കുടുമപോലെ മേല്‍പ്പോട്ട് മുടി ചീകിവെച്ച മാപ്പിളക്കുട്ടിയെ കണ്ടാല്‍ മുതിര്‍ന്നവര്‍ നീരസത്തോടെ നോക്കുന്ന കാലം. മുടി വളര്‍ത്തുന്നത് നന്നല്ലെന്ന് കരുതുന്നവരാണ് അന്ന് നാട്ടിലധികവും. ജാഥകളിലേറെയും കുപ്പായമിടാത്തവര്‍. ഏറനാടന്‍ ഗ്രാമങ്ങളിലേക്ക് നഗര പരിഷ്‌കാരങ്ങള്‍ കടന്നുവരാന്‍ മടിച്ചുനില്‍ക്കുന്ന 1950കളുടെ തുടക്കം.
ഹൈദരാബാദ് ആക്ഷനെ തുടര്‍ന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായ വിലക്ക് നീങ്ങാത്ത ചുറ്റുപാട്; അക്കാലത്താണ് മുടി ക്രോപ്പ് ചെയ്ത്, പാന്റ്‌സും മുറിക്കയ്യന്‍ ഷര്‍ട്ടും ധരിച്ച പച്ചപ്പരിഷ്‌കാരിയായ ഒരു ചെറുപ്പക്കാരന്‍ മലപ്പുറം ടൗണിലെ മുസ്‌ലിംലീഗ് പ്രകടനങ്ങളില്‍ അത്യുച്ചത്തില്‍ മുദ്രാവാക്യം വിളിച്ചുകൊടുക്കുന്നത്. അതാവട്ടെ അന്നോളം കേള്‍ക്കാത്ത ശൈലിയിലും ഭാഷയിലും. ആ ജാഥയില്‍ നില്‍ക്കുന്നത് തന്നെ നാട്ടുകാര്‍ക്ക് ഹരമായി.
മാപ്പിള പൗരുഷം ദിഗന്തങ്ങള്‍ ഭേദിക്കുന്ന പുത്തന്‍ മുദ്രാവാക്യത്തിന്റെ താളത്തില്‍ ലയിക്കാന്‍ ദൂരെ ദിക്കില്‍ നിന്നുപോലും പ്രവര്‍ത്തകര്‍ വരവായി. പ്രായം ചെന്നവരും കുട്ടികളും യുവാക്കളെപ്പോലെ ആവേശഭരിതരായി. മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് ഹോമിയോ പഠനത്തില്‍ ബിരുദം നേടിയെത്തിയ യുവ ഡോക്ടറാണ് മുസ്‌ലിംലീഗ് ജാഥയിലെ ഈ മുദ്രാവാക്യം വിളിക്കാരന്‍ എം. അബൂബക്കര്‍ എന്നറിഞ്ഞപ്പോള്‍ നാട്ടുമ്പുറത്തുകാരുടെ ആവേശം അത്ഭുതാദരങ്ങളില്‍ മുങ്ങി. ജാഥ തീരുമ്പോള്‍ മുദ്രാവാക്യം വിളിച്ചവനോട് രഹസ്യ പൊലീസുകാര്‍ വന്നു വിവരമന്വേഷിക്കും. അവരോട് ഇംഗ്ലീഷില്‍ മറുപടി പറഞ്ഞ് തിരിച്ചയക്കുന്നതും മലപ്പുറത്തിന്റെ ഗ്രാമമനസ് കൗതുകത്തോടെ കണ്ടുനിന്നു.
മുസ്‌ലിംലീഗ് ചരിത്രത്തിലെ നിരോധനത്തിന്റെ നിഴല്‍പരന്ന ദുര്‍ഘട സന്ധികളുടെ സാക്ഷിയാണ് ഇന്നലെ (2013 ഓഗസ്റ്റ് 22) മലപ്പുറത്ത് വിടപറഞ്ഞ ഡോ. എം. അബൂബക്കര്‍. മലപ്പുറം ഒരു ജില്ലയായതിന്റെ അടയാളമായി വന്ന 1971ലെ ആദ്യ നഗരസഭയുടെ ചെയര്‍മാന്‍. അതിന് മുമ്പ് മലപ്പുറം പഞ്ചായത്താകുമ്പോള്‍ പ്രസിഡണ്ട്. മലപ്പുറം നഗരസഭക്കായി രൂപീകരിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ ചെയര്‍മാന്‍. മലപ്പുറത്തെ ബിരുദധാരിയായ ആദ്യ ഹോമിയോ ഡോക്ടര്‍.
ജനനം തമിഴ്‌നാട്ടിലെ ശിവകാശിയില്‍ (1930). സ്‌കൂള്‍ പഠനം കോഴിക്കോട്ട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍. കോളജ് മദ്രാസില്‍. എം.എസ്.പിക്കു മുമ്പുള്ള ബ്രിട്ടീഷ് സ്‌പെഷ്യല്‍ ഫോഴ്‌സിലായിരുന്നു പിതാവ് മുട്ടേങ്ങാടന്‍ മമ്മു. ഒന്നാം വയസ്സില്‍ ബാപ്പയുടെ മരണം. ഉമ്മ തിരൂരങ്ങാടിയിലെ മൂന്നുകണ്ടന്‍ പാത്തുമ്മ. കോഴിക്കോട്ട് അമ്മാവന്റെ വീട്ടില്‍ താമസവും പഠനവും.
1949ല്‍ ഡോക്ടറായി മലപ്പുറത്ത് പ്രാക്ടീസ് തുടങ്ങി. ഹോമിയോ ചികിത്സ മലപ്പുറത്തിന് അപരിചിതമാണന്ന്. ആയുര്‍വ്വേദമാണ് അഖിലവും. ഡോക്ടര്‍ നാട്ടുകാരന്‍ 'കുട്ടി'യായതിനാല്‍ ജനങ്ങള്‍ക്ക് വിശ്വാസം വന്നുതുടങ്ങി. എന്നാലും 'പല്ലിമുട്ട'യെന്നു വിളിച്ച് ഹോമിയോ ഗുളികയെ പലരും നിസാരമാക്കി. ഫലിച്ചു തുടങ്ങിയപ്പോള്‍ ഡോക്ടറെ കാണാനെത്തുന്നവരുടെ എണ്ണം കൂടി.
ഇരുന്നൂറു പേര്‍ വരെ ചികിത്സക്കെത്തുന്ന ദിവസങ്ങളായി. അതിനിടെയാണ് രാഷ്ട്രീയം തലക്കുപിടിച്ചത്. മുസ്‌ലിംലീഗിനെതിരായ പൊലീസ് നടപടികള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുള്ള വീറുണ്ടാക്കി. പാണക്കാട് പൂക്കോയ തങ്ങളുമായുള്ള അടുപ്പവും ഇതിനു പ്രേരണയായി. 1953ല്‍ ലൈസന്‍സെടുത്ത് മോട്ടോര്‍ സൈക്കിളിലായി സഞ്ചാരം. ബുള്ളറ്റില്‍ പൊട്ടിച്ചുപറന്നുവരുന്ന ഡോ. അബൂബക്കര്‍ എല്ലായിടത്തുമെത്തി. അമ്പത്തഞ്ചു വര്‍ഷം മോട്ടോര്‍ സൈക്കിളില്‍ തന്നെ യാത്ര. മഴയും വെയിലും വകവെക്കാതെ സഞ്ചരിച്ച ബൈക്ക് യാത്രികന്‍ മറ്റൊരു റെക്കോര്‍ഡ്.
ആത്മമിത്രം വാച്ച്‌മേക്കര്‍ കുഞ്ഞീന്‍കുട്ടിയും കീഴേടത്ത് അബൂബക്കറുമൊത്ത് സംഘടനാരംഗം സജീവമാക്കി. 1951 കാലത്ത് മലപ്പുറം കുന്നുമ്മല്‍ ഏതാനും കോപ്പി ചന്ദ്രിക പത്രം വരും. അതിലൊന്ന് ഡോ. അബൂബക്കറിനായിരുന്നു. തന്റെ ക്ലിനിക്കില്‍ ചന്ദ്രിക വരുത്തുന്നതിനെതിരെ രാഷ്ട്രീയ പ്രതിയോഗികള്‍ വിമര്‍ശനം തുടങ്ങിയപ്പോള്‍ അതിനു പറ്റുന്നവര്‍ വന്നാല്‍ മതിയെന്ന് മറുപടി നല്‍കി.
പില്‍ക്കാലം നിയമസഭയിലേക്ക് യു.എ ബീരാന്‍ സാഹിബിനെതിരെ മത്സരിച്ച നാരായണന്‍കുട്ടിനായരെ പ്രഥമ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലീഗ് വിരുദ്ധര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നു എന്നു കേട്ടു. എതിരു നില്‍ക്കാന്‍ ആരും ധൈര്യപ്പെടാത്ത പ്രതാപി. ഡോക്ടറുടെ ഉറ്റ സുഹൃത്തുമാണ്. നാരായണന്‍കുട്ടി നായരാണ് സ്ഥാനാര്‍ത്ഥി എന്നുറച്ചപ്പോള്‍ പൂക്കോയ തങ്ങള്‍ ഡോക്ടറെ വിളിപ്പിച്ചു. മത്സരിക്കണമെന്നാവശ്യപ്പെട്ടു. നാരായണന്‍കുട്ടിനായരെ കണ്ടപ്പോള്‍ ഡോക്ടര്‍ പറഞ്ഞു. 'നിങ്ങള്‍ മത്സരിക്കുകയാണെങ്കില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി ഞാനുണ്ടാവും.'
പറഞ്ഞപോലെ മത്സരം പൊടിപൊടിച്ചു. നായര്‍ക്കുവേണ്ടി പണം വീശിയെറിഞ്ഞു. ഫലം വന്നപ്പോള്‍ ഡോ. അബൂബക്കര്‍ 60 വോട്ടിന് ജയിച്ചു. ധീരശൂരനായ മുസ്‌ലിംലീഗ് നേതാവ് മണ്ണിശ്ശേരി സെയ്താലിക്കുട്ടിയായിരുന്നു ആ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഉസ്താദ്. പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യ സ്വീകരണം തലശ്ശേരി മുസ്‌ലിംലീഗ് കമ്മിറ്റി വകയായിരുന്നു. സി.കെ.പി ചെറിയ മമ്മുക്കേയിയുടെ നേതൃത്വത്തില്‍. ഉഗ്രപ്രതാപിയെ തോല്‍പ്പിച്ച കരുത്തിന്. മുസ്‌ലിംലീഗ് സംസ്ഥാന കൗണ്‍സിലിലും ജില്ലാ പ്രവര്‍ത്തക സമിതിയിലും അംഗമായി ഡോ. അബൂബക്കര്‍.
ഖാഇദേമില്ലത്ത്, സീതിസാഹിബ്, ബാഫഖിതങ്ങള്‍, സി.എച്ച്, ഹസ്സന്‍കുട്ടി കുരിക്കള്‍, ചാക്കീരി, ബാപ്പു കുരിക്കള്‍, എം.കെ.ഹാജി, നഹാ സാഹിബ് എന്നിവരുമായെല്ലാം അടുത്ത സൗഹൃദം പുലര്‍ത്തി. ഡോക്ടര്‍ അബൂബക്കര്‍ പ്രസിഡണ്ടും പട്ടാണി മമദാന്‍കുട്ടി സെക്രട്ടറിയുമായി മലപ്പുറം ടൗണ്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തിച്ചു. വിമോചന സമരത്തില്‍ ബാപ്പു കുരിക്കള്‍ക്കൊപ്പം മഞ്ചേരി താലൂക്ക് ഓഫീസ് പിക്കറ്റ് ചെയ്ത് അറസ്റ്റിലായി ജയില്‍വാസം വരിച്ചു. ജില്ലാരൂപീകരണ ശ്രമങ്ങളില്‍ കുരിക്കള്‍ക്കൊപ്പം ഓടി നടന്നു. ഭാവിയിലെ മലപ്പുറം ജില്ല എങ്ങനെയിരിക്കണമെന്ന് ഒരു പദ്ധതി തന്നെ സ്വന്തമായി തയ്യാറാക്കി ഡോക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചു.
ഡോക്ടര്‍ അബൂബക്കര്‍ നഗരസഭാ ചെയര്‍മാനായിരിക്കെയാണ് കേരളമാകെ കത്തിപ്പടരുമായിരുന്ന മലപ്പുറത്തെ ക്രൈസ്തവ ദേവാലയവുമായി ബന്ധപ്പെട്ട വിവാദം മത മൈത്രിക്ക് പോറലേല്‍ക്കാതെ മധുരമായി പരിഹരിച്ചത്. മലപ്പുറം മുനിസിപ്പല്‍ ഓഫീസ് നിര്‍മ്മിക്കുന്നതിനായി ഒന്നര ഏക്കറോളം ഭൂമി നഗര ഹൃദയത്തില്‍ വിലക്കെടുക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. നല്ല വില തന്നാല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ കൈവശമുള്ള ഭൂമി തരാമെന്ന് ഫാദര്‍ സമ്മതിച്ചു. അതനുസരിച്ചാണ് നഗരസഭ ഏറ്റെടുത്തത്. മലപ്പുറം ജില്ലാ രൂപീകരണം വിവാദമാക്കിയ പത്രങ്ങള്‍ ഉള്‍പ്പെടെ ഈ ഭൂമി വില്‍പന വര്‍ഗീയ പ്രചാരണായുധമാക്കി. വിഷയം അച്ചന്റെ പിടിവിട്ടു.
മലപ്പുറത്തെ ക്രൈസ്തവ സമൂഹം ചര്‍ച്ചിന്റെ അനുബന്ധ പുരോഗതിക്കുള്ള വരുമാന മാര്‍ഗമെന്ന നിലയില്‍ ഈ നടപടിയെ കണ്ടെങ്കിലും അവരറിയാതെ ദൂരദിക്കില്‍ വിഷയം വര്‍ഗീയമായി പടര്‍ന്നു കത്തി. കോഴിക്കോട്ട് നിന്ന് ബിഷപ്പ് നേരിട്ടുവന്ന് പാണക്കാട് പൂക്കോയതങ്ങളെ കണ്ടു. ''പള്ളി സ്ഥാപിക്കാന്‍ കരുതിവെച്ച സ്ഥലമാണ് നഗരസഭ ഏറ്റെടുത്തത്.
തിരിച്ചു കിട്ടണം'' എന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി, പരിഷ്‌ക്കരണ പ്രവൃത്തികള്‍ കഴിഞ്ഞ് പൊതുമരാമത്ത് വകുപ്പ് പദ്ധതി ചെലവ് കണക്കാക്കാന്‍ നില്‍ക്കുന്ന സമയത്താണിത്. പാണക്കാട് പൂക്കോയ തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം വിളിച്ചു ചേര്‍ത്ത മുനിസിപ്പല്‍ കൗണ്‍സില്‍ പദ്ധതി റദ്ദാക്കാന്‍ തീരുമാനിച്ചു. സ്ഥലം തിരിച്ചേല്‍പ്പിച്ചു.
അവകാശ വാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും നില്‍ക്കാതെ, സാങ്കേതികത്വത്തിന്റെ നൂലിഴയില്‍ തൂങ്ങാതെ മത മൈത്രിയുടെ മഹാ മാതൃകയായി സ്വന്തം ദേശത്തെ ഉയര്‍ത്തിക്കാണിക്കാന്‍ ആ നഗരസഭാ ചെയര്‍മാന്‍ ത്യജിച്ചത് തന്റെ സ്വപ്‌ന പദ്ധതിയായിരുന്നു. എല്ലാവരുടേയും അനുവാദത്തില്‍ തുടക്കമിട്ടത്. ആരോ കത്തിച്ചുവിട്ട വാണക്കുറ്റിയില്‍ നിന്നു പടര്‍ന്ന തീ മലപ്പുറത്തിന്റെ നന്മകളെ ചുട്ടെരിക്കില്ലെന്ന ദൃഢ നിശ്ചയത്തിന്റെ ഫലം. 1958ല്‍ മലപ്പുറം നഗരത്തില്‍ മസ്ജിദ് ഉമര്‍ ഫാറൂഖിന്റെ നിര്‍മ്മാണത്തിന് മുന്നിട്ടിറങ്ങിയതും ഡോ. എം. അബൂബക്കര്‍ പ്രസിഡണ്ടായ കമ്മിറ്റിയായിരുന്നു.
ഏതാനും വര്‍ഷങ്ങളായി സജീവ രാഷ്ട്രീയത്തില്‍ നിന്നും മാറി ആതുര ശുശ്രൂഷാ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴും മുസ്‌ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരുമായുള്ള ആത്മബന്ധം മുറിയാതെ സൂക്ഷിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മുസ്‌ലിംലീഗ് നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരുമായെല്ലാം അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി.
സജീവ രാഷ്ട്രീയത്തില്‍ നിന്നകന്നു നില്‍ക്കെ ഒരു പുതിയ മുസ്‌ലിം പാര്‍ട്ടി അദ്ദേഹത്തെ സമീപിച്ച് അവരുടെ ജില്ലാ പ്രസിഡണ്ട് സ്ഥാനമേറ്റെടുക്കാന്‍ അഭ്യര്‍ത്ഥിച്ച കഥ ഡോക്ടര്‍ തന്നെ ഒരിക്കല്‍ പറഞ്ഞു: ''നിങ്ങള്‍ക്കിത് എന്നോട് പറയാന്‍ എങ്ങനെ ധൈര്യം വന്നു. എന്റെ രക്തത്തില്‍ ഒരു രാഷ്ട്രീയമേയുള്ളൂ. അത് മുസ്‌ലിം ലീഗാണ്. വീണ്ടും സജീവമാകണമെന്ന് കരുതിയാല്‍ എനിക്ക് പ്രവര്‍ത്തിക്കാന്‍ എന്റെ പാര്‍ട്ടിയുണ്ട്'' എന്നാണ് താന്‍ മറുപടി നല്‍കിയതെന്ന് പറഞ്ഞ അബൂബക്കര്‍ സാഹിബിന്റെ കണ്ണിലും മുഖത്തും അപ്പോള്‍ എണ്‍പതിന്റെ വാര്‍ധക്യമല്ല, ഇരുപതിന്റെ യൗവനം കത്തുകയായിരുന്നു.
സി.പി സൈതലവി
8/22/2013 10:28:11 PM
lower the wedding age of girls...that is maappiL porusham today!
ReplyDelete