഫ, അബൂബക്കര്‍ വാഴക്കാട് എന്നിവരാണ് അറിയപ്പെട്ട പൂട്ടുകാര്‍. നല്ല മെയ് വഴക്കംതന്നെ വേണമിതിന്. ഇല്ലെങ്കില്‍ ചേറിലേക്ക് തെറിച്ച് പണിപാളും.

കണ്ടത്തിന് 80 സെന്റ് മുതല്‍ ഒരേക്കര്‍ വരെ വലിപ്പമുണ്ടാവും. നീളത്തില്‍ ഓടുന്നതരം പോത്തുപൂട്ടും ഈര്‍ച്ചത്തെളിയും ചിലയിടങ്ങളിലുണ്ടെങ്കിലും പ്രചാരം വടപ്പൂട്ടിനാണ്. കാള പുറത്തും മൂരി അകത്തുമായി നുകംവെച്ച് കയറില്‍ ബന്ധിക്കും. ചെരുപ്പും മുട്ടിയുമായി കയറില്‍ ബന്ധിച്ച് റിംഗിലൂടെ വട്ടത്തില്‍ ഓടും. ഓരോ ജോഡി വീതമാണ് ഓട്ടം.

രണ്ട് റൗണ്ട് ട്രയല്‍ പൂട്ടും, പിന്നെ മത്സരത്തില്‍ മൂന്നും. പത്ത് വര്‍ഷം മുമ്പ് 19 ആയിരുന്നു ടൈം ഓവര്‍. ഇപ്പോള്‍ 18 സെക്കന്റാണ് യോഗ്യതക്കായി കണക്കാക്കുന്നത്. 15 സെക്കന്റായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജേതാവിന്റെ മികച്ച സമയം. ഇപ്പോഴത് 14.8ല്‍ എത്തിയിട്ടുണ്ട്. 14-13.9 വരെ സെക്കന്റിലോടുന്നവ ഉണ്ടെന്നതാണ് ഇത്തവണത്തെ പ്രതീക്ഷ. മൂന്ന് മത്സര ഓട്ടത്തിലും യോഗ്യതാ മാനദണ്ഡം പാലിക്കണം.

ഒരു കാള ഒരു റൗണ്ടില്‍ 14 സെക്കന്റില്‍ ഓടിയാല്‍ ഒന്നാമതെത്തിക്കോളണമെന്നില്ല. മറ്റു റൗണ്ടുകളില്‍ മിനിമം യോഗ്യതാ സമയം പാലിക്കുകയും വേണം. ഇല്ലെങ്കില്‍ പിന്തള്ളപ്പെടും. ഒന്നാമതെത്തിയാല്‍ കപ്പും പണവും ആരവവും എതിരേല്‍ക്കുന്നതോടൊപ്പം പറയുന്ന വിലക്ക് ആ ജോഡിയെ കൈക്കലാക്കാനുള്ള മത്സരവുമുണ്ടാവും. ജേതാവിന് നാട്ടുകാര്‍ വാരിക്കോരി നല്‍കുന്ന പൊന്നും പണവുമാണ് ഉടമയുടെ പ്രധാന ആശ്വാസം. മൂന്ന് പവന്‍, അഞ്ച് പവന്‍ സ്വര്‍ണ്ണമൊക്കെ ലഭിക്കാറുണ്ട്.

മത്സരം കാണാനെത്തുന്നവരുടെ ഗ്രൗണ്ട് സപ്പോര്‍ട്ടും പ്രധാനമാണ്. ചുവപ്പ് വസ്ത്രങ്ങള്‍ ധരിച്ചെത്തരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ ക്യാമറ ഉപയോഗിച്ചോ അനുവാദമില്ലാതെ ചിത്രമെടുക്കരുത്. ഫഌഷ് മിന്നുന്ന ഫോട്ടോയെടുക്കാനേ പാടില്ല. റിംഗില്‍ തട്ടരുത്. തള്ളല്‍ അടയാളം വിട്ട് തള്ളല്‍കാരന്‍ മുന്നേറരുത്. കാണികളും ഇതിനപ്പുറം കൂടെയോടരുത്. ലഹരി ഉപയോഗിക്കരുത് തുടങ്ങിയവയെല്ലാം കാളപ്പൂട്ട് മത്സരം കാണാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്.

ചെമ്പാന്‍ ഇതിഹാസം

സ്വീകരണ മുറിനിറയെ കാണുന്ന കപ്പുകളും ഷീല്‍ഡുകളും പാലക്കാട്ടെയും കോഴിക്കോട്ടെയും തൃശൂരിലെയും മലപ്പുറത്തെയും കാളപ്പൂട്ട് കണ്ടങ്ങളിലെ ഉശിരും വീറും അപ്പടി കാണിച്ചുതരും. അഞ്ഞൂറാനെപ്പോലെ മക്കളോടൊന്നിച്ച് ജേതാവിന്റെ തലയെടുപ്പോടെ ഗജകേസരികളായ കാളക്കൂറ്റന്മാരെയുമായി പോവുമ്പോഴേ ഉറപ്പിക്കാം, ഒരായിരം രാജമാണിക്യങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന്. കത്തുകൊടുത്ത് ക്ഷണിക്കുന്നിടത്തേക്കേ ഹാജിക്ക പോവൂ. അല്ലാത്തിടത്ത് പോവുന്നത് വിളിക്കാത്ത സദ്യക്ക് പോവുന്നതിന് തുല്യമാണ്. എന്നാല്‍ തന്നെ വര്‍ഷത്തില്‍ ഇരുപതോളം പ്രമുഖ മത്സരങ്ങളില്‍ മാറ്റുരക്കാറുണ്ട്.

കാളപ്പൂട്ടിനും കാളക്കൂറ്റന്മാര്‍ക്കും പിറകെ അര നൂറ്റാണ്ടായി ഓടുന്ന ബീരാന്‍ മൊയ്തീന്‍ ഹാജിക്ക് രണ്ട് തവണ ഉരുക്കളുടെ ആക്രമണം നേരിട്ടിട്ടുണ്ട്. ഒരിക്കല്‍ എഴുന്നേല്‍ക്കാന്‍പോലും കഴിയാത്തവിധം കിടപ്പിലായിപ്പോയി. രണ്ട് വര്‍ഷം മുമ്പ് കുത്തേറ്റ് കാലിന്റെ തുടയെല്ല് പൊട്ടി നടത്തം മുടങ്ങുമോ എന്നവസ്ഥയിലും. അല്‍പമൊന്ന് ഭേദമാകുന്നതോടെ വണ്ടിയെടുത്ത് കാളപ്പൂട്ട് കണ്ടത്തിന്റെ ഓരത്തെത്തും; കണ്ടില്ലെങ്കിലും ആരവം കേള്‍ക്കാന്‍. കൊന്നാലും തീരാത്ത സ്‌നേഹം...

രണ്ട് ഭാര്യമാരിലായി 17 മക്കളാണ് ബീരാന്‍ മൊയ്തീന്‍ ഹാജിക്കുണ്ടായത്. ഒരാളെ സര്‍വശക്തന്‍ നേരത്തെ വിളിച്ചു. ആദ്യ ഭാര്യയായ ആമിനക്കുട്ടിയില്‍ നാല് പെണ്ണും അഞ്ച് ആണും.

മൂത്ത മകന്‍ അലവിക്കുട്ടി (ചെമ്പാന്‍ മാനു) മുസ്‌ലിംലീഗിന്റെ പഞ്ചായത്ത് മെമ്പറായിരുന്നു. മാനുവിന്റെ നേതൃത്വത്തിലുള്ള പുളിയംപറമ്പ് ഫ്‌ളെയിംഗ്സ്റ്റാര്‍ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് നാട്ടുകാര്‍ക്ക് ചെയ്ത സേവനങ്ങള്‍ ചില്ലറയല്ല.

സഹോദരന്മാരായ സൈത് മുഹമ്മദും ഹസ്സന്‍കോയയും ഹനീഫയും ശംസുദ്ദീനുമെല്ലാം കാളപ്പൂട്ടിലും കന്നുകച്ചവടത്തിലും ബിസിനസ്സിലുമെല്ലാം പിതാവിന്റെ പാതയിലുണ്ട്.

രണ്ടാം ഭാര്യ ഖദീജയില്‍ ഒരാണും ആറ് പെണ്ണും. ഈ ഭാര്യയിലെ മൊയ്തീന്‍കുട്ടി പിതാവിന്റെ പാത വിട്ട് സഊദിയിലാണ്. ''ഗായകന്‍ കരിപ്പൂര്‍ മൊയ്തീന്‍കുട്ടിയുടെ സഹോദരിയായ ഖദീജയുടെ പാട്ടുകേട്ട് ഇഷ്ടപ്പെട്ടാണ് ഓല് കെട്ടിയത്. ഖദീജയും നല്ല പാട്ടുകാരിയാണ്''. ആദ്യ ഭാര്യ ആമിനക്കുട്ടി അഭിമാനത്തോടെ അവരെക്കുറിച്ച് പറയുന്നു. ഈ ഇഴയടുപ്പമാണ് ഹാജിയുടെ ശക്തിയും. മക്കളെക്കാള്‍ ഊര്‍ജസ്വലനായി ഓടിച്ചാടി നടക്കാന്‍ പ്രേരണയേകുന്നതും ഈ സ്‌നേഹക്കൂട്ടായ്മയാവാം. നാട്ടില്‍ നടക്കുന്ന എല്ലാ നല്ലകാര്യത്തിന് മുമ്പിലും എന്തിനും തയ്യാറായി ഇവരുണ്ട്. മുസ്‌ലിംലീഗ് രാഷ്ട്രീയമാണ് തലക്ക്പിടിച്ച മറ്റൊരു ഹരം.

പത്ത് വര്‍ഷം മുമ്പ് കിഡ്‌നിക്ക് അസുഖം ബാധിച്ച് കിടപ്പിലായതോടെ എല്ലാവരും കഴിഞ്ഞെന്ന് കരുതിയതാണ്. ഉയിര്‍ത്തെഴുന്നേല്‍പ്പ്‌പോലെ ബീരാന്‍ മൊയ്തീന്‍ ഹാജി ജീവിതത്തിലേക്ക് മടങ്ങി. മൂന്ന് വര്‍ഷം മുമ്പാണ് തൊണ്ടയില്‍ ക്യാന്‍സര്‍ രോഗം വന്നത്. തീര്‍ന്നെന്ന് ഉറപ്പിച്ചെങ്കിലും അപാര ചങ്കുറപ്പോടെ തിരിച്ചെത്തി. ഇപ്പോഴും നിര്‍ത്താതെ പുകവലിക്കുന്ന ഇദ്ദേഹത്തിനായിരുന്നോ ആ മഹാമാരിയെന്ന് സംശയിച്ചുപോവും, കൂസലില്ലായ്മ കണ്ടാല്‍.

ഒന്നാം സ്ഥാനം നേടിയ തന്റെ മിക്ക ജോഡികളെയും മോഹവിലക്ക് പലരും വാങ്ങിയിട്ടുണ്ടെന്ന് ഹാജിക്ക പറയുന്നു. ഹാജിക്കും കമ്പം ഒന്നാം സ്ഥാനക്കാരെ സ്വന്തമാക്കുന്നതിലാണ്. കൊടക്കാട് നിന്ന് ഒന്നാമനെ പൊക്കിയത് അഞ്ച് ലക്ഷം രൂപ കൊടുത്താണ്. ഇതേ ജോഡി മുതുവല്ലൂരില്‍ ജേതാവായതോടെ 10 ലക്ഷത്തിനാണ് കെല്ലയെന്ന് പേര്‌കേട്ട വല്ലപ്പുഴയിലെ സി.ടി മുഹമ്മദ് സ്വന്തമാക്കിയത്. മമ്മുട്ടിയില്‍ പ്രവേശം നടത്തിയ സാക്ഷാല്‍ രാജമാണിക്യം. പന്തീരാങ്കാവിലും അരിമ്പ്രയിലും താനൂരിലും ഒന്നാം സ്ഥാനം നേടിയ ജോഡികളെ തന്നില്‍ നിന്ന് സ്വന്തമാക്കിയതും കെല്ലതന്നെ. പത്ത് ലക്ഷം രൂപ വരെ മുടക്കി ഒന്നാം സ്ഥാനത്തെത്തുന്നവയെ സ്വന്തമാക്കുന്ന കെല്ലക്ക് പുറമെ കെ.വി മുഹമ്മദ് അയിലക്കാട്, എം.സി ഗ്രൂപ്പ് വളാഞ്ചേരി, കപ്പൂര്‍ കുഞ്ഞാപ്പു, എം.എം ബാവ ഒളവട്ടൂര്‍, മുള്ളുങ്ങല്‍ കുഞ്ഞുമോന്‍, മൂന്നൂര്‍ മൊയ്തീന്‍, ഒതുക്കുങ്ങലെ ഉരുണിയന്‍ മോന്‍ എന്നിവരൊക്കെ കാളപ്പൂട്ടിന്റെ ആശാന്മാരാണ്.

മത്സരത്തിനായി മൂന്ന് ജോഡിയാണ് ചെമ്പാന്‍ തറവാട്ടില്‍ ഇപ്പോഴുള്ളത്. ഇതിലൊന്നിനെ വാങ്ങിയത് ഏഴ് ലക്ഷം രൂപക്കാണ്. ഒന്നാം സ്ഥാന പ്രതീക്ഷ ഏറെയുള്ളതും ഈ മൈലനിലാണ്. സീസണ്‍ തുടങ്ങിയതോടെ നാലഞ്ച് കൂടുകളിലെ നാടന്‍ കോഴികള്‍ ഒന്നൊന്നായി കാളകളുടെയും മൂരികളുടെയും വയറുകളില്‍ ആവേശം മുഴക്കുകയായി. കോഴിസുന്ദരികളേ സുന്ദരന്മാരേ, വരാന്‍ പോകുന്ന വലിയ ആരവത്തിന് സ്വയം സമര്‍പ്പിച്ചവരേ നന്ദി, നന്ദി....

Chandrika Daily
ലുഖ്മാന്‍ മമ്പാട്
Posted On: 9/27/2013 8:23:36 PM   

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ