മലപ്പുറം: കല്ലും മണ്ണും നിറഞ്ഞ സ്‌കൂള്‍ മൈതാനം വിട്ട് ബാംഗ്ലൂരിലെ സിന്തറ്റിക് ടര്‍ഫില്‍ ഹോക്കി പാഠങ്ങള്‍ അഭ്യസിച്ചതിന്റെ ത്രില്ലിലാണ് കോട്ടപ്പടി ഗവ. ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം. ഒളിമ്പ്യന്‍ മാനുവല്‍ ഫ്രെഡറിക്‌സിനു കീഴില്‍ നടന്ന പരിശീലനം പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നതായി ഈ കൊച്ചു മിടുക്കര്‍ പറഞ്ഞു.
ജവഹര്‍ ലാല്‍ നെഹ്‌റു ദേശീയ സ്‌കൂള്‍ ഹോക്കി ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കുന്ന സംഘം ഇന്നലെ രാവിലെയാണ് ഹോക്കിയുടെ അത്ഭുതലോകത്തു നിന്നും ജന്മനാട്ടിലെത്തിയത്.
ബാംഗ്ലൂര്‍ ശാന്തിനഗറിലെ രാജ്യാന്തര ഹോക്കി സ്‌റ്റേഡിയം അല്‍ഭുതമാണ് സമ്മാനിച്ചതെന്ന് കായിക താരങ്ങള്‍ പറഞ്ഞു. മരം കൊണ്ടുള്ള സ്റ്റിക്കിലാണ് ഇവിടെ കളിക്കാറുള്ളത്. സിന്തറ്റിക് ടര്‍ഫില്‍ വിലകൂടിയ കാര്‍ബണ്‍ സ്റ്റിക്ക് ഉപയോഗിച്ചേ കളിക്കാന്‍ പാടുള്ളു. അതുകൊണ്ടു തന്നെ പന്തിനെ നിയന്ത്രിക്കാന്‍ പ്രയാസം നേരിടുന്നതായും പന്തിന്റെ അമിത വേഗത കളിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായും കുട്ടികളിക്കാര്‍ പറഞ്ഞു.
ബൂട്ട് ഉപയോഗിച്ച് ഇത്തരം സ്റ്റേഡിയങ്ങളില്‍ കളിക്കാന്‍ പാടില്ലെന്നതും വെല്ലുവിളിയാണ്. രണ്ട് ദിവസമായിരുന്നു പരിശീലനം. കൂടുതല്‍ ദിനങ്ങളില്‍ പരിശീലനം ആവശ്യമായിരുന്നുവെങ്കിലും അതിനു സാധിക്കാത്തതിലുള്ള വിഷമം വിദ്യാര്‍ത്ഥികള്‍ക്കുണ്ട്. എന്നാലും ടര്‍ഫ് എന്ന പുതിയ അനുഭവത്തിന്റെ സന്തോഷം വിദ്യാര്‍ത്ഥികളുടെ മുഖത്തുണ്ട്.
ടി. മുഹമ്മദ് റിസ്‌വാനാണ് ടീം ക്യാപ്റ്റന്‍. പി. അരുണ്‍ ഗോള്‍ വലയം കാക്കും. പ്രതിരോധ നിരയില്‍ കെ.എസ് വിഷ്ണുനാഥ്, ടി. മുഹമ്മദ് ഷഫീഖ്, പി. തഷ്‌റീഫ് റോഷന്‍ എന്നിവരാണ് ഉള്ളത്. മധ്യനിരയില്‍ സി. സൂരജ്, കെ. പ്രിബിന്‍, കെ. വൈഷാഖ് കളിക്കും. പി.കെ മുഹമ്മദ് അജ്മല്‍, എം പ്രഭിന്‍, യു. രതീഷ്, എം.എസ് ഇംനാദ് ഫാര്‍ഷിദ്, കെ. ശഫീഖ്, ടി. യദു കൃഷ്ണന്‍, പി. സനല്‍, എസ്. ശിയാല്‍ എന്നിവര്‍ മുന്നേറ്റനിരയിലുണ്ടാവും.
ഒക്‌ടോബര്‍ 30 മുതല്‍ ഡല്‍ഹിയിലാണ് നെഹ്‌റു കപ്പ് ദേശീയ സ്‌കൂള്‍ ഹോക്കി ടൂര്‍ണമെന്റ് നടക്കുന്നത്. ഭീമമായ സംഖ്യ ചെലവു പ്രതീക്ഷിക്കുന്ന ടീമിന് സ്‌പോണ്‍സര്‍മാര്‍ ഇല്ലാത്തത് പ്രതിസന്ധി സൃഷിച്ചിട്ടുണ്ട്. യാത്രാ ചെലവ് മാത്രം ഒരു ലക്ഷമാണ് പ്രതീക്ഷിക്കുന്നത്.
കളിക്കാര്‍ക്ക് ആവശ്യമായ വസ്ത്രങ്ങള്‍ സ്റ്റിക്കുകള്‍ എന്നിവക്കും ഭീമമായ സംഖ്യ ചെലവുവരും. ഇതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്ന തിരക്കിലാണ് സ്‌കൂള്‍ അധികൃതര്‍.
News @ Chandrika
Posted On: 9/21/2013 9:00:27 AM
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ