ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

കൊച്ചുകൊച്ചു കണ്ടുപിടിത്തങ്ങളുടെ വലിയ ശിഹാബുദ്ദീന്‍


അബൂദബി: കണ്ടുപിടിത്തങ്ങളുടെ ആശാനും ജനറല്‍ ഇലക്ട്രിക്സ്
എന്ന കമ്പനിയുടെ സ്ഥാപകനുമായ തോമസ് ആല്‍വാ എഡിസനെ മലപ്പുറം കാടാമ്പുഴ മേല്‍മുറി മൂക്കിലപീടികയിലെ ശിഹാബുദ്ദീന് അറിയില്ല. പാഠപുസ്തകങ്ങളില്‍ എന്നോ പഠിച്ച അറിവ് പോലും എഡിസനെ കുറിച്ച് ഈ 27 കാരന്‍െറ ഓര്‍മയിലില്ല. പക്ഷേ എഡിസന്‍െറ ജീവിതത്തിന്‍െറ ചില ഓര്‍മപ്പെടുത്തലുകളിലൂടെയാണ് ശിഹാബുദ്ദീന്‍െറ കടന്നുപോക്ക്. എഡിസന്‍െറ പ്രാഥമിക വിദ്യാഭ്യാസം
വീട്ടിലിരുന്നായിരുന്നുവെങ്കില്‍ ശിഹാബുദ്ദീന്‍ പത്താം ക്ളാസോടെ പഠനം അവസാനിപ്പിച്ചു. പത്ര വില്‍പനക്കാരനും ടെലിഗ്രാഫ് ഓഫിസിലെ തൊഴിലാളിയുമായാണ് എഡിസന്‍ ജീവിതം ആരംഭിച്ചതെങ്കില്‍ ശിഹാബുദ്ദീന്‍ മില്ലിലെ ജീവനക്കാരനും അറബിയുടെ മജ്ലിസിന്‍െറ കാവല്‍ക്കാരനുമായാണ് ജീവിത വൃത്തി നിവര്‍ത്തിക്കുന്നത്. എഡിസന്‍ ലോകം കണ്ട മഹാനായ ശാസ്ത്രജ്ഞനാണെങ്കില്‍ ശിഹാബുദ്ദീനെ ലോകം അറിയുക പോലുമില്ല. എഡിസന്‍െറ പല കണ്ടുപിടിത്തങ്ങളും തന്‍െറ ജോലി എളുപ്പമാക്കുന്നതിനുള്ള പരീക്ഷണങ്ങളായിരുന്നു. ശിഹാബുദ്ദീനും സമാന രീതിയില്‍ തന്നെയാണ് ചിന്തിക്കുന്നത്. തന്‍െറ ജോലി എളുപ്പമാക്കുന്ന, നിത്യ ജീവിതത്തില്‍ ഉപകാരപ്രദമായ കാര്യങ്ങളാണ് ഈ ചെറുപ്പക്കാരന്‍െറ ബുദ്ധിയിലൂടെ പുറത്തുവരുന്നത്.

മോട്ടോര്‍ സ്വയം നിയന്ത്രിക്കാനുള്ള ഉപകരണം, മോഷണം തടയാനുള്ള ഉപകരണം, ഗേറ്റ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തുറക്കാനുള്ള ഉപകരണം, കാര്‍ പോര്‍ച്ചിന്‍െറ ഷട്ടര്‍ തുറക്കാനുള്ള ഉപകരണം, എ.സിയും ലൈറ്റുകളും നിശ്ചിത സമയത്ത് പ്രവര്‍ത്തിപ്പിക്കാനും പ്രവര്‍ത്തന രഹിതമാക്കാനുമുള്ള സംവിധാനം... തുടങ്ങി ശിഹാബിന്‍െറ കണ്ടുപിടിത്തങ്ങള്‍ നിരവധിയാണ്. അബൂദബിയില്‍ അറബിയുടെ മജ്ലിസിന്‍െറ കാവല്‍ക്കാരനായി മൂന്ന് വര്‍ഷം മുമ്പ് എത്തിയത് മുതലാണ് ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തങ്ങള്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നത്. ഒരു സാധാരണ മൊബൈല്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ തുടങ്ങി ചെറിയ സാധനങ്ങള്‍ മാത്രമാണ് ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തങ്ങള്‍ക്ക് ആവശ്യം.

നാട്ടിലായിരിക്കുമ്പോഴാണ് ടാങ്കിലേക്ക് വെള്ളമടിക്കുന്ന മോട്ടോറിന്‍െറ പ്രവര്‍ത്തനം സ്വയം നിയന്ത്രിക്കുന്ന ഉപകരണം ശിഹാബുദ്ദീന്‍ കണ്ടുപിടിക്കുന്നത്. വെള്ളം തീരുന്നത് അനുസരിച്ച് മോട്ടോര്‍ അടിക്കാനും ടാങ്ക് നിറയുമ്പോള്‍ ഓഫ് ചെയ്യാനുമുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിനൊപ്പം വെള്ളം നഷ്ടപ്പെടുത്താതിരിക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു കണ്ടുപിടിത്തത്തിന് പിന്നില്‍. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെയുള്ള മോട്ടോര്‍ സ്വിച്ച് വികസിപ്പിച്ചാണ് നാല് വര്‍ഷം മുമ്പ് ഈ കണ്ടുപിടിത്തം നടത്തിയത്. ട്രാന്‍സിസ്റ്റര്‍, ഡയോഡ്, കപ്പാസിറ്റര്‍, റെസിസ്റ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഈ ഉപകരണം നിര്‍മിച്ചത്. ഈ സംവിധാനം അനുസരിച്ച് ടാങ്കില്‍ വെള്ളം നിറഞ്ഞാല്‍ മോട്ടോര്‍ പ്രവര്‍ത്തന രഹിതമാകും. ടാങ്കില്‍ വെള്ളം തീരുമ്പോള്‍ അലാം മുഴങ്ങുകയും എല്‍.ഇ.ഡി ബള്‍ബ് പ്രകാശിക്കുകയും ചെയ്യും. മോട്ടോറില്‍ നിന്ന് ടാങ്കിലേക്ക് വെള്ളം വരുന്ന പൈപ്പ് വേര്‍പെടുകയോ കിണറിലോ കുളത്തിലോ ഉള്ള ഫുട്വാല്‍വ് വെള്ളത്തിന് മുകളിലാകുകയോ ചെയ്താല്‍ സ്ക്രീന്‍ വഴി അറിയാനുള്ള സംവിധാനവുമുണ്ട്. മോട്ടോറും ടാങ്കും 500 മീറ്റര്‍ വ്യത്യാസത്തില്‍ വരെയാണെങ്കിലും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാനാകുമെന്ന് ശിഹാബുദ്ദീന്‍ പറയുന്നു. നിര്‍മിക്കാന്‍ 750 രൂപ മാത്രമാണ് ചെലവ് വരുക.
വീടുകളിലും സ്ഥാപനങ്ങളിലും കവര്‍ച്ച നടത്തുന്ന തസ്കര വീരന്‍മാരെ പിടികൂടാനുള്ള ഉപകരണവും ശിഹാബുദ്ദീന്‍ വികസിപ്പിച്ചിട്ടുണ്ട്. വാഹന മോഷ്ടാക്കളെ പിടികൂടാനും ശിഹാബുദ്ദീന്‍െറ കണ്ടുപിടിത്തം സഹായിക്കും. സാധാരണ മൊബൈല്‍ ഫോണ്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ എന്നിവ ഉപയോഗിച്ചാണ് ഇതിന്‍െറ നിര്‍മാണം. വീടിന്‍െറ വാതില്‍, ഗേറ്റ്, ചുമര്, സേഫ് എവിടെ വേണമെങ്കിലും ഈ ഉപകരണം ഘടിപ്പിക്കാം. കതകും സേഫും ഗേറ്റും ബലമായി തുറക്കുകയോ ചുമര്‍ തുരക്കുകയോ ചെയ്താല്‍ വീടിന്‍െറ ഉടമസ്ഥന്‍െറ മൊബൈല്‍ ഫോണിലേക്ക് കോള്‍ വരുന്ന സംവിധാനത്തിലൂടെയാണ് ഉപകരണം പ്രവര്‍ത്തിക്കുന്നത്. വീട്ടിലേക്ക് ആരെങ്കിലും വന്നാലും ഈ സംവിധാനം വഴി അറിയാനാകും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്നാണ് ഉടമസ്ഥന്‍െറ നമ്പറിലേക്ക് കോള്‍ വരുന്നത്. വാഹനത്തിന്‍െറ ഡോര്‍, ഗ്ളാസ് തുടങ്ങി എവിടെ വേണമെങ്കിലും ഈ ഉപകരണം ഘടിപ്പിക്കാന്‍ കഴിയുമെന്ന് ശിഹാബുദ്ദീന്‍ പറയുന്നു. വാഹനം മോഷ്ടിച്ചുകൊണ്ടുപോയാലും അകത്ത് മൊബൈല്‍ ഫോണ്‍ ഉള്ളതിനാല്‍ സിഗ്നലുകള്‍ വഴി കണ്ടുപിടിക്കാന്‍ എളുപ്പമാണ്. 450 ദിര്‍ഹമാണ് ഈ ഉപകരണം നിര്‍മിച്ച് ഘടിപ്പിക്കുന്നതിന് ചെലവ് വരുന്നത്.

ഗേറ്റിന് പുറത്തെ കോളിങ് ബെല്ല് അടിച്ചാല്‍ പൂട്ടിയിട്ട ഗേറ്റ് തുറക്കാന്‍ കഴിയുന്ന സംവിധാനവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗേറ്റിന് അകത്തും തൊട്ടടുത്തുമായി ഘടിപ്പിച്ച രണ്ട് ചെറിയ ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴിയാണ് ഉപകരണത്തിന്‍െറ പ്രവര്‍ത്തനം. ഗേറ്റിന് പുറത്തെ കോളിങ് ബെല്‍ അടിക്കുമ്പോള്‍ അകത്തെ സംവിധാനത്തില്‍ ഘടിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണില്‍ നിന്ന് ശിഹാബുദ്ദീന്‍െറ മൊബൈല്‍ ഫോണിലേക്ക് കോള്‍ വരും. തിരിച്ച് ശിഹാബിന്‍െറ ഫോണില്‍ നിന്ന് ഈ നമ്പറിലേക്ക് വിളിച്ചാല്‍ ഗേറ്റ് തുറക്കാന്‍ സാധിക്കും. ശിഹാബിന്‍െറ മൊബൈലിലേക്ക് സന്ദര്‍ശകര്‍ വിളിച്ചാലും പുറത്തെവിടെയാണെങ്കിലും ഗേറ്റ് തുറന്നുനല്‍കാന്‍ സാധിക്കും. ലോകത്ത് എവിടെ നിന്നും ഈ ഉപകരണം പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുമെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. മുമ്പ് മജ്ലിസില്‍ സന്ദര്‍ശകര്‍ വരുമ്പോള്‍ താന്‍ തന്നെ വന്ന് ഗേറ്റ് തുറന്നുകൊടുക്കണമായിരുന്നു. ഈ ഉപകരണം സാധിച്ചതോടെ ഇടക്ക് പുറത്തുപോകാന്‍ സാധിക്കും. ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുള്ള ഫോണിലേക്ക് വിളിച്ചാല്‍ ഗേറ്റിന് സമീപത്തെ ലൈറ്റ് പ്രകാശിക്കുകയും പുറത്തുവന്നയാള്‍ക്ക് ഗേറ്റ് തുറക്കാനും സാധിക്കും. മൊബൈല്‍ ഫോണ്‍, റിലേ ഡയോഡ്, കപ്പാസിറ്റര്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള ഈ സംവിധാനത്തിന് 500 ദിര്‍ഹത്തോളമാണ് ചെലവ് വരുക. സമാന സംവിധാനം കാര്‍ പോര്‍ച്ചിന്‍െറ ഷട്ടര്‍ തുറക്കാനും ഉപയോഗിക്കാം.

ഗേറ്റില്‍ ഏര്‍പ്പെടുത്തിയ സംവിധാനത്തിന് പുറമെ താന്‍ സ്ഥലത്തില്ലെങ്കിലും തന്‍െറ ജോലികള്‍ ചെയ്യാനുള്ള സംവിധാനങ്ങളും ശിഹാബ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മജ്ലിസിലേക്ക് സന്ദര്‍ശകര്‍ എത്തുന്നതിന് മുമ്പ് ഓട്ടോമാറ്റിക്കായി എ.സി.യും ലൈറ്റുകളും ഓണ്‍ ചെയ്യാനുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയാകുമ്പോഴേക്കും മജ്ലിസിലെ എ.സി. പ്രവര്‍ത്തിച്ചുതുടങ്ങും. വൈകുന്നേരം ആറോടെ ലൈറ്റുകളും പ്രകാശിക്കും. ഒന്നോ രണ്ടോ ദിവസം താന്‍ ഇല്ലെങ്കിലും പുതിയ കണ്ടുപിടിത്തങ്ങള്‍ വഴി മജ്ലിസിലെ കാര്യങ്ങള്‍ സുഖമായി നടന്നുപോകുമെന്ന് ഈ യുവാവ് പറയുന്നു. ഇടക്ക് തനിക്ക് പുറത്തുപോകാനും സാധിക്കും.
ചെറുപ്പത്തിലേ തന്നെ കൊച്ചു കണ്ടുപിടിത്തങ്ങള്‍ നടത്തിയിരുന്നു ഈ മിടുക്കന്‍. പത്താം ക്ളാസ് കഴിഞ്ഞ് എ.സി. മെക്കാനിക്ക് കോഴ്സിന് ചേര്‍ന്നെങ്കിലും തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ പഠിപ്പിക്കുന്നതെന്നതിനാല്‍ നാല് മാസം കഴിഞ്ഞ് നിര്‍ത്തുകയായിരുന്നു. ക്ഷമയും പരീക്ഷണങ്ങള്‍ക്കുള്ള മനസ്സും ഉണ്ടെങ്കില്‍ കണ്ടുപിടിത്തങ്ങള്‍ നടത്താന്‍ ആര്‍ക്കും സാധിക്കുമെന്ന് ഇദ്ദേഹം പറയുന്നു. ഈ സംവിധാനങ്ങള്‍ ഘടിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സമീപിക്കുന്നുണ്ടെന്നും ശിഹാബ് പറയുന്നു.


Sat, 06/29/2013
മുഹമ്മദ് റഫീക്ക്

1 comment:

ജ്ജ് മുണ്ടാണ്ടെ പോവ്വാ