ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

മലപ്പുറം-കലാപസ്മരണകള്‍ ഇരമ്പുന്ന ഇടങ്ങള്‍

കെ.കെ.എന്‍ കുറുപ്പ്
 കോഴിക്കോട് അഴിയൂര്‍ മണ്ണാപൊയില്‍ ചാപ്പക്കുറുപ്പിന്റെ മകന്‍ കെ.കെ.എന്‍ കുറുപ്പ് 1970ലാണ് എം.എ വിദ്യാര്‍ഥിയായി തേഞ്ഞിപ്പലത്തെ സര്‍വകലാശാല ആസ്ഥാനത്തെത്തുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ അവിടെത്തന്നെ അധ്യാപകനായി. 1998ല്‍ വൈസ്ചാന്‍സലറായി. കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്രം തിരുത്തിയെഴുതിയാണ് ചരിത്രകാരനായ ഡോ. കെ.കെ.എന്‍ കുറുപ്പ് പടിയിറങ്ങിയത്. നീണ്ട 30 കൊല്ലം സര്‍വകലാശാലയില്‍ അധ്യാപകനായും പിന്നീട് വി.സിയായും പ്രവര്‍ത്തിച്ച തനിക്ക് മലപ്പുറത്തെ എല്ലാ വിഭാഗക്കാരുമായും അടുത്തിടപഴകാന്‍ കഴിഞ്ഞിട്ടുണ്ട്. 'ഇത്രയധികം സ്നേഹം പ്രകടമായിരുന്ന ഒരു സമൂഹത്തെ കേരളത്തില്‍ മറ്റെവിടെയും കാണാനാവില്ല. മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്യാനും അവര്‍ ഒരുക്കമാണ്' - അദ്ദേഹം പറഞ്ഞു.

പിറ്റേന്ന് അവളുടെ വിവാഹമായിരുന്നു

80കളുടെ തുടക്കത്തില്‍, സര്‍വകലാശാലാ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാലത്ത് വീട്ടില്‍ സഹായത്തിന് തൊട്ടടുത്തുള്ള ഒരു പെണ്‍കുട്ടി വരുമായിരുന്നു. നിഷ്‌കളങ്കയും വിശ്വസ്തയുമായിരുന്നു അവള്‍. ഒരുദിവസം അവള്‍ നാളെ മുതല്‍ ജോലിക്ക് വരില്ല എന്നുപറഞ്ഞു. പിറ്റേന്ന് അവളുടെ വിവാഹമായിരുന്നു. ആ 16കാരിയുടെ വരന്‍ സേലത്തുകാരനായ ഒരു 40 വയസ്സുകാരനായിരുന്നു. ശരിക്കും ഞങ്ങളുടെ കണ്ണ് നിറഞ്ഞുപോയി. പക്ഷേ രണ്ടു പതിറ്റാണ്ടിനുശേഷം ഞാന്‍ മലപ്പുറം വിടുന്ന സമയത്ത് സാഹചര്യങ്ങള്‍ മാറിയിരുന്നു. സ്ത്രീവിദ്യാഭ്യാസരംഗത്ത് ക്രമത്തില്‍ പുരോഗതി ഉണ്ടായെന്ന് പറയാം. എന്നാല്‍ ഈ പുരോഗതി ഇപ്പോഴും ദരിദ്ര ജനവിഭാഗങ്ങളില്‍ വേണ്ടത്ര എത്തിച്ചേര്‍ന്നിട്ടില്ല.

സാമ്രാജ്യത്വവിരുദ്ധ മനസ്സ്

1921ലെ സാമ്രാജ്യത്വവിരുദ്ധമായ മലബാര്‍ കലാപത്തിന് സാക്ഷ്യംവഹിച്ചതാണ് മലപ്പുറം ജില്ല. കലാപത്തിന്റെ സ്മരണകള്‍ ചൈനയിലെ തെയ്പിങ് കലാപം ഉയര്‍ത്തുന്ന സ്മരണകള്‍പോലെ ഇവിടുത്തെ മണ്ണില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്.
സാമ്രാജ്യത്വവിരുദ്ധം എന്നല്ലാതെ മലബാര്‍ കലാപത്തിന് വര്‍ഗീയലഹളയുടെ യാതൊരു സ്വഭാവവും ഉണ്ടായിരുന്നില്ല. ചരിത്രത്തിന്റെ ഒരു പ്രത്യേക പരിസ്ഥിതിയില്‍ ഭൂവുടമകളെല്ലാം ഒരുവശത്തായിരുന്നു എന്നു മാത്രമേയുള്ളൂ.പക്ഷെ 1921ലെ കലാപത്തിന്റെ സ്മരണകള്‍ ഇരമ്പുന്ന ഇടങ്ങളില്‍ കലാപസ്മാരകങ്ങള്‍ ഇനിയും വേണ്ടത്ര നിര്‍മിച്ചിട്ടില്ല.

അറിയാന്‍ ആഗ്രഹമുള്ളവര്‍

മലപ്പുറത്തെ സാധാരണക്കാരുടെ 'അറിയാനുള്ള ആഗ്രഹം' എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മലബാര്‍ കലാപത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിച്ചപ്പോഴും മറ്റും നിറഞ്ഞുകവിയുന്ന സദസ്സായിരുന്നു. തീരെ വിദ്യാഭ്യാസം കുറഞ്ഞവര്‍പോലും അന്തര്‍ദേശീയ വിഷയങ്ങളില്‍ താത്പര്യമുള്ളവരാണ്. ഇറാഖ്, പലസ്തീന്‍ പ്രശ്‌നങ്ങളൊക്കെ ആധികാരികതയോടെ അവര്‍ പറയുന്നത് കേള്‍ക്കാം.

മതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും

മതവിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും ഗ്രാമങ്ങളില്‍ പ്രചരിപ്പിക്കുന്നതില്‍ അവിടുത്തെ അനൗദ്യോഗിക സംഘടനകളും സാംസ്‌കാരിക സംഘടനകളും കാണിക്കുന്ന താത്പര്യം മറ്റൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. പഴമയെയും അതിന്റെ വിശ്വാസങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് പുതിയ കാലഘട്ടത്തിലേക്ക് കുതിക്കാനുള്ള പ്രവണത അവിടെയുണ്ട്.

മത്സരബുദ്ധിയോടെ...

മലപ്പുറം ജില്ലയെ എല്ലാരംഗത്തും മുന്‍പന്തിയില്‍ എത്തിക്കാന്‍ എല്ലാ രാഷ്ട്രീയക്കാരും മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതായി കാണാം. ഇത് വളരെ ആശാവഹവുമാണ്.
രാഷ്ട്രീയപ്രവര്‍ത്തകര്‍ വളരെ സങ്കുചിതമായി പ്രവര്‍ത്തിച്ച സന്ദര്‍ഭങ്ങളുമുണ്ട്. ഉദാഹരണത്തിന് സര്‍വകലാശാലയില്‍ ഒരു എന്‍ജിനിയറിങ് കോളേജ് ഉണ്ടാകുമ്പോള്‍ കരിങ്കൊടി പ്രകടനം നടത്തി വികസനത്തില്‍ വിഭാഗീയത പ്രോത്സാഹിപ്പിക്കുകയായിരുന്നു ചിലര്‍.

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ