ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

സന്തോഷ് ബാബുവിന്റെ ഉയരം രണ്ടരയടി; സേവന വലിപ്പം ആകാശത്തോളം


മലപ്പുറം: സന്തോഷ് ബാബുവിന്റെ ഉയരം രണ്ടരയടിയേയുള്ളൂ. നാല്‍പത്തിയഞ്ച് പിന്നിട്ട സന്തോഷ് ബാബുവിന്റെ സേവന ഉയരം ആകാശത്തോളമാണ്. കിട്ടുന്ന പണത്തിന്റെ പകുതിയും പാവങ്ങളെ സഹായിക്കാനായി മാറ്റി വെക്കുന്ന സന്തോഷ് ബാബു മൂന്ന് വര്‍ഷത്തോളമായി പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് ചുറ്റുമുണ്ട്.

രാവും പകലും ഇവിടെ കഴിയുന്ന ബാബു മഖാമിന്റെ ചുറ്റും അതിരാവിലെ അടിച്ചു വാരിയ ശേഷമേ മറ്റു കാര്യങ്ങള്‍ക്കിറങ്ങുകയുള്ളൂ.

കണ്ണൂര്‍ പാപ്പിനശേരി സ്വദേശിയായ സന്തോഷ് ബാബുവിന് മമ്പുറം മഖാം ജീവിതവും സേവനവുമാണ്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ചതാണ്. പത്താം തരം വിജയിച്ച ബാബുവിന് തുടര്‍ന്ന് പഠിക്കാനായില്ല. സര്‍ക്കാറില്‍ ജോലി തേടി ബാബു ഒട്ടേറെ നിവേദനങ്ങള്‍ നല്‍കി.

കോഴിക്കോട് ഹോമിയോ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ആഗ്രഹം തോന്നി. പക്ഷേ പണം എങ്ങിനെയുണ്ടാക്കുമെന്ന് ആലോചിച്ചപ്പോഴാണ് ആസ്പത്രിയില്‍ നിന്നൊരാള്‍ മമ്പുറത്ത് പോയാല്‍ മതിയെന്ന് പറഞ്ഞത്. ആ വാക്കുകള്‍ കേട്ട് ബാബു മമ്പുറം മഖാമിലേക്ക് തിരിക്കുകയായിരുന്നു.

തീര്‍ത്ഥാടനത്തിന് വരുന്നവര്‍ സന്തോഷത്തോടെ നല്‍കുന്നത് ബാബു സ്വീകരിച്ചു. മൊബൈല്‍ ഫോണ്‍ എന്ന സ്വപ്‌നം നിറവേറിയ ബാബു തുടര്‍ന്നും മഖാമിനോടനുബന്ധിച്ച് കഴിഞ്ഞു. വിവിധ ദിക്കുകളില്‍ നിന്നെത്തുന്നവര്‍ക്ക് സഹായമായി ബാബു മഖാമിന്റെ മുറ്റത്ത് നിറഞ്ഞു നിന്നു.

കണ്ണുകാണാത്തവര്‍, രോഗികള്‍, പരസഹായം കൂടാതെ നടക്കാന്‍ കഴിയാത്തവര്‍ അങ്ങിനെ ജീവിതവഴിയില്‍ ആശ്രയം തേടുന്നവര്‍ക്ക് ബാബു ഒരു കൈത്താങ്ങായി.

നിരവധിപേരാണ് മമ്പുറം മഖാമിന് ചുറ്റും പലദിക്കുകളില്‍ നിന്ന് വന്നുകഴിയുന്നത്. ഇവരുടെ ഊണും ഉറക്കവും എല്ലാം ഈ പരിസരത്താണ്. ഇവരുടെ വേദനകളിലെല്ലാം ആശ്വാസമായി ബാബുവുണ്ട്. മഖാമിലെ ഒരു കടയുടെ ഉള്ളില്‍ രണ്ടടിയിലുണ്ടാക്കിയ കൂടിലാണ് ബാബുവിന്റെ താമസം.

ബാബുവാണ് തനിക്ക് എന്നും ഭക്ഷണം എത്തിച്ചുതരുന്നതെന്ന് പതിറ്റാണ്ടുകളായി ഇവിടെ കഴിയുന്ന അന്ധയായ വാടാനപ്പള്ളിയിലെ സൈനബ പറഞ്ഞു. ഇതേ വാക്കുകളാണ് മറ്റുള്ളവര്‍ക്കുമുള്ളത്. വെറുതെയിരിക്കാനാവില്ലെന്നതാണ് സന്തോഷിന്റെ പ്രത്യേകത. വെറുതെയിരുന്നാല്‍ ശരീരം തുരുമ്പിക്കുമെന്നാണ് ബാബുവിന്റെ പക്ഷം.

കണ്ണൂര്‍ പാപ്പിനശ്ശേരി കൊളപ്രത്ത് വീട്ടില്‍ പരേതരായ ഭാസ്‌കരന്റെയും രാധയുടെയും മകനാണ് സന്തോഷ്ബാബു. തന്റെ ശരീരവും കണ്ണുകളും മരണശേഷം ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. ശരീരം കോഴിക്കോട് മെഡിക്കല്‍ കോളജിനും ഇരുകണ്ണുകളും മറ്റുള്ളവര്‍ക്ക് വെളിച്ചമാകാന്‍ നല്‍കുമെന്നറിയിച്ച് കോംട്രസ്റ്റ് ആസ്പത്രിക്കും സമ്മതപത്രം നല്‍കിയിട്ടുണ്ട്.

തന്റെ ജീവിതം പരീക്ഷണമാണ് . തന്റെ ശരീരവും പരീക്ഷണത്തിന് ഉപയോഗിക്കണമെന്നാണ് ബാബുവിന്റെ അഭിപ്രായം.
1986-ല്‍ എസ്എസ്എല്‍സി വിജയിച്ച ബാബു ഒട്ടേറെ ചികിത്സകള്‍ നടത്തിയെങ്കിലും പിന്‍ഭാഗത്തെ കൂന് മാറിയില്ല. ശരീരം തളര്‍ന്നപ്പോഴും തളരാത്തമനസുമായി ബാബു സേവനവഴിയില്‍ സംതൃപ്തി കണ്ടെത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പാലിയേറ്റീവ് വളണ്ടിയറായി. ഇതുവഴി രോഗികളുടെ പരിചരണം ബാബു ഹൃദയത്തോട് ചേര്‍ത്തു.

മഖാമില്‍ കുറെഭാഗം അടിച്ചു വാരുന്നത് ഒരു ദൗത്യമായി ബാബു ഏറ്റെടുത്തിരിക്കുകയാണ്. രോഗം ബാധിച്ചവരെ വാഹനം വിളിച്ച് ആസ്പത്രിയില്‍ കൊണ്ടു പോകാനും ബാബു മുന്നിലുണ്ടാവും. ആസ്പത്രിയിലും മരുന്ന് ഷാപ്പിലും ബാബു സുപരിചിതനാണ്.

തനിക്ക് കിട്ടുന്ന തുകയുടെ പകുതിയും മറ്റുള്ളവര്‍ക്ക് വേണ്ടി നീക്കിവെക്കുന്നതില്‍ സന്തോഷം തോന്നുന്നതായി ബാബു പറഞ്ഞു. അവിവാഹിതനായ ബാബുവിന്റെ മനസില്‍ നിറയെ സേവന തല്‍പ്പരതയും സര്‍ക്കാര്‍ ജോലി എന്ന സ്വപ്‌നവുമാണ്. ആരോടും കൈനീട്ടാതെ എന്നാല്‍ ഇഷ്ടത്തോടെതരുന്ന നാണയത്തുട്ടുകളിലാണ് ബാബുവിന്റെ അന്നം. മഖാമിലെത്തുന്ന തീര്‍ത്ഥാടകരോട് കാര്യവും തമാശയും പറയുന്ന ബാബുവിന്റെ കാഴ്ച മതസൗഹാര്‍ദത്തിന്റേത് കൂടിയാണ്.

മലപ്പുറത്തുകാര്‍ ഏറെ സ്‌നേഹിക്കുന്നവരും സഹായിക്കുന്നവരുമാണെന്ന് ബാബു സാക്ഷ്യപ്പെടുത്തുന്നു.

Chandrika daily
9/25/2013 

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ