മമ്പുറം തങ്ങളുടെ വീട് |
ഒരു നൂറ്റാണ്ടിലേറെയായി തിരൂരങ്ങാടിയില്‍ നിന്ന് പരിശുദ്ധ ഖുര്‍ആന്‍ അച്ചടിക്കുന്നു. 1883-ല്‍ ചാലിലകത്ത് അഹമ്മദാണ് തിരൂരങ്ങാടിയില്‍ ഖുര്‍ആന്‍ അച്ചടിക്കായി ആദ്യമായി അച്ചടിശാല തുടങ്ങിയത്. വെണ്മയാര്ന്ന കല്ലില്‍ മുട്ടയുടെ വെള്ളയും ചില മഷിക്കൂട്ടുകളും ചേര്‍ത്തുണ്ടാക്കുന്ന മഷിയുപയോഗിച്ച് ആര്‍ട്ടിസ്റ്റുകള്‍ എഴുതുന്ന അക്ഷരങ്ങള്‍ ലിതോപ്രസ്സില്‍ വെച്ച് കൈകൊണ്ട് പ്രവര്‍ത്തിപ്പിച്ചായിരുന്നു ആദ്യ കാലത്തെ അച്ചടി.
ചാലിയം മുതല്‍ തിരൂരങ്ങാടി വരെ ഒരേ കാലഘട്ടത്തിലാണ് ഇസ്ലാം സന്ദേശം പ്രചരിക്കപ്പെട്ടത്. ചാലിയം പള്ളിയുടെ നിര്‍മാണാനന്തരം കടലുണ്ടിപുഴയോട് ചേര്‍ന്ന് ഹിജ്റ 83-ലാണ് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. പതിനാലാം നൂറ്റാണ്ടില്‍ കോഴിക്കോട് സന്ദര്‍ശിച്ച ഇബ്നു ബത്തൂത്തയുടെ യാത്രാവിവരണത്തില്‍ തിരൂരങ്ങാടി ദര്സിനെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. പ്രവാചക കാലത്തോടു ചേര്‍ന്നു തന്നെ പരപ്പനങ്ങാടിയിലും ഇസ്ലാം പ്രചരിച്ചിരുന്നു. കടലിന് അഭിമുഖമായി ഹിജ്റ 112-ലാണ് ഇവിടെ വലിയ പള്ളി സ്ഥാപിതമായത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ടിപ്പു സുല്‍ത്താന്‍ പടയോട്ടം നടത്തിയ പ്രദേശങ്ങളില്‍ പ്രമുഖ സ്ഥാനവും തിരൂരങ്ങാടിക്കുണ്ട്.
ചാലിയം ഖാസിയുടെ മകനായ ഹബീബ് റഹ്മാന് മാലിക്ക് ആണ് തിരൂരങ്ങാടിയുടെ ആദ്യ ഖാസി. അക്കാലത്ത് തിരൂരങ്ങാടി വലിയ ജുമാമസ്ജിദിലേക്കാണ് വിദൂര സ്ഥലങ്ങളില്‍ നിന്ന് വരെ വിശ്വാസികള്‍ ജുമുഅ നമസ്കാരത്തിനെത്തിയിരുന്നത്. ഒട്ടേറെ ഖാസിമാര്‍ തിരൂരങ്ങാടിയില്‍ സ്ഥാനമേറ്റിരുന്നു. ഇതില്‍ ഖാസി അലി ഹസന് മുസ്ല്യാരുടെ കാലത്താണ് മമ്പുറം തങ്ങള്‍ തിരൂരങ്ങാടിയിലെത്തുന്നത്. ഹിജ്റ 1166ല്‍ യമനിലെ ഹളര്‍ മൗത്തിലെ തരീമില്‍ ജനിച്ചസയ്യിദ് അലവി മൗലദ്ദവീല തങ്ങളാണ് പിന്നീട് ഖുത്തുബുസ്സമാന്‍ മമ്പുറം തങ്ങള്‍ എന്നപേരിലറിയപ്പെട്ടത്.
പതിനേഴാം വയസ്സില്‍ കപ്പല്‍ മാര്‍ഗം കേരളത്തിലെത്തിയ തങ്ങള്‍ കുറച്ചു കാലം കോഴിക്കോട്ട് താമസിച്ചു. കടലുണ്ടി പുഴയോരത്തെ മുസ്ലിംകളുടെ സ്ഥിതി അതിദയനീയമാണെന്നും അവര്‍ക്ക് ഒരു നേതൃത്വം വേണമെന്നുമുള്ള ആവശ്യത്തെതുടര്‍ന്നാണ് തങ്ങള്‍ ഇവിടെയെത്തുന്നത്. പുഴമാര്‍ഗമായിരുന്നു അക്കാലത്ത് സഞ്ചാരം. പുഴവഴിയെത്തിയ തങ്ങള്‍ മമ്പുറത്തെ ചെറിയപള്ളി കേന്ദ്രീകരിച്ച് മത-രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. മതസൗഹാര്‍ദത്തിന് തങ്ങള്‍ ആഹ്വാനം ചെയ്തു. ശൈഖ് ഹസന് ജിഫ്രിയുടെ മകള്‍ ഫാത്തിമയെയാണ് തങ്ങള്‍ വിവാഹം കഴിച്ചത്.
സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ ധീരമായ നിലപാടായിരുന്നു മമ്പുറം തങ്ങള്‍ക്കും പുത്രന് സയ്യിദ് ഫസല്‍ തങ്ങള്‍ക്കും. ബ്രിട്ടീഷുകാര്‍ക്കെതിരെ പതിനാറോളം സായുധ സമരങ്ങള്‍ നടന്നു. മമ്പുറം തങ്ങളെ പിടികൂടാന്‍ വെള്ളക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തങ്ങളെ പിടികൂടിയാല്‍ മലബാര്‍ കത്തിയമരുമെന്നായിരുന്നു സൈന്യത്തിന് ലഭിച്ച അന്വേഷണ റിപ്പോര്‍ട്ട്. ഇതോടെ ശ്രമം ഉപേക്ഷിച്ച ബ്രിട്ടീഷുകാര്‍ എ.ഡി 1852ല്‍ സ്ട്രേഞ്ചിന്റെ കുപ്രസിദ്ധമായ റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് മുമ്പേ മമ്പുറം സയ്യിദ് ഫസല്‍ തങ്ങളെ നാട് കടത്താന്‍ കലക്ടര്‍ കനോലി ഉത്തരവിട്ടു. എരി തീയില്‍ എണ്ണയൊഴിക്കുന്നതിന് സമാനമായിരുന്നു ഈ നടപടി. മമ്പുറം തങ്ങളുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ഈ നാട്ടുകാര്‍ നെഞ്ചേറ്റുകയും പോരാട്ടത്തില്‍ നിന്ന് പിന്മാറാതെ ഉറച്ചു നില്‍ക്കുകയും ചെയ്തു. പിന്നീട് തിരൂരങ്ങാടി പള്ളിയില്‍ ദര്സിനെത്തിയെ ആലി മുസ്ല്യാരുടെ നേതൃത്വം സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിര്‍ണായകമായി.
മലബാര്‍ കലാപത്തിന്റെ കേന്ദ്രമായി തിരൂരങ്ങാടി നിറഞ്ഞു നിന്നത് ആലി മുസ്ല്യാരുടെ നേതൃത്വത്തിലാണ്. തിരൂരങ്ങാടിയില്‍ അയ്യമഠത്തില്‍ സയ്യിദ് പൂക്കോയ തങ്ങള്‍ പ്രസിഡണ്ടായും നെല്ലിക്കുത്ത് ആലി മുസ്ലിയാര് , കെഎം മൗലവി എന്നിവര്‍ വൈസ്പ്രസിഡണ്ടുമാരായും കെ.പി കുഞ്ഞിപ്പോക്കര് ഹാജി. പൊറ്റയില്‍ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സെക്രട്ടറിമാരായും ഖിലാഫത്ത് കമ്മിറ്റിയുണ്ടാക്കി. നിസ്സഹകരണ പ്രസ്ഥാനം ഏറ്റവുമധികം വിജയിച്ച സ്ഥലമായി തിരൂരങ്ങാടി അറിയപ്പെട്ടു. 1921 ഫെബ്രുവരി 26ന് 107-വകുപ്പനുസരിച്ച് പൊറ്റയില്‍ അബൂബക്കര്‍, വി.പി ഹസന്‍കുട്ടി, കല്ലറക്കല്‍ അഹമ്മദ് തുടങ്ങിയവരെ അകാരണമായി അറസ്റ്റ് ചെയ്തു. ഈ സംഭവം ഏറെ പ്രതിഷേധത്തിന് വഴിവെച്ചു. 1921 ഓഗസ്റ്റ് 19ന് അര്‍ധരാത്രി കലക്ടര്‍ തോമസും സേനാവ്യൂഹവും സര്‍വ സന്നാഹങ്ങളുമായി തിരൂരങ്ങാടിയിലെത്തി.
തിരൂരങ്ങാടി കിഴക്കെ പള്ളിയില്‍ അവര്‍ പരിശോധന നടത്തിയെങ്കിലും ആലി മുസ്ല്യാരെയും മറ്റും പിടികൂടാനായില്ല. പ്രഭാത പ്രാര്‍ത്ഥനക്ക് പള്ളിയിലെത്തിയ പൊറ്റയില്‍ മുഹമ്മദാജി, കോഴിശ്ശേരി മമ്മദ്, മകന് മൊയ്തീന് കുട്ടി എന്നിവരെ അറസ്റ്റ് ചെയ്തു. പിറ്റേന്ന് (ഓഗസ്റ്റ് 20) നിരപരാധികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആലി മുസ്ല്യാരും സംഘവും നിവേദനവുമായി കലക്ടറെ കാണാനെത്തി. പൊലീസുകാര്‍ സംഘത്തെ തടഞ്ഞു. നിങ്ങളെല്ലാവരും ഇരിക്കൂ, അറസ്റ്റിലായവരെ ഉടന്‍ വിടാം..എന്ന് ഹെഡ്കോണ്‍സ്റ്റബിള്‍ മൊയ്തീന് വിളിച്ച് പറഞ്ഞു. ഇത് കേട്ട് നിവേദക സംഘം ഇരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ വെടിയുണ്ടകളാണ് ഗര്‍ജിച്ചത്. 17 ധീര ദേശാഭിമാനികളാണ് മരണമടഞ്ഞത്. പട്ടാളമേധാവികളായ ജോണ്സണ്, റൗളി എന്നിവരും കൊല്ലപ്പെട്ടു. ഈ സംഭവത്തിന് പിന്നാലെ 1921 ഓഗസ്റ്റ് 28ന് കോഴിക്കോട്, ഷൊര്‍ണൂര്‍, കുറ്റിപ്പുറം തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് പട്ടാളക്കാര്‍ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടു.
ഓഗസ്റ്റ് 30ന് ഈ സംഘം തിരൂരങ്ങാടിയിലെത്തി. പള്ളി പട്ടാളക്കാര്‍ വളഞ്ഞു. ആലി മുസ്ല്യാരും 114 പേരും പള്ളിയിലുണ്ടായിരുന്നു. പട്ടാളക്കാര്‍ പള്ളിയുടെ മുകള്‍ ഭാഗത്തേക്ക് വെടിയുണ്ടകളുതിര്‍ത്തു കൊണ്ടിരുന്നു. 32 പേര് ഈ സംഭവത്തില്‍ രക്തസാക്ഷികളായി. പള്ളി തകര്‍ക്കാന്‍ അവസരം നല്‍കരുതെന്ന് തീരുമാനിച്ച ആലിമുസ്ല്യാര് കീഴടങ്ങി. ആലി മുസ്ല്യാരടക്കം 38 പേരെ കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ഇതില്‍ പലരെയും പട്ടാള കോടതി തൂക്കിലേറ്റാന്‍ വിധിച്ചു.
കോളറയുടെ പരീക്ഷണത്തിനും തിരൂരങ്ങാടി ഇരയായി. നിരവധി കുഞ്ഞുങ്ങള്‍ അനാഥരായി. ഇവരുടെ സംരക്ഷണം ചോദ്യ ചിഹ്നമായി ഉയര്‍ന്നതില്‍ നിന്നാണ് തിരൂരങ്ങാടി യതീംഖാന എന്ന ആശയം ഉയര്‍ന്നത്. കെ.എം മൗലവി, എം.കെ ഹാജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ മുന്നിട്ടിറങ്ങിയപ്പോള്‍ ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃകയായി അതു മാറുകയായിരുന്നു.
ഇഖ്ബാല്‍ കല്ലുങ്ങല്‍
News @ Chandrika - 7/16/2013
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ