മലയാളി യുവാവിന്റെ അറബി ഗ്രന്ഥത്തിന് ലബ്‌നാനില്‍ നിന്നും പ്രസാധനം
മലപ്പുറം: മലയാളി യുവപണ്ഡിതന്റെ തൂലികയില്‍ വിരിഞ്ഞ അറബിക് ഗ്രന്ഥത്തിന് പ്രസാധനം ഏറ്റെടുത്തത് വിദേശ രാജ്യത്തെ പ്രമുഖ പ്രസാധകര്‍. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ഥിയും യുവ എഴുത്തുകാരനുമായ പെരിന്തല്‍മണ്ണ ചെറുകര ശമീം ഹുദവി രചിച്ച പുസ്തകമാണ് ലബ്‌നാനിലെ ‘ദാറുല്‍ ഖുതുബുല്‍ ഇല്‍മിയ്യ’ക്ക് കീഴില്‍ പുറത്തിറക്കിയത്.
മദീന ശരീഫിന്റെ പ്രാധാന്യവും അതിനു ചരിത്രകാരന്മാര്‍ നല്‍കിയ വിശേഷങ്ങളും ഗഹനമായി പ്രതിപാദിക്കുന്ന ‘ഇര്‍ശാദുല്‍ വറ ബി അസ്മാഇ ഖൈരില്‍ വറ ‘ എന്ന് നാമകണം ചെയ്ത 200 പേജുള്ള പൂസ്തകത്തിന്റെ പ്രസാധനമാണ് ഇവര്‍ ഏറ്റെടുത്തത്. ഇസ്‌ലാമിക ചരിത്രത്തില്‍ നൂറോളം പേരുകളിലായി അറിയപ്പെടുന്ന മദീന ശരീഫിനെ കുറിച്ച് നീണ്ട ഒരു വര്‍ഷത്തെ അന്വേഷണത്തിലൂടെയാണ് ഈ 21 കാരന്‍ രചന നിര്‍വഹിച്ചത്.
ഗ്രന്ഥത്തിന്റെ ചെറു വിവരം ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചപ്പോഴാണ് ലബ്‌നാനിലെ ബൈറൂത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഇല്‍മിയ്യ പബ്ലിക്കേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് പ്രസാധക മേധാവികള്‍ ഗ്രന്ഥത്തിന്റെ പൂര്‍ണ്ണ രൂപം തങ്ങള്‍ക്ക് അയച്ച് തരാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിവിധ രാഷ്ട്രങ്ങളിലെ അറബിക് പ്രസാധകരുടെ കൂട്ടായ്മയായ അറബിക് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദലി ബൈദൂനെന്ന ലബ്‌നാന്‍ സ്വദേശിയുടെ നേതൃത്വത്തില്‍ 1971 ലാണ് ദാറുല്‍ ഖുതുബുല്‍ ഇല്‍മിയ്യ പുസ്തക പ്രസാധനമാരംഭിച്ചത്. വിവിധ രാജ്യങ്ങളിലെ യുവ എഴുത്തുകാരുടെ അനേകം രചനകള്‍ പുറത്തിറക്കിയ ഇവര്‍ ഇതിനകം നിരവധി ഇസ്‌ലാമിക ഗ്രന്ഥങ്ങളുടെ പുന:പ്രസാധനവും നിര്‍വഹിച്ചിട്ടുണ്ട്. കേരളത്തില്‍ പ്രചാരത്തിലുള്ള ഒട്ടുമിക്ക വിദേശ ഗ്രന്ഥങ്ങളുടെയും പ്രസാധകരാണ് ദാറുല്‍ ഇല്‍മിയ്യ. ഇവര്‍ ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ എഴുതിയ പുസ്തകത്തിന് പ്രസാധനം ഏറ്റെടുക്കുന്നത്.
പെരിന്തല്‍മണ്ണ പാറക്കാവ് സ്വദേശിയായ പെരുമ്പായി ഹംസ ഹാജി- നഫീസ ദമ്പതികളുടെ മകനായ യുവ എഴുത്തുകാരന്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നും കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. പറപ്പൂര്‍ സബിലുല്‍ ഹിദായയില്‍ നിന്നും ഇസ്‌ലാം ആന്‍ഡ് കണ്ടംപററീ സ്റ്റഡീസില്‍ ഡിഗ്രിയും പിന്നീട് ദാറുല്‍ ഹുദായില്‍ നിന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സില്‍ പി.ജി യും ചെയ്ത ശമീം ഇപ്പോള്‍ എം.ജി യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരുകയാണ്.
മലയാളത്തിലും ഒട്ടനവധി ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതുന്ന ഈ യുവപണ്ഡിതന്‍ നിരവധി രാജ്യാന്തര സെമിനാറുകളില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പ്രവാചക ചരിതവും മദീനയുടെ മഹിമയും പറയുന്ന പുസ്തകത്തിലൂടെ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധേയനായ തങ്ങളുടെ സഹപാഠിക്ക് സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് ശമീമിന്റെ സഹപാഠികള്‍.
No comments:
Post a Comment
ജ്ജ് മുണ്ടാണ്ടെ പോവ്വാ