ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

പന്തുരുളും, പറന്നുയരാന്‍ പയ്യനാട് സ്റ്റേഡിയം



മഞ്ചേരി: ഫെഡറേഷന്‍ കപ്പിന്റെ ആഹ്ലാദാരവം കേട്ട് പറന്നുയരാനൊരുങ്ങുകയാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയം. അടുത്ത ജനുവരിയില്‍ കളിയാരംഭിക്കുന്നതിനു മുന്നോടിയായി ആദ്യഘട്ടം പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നത്. സമയബന്ധിതമായ പ്രവര്‍ത്തനത്തിലൂടെ മൂന്നുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാവും. ഇതോടെ ജില്ലയിലെ കായിക പ്രേമികളുടെ വലിയ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാവുക.

10 കോടി രൂപയുടെ പ്രവൃത്തികളാണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനും സ്റ്റേഡിയത്തിനുമായി ഇതിനകം ചെലവഴിച്ചത്. ഇതില്‍ ഒമ്പത് കോടി രൂപയും യു.ഡി.എഫ് സര്‍ക്കാറാണ് അനുവദിച്ചത്. സംസ്ഥാന സര്‍ക്കാറും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളും എം.എല്‍.എ, എം.പിമാരുടെ പ്രാദേശിക ഫണ്ടും ആസ്തി വികസനഫണ്ടും ഉള്‍പ്പെടുത്തിയാണ് പദ്ധതിക്കു പണം കണ്ടെത്തുന്നത്.

400 മീറ്റര്‍ ട്രാക്ക്, മള്‍ട്ടി പര്‍പ്പസ് ഗ്രൗണ്ട്, പവലിയന്‍, ഗ്യാലറി, ഫുട്ബാള്‍ ഗ്രൗണ്ട്, ഇന്റേണല്‍ റോഡ്, കോമ്പൗണ്ട് വാള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ പൂര്‍ത്തിയാക്കുന്നത്. 14.52 കോടി രൂപയാണ് നേരത്തെ ഇതിനായി വകയിരുത്തിയത്.

സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. മിനുക്കുപണികള്‍ മാത്രമേ ഇനി ബാക്കിയുള്ളൂ. ഗ്രൗണ്ടില്‍ പുല്‍ത്തകിടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ജലവിതരണ പദ്ധതിയുടെ വൈദ്യുതീകരണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ആനക്കയം പുഴയില്‍ നിന്ന് ആവശ്യമായ വെള്ളം എത്തിക്കാനാണ് തീരുമാനം.

ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. പവലിയനോട് ചേര്‍ന്ന് വിശ്രമമുറികള്‍, നാല് ടീമുകള്‍ക്ക് വേഷം മാറാനുള്ള സൗകര്യം, ബാത്ത് റൂം, മെഡിക്കല്‍ റൂം, മീഡിയാ റൂം തുടങ്ങിയവ സജ്ജമാക്കേണ്ടതുണ്ട്. വിവിധ ഒഫീഷ്യല്‍സിനുള്ള സംവിധാനങ്ങളും ഒരുങ്ങാനുണ്ട്. 25,000 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യപ്രദമായ രീതിയിലാണ് ഗ്യാലറി. ചുറ്റുവേലിയും ഡ്രൈനേജും പ്രവേശന കവാടവും പൂര്‍ത്തിയാവുന്നതോടെ സ്റ്റേഡിയത്തിന്റെ മുഖഛായ വര്‍ധിക്കും.

ഇന്റീരിയല്‍ റോഡിന്റെ പ്രവൃത്തികളും ത്വരിതഗതിയില്‍ നടക്കുന്നു. ഉമര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തിയാണ് ഇന്റീരിയല്‍ റോഡ് നിര്‍മിക്കുന്നത്. അതേ സമയം ഇതിന്റെ പ്രവൃത്തിക്കെതിരെ കോടതിയില്‍ സ്റ്റേ നിലവിലുണ്ട്.

നേരത്തെ ഇത് ഏറ്റെടുത്ത കരാറുകാരനില്‍ നിന്നും കൃത്യവിലോപം കാരണം കരാര്‍ മറ്റൊരാളെ ഏല്‍പിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആദ്യകരാറുകാരന്‍ കോടതിയിലെത്തുകയായിരുന്നു. സ്‌റ്റേ നീക്കുന്ന മുറക്ക് ഇതിന്റെ നിര്‍മാണം ത്വരിതപ്പെടുത്തും.

ഫെഡറേഷന്‍ കപ്പ് ഫുട്ബാളിനു മുമ്പ് ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കും. ഒന്നാംഘട്ടത്തില്‍ അടിയന്തര പ്രാധാന്യമുള്ള പദ്ധതികളെ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍മാണ ചുമതലയുള്ള കിറ്റ്‌കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതവും ജനകീയ പങ്കാളിത്തം മുഖേനെ സ്വരൂപിക്കുന്ന ഫണ്ടും ആദ്യഘട്ടം പൂര്‍ത്തിയാക്കുന്നതിന് ഉപയോഗപ്പെടുത്തും. ഇതിനായി വൈകാതെ യോഗം ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് അഡ്വ. എം ഉമ്മര്‍ എം.എല്‍.എ പറഞ്ഞു. ഫെഡറേഷന്‍ കപ്പിനു ആതിഥ്യമരുളാന്‍ മഞ്ചേരിയില്‍ വേണ്ട സൗകര്യമാവശ്യപ്പെട്ട് എം.എല്‍.എ രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

News @ Chandrika
9/22/2013 9:50:19 AM   

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ