ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം ടൂറിസം ഭൂപടത്തിലേക്ക്


മലപ്പുറം: പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം സന്ദര്‍ശകരുടെ മനസ്സില്‍ ഇടംപിടിച്ചിട്ട് കാലംകുറെയായി. ചരിത്രത്തില്‍ ഇടമുള്ള ഈ വെള്ളച്ചാട്ടം ഇനി മലപ്പുറം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലും ഇടംപിടിക്കും. പുഴക്കാട്ടിരി പഞ്ചായത്തിലെ പാലൂര്‍കോട്ട വെള്ളച്ചാട്ടം സംരക്ഷിച്ച് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലേക്ക് ഉയര്‍ത്താന്‍ ടൂറിസം വകുപ്പ് പദ്ധതി തുടങ്ങി. ഇവിടുത്തെ ടൂറിസം സാധ്യതകളെ കുറിച്ച് പരിശോധിച്ച് സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ടൂറിസം വകുപ്പിനോട് മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ടി.എ അഹമദ് കബീര്‍ എം.എല്‍.എയും ഡി.ടി.പി.സി സെക്രട്ടറി വി.ഉമ്മര്‍കോയയും സ്ഥലം സന്ദര്‍ശിച്ചിരുന്നു. സന്ദര്‍ശകര്‍ക്ക് സുരക്ഷിതത്വത്തോടെ വെള്ളച്ചാട്ടം കാണാനുതകുന്ന രീതിയിലുള്ള പദ്ധതിയാണ് നടപ്പിലാക്കുക.

വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി എന്തെല്ലാം ഒരുക്കാമെന്നും പരിശോധിക്കും. ചുറ്റും നടന്നുകാണാനുള്ള പാതകള്‍ ഒരുക്കും. പാലൂര്‍ക്കോട്ടയിലേക്ക് എത്തിപ്പെടാന്‍ കഴിയുന്ന റോഡുകളും നന്നാക്കും. സ്ഥലം എം.എല്‍.എ ടി.എ അഹ്മദ് കബീറിന്റെ പ്രത്യേക നിര്‍ദേശം പരിഗണിച്ചാണ് പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം മികച്ച രീതിയിലുള്ള ടൂറിസം കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതിയിട്ടിട്ടുള്ളത്. കുടംബങ്ങളടക്കം നിരവധി ആളുകളാണ് ഇവിടെ ദിനംപ്രതി സന്ദര്‍ശകരായെത്തുന്നത്. ഒരു സുരക്ഷാ ക്രമീകരണവും ഇപ്പോള്‍ ഇവിടെയില്ല.
കോട്ടക്കുന്ന്, പെരിന്തല്‍മണ്ണയിലെ കൊടികുത്തി മല എന്നീ രണ്ടു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളുടേയും മധ്യഭാഗത്തിലായി സ്ഥിതിചെയ്യുന്ന പാലൂര്‍കോട്ട വെള്ളച്ചാട്ടം വിനോദ സഞ്ചാരപ്രിയരെ ഏറെ ആകര്‍ഷിക്കുമെന്നാണ് ടൂറിസം വകുപ്പു കണക്കുകൂട്ടുന്നത്.

കുന്നുകളും മലകളും നിറഞ്ഞ പ്രദേശത്ത് മൂന്നു തട്ടുകളിലായി മനോഹരമായിട്ടാണ് വെള്ളച്ചാട്ടം. കുന്നിന് മുകളിലായി പരന്ന ചെറിയ തടാകത്തില്‍ നിന്നാണ് വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. ഇതും മനോഹരമായ കാഴ്ച്ചയാണ്. വെള്ളച്ചാട്ടത്തിന്റെ മുകളില്‍ കയറിയാല്‍ ദൂരെ മനോഹരമായ വ്യുപോയിന്റാണ്. വയലുകളും മലകളും നഗരങ്ങളും കാണാന്‍കഴിയും. ജില്ലക്കകത്തും പുറത്തുനിന്നുമായി ധാരാളം ആളുകളാണ് ഇവിടേക്കെത്തുന്നത്. കുളിച്ചും നീന്തിയും ചാടിയും വെള്ളച്ചാട്ടത്തിലൂടെ ഒഴുകി നടക്കാനും ആളെറെയാണ്. പാലൂര്‍ക്കോട്ട വെള്ളച്ചാട്ടത്തിന് ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിന്റെ കഥകൂടി പറയാനുണ്ട്. ടിപ്പുവിന്റെ ഇടത്താവളങ്ങളില്‍പ്പെട്ട സ്ഥലമായിരുന്നു ഇവിടം എന്ന് പഴമക്കാര്‍ പറയുന്നു. ശത്രുക്കളുടെ ആഗമനം മനസ്സിലാക്കാന്‍ കഴിയുന്ന ഇടമായതിനാല്‍ ടിപ്പുസുല്‍ത്താന്‍ കൂടുതല്‍ സമയങ്ങളില്‍ ഇവിടെ ചിലവഴിച്ചിരുന്നെന്നാണ് പറയപ്പെടുന്നത്.

ടിപ്പുവിന്റെ കുതിരകളെ കുളിപ്പിക്കുന്നതും പാലൂര്‍ക്കോട്ടയുടെ വെള്ളച്ചാട്ടങ്ങളില്‍ നിന്നായിരുന്നു. പുഴക്കാട്ടിരി കടുങ്ങപുരം വഴിയാണ് പാലൂര്‍കോട്ടയിലേക്ക് എത്തിപ്പെടാനാവുന്ന പ്രധാന വഴികളിലൊന്ന്.

Chandrika
9/30/2013 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ